3000 രൂപ പ്രൈസ് മണി; മകൾക്ക് പുസ്തങ്ങൾ വാങ്ങിക്കാൻ മാരത്തൺ ഓടി ജയിച്ച് വീട്ടമ്മ

ബീഡ്: രണ്ട് പെൺമക്കളാണ് 47 കാരിയായ രമാഭായ് രൺവീറിന്. മുംബൈയിൽ വെച്ചുണ്ടായ അപകടത്തിൽ അവരുടെ ഭര്‍ത്താവ് മരിച്ചു. മക്കളുടെ പഠനം ഉറപ്പാക്കാനും ജീവിതം മുന്നോട്ട് കൊണ്ടു പോകാനുമായി എന്തു ചെയ്യുമെന്ന് ആധിയായി. ബീഡ് ജില്ലയിലെ അംബോജഗയിൽ ഒരു അക്കാദമിയിൽ പാചകക്കാരിയായി.
ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോൾ കാര്‍ഷിക ജോലികൾ ചെയ്താണ് കുടുംബം പുലര്‍ന്നിരുന്നത്. അതിന്റെ കരുത്തും മെയ് വഴക്കവും ഉള്ളിലുണ്ടായിരുന്നു. പക്ഷേ പാചക ജോലിയിൽ കുടുംബ ചെലവുകൾ ഒതുക്കാനായില്ല. ഇതിനിടയിൽ കുട്ടികളുടെ പഠനാവശ്യങ്ങളും വര്‍ധിച്ചു വന്നു.
പ്രദേശത്ത് പതിവായി നടത്തുന്ന 'അമൃത് ദൗഡ്' മാരത്തണിൽ മാറ്റുരയ്ക്കാൻ അവര്‍ തീരുമാനിച്ചത് അങ്ങിനെയാണ്. സമ്മാനത്തുകയായ 3000 രൂപ വലിയ സമ്മാനമാണവര്‍ക്ക്. അമ്മ ഓടുന്നുവെങ്കിൽ ഞാനും ചേരാമെന്ന് മൂത്ത മകളും രംഗത്തിറങ്ങി.
പ്രത്യേക വസ്ത്രങ്ങളും ഷൂസും സോക്സും ഒക്കെയണിഞ്ഞ് യുവതീ യുവാക്കൾ അണിനിരന്ന മത്സരത്തിൽ സാരിയുടുത്ത് തേഞ്ഞ ചെരിപ്പിട്ട് ഒരു വീട്ടമ്മയും പങ്കു ചേര്‍ന്നു. ആദ്യം എല്ലാവര്‍ക്കും അത് കൗതുക കാഴ്ച മാത്രമായിരുന്നു. ഓട്ടത്തിനിടെ രമാഭായിയുടെ തേഞ്ഞ ചെരിപ്പ് വള്ളി പൊട്ടി. ചളിയിലും മണ്ണിലും ചൂടിലും തണുപ്പിലും ഒരു പോലെ പാടങ്ങളിൽ പൊരുതിയ അവരുടെ മനസിൽ മക്കളുടെ പഠനം, അവര്‍ ആവശ്യപ്പെട്ട പുതിയ പുസ്തകങ്ങൾ അവ മാത്രമായിരുന്നു.
ലക്ഷ്യം കീഴടക്കുക അവര്‍ക്ക് അത്രയും വലിയതായിരുന്നു. ഓട്ടത്തിനിടെ ചെരിപ്പ് ദൂരെ തെറിച്ചു പോയത് മാത്രമല്ല. കൂടെ ആധുനിക വസ്ത്രങ്ങൾ അണിഞ്ഞ് പൂര്‍ണ്ണ സന്നാഹത്തോടെ ഓടിയ യുവതീയുവാക്കൾ ഓരോരുത്തരായി പിന്നിലേക്ക് പോകുന്നതും പാതി വഴി കുഴഞ്ഞു പിൻമാറിയതും ഒന്നും അവരറിഞ്ഞില്ല. അംബാജോഗൈ നഗരത്തിലെ ശവജി ചൗക്കിൽ നിന്ന് ആരംഭിച്ച മാരത്തൺ ഭാഗ്യനഗര്‍ ചൗക്കിലാണ് അവസാനിച്ചത്.
വിജയവും പുരസ്കാരവും സ്വന്തമാക്കിയത് മാത്രമായിരുന്നില്ല രമാഭായിയുടെ ഒടുവിലത്തെ സന്തോഷം. മാരത്തണിൽ രണ്ടാമത് ഓടി എത്തിയത് സ്വന്തം മകൾ പൂജയായിരുന്നു. അമ്മയ്ക്കൊപ്പം സ്ഥിത പ്രജ്ഞയുടെയും നിശ്ചയ ദാര്‍ഡ്യത്തിന്റെയും മാതൃകയായി തൊട്ടരികിൽ പൂജയും ഓടിയെത്തി. വീണു പോകില്ലെന്ന അമ്മയുടെ ത്യാഗത്തിന് മുന്നിൽ അവളും സ്വയം സാക്ഷ്യപ്പെടുത്തി.
മാരത്തണിനായി തെരഞ്ഞെടുത്ത തണുത്തുറഞ്ഞ നിരത്തും കല്ലും ചെളിയുമായി തകര്‍ന്ന വഴികളും അവര്‍ക്ക് ജീവിതം പോലെ ദുരിതമായില്ല. സംഘാടകരുടെ അമ്പരപ്പിനിടെ അവരുടെ ജീവിതം നാടറിഞ്ഞു. അമ്മ പാചക ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തന്നെയാണ് മകൾ പഠിച്ചിരുന്നത്. എങ്കിൽ അവളുടെ ഫീസ് പൂര്‍ണമായും ഇളവ് ചെയ്യാമെന്ന് അക്കാദമി ഡയറക്ടര്‍ വാഗ്ദാനം നൽകി.
"ഓടുമ്പോൾ ഫിനിഷ് പോയിന്റ് അല്ല, എന്റെ മക്കളുടെ മുഖമാണ് ഞാൻ മുന്നിൽ കണ്ടത്"- രമാഭായ് രൺവീര്‍ പറഞ്ഞു. പഠനത്തിന് ശേഷം പൊലീസ് ആകാനുള്ള തയാറെടുപ്പിലാണ് മകൾ പൂജ. ഇളയ മകൾ ബാങ്കിങ് പരീക്ഷയിൽ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.










0 comments