ad
Deshabhimani

ഗതാഗതക്കുരുക്ക് കുറയ്ക്കൽ: പ്രധാന റോഡ് പദ്ധതികളുമായി ദുബായ്‌ ആർടിഎ

rta dubai
വെബ് ഡെസ്ക്

Published on Sep 09, 2025, 04:05 PM | 2 min read

ദുബായ് : എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രധാന റോഡ് പദ്ധതികളുമായി ദുബായ്‌ ആർടിഎ. അൽ ഖവാനീജ് രണ്ടി-ലും ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ ഒന്നിലും ഉൾറോഡ് നിർമാണം പൂർത്തിയാക്കി. ആറു താമസമേഖലകളിൽകൂടി ഇപ്പോൾ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. നദ് അൽ ഷബ 1, 3, 4, അൽ അവീർ 1, വാടി അൽ അമർദി, അൽ വർക്ക എന്നിവിടങ്ങളാണ് നിർമാണം നടക്കുന്ന മറ്റു പ്രദേശങ്ങൾ. എട്ട് മേഖലകളിലായി മൊത്തം 103 കിലോമീറ്റർ നീളമുള്ള റോഡുകളാണ് നിർമിക്കുന്നത്.


താമസ മേഖലകളിലെ റോഡുകൾ, ലൈറ്റിങ്‌, മഴവെള്ള കൈമാറ്റ സംവിധാനം എന്നിവ വികസിപ്പിക്കുന്നതിൽ ആർടിഎയുടെ പ്രതിബദ്ധതയാണ് പദ്ധതികൾ തെളിയിക്കുന്നതെന്ന്‌ ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. ഗതാഗത വർധന കൈകാര്യം ചെയ്യൽ, ഗതാഗത പ്രവാഹം മെച്ചപ്പെടുത്തൽ, റോഡ് സുരക്ഷ ഉറപ്പാക്കൽ എന്നിവയാണ് ലക്ഷ്യം. അൽ ഖവാനീജ് രണ്ടിൽ ആറ് കിലോമീറ്റർ ഉൾറോഡുകൾ, അമ്മാൻ റോഡുമായി ബന്ധങ്ങൾ, 765 പാർക്കിങ്‌ സൗകര്യങ്ങൾ, 178 ലൈറ്റിങ്‌ പോസ്റ്റുകൾ, പ്രത്യേക സൈക്കിൾ ട്രാക്ക് എന്നിവയും നിർമിച്ചു.

ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ ഒന്നി-ൽ 27 കിലോമീറ്റർ റോഡുകളുടെ നിർമാണവും പരിപാലനവും പൂർത്തിയായി. ഫസ്റ്റ് അൽ ഖയിൽ തെരുവും 23–-ാം തെരുവും ചേരുന്ന റൗണ്ട് എബ‍ൗട്ട് സിഗ്നൽ നിയന്ത്രിത ജങ്ഷനാക്കി മാറ്റി. ഏഴ് പുതിയ റൗണ്ട് എബ‍ൗട്ടുകളും 42 കിലോമീറ്റർ റോഡ് ലൈറ്റിങ്ങും ഉൾപ്പെടുത്തി. ഭാരവാഹനങ്ങളുടെ ഗതാഗതത്തിനും റോഡ് സുരക്ഷയ്ക്കും ശേഷിക്കും ഗണ്യമായ മെച്ചപ്പെടുത്തൽ സാധിച്ചു.


അൽ അവീൽ ഒന്നിൽ 16.5 കിലോമീറ്റർ റോഡുകൾ നിർമിക്കുകയാണ്. ഇതിൽ അഞ്ചു കിലോമീറ്റർ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ്‌ പ്രോജക്ടിനുള്ളിലാണ്. കൂടാതെ എമിറേറ്റ്സ് റോഡിനെയും അൽ അവീർ ഒന്നിനെയും ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റർ റോഡും നിർമിക്കുന്നു. പുതിയ പ്രവേശന-പുറപ്പെടൽ മാർഗങ്ങൾ വഴി ഗതാഗത ശേഷി മണിക്കൂറിൽ 1500 വാഹനങ്ങളിൽനിന്ന് 3000 വാഹനങ്ങളിലേക്ക് ഇരട്ടിയാകും.

കൂടാതെ, എമിറേറ്റ്സ് റോഡിൽ നാല് കിലോമീറ്റർ അധിക ലെയിൻ കൂടി നിർമിക്കുന്നു. 110 കിലോമീറ്റർ വേഗപരിധിയുള്ള ഈ പാത മണിക്കൂറിൽ 2000 വാഹനംവരെ കൈകാര്യം ചെയ്യാനാകും. 2026-ലെ രണ്ടാം പാദത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നദ് അൽ ഷബ 1, 3, 4 മേഖലകളിൽ 32 കിലോമീറ്റർ നീളമുള്ള പുതിയ റോഡുകളും 15 കിലോമീറ്റർ നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ലാൻഡ്‌സ്‌കേപ്പിങ്ങും സൗന്ദര്യവൽക്കരണവും ഉൾപ്പെടുന്നു. സ്‌കൂളുകൾ, ഷോപ്പിങ്‌ സെന്ററുകൾ, പള്ളികൾ, പാർക്കുകൾ എന്നിവയ്ക്കരികിൽ റോഡുകളും പാർക്കിങ്ങും മെച്ചപ്പെടുത്തുന്നു. നദ് അൽ ഷബ 1 പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. 3, 4 മേഖലകളിലെ ജോലികൾ 2027-ലെ ആദ്യ പാദത്തോടെ പൂർത്തിയാകും.


15 കിലോമീറ്റർ പുതിയ റോഡുകൾ, നാലു കിലോമീറ്റർ ട്രിപ്പോളി സ്ട്രീറ്റ് വിപുലീകരണം, 11 കിലോമീറ്റർ ഉൾറോഡുകൾ, 405 ലൈറ്റിങ്‌ പോസ്റ്റുകൾ, 1000 പാർക്കിങ്‌ സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 30,000-ൽ അധികം താമസക്കാർക്ക് ഗുണം ചെയ്യും. യാത്രാദൂരം അഞ്ച് കിലോമീറ്ററിൽനിന്ന് ഒരുകിലോമീറ്ററായി കുറയ്ക്കും. 2026-ലെ മൂന്നാം പാദത്തോടെ പദ്ധതി പൂർത്തിയാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home