വി സി നിയമനം; ബിജെപി ഉദ്ദേശിക്കുന്നതെല്ലാം അതിവേഗത്തിൽ നടപ്പാക്കുന്ന സർക്കാരായി യുഡിഎഫ് മാറി: പി രാജീവ്

കൊച്ചി : വി സി നിയമനം സംബന്ധിച്ച കാര്യങ്ങളിൽ സുപ്രീംകോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് ഒത്തുതീർപ്പിലേക്ക് വന്ന കേരള സർക്കാരിന്റെ നടപടി പൂർണമായും ചാൻസലറുടെയും കേന്ദ്രത്തിന്റെയും താൽപര്യങ്ങൾക്ക് കീഴടങ്ങുന്നതാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു, അതിന് യുജിസി ഉൾപ്പെടെയുള്ള സംവിധാനങ്ങളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നു എന്ന് കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇന്ത്യ മുന്നണി പറയുമ്പോഴാണ് കേരളത്തിൽ ഇത്തരത്തിലൊരു സമ്പൂർണ കീഴടങ്ങൽ യുഡിഎഫ് സർക്കാർ നടത്തിയത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് മുമ്പ് ഉണ്ടാക്കിയ സെറ്റിൽമെന്റിന് അംഗീകാരം നൽകിയെന്നാണ്. എന്നാൽ ഇത് പൂർണമായി തെറ്റാണ്. സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി സിമാരെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് ആയിരിക്കണമെന്ന തീരുമാനത്തെ മറികടന്നാണ് സുപ്രീംകോടതി വിധിയെ മറയാക്കി സംസ്ഥാന സർക്കാരിന് ഇത്തരം കാര്യങ്ങളിൽ ഒരു അധികാരവുമില്ല എന്ന് പറഞ്ഞ് ഗവർണർ ഈ രണ്ട് സർവകലാശാലകളിലും വി സിയെ നിയമിച്ചത്. ഇതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തിൽ സംസ്ഥാനത്തിന് അനുകൂലമായാണ് ഉത്തരവിട്ടത്.
സുപ്രീംകോടതിയിലും ഹൈക്കോടതി വിധിയിൽ ഇടപെടാനില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി വി സി പാനൽ മുഖ്യമന്ത്രിക്ക് നൽകണമെന്നും നിർദേശം ഗവർണർക്ക് നൽകണമെന്നുും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തുടർന്നും സർക്കാരിനോട് യുദ്ധം ചെയ്യുന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഒത്തുതീർപ്പിന് ഒരുങ്ങിയതെന്നും പി രാജീവ് പറഞ്ഞു. പൂർണമായും ഉന്നതവിദ്യാഭ്യാസമേഖല കാവിവൽക്കരണത്തിന് വിട്ടുകൊടുക്കാൻ തയാറാണ് എന്ന് പറയുകയാണ് സർക്കാർ ഇപ്പോൾ. ബിജെപി ഉദ്ദേശിക്കുന്നതെല്ലാം അതിവേഗത്തിൽ നടപ്പാക്കുന്ന സർക്കാരായി യുഡിഎഫ് സർക്കാർ മാറിയിരിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.










0 comments