ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ദുബായിൽ ആറുപേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ദുബായ്: ക്രിപ്റ്റോ കറൻസി ഇടപാടിന്റെ പേരിൽ 26 ലക്ഷം ദിർഹത്തിന്റെ തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 20 ലക്ഷം ദിർഹം പണമായും ആറു ലക്ഷം ദിർഹം ക്രിപ്റ്റോ കറൻസിയായുമാണ് ഉണ്ടായിരുന്നത്.
ലൈസൻസില്ലാത്ത വിനിമയ കേന്ദ്രം വഴി വൻതുക നൽകി ക്രിപ്റ്റോ കറൻസി വാങ്ങാൻ ശ്രമിച്ചയാളെയാണ് സംഘം കബളിപ്പിച്ചത്. ഇടപാടിനായി എത്തിയ പരാതിക്കാരനെ സംഘം വിശ്വസിപ്പിക്കുകയും ക്രിപ്റ്റോ കറൻസി കൈമാറാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഉടമകളുടെ വിവരങ്ങൾ മറച്ചുവയ്ക്കാൻ കഴിയുന്ന വികേന്ദ്രീകൃത ഡിജിറ്റൽ വാലറ്റുകളിലേക്കാണ് പരാതിക്കാരൻ ക്രിപ്റ്റോ കറൻസി കൈമാറിയത്. ഇടപാട് പൂർത്തിയായതോടെ പണം കൈക്കലാക്കിയ സംഘം കടന്നുകളയുകയായിരുന്നു.
പരാതി ലഭിച്ചയുടൻ ദുബായ് പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം മോഷ്ടിച്ച ക്രിപ്റ്റോ കറൻസി മറ്റ് ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയുന്നതിനും സമാന്തരമായി അന്വേഷണം നടത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ആറുപേരെയും പിടികൂടുകയും നഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസി വീണ്ടെടുക്കുകയും ചെയ്തു.
ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴിയോ വ്യക്തികൾ വഴിയോ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭം വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും പണം നേരിട്ട് കൈമാറിയുള്ള ഇത്തരം ഇടപാടുകൾ ഒഴിവാക്കി അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് നിർദേശിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി









0 comments