തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

എഐ പ്രതീകാത്മകചിത്രം
ചെന്നൈ : തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്. ചൊവ്വ മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (HR&CE) വകുപ്പിന്റേതാണ് നടപടി. ക്ഷേത്രങ്ങളുടെ ശാന്തമായ അന്തരീക്ഷം സംരക്ഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മുൻ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രപരിസരത്തും ക്ഷേത്രങ്ങൾക്കുള്ളിലും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് റീൽസ് ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും എച്ച്ആർ ആൻഡ് സിഇ വകുപ്പ് പറയുന്നു.
മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും 5 രൂപ എന്ന നിരക്കിൽ ഏകീകൃത ടോക്കൺ ഫീസ് ഈടാക്കും. ഫോൺ നൽകുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡൽ, നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. ലഭിക്കുന്ന രസീത് പരിശോധിച്ചശേഷം മാത്രമേ ഫോൺ തിരികെ നൽകൂ. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രം ഉൾപ്പെടെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും നടപടി ആരംഭിച്ചു.
വിലക്ക് സംബന്ധിച്ച് പാർക്കിങ് കേന്ദ്രങ്ങളിലും ക്ഷേത്രപരിസരത്തെ പ്രധാന ഇടങ്ങളിലും വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുഅറിയിപ്പ് സംവിധാനത്തിലൂടെയും മൊബൈൽ നിരോധനം അറിയിക്കണമെന്നാണ് നിർദേശം.
2022 ഡിസംബർ 2ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് നിയന്ത്രണത്തിന് ആധാരം. തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മൊബൈൽ ഉപയോഗം നിരോധിക്കണമെന്ന ഹർജിയിലായിരുന്നു കോടതി ഉത്തരവ്.









0 comments