മാസ് തബൂക്ക് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

ജിദ്ദ : കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കാനായി മാസ് തബൂക്കിന്റെ നേതൃത്വത്തിൽ തബൂക്കിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കേരളത്തിന്റെ വികസനക്കുതിപ്പിന് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടാകണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. സമഗ്രമേഖലയെയും സ്‌പർശിച്ച സദ്‌ഭരണമാണ് കഴിഞ്ഞ പത്തുവർഷത്തിൽ നടപ്പാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും വിപ്ലവകരമായ മാറ്റത്തിന് നാം സാക്ഷിയായി. പ്രവാസികളെയും ചേർത്തുപിടിച്ചൊരു സർക്കാർ. പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തി.
പ്രവാസികൾക്കും കുടുംബത്തിനുമായി നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയും ആരംഭിച്ചു. കൂടാതെ, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ നോർക്ക വഴി സബ്സിഡിയോടുകൂടിയുള്ള വായ്‌പകളും നൽകുന്നുണ്ട്.
പവർക്കട്ടോ വർഗീയ കലാപങ്ങളോ ഇല്ലാത്ത പത്തുവർഷംകൂടിയാണ് കടന്നുപോയത്. നിരവധിയായ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും വയനാട് ടൗൺഷിപ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാരിന് തുടർച്ചയുണ്ടാകണം. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിനായി ഓരോ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും മാസ് തബൂക്ക് വ്യക്തമാക്കി. പ്രധാനകേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും പ്രവാസി കുടുംബങ്ങൾക്കിടയിലും പ്രചാരണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ മുസ്‌തഫ തെക്കൻ അധ്യക്ഷനായി. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, കേളി അംഗം കെ പി സജിത്ത്, വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു.










0 comments