ദുബായ് വേൾഡ് ട്രേഡ് സെന്റർ മേൽപ്പാലം 30ന് തുറക്കും

ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച അവസാന മേൽപ്പാലം 30ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. അൽ മജ്ലിസ് തെരുവിൽനിന്ന് രണ്ടാം ഡിസംബർ തെരുവിലേക്കുള്ള ഗതാഗതത്തിനായി നിർമിച്ച പാലത്തിന് ഒരു കിലോമീറ്റർ നീളവും രണ്ട് പാതകളുമുണ്ട്. മണിക്കൂറിൽ 3000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. ഇതോടെ യാത്രാസമയം ആറുമിനിറ്റിൽനിന്ന് ഒരുമിനിറ്റായും ജങ്ഷനിലെ ശരാശരി ഗതാഗതത്തടസ്സം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായും കുറയും.
ഷെയ്‌ഖ് സായിദ് റോഡിനെയും സമീപത്തെ പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ അഞ്ച് ലക്ഷത്തിലേറെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനം ലഭിക്കും. 69.6 കോടി ദിർഹത്തിലേറെ ചെലവിൽ നടപ്പാക്കുന്ന വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിൽ ആകെ അഞ്ച് മേൽപ്പാലങ്ങളാണുള്ളത്. ഇവയുടെ ആകെ നീളം അഞ്ചു കിലോമീറ്ററാണ്. അവസാന പാലം തുറക്കുന്നതോടെ പദ്ധതിയിലെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
2027ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന അൽ മുസ്തഖ്ബൽ തെരുവ് വികസന പദ്ധതിയും ഗതാഗതം സുഗമമാക്കാൻ സഹായിക്കും. 1.5 കിലോമീറ്റർ നീളത്തിൽ മേൽപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നതിനൊപ്പം റോഡ് ഇരുദിശകളിലും നാലു പാതകളായി വികസിപ്പിക്കും. ഇതോടെ റോഡിന്റെ ഗതാഗതശേഷി 33 ശതമാനം വർധിക്കുകയും യാത്രാസമയം 13 മിനിറ്റിൽനിന്ന് ആറു മിനിറ്റായി കുറയുകയും ചെയ്യും.









0 comments