നിർത്തിയിട്ടിരുന്ന കാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കെയ്റോ: ഈജിപ്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയ കെയ്‌റോയിലെ റിംഗ് റോഡിനരികിലായി നിർത്തിയിട്ടിരുന്ന കാറിൽ ആളുകൾ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പൂട്ടിയിട്ട കാറിനുള്ളിൽ നിന്ന് 66 വയസ്സുകാരൻ, അദ്ദേഹത്തിന്റെ ഭാര്യ, 25 വയസ്സുള്ള മകൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരുടെ മൃതദേഹങ്ങളിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മകൾക്ക് അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് പിതാവ് വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കൾ മകളെ സഹായിക്കാൻ ശ്രമിച്ചെങ്കിലും, എസി പ്രവർത്തിച്ചുകൊണ്ടിരുന്ന അടച്ചിട്ട കാറിനുള്ളിൽ തന്നെ തുടർന്നതോടെ അവർക്കും സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. അടച്ചിട്ട മുറിക്കുള്ളിലേക്ക് ഉയർന്ന അളവിൽ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക പരിശോധന.









0 comments