ad
Deshabhimani

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ദുബായ്‌ ആർടിഎ; വേൾഡ് ട്രേഡ് സെന്റർ റൗണ്ട്‌ എബൗട്ടിൽ 500 മീറ്റർ പാലം തുറന്നു

Dubai RTA bridge
വെബ് ഡെസ്ക്

Published on May 11, 2026, 04:58 PM | 2 min read

ദുബായ് : വികസന പദ്ധതിയുടെ ഭാഗമായി വേൾഡ് ട്രേഡ് സെന്റർ റൗണ്ട്‌ എബൗട്ടിൽ 500 മീറ്റർ നീളമുള്ള പുതിയ പാലം തുറന്നതായി ദുബായ്‌ ആർടിഎ. നഗരത്തിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗതാഗത ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ട്രേഡ് സെന്റർ റൗണ്ട്‌ എബൗട്ടിന് കീഴിലൂടെ നിർമിച്ച പാലം അൽ ബദയിൽനിന്ന് സെക്കൻഡ് ഡിസംബർ തെരുവിലേക്കും അവിടെനിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അൽ മുസ്‌തഖ്ബൽ തെരുവിലേക്കുമുള്ള ഗതാഗതം സുഗമമാക്കും.


അൽ ബദ മേഖലയിൽ വർധിച്ചുവരുന്ന ഗതാഗത തിരക്ക് പരിഹരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും സഞ്ചാര സൗഹൃദവുമായ നഗരങ്ങളിലൊന്നാക്കി ദുബായെ മാറ്റുകയെന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ. ഷെയ്ഖ് സായിദ് റോഡിന് സമീപമായതിനാൽ പദ്ധതി പ്രദേശം തന്ത്രപ്രധാന മേഖലയായാണ് കണക്കാക്കുന്നത്. ഈ പ്രധാന ഗതാഗതപാതയിലേക്കുള്ള ബന്ധം ശക്തിപ്പെടുത്തുന്നതോടെ വാഹന ഗതാഗതത്തിന്റെ വിഭജനം കാര്യക്ഷമമാകും. ഗതാഗതക്കുരുക്ക് കുറയുകയും സമീപ പ്രദേശങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും.


പുതുതായി തുറന്ന പാലത്തിലൂടെ മണിക്കൂറിൽ ഏകദേശം 1200 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും. അൽ ബദയിൽനിന്ന് ഷെയ്‌ഖ് റാഷിദ് തെരുവിലേക്കും അൽ മുസ്‌തഖ്ബൽ തെരുവിലേക്കുമുള്ള യാത്രാസമയം രണ്ടു മിനിറ്റായി കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ എട്ടുമിനിറ്റാണ്‌ യാത്രാസമയം. പദ്ധതിയുടെ ഭാഗമായി സെക്കൻഡ് ഡിസംബർ തെരുവിൽനിന്ന് ഷെയഖ് റാഷിദ് തെരുവിലേക്കും അൽ മുസ്‌തഖ്ബൽ തെരുവിലേക്കും പോകുന്ന സിഗ്നൽ ജങ്‌ഷൻ തടസ്സമില്ലാത്ത ഗതാഗത ജങ്‌ഷനാക്കി മാറ്റുമെന്നും ആർടിഎ അറിയിച്ചു. ഇതോടെ ഗതാഗതം കൂടുതൽ വേഗത്തിലും സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വേൾഡ് ട്രേഡ് സെന്റർ റൗണ്ട്‌ എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി ആകെ 5000 മീറ്റർ ദൈർഘ്യമുള്ള ആറു പാലങ്ങളാണ് നിർമിക്കുന്നത്. വിവിധ ദിശകളിലേക്കുള്ള ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. ഷെയ്ഖ് സായിദ് റോഡിൽനിന്ന്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് തെരുവിലേക്ക് നേരിട്ട്‌ ബന്ധിപ്പിക്കുന്ന പാലം ഈ വർഷം ഫെബ്രുവരിയിൽ ആർടിഎ തുറന്നിരുന്നു. 2025 ഡിസംബറിൽ, സെക്കൻഡ് ഡിസംബർ തെരുവിൽനിന്ന് ഷെയ്‌ഖ് റാഷിദ് റോഡിലേക്കും അൽ മജ്‌ലിസ് തെരുവിലേക്കും തുടർന്ന് അൽ മുസ്‌തഖ്ബൽ തെരുവിലേക്കും ഗതാഗതം സുഗമമാക്കുന്ന രണ്ട് പാലങ്ങളും തുറന്നിരുന്നു. ഏകദേശം 2000 മീറ്റർ നീളമുള്ള ഈ രണ്ട് പാലങ്ങളിലൂടെ മണിക്കൂറിൽ 6000 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home