മായില്ല മെസിക്കാലം

നിധിൻ രാജു
Published on Sep 01, 2026, 09:50 AM | 4 min read
'ഫൈനൽ മത്സരം കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ട ശേഷം, ഏറെ ആലോചിച്ചാണ് എല്ലാവരെയും ഇക്കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നത്. ഞാൻ ദേശീയ ടീമിൽ നിന്നും വിരമിക്കുകയാണ്'– ഇടതുകാലിൽ ഒട്ടിച്ചുചേർത്ത പന്തുമായി ലോകത്തെ വിസ്‌മയിപ്പിച്ച ആ കാലത്തിന് ഫൈനൽ വിസിൽ മുഴങ്ങുന്നു. അർജന്റീനയുടെ പരമ്പരാഗതമായ നീലയും വെള്ളയും കുപ്പായത്തിൽ ഇനിയൊരു മെസിക്കാലമില്ല.
“It was a decision that hurt and still hurts deep in my soul, but I understand that it is the right time.”- ഇതാണ് ശരിയായ സമയമെന്ന് മനസ്സിലാക്കുന്നുവെന്ന മെസിയുടെ വാക്കുകളിൽ ഹൃദയംനുറുങ്ങുന്ന വേദനയുണ്ട്. എന്നാൽ ഇതാണ് യഥാർഥസമയമെന്ന് അയാൾക്കുറപ്പുണ്ട്– മധ്യരേഖയിൽനിന്ന് വലതുപാർശ്വത്തിലൂടെ മുന്നിലേക്കോടി, എതിരാളികളെ ഒന്നൊന്നായി കബളിപ്പിച്ച്, ഒരൊറ്റ ഡയഗണൽ റണ്ണിൽ ബോക്സിനു മുന്നിലെത്തി, ഫസ്റ്റ് പോസ്റ്റിലേക്കോ സെക്കന്റ് പോസ്റ്റിലേക്കോ ഏതുസമയം പന്ത് തൊടുക്കണമെന്ന് ഉറപ്പുള്ളതുപോലെ! ഒരുതലമുറയുടെ കാൽപ്പന്താസ്വാദനത്തെ ഇത്രയേറെ സാർഥകമാക്കിയൊരു കളികാരൻ ചരിത്രത്തിലില്ല. 39–-ാം വയസ്സിൽ, തന്റെ 21 വർഷം നീണ്ട രാജ്യാന്തര കരിയറിന് വിരാമമിടുന്നെങ്കിലും, ആ പത്താം നമ്പറിനൊപ്പം ചേർത്തുവച്ച ഓർമകളിൽനിന്ന് ഫുട്ബോൾ ലോകത്തിന് എങ്ങനെ പിരിയാനാകും?
മെസിയുടെ ലോകം ചെറുപ്പം മുതലേ ഫുട്ബോളായിരുന്നു. നാലാം വയസ്സിൽ റൊസാരിയോയിലെ ലോക്കൽ ക്ലബ്ബായ ഗ്രാൻഡോളിയിൽ ചേർന്നതോടെയാണ് പന്തിനൊപ്പമുള്ള ആ മഹായാത്രയ്ക്ക് തുടക്കമാകുന്നത്. പന്തുമായി അതിവേഗം കുതിച്ചിരുന്ന ആ കുഞ്ഞുശരീരം അന്നേ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ആറാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സിലെത്തിയതോടെ മെസിയുടെ പ്രതിഭ കൂടുതൽ വെളിവായി . കുഞ്ഞുമെസിക്ക് പന്ത് ഒരു കളിപ്പാട്ടമായിരുന്നില്ല. ബാല്യത്തിലേ അവന്റെ കാലുകൾ പന്തിനോട് സംസാരിക്കാൻ പഠിച്ചു. അതിനൊപ്പം ഓടി. ഒന്നിച്ചുറങ്ങി, ഒന്നിച്ചുണർന്നു. പിരിയാനാവാത്തവിധം ഒന്നായിമാറി. കാലിൽ കളിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുഞ്ഞുമെസി വലിയ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി.
ശരീരവളർച്ചയുമായി ബന്ധപ്പെട്ട ഹോർമോൺ പ്രശ്നങ്ങൾ, കുടുംബത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ തുടങ്ങി പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു. വെല്ലുവിളികളുടെ കല്ലുവഴിയിലൂടെയാണ് ആ ബാല്യം ബൂട്ടില്ലാതെ പാഞ്ഞത്.
പന്ത്രണ്ടാം വയസിൽ റൊസാരിയോയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ വേദികളിലൊന്നായ ബാഴ്സലോണയിലേക്ക്. അവിടെ നിന്നാണ് ലയണൽ ആന്ദ്രേ മെസിയെന്ന ലോകാത്ഭുതം പരുവപ്പെടുന്നത്. ബാഴ്സലോണയിലെ പുൽമൈതാനം മെസിക്ക് വീടായി. പിന്നീടവൻ അവിടെയൊരു സാമ്രാജ്യംതന്നെ പണിതെടുത്തു.
പന്തുകൊണ്ടാണ് മെസി ലോകത്തോട് സംവദിച്ചത്. എന്നാൽ മെസിക്കും പന്തിനുമിടയിൽ മറ്റാർക്കുമറയിയാത്ത ഒരു രഹസ്യഭാഷ നിലനിന്നിരുന്നു. ഇന്നോളം എതിരാളികൾ മെസിക്കുചുറ്റും ലിപിയറിയാതെ വട്ടം കറങ്ങി. ഒരാൾ മുന്നിലേക്ക് വരും, അവൻ വലത്തേക്ക് തിരിയും. രണ്ടാമൻ വഴിയടക്കും, അവൻ ഇടത്തേക്ക് ഒഴുകും. മൂന്നാമൻ കാലെടുത്തുവയ്ക്കുമ്പോഴേക്കും പന്ത് മെസിയുടെ മറ്റേ കാലിലെത്തിയിരിക്കും. അത് ഡ്രിബ്ലിംഗ് മാത്രമായിരുന്നില്ല, ശരീരവും പന്തും തമ്മിലുള്ള രഹസ്യഭാഷണമായിരുന്നു. ചിലപ്പോൾ പന്ത് മെസിയായും മെസി പന്തായും വേഷം മാറും. പന്ത് എങ്ങോട്ടാണ് നീങ്ങേണ്ടതെന്ന് അയാൾ തീരുമാനിക്കും. ഗോൾവല അങ്ങോട്ടേക്ക് സ്വയം തുറക്കപ്പെടും. മറ്റുള്ളവർ കാണാത്ത വഴിത്താരകൾ അയാൾ കാണും. പിന്നെ അവിടേക്ക് പന്തുരുട്ടും, പിന്നാലെ അവനും ഓടും. പന്തുമായുള്ള മെസിയുടെ മുന്നേറ്റം നദിയൊഴുകും പോലെയായിരുന്നു. നദി പാറയോട് യുദ്ധം ചെയ്യാറില്ല. പാറയെ മറികടന്ന് ഒഴുകുകയാണ്. പാറകൾക്കിടയിലൂടെ നദിയെന്നപോൽ, മെസിയും പ്രതിരോധങ്ങളെ മറികടന്ന് അനശ്വരതയിലേക്ക് ഒഴുകി.
ക്ലബ് ഫുട്ബോളിൽ കിരീടങ്ങൾ ഒന്നൊന്നായി നേടുമ്പോഴും ദേശീയടീമിൽ ഒരുഘട്ടംവരെ മെസി 'പ്രതീക്ഷയുടെ അമിതഭാരം' മാത്രമായിരുന്നു. മറഡോണ, മരിയോ കെംപസ്, ബാറ്റിസ്റ്റ്യുട്ട, റിക്വൽമി തുടങ്ങിയ പ്രതിഭാധനരെ സമ്മാനിച്ച മണ്ണാണ് അർജന്റീന. ആ പാരമ്പര്യത്തിന്റെ അനിവാര്യമായ തുടർച്ചയുടെ പേരായിരുന്നു ലയണൽ മെസി. അതുകൊണ്ടുതന്നെ ഓരോ തോൽവിയും വലിയ വാർത്തയായി. നേടാനാകാതെപോയ കിരീടങ്ങൾ ദേശീയ നിരാശയായി. 2014 ലോകകപ്പ് ഫൈനൽ, പിന്നീടുള്ള കോപ അമേരിക്ക ഫൈനലുകളിലെ പരാജയങ്ങൾ.. ‘ക്ലബ്ബിനായി ചെയ്യുന്നത് രാജ്യത്തിനായി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടെ’ന്ന ചോദ്യം അയാളെ നിഴലുപോലെ പിന്തുടർന്നിരുന്നു. രാജ്യം പരാജയപ്പെട്ടപ്പോളൊക്കെയും വിമർശകർ അയാൾക്കുനേരെ വാളോങ്ങി. മൈതാനമധ്യത്ത് പലപ്പോഴും അയാൾ ഒറ്റുകൊടുക്കപ്പെട്ടു, ലോകത്തിനുമുന്നിൽ ക്രൂശിതനായി. അയാളും മനുഷ്യനായിരുന്നു. വേദനിച്ചു, വാവിട്ടുകരഞ്ഞു. ചിലപ്പോളൊക്കെ തളർന്നു ചുവന്ന മുഖവുമായി മൈതാനത്ത് കുനിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ഒന്നും നേടാനാകാതെ, ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന തീരുമാനമെടുക്കാൻ തക്കതായ വേദന അവനെ കീഴടക്കി.
പക്ഷേ ചില സ്വപ്നങ്ങൾ മനുഷ്യനെ വിട്ടുപോകില്ല, മെസി മൈതാനത്തേക്ക് മടങ്ങിവന്നു. വീണ്ടും വിഖ്യാതമായ നീലയും വെള്ളയും ജഴ്സി ധരിച്ചു, പ്രതീക്ഷയുടെ ബൂട്ടുകെട്ടി.. അർജന്റീനയുടെ സ്വപ്‌നങ്ങൾക്കു പിന്നാലെ പിന്നെയും ഓടി. 2021ലെ കോപ അമേരിക്കയിലൂടെ കാത്തിരുന്ന ആദ്യ അന്താരാഷ്ട്ര കിരീടം മെസിയുടെ കൈകളിലെത്തി. അപ്പോഴും അർഹിച്ച ലോകകപ്പ് അകന്നുനിന്നു. പിന്നീട് 2022ലെ ഖത്തർ ലോകകപ്പെത്തി. വലിയ സ്വപ്‌നത്തിലേക്കുള്ള യാത്രയായിരുന്നത്. മൈതാനത്ത് മെസി നടക്കുമ്പോൾ പിന്നിൽ ഒരു രാജ്യം മുഴുവൻ പ്രാർത്ഥനയോടെ നടന്നു. മെസി പന്തിൽ തൊടുമ്പോൾ രാജ്യമൊന്നാകെ ശ്വാസം പിടിച്ചു, വീഴുമ്പോൾ വേദനിച്ചു. വീണിടത്തുനിന്ന് എഴുന്നേൽക്കുമ്പോൾ വീണ്ടും പ്രതീക്ഷവച്ചു. ക്രൂശിക്കപ്പെട്ടിടത്തുനിന്നും മെസി മിശിഹായായി ഉയിർത്തു, മഹോന്നതനായി. ലോകത്തിന്റെ നാഥനായി.
ലോകകപ്പിന് ചുടുമുത്തം നൽകികൊണ്ട് ഖത്തറിലെ മൈതാനത്തിനുനടുവിൽനിന്ന ആ മനുഷ്യനിൽ റൊസാരിയോയിലെ ആ കൊച്ചുബാലനുണ്ടായിരുന്നു, തോൽവികൾ സഹിച്ച യുവാവുണ്ടായിരുന്നു, വിമർശനങ്ങൾ കേട്ട കളികാരനുണ്ടായിരുന്നു. പിന്നീട് 2024ൽ ഒരു കോപ അമേരിക്ക കിരീടം കൂടി മെസി അർജന്റീനയുടെ ഷെൽഫിലെത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പോടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. ആറുലോകകപ്പുകളിലായി 21 ഗോളുകൾ! 207 രാജ്യാന്തര മത്സരങ്ങളിൽ 125 ഗോളുകൾ, 68 അസിസ്റ്റ്. രണ്ട് കോപ അമേരിക്ക കിരീടങ്ങൾ. ഒരു ലോകകപ്പ്. രണ്ട് തവണ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം. എട്ട് ബാലൻ ഡി ഓർ... നേട്ടങ്ങളുടെ പട്ടിക എത്രവേണമെങ്കിലും എഴുതി നീട്ടാം..
എല്ലാം അവസാനിപ്പിക്കുകയാണ്. ലോകം പതിയെ മെസിയില്ലായ്‌മയുമായി പൊരുത്തപ്പെടും. പുതിയ കളിക്കാർ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ കുപ്പായത്തിനവകാശികളായേക്കും. പുതിയ കിരീടങ്ങൾ അർജന്റീനയുടെ ഷെൽഫിലെത്തിയേക്കും. പുതിയ റെക്കോർഡുകൾ പിറന്നേക്കും. പുതിയ താരങ്ങൾ ലോകത്തെ വിസ്‌മയിപ്പിക്കും. പക്ഷേ— മറ്റൊരു ലയണൽ മെസി ഇനിയില്ല. എന്നാൽ അതുകൊണ്ട് മെസി അവസാനിക്കുന്നുമില്ല. പരാജയപ്പെട്ടിട്ടും വീണ്ടും പന്തെടുത്ത് മൈതാനത്തേക്ക് മടങ്ങുന്ന ഓരോ കുട്ടിയിലും മെസിയുണ്ട്.. ‘എനിക്ക് കഴിയില്ലെ’ന്ന ചിന്തയെ തോൽപ്പിച്ച് ഒരാൾ വീണ്ടും ശ്രമിക്കുന്നിടത്തൊക്കെയും മെസിയുണ്ട്... ഇതിഹാസങ്ങൾ അനശ്വരരാകുന്നത് അങ്ങനെയൊക്കെയാണ്. കേരളത്തിലെ ഒരു നാട്ടിൻപുറത്തെ മൈതാനത്ത് കളിക്കാനിറങ്ങുന്ന കുട്ടിയുടെ ടീ ഷർട്ടിന്റെ പിന്നിൽ സ്‌കെച്ചുപേനകൊണ്ട് ‘മെസി’യെന്ന് അടയാളപ്പെടുത്തുന്നതിനോളം സാർവലൗകികമായ സ്‌നേഹം മറ്റെന്തുണ്ട്.
റൊസാരിയോ തെരുവിലെ കൊച്ചുബാലന്റെ മുന്നിൽ ഒരിയ്ക്കലൊരു ചെറിയ മൈതാനം മാത്രമായിരുന്നു. ഒരു പന്ത്. ഒരു ചെറിയ സ്വപ്‌നം.! എന്നാൽ ഇന്ന് ലോകം മുഴുവൻ ആ ബാലന്റെ പേരറിയുന്നു. മെസി നമ്മെ പഠിപ്പിച്ചത് കളിയാസ്വദിക്കാൻ മാത്രമല്ല... വലിയ സ്വപ്‌നങ്ങൾക്ക് വലിയ ശരീരം ആവശ്യമില്ലെന്ന് പഠിപ്പിച്ചു, പരാജയം അവസാനമല്ലെന്ന് പഠിപ്പിച്ചു, വിമർശനം അന്ത്യവിധിയല്ലെന്ന് പഠിപ്പിച്ചു, കാത്തിരിപ്പ് വിജയത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചു.
ഇതാ മെസി അവസാനിപ്പിക്കുന്നു. പന്ത് പതിയെ നിശ്ചലമാകുന്നു, സ്റ്റേഡിയങ്ങൾ നിശ്ശബ്ദമാകുന്നു. പക്ഷേ, മെസിക്കാലം ഇവിടെ അവസാനിക്കുന്നില്ല. എവിടെയോ ഒരു കുട്ടി വീണ്ടും പന്തുമായി ഓടിത്തുടങ്ങുന്നുണ്ട്.. അവിടെ മെസി വീണ്ടും ജനിക്കുന്നു. മിശിഹായായി വീണ്ടുമുയിർക്കുന്നു.









0 comments