ദുബായിൽ 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ; ജനസംഖ്യ 47.41 ലക്ഷമായി

ദുബായ് : ഇൗ വർഷം തുടക്കം മുതൽ 1.61 ലക്ഷത്തിലധികം പുതിയ താമസക്കാർ ദുബായിലേക്ക് വന്നുചേർന്നു. ഇതോടെ ദുബായുടെ ജനസംഖ്യ 47.41 ലക്ഷം പിന്നിട്ടു. വ്യാഴം ഉച്ചയ്ക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 30ന് പകൽ 1.45-ഓടെ ദുബായിലെ ജനസംഖ്യ 47,41,335 ആയി ഉയർന്നു. 2025 അവസാനത്തിൽ ദുബായിലെ ജനസംഖ്യ 45.80 ലക്ഷമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2026-ൽ ഇതുവരെ 1,61,335 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആറുമാസമോ അതിലധികമോ കാലം ദുബായിൽ താമസിക്കുന്നവരെയോ അത്രയും കാലം താമസിക്കാൻ ഉദ്ദേശിക്കുന്നവരെയോ ആണ് സ്ഥിരതാമസക്കാരായി കണക്കാക്കുന്നത്.
2025ലെ കണക്കുകൾ പ്രകാരം 30 മുതൽ 34 വയസ് വരെയുള്ളവരാണ് ദുബായിലെ ഏറ്റവും വലിയ പ്രായവിഭാഗം. ആകെ ജനസംഖ്യയുടെ 15.45 ശതമാനമാണ് ഈ വിഭാഗത്തിലുള്ളത്. തൊഴിലധിഷ്ഠിത ജനസംഖ്യയുടെ ശക്തമായ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, പകൽ സമയത്ത് ദുബായിൽ സാന്നിധ്യമുള്ളവരുടെ എണ്ണം ശരാശരി 63.92 ലക്ഷമായി ഉയരുന്നു. സ്ഥിരതാമസക്കാർക്കു പുറമെ പ്രതിദിനം ഏകദേശം 18.12 ലക്ഷം പേർ ജോലി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ദുബായിലെത്തുന്നതാണ് ഇതിന് കാരണം.
സ്ഥിരതാമസക്കാരുടെ എണ്ണത്തിന്റെ ഏകദേശം 40 ശതമാനത്തോളം അധികമായി എത്തുന്ന ഈ ജനസാന്നിധ്യം റോഡ് വികസനം, പൊതുഗതാഗതം, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, വൈദ്യുതി-ജല വിതരണം, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയുടെ ആസൂത്രണത്തിൽ നിർണായക ഘടകമാണ്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരത്തോടെ നടപ്പാക്കിയ "ദുബായ് പോപ്പുലേഷൻ നൗ' തത്സമയ ജനസംഖ്യാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
2025-ൽ മാത്രം ദുബായുടെ ജനസംഖ്യ ഏകദേശം 3.32 ലക്ഷം വർധിച്ച് 42.48 ലക്ഷത്തിൽനിന്ന് 45.80 ലക്ഷമായി ഉയർന്നിരുന്നു. 7.5 ശതമാനമായ വാർഷിക വളർച്ചാനിരക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.
1975 മുതൽ 2005 വരെ നടത്തിയ പരമ്പരാഗത സെൻസസുകൾക്ക് പകരം സർക്കാർ വകുപ്പുകളുടെ ഭരണരേഖകൾ, s-,heർട്ട് സംവിധാനങ്ങൾ, നിർമിത ബുദ്ധി, മെഷീൻ ലേണിങ്, പ്രവചന വിശകലനം എന്നിവയുടെ സഹായത്തോടെ തത്സമയം ജനസംഖ്യ പുതുക്കുന്ന സംവിധാനമാണ് നിലവിൽ ഉപയോഗിക്കുന്നത്. താമസം, ഗതാഗതം, ആരോഗ്യരംഗം, വിദ്യാഭ്യാസം, ടൂറിസം, തൊഴിൽ, ഭവനം, പൊതുസേവനങ്ങൾ തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.










0 comments