ഈദ് ആഘോഷത്തിനൊരുങ്ങി പ്രവാസികൾ: റംസാൻ വിപണിയിൽ തിരക്കേറി

photo credit: youtube
മസ്‌കത്ത്: റംസാൻ വ്രതം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി പ്രവാസികൾ. വിവിധ രാജ്യങ്ങളിൽ പെരുന്നാൾ വിപണികൾ സജീവമായി. തിരക്ക് കൂടുന്നതിനു മുമ്പ് പുതു വസ്‌ത്രകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുടുംബങ്ങൾ. വിപണിയിൽ വിലക്കിഴിവുകൾ വന്നുതുടങ്ങി. കുട്ടികളുടെയും സ്ത്രീകളുടെയും വസ്‌ത്രങ്ങളുടെ വലിയ ശേഖരം എത്തികഴിഞ്ഞു. പുരുഷന്മാർക്കുള്ള ഷർട്, പാന്റ്, ജുബ്ബ എന്നിവയും വിപണിയിലുണ്ടെങ്കിലും വലിയ തിരക്ക് തുടങ്ങിയിട്ടില്ല.
മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഈദിനെ വരവേൽക്കാനുള്ള കമാനങ്ങളും തോരണങ്ങളും അലങ്കാര വിളക്കുകളും ഒരുങ്ങി കഴിഞ്ഞു. ഒമാനിലെ പെരുന്നാൾ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആറുമുതൽ ഒമ്പതു ദിവസംവരെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ അവധി ലഭിച്ചാൽ നാട്ടിൽ പോയി പെരുന്നാൾ ആഘോഷിക്കാമെന്ന് കരുതുന്നവരും ഏറെയുണ്ട്.
തൊട്ടടുത്ത രാജ്യങ്ങളായ യുഎഇയിലേക്കോ, സൗദി അറേബ്യയിലേക്കോ പോകാൻ തയ്യാറെടുക്കുന്നവരും ഉണ്ട്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ഒമാനിലെ ഏറ്റവും ഉയരം കൂടിയ പർവത പ്രദേശമായ ജബൽ ഷംസ് നിരവധി പേർ എത്തുന്ന മേഖലയാണ്. സന്ദർശകർ ഏറെയെത്തുന്ന മറ്റൊരിടം വക്കാൻ ഗ്രാമമാണ്. മാതളനാരകം, ആപ്രിക്കോട്ട്, പീച്ച്, ഈന്തപ്പഴം, മുന്തിരി എന്നിവ വളരുന്ന ടെറസ് പൂന്തോട്ടങ്ങളുടെ മാതൃകയിലുള്ള പ്രദേശമാണിത്. പ്രദേശത്തിന്റെ നേരിയ താപനില അനുഭവിക്കാൻ എത്തുന്നവരും ഒട്ടേറെയാണ്. ഒഴിവു ദിനങ്ങൾ ഉപയോഗപ്പെടുത്തി ആളുകളെ ആകർഷിക്കാൻ വിനോദ സഞ്ചാര കമ്പനികളും ഹോട്ടലുകളും റിസോർട്ടുകളും നിരവധി കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് സവാരി, മൃഗശാല, ഡോൾഫിൻ സന്ദർശനം, ട്രക്കിങ്, ഡെസർട്ട് സഫാരി തുടങ്ങിയ ആകർഷകമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. നാട്ടിൽ സ്‌കൂൾ അവധി ആകുന്നതോടെ കുടുംബങ്ങളെ ഒമാനിലേക്ക് എത്തിക്കുന്നവരും നിരവധിയാണ്.









0 comments