സെക്കന്ദരാബാദ് കന്റോൺമെന്റിൽ നിന്ന് 4 എകെ 47 ഉൾപ്പെടെ 11 ആയുധങ്ങൾ മോഷണം പോയി

തെലങ്കാന: അതീവ സുരക്ഷാ മേഖലയായ സെക്കന്ദരാബാദ് കന്റോൺമെന്റിൽ നിന്ന് 4 എകെ47, 6 പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയുൾപ്പെടെ 11 ആയുധങ്ങൾ മോഷണം പോയി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. മദ്രാസ് റെജിമെന്റിന്റെ വളപ്പിലെ ഒരു മുറിയിൽ നിന്നാണ് ആയുധങ്ങൾ കവർന്നത്.
സൈനികർക്കും ചില സിവിലിയൻ ജീവനക്കാർക്കും മാത്രമാണ് ഈ പ്രദേശത്തേക്ക് പ്രവേശനമുള്ളത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാറം പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറിയ ആരോ പൂട്ടും വാതിലും തകർത്താണ് അകത്തുകടന്നതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഈ ആയുധപ്പുര സന്ദർശിച്ചവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൽകാജ്ഗിരി പോലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കാളികളാണ്. പ്രദേശം സീൽ ചെയ്യുകയും ഗാർഡുകളെയും സുരക്ഷാ ജീവനക്കാരെയും ചോദ്യം ചെയ്തു വരികയുമാണ്. കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസും സൈന്യവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവത്തിന് പിന്നിൽ ഉള്ളിലുള്ളവരുടെ തന്നെ പങ്കുണ്ടോ എന്നും സംശയമുണ്ട്.









0 comments