പ്രവാസി പണമിടപാടിലും തിരിച്ചടി; പശ്ചിമേഷ്യൻ സംഘർഷം തൊഴിൽ മേഖലയെ ബാധിക്കും

ദുബായ് : പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മധ്യപൂർവ-വടക്കേ ആഫ്രിക്ക (മെന)യിലെ തൊഴിൽവിപണിയെ ദുർബലമാക്കുമെന്ന് ലോക സാമ്പത്തിക ഫോറം റിപ്പോർട്ട്. ഇതിന്റെ പ്രത്യാഘാതമായി ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസി പണമിടപാടുകൾ കുറയാൻ സാധ്യയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ‘ചീഫ് ഇക്കണോമിസ്റ്റ്സ് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സർവേയിൽ പങ്കെടുത്ത മുഖ്യ സാമ്പത്തിക വിദഗ്ധരിൽ 74 ശതമാനവും അടുത്ത 12 മാസത്തിനുള്ളിൽ തൊഴിൽ വളർച്ച ദുർബലമോ അതീവ ദുർബലമോ ആയിരിക്കുമെന്ന് വിലയിരുത്തുന്നു. യുദ്ധത്തെ തുടർന്ന് കമ്പനികൾ പുതിയ നിയമനങ്ങൾ നീട്ടിവയ്ക്കുന്നതാണ് പ്രധാന കാരണം. വ്യാപാരം, വിനോദസഞ്ചാരം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ഗുരുതരമായ തിരിച്ചടിയാണ് നേരിടുന്നതെന്ന്. സ്ഥിതിഗതികൾ ഉടൻ മെച്ചപ്പെടാനുള്ള സൂചനകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവ ഉൾപ്പെട്ടുള്ള മേഖലാ സംഘർഷം തൊഴിൽവിപണിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിതരണ ശൃംഖലകളിലെ തടസ്സം, വിദേശ നിക്ഷേപത്തിലെ കുറവ്, അടിസ്ഥാനസൗകര്യ നാശം എന്നിവ തൊഴിൽ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ ആറുമുതൽ 17 വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ ആഗോള സാമ്പത്തിക വിദഗ്ധർ മേഖലയുടെ വളർച്ചയെക്കുറിച്ച് ജാഗ്രതയോടെയുള്ള പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും യുദ്ധം സ്ഥിതിഗതികൾ മാറ്റിമറിച്ചു.










0 comments