Deshabhimani

'മൊദ രാത്രി', 'ഡൊറോത്തി', 'ബത്ത'; ആണഹന്തകൾക്ക് മേലേൽക്കുന്ന കലാപ്രഹരം

review.jpg
avatar
പാർവതി ഗിരികുമാർ

Published on Oct 31, 2026, 08:37 AM | 3 min read

2016 ൽ പുറത്തിറങ്ങിയ ഇരൈവി എന്ന തമിഴ് ചിത്രത്തിൽ എസ്‌ജെ സൂര്യ അവതരിപ്പിച്ച അരുളിന്റെ ഒരു ക്ലൈമാക്സ് ഡയലോഗുണ്ട്. 'മറക്കാനും പൊറുക്കാനും നമ്മളൊക്കെ പെണ്ണുങ്ങളാണോ... ആൺ... എവളോ കേവലമാന പിറൈവിങ്ക...' പുതിയ കാല തമിഴ് സിനിമകളുടെ ഇടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഇരൈവി മുന്നോട്ടുവച്ച രാഷ്ട്രീയത്തെ അടയാളപ്പെടുത്താനും പൊടിതട്ടിയെടുക്കാനും ഇന്നത്തെ തമിഴ് സിനിമയ്ക്കായി. പഴയകാലത്തിന്റെ കഥ പറയുന്ന മൂന്ന് ചിത്രങ്ങൾ വ്യക്തമായ രാഷ്ട്രീയം പറയുകയാണ്. 'മൊദ രാത്രി', 'ഡൊറോത്തി', 'ബത്ത' എന്നീ മൂന്ന് ചിത്രങ്ങളിലും തെളിഞ്ഞുകാണുന്ന ആണഹന്തകളെ പൊളിച്ചെഴുതുന്നത് തീരെ അശക്തരായ ചിലരാണ്, അല്ലെങ്കിൽ അശക്തരെന്ന് ആണുങ്ങൾ വിധിയെടുത്തിയ, ഇന്നും വിധിയെഴുതുന്ന ചിലരാണ്. മൊദ രാത്രിയിൽ അതൊരു സ്ത്രീയാണെങ്കിൽ ഡൊറോത്തിയിൽ അതൊരു ട്രാൻസ്ജെൻഡറാണ്. ബത്തയിലാകട്ടെ നാടുവിറപ്പിച്ച ഗുണ്ടയെ വിറപ്പിച്ചത് പത്ത് വയസുപോലും പ്രായമില്ലാത്ത ഒരു കുട്ടിയും.


മൊദ രാത്രിയിൽ മുത്തുസെൽവിയുടെ അമ്മാവനായെത്തുന്ന കഥാപാത്രമുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കണം എന്ന് വാശിപിടിക്കുന്ന ശരവണൻ. സത്യത്തിൽ ചിത്രത്തിലാർക്കും ശ്രാവണനോട് ബഹുമാനമില്ല. ബഹുമാനമില്ലെന്ന് മാത്രമല്ല, കുടുംബത്തിലെ പലരും അവഞ്ജയോടും ഭയത്തോടും മാത്രമാണ് ശരവണൻ കാണുന്നത്. കാലാകാലങ്ങളായി ശീലിച്ചുവന്ന ആൺ മേൽക്കോയ്മയുടെ ഭാഗമായി കുടുംബത്തിലുള്ളവർ ശരവണൻ ബഹുമാനിക്കുന്നതായി കാണിക്കുകയും അനുസരിക്കുകയും ചെയ്യുകയാണ്. മുത്തുസെൽവിയും അതിന്റെ ഭാഗമാകുന്നുണ്ട്. ഋഷികാന്തിന്റെ മരുത് എന്ന നായകകഥാപാത്രവും പലയിടങ്ങളിലും ശരവണൻ ഗത്യന്തരമില്ലാതെ ബഹുമാനിക്കുന്നത് കാണാം. ഭാര്യയുടെ ഫോൺ വന്നാൽ എടുക്കരുത് എന്ന് വാശിപിടിച്ചാണ് അയാൾ തന്റെ മേൽക്കോയ്മ ഊട്ടിയുറപ്പിക്കുന്നത്. എന്റെ ഭാര്യ വിളിക്കുന്നില്ലല്ലോ എന്ന അയാളുടെ അഭിമാനകരമായ പ്രസ്താവനയ്ക്ക് മറുവശത്ത് ജീവിതത്തിലെ ഒരു കാര്യവും അയാളെ അറിയിക്കാൻ പോലും താല്പര്യമില്ലാത്തത്രയും അവജ്ഞയോടെ തന്റെ ഭർത്താവിനെയും അച്ഛനെയും കാണുന്ന ഒരു ഭാര്യയും മകളുമുണ്ട്.


ഡൊറോത്തിയിലെ ആണുങ്ങളെല്ലാം നാട്ടിൽ ആണുങ്ങളെന്ന പേരുനേടാൻ പാടുപെടുന്നവരാണ്. സാധാരണ മനുഷ്യനായി ജീവിച്ച് തുടങ്ങുന്ന കാർത്തിയെ ആണായി ജീവിക്കാൻ പഠിപ്പിക്കുന്നത് സുബുവാണ്. ആണുങ്ങൾ കരയില്ലെന്നും, ആണുങ്ങളായാൽ എല്ലാരേം തല്ലിവീഴ്ത്തണമെന്നും കാർത്തിയെ പഠിപ്പിച്ചത് സുബുവാണ്. വളർന്നശേഷം അന്യജാതിക്കാരനെ പ്രേമിച്ച ധനലക്ഷ്മിയെ വീട്ടുകാർ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ സുബുവിന്റെ കണ്ണ് നിറയുന്നുണ്ട്. 'നിനക്ക് അവളെ ഇഷ്ടമായതുകൊണ്ടല്ലേ നിന്റെ കണ്ണ് നിറയുന്നത്' എന്ന കാർത്തിയുടെ ചോദ്യത്തോട് സുബുവിന്റെ മറുചോദ്യം 'അവളെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ എന്തുകൊണ്ടാണ് നിന്റെ കണ്ണ് നിറയാത്ത എന്നാണ്. കാർത്തിയെ ആണാകാൻ പഠിപ്പിച്ച സുബുവിന്റെ മാറ്റങ്ങൾ 24 മണിക്കൂറും കൂടെ നടക്കുന്ന കാർത്തിക്ക് പോലും മനസിലായില്ല. ഡൊറോത്തിയുടെ മരണം സുബുവിനെ എന്തുകൊണ്ടാണ് ഇത്രയധികം ബാധിച്ചതെന്ന് പോലും മനസിലാകത്തരം വികാരങ്ങൾ വറ്റിവരണ്ട്‍ ആ നാട്ടിലെ മറ്റുള്ളവരെ പോലെത്തന്നെ ശരിയായ 'ആണായി' കാർത്തി മാറിയിരുന്നു. സ്ത്രീകളെ തങ്ങളുടെ കാലിനടിയിൽ കഴിയുന്ന പൊഴുക്കളായി കാണുന്നതുകൊണ്ടാണ് സ്ത്രീയാകണം എന്ന സുബുവിന്റെ തീരുമാനത്തെയും കാർത്തി അവജ്ഞയോടെ കാണുന്നത്.


എട്ടുദിവസത്തെ പട്ടിണിയും ഏകാന്തതയും മതിയായിരുന്നു ബത്തയ്ക്ക് ജീവിതത്തെ മനുഷ്യരെപ്പോലെ നോക്കിക്കാണാൻ. ഭാര്യ തല്ലുന്ന, ഭക്ഷണം വലിച്ചെറിയുന്ന, മനുഷ്യരോട് യാതൊരുവിധ സഹാനുഭൂതിയുമില്ലാത്ത ബത്ത ഒരുദിവസം മുതൽ നല്ലമനുഷ്യനാകുകയാണ്. നൈമിഷികമായ കരുത്താണ് തന്റേതെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ ബത്ത മനുഷ്യനാണ്. തന്നെ പൂട്ടിയിട്ടയാളെ തപ്പിനടക്കുമ്പോൾ ബത്ത കന്നിമയോട് പറയുന്നുണ്ട്, തന്നെ പൂട്ടിയിട്ടത് ഒരു സാധാരണക്കാരനല്ല. സാധാരണക്കാരായ തന്റെ എതിരാളികൾക്ക് ഒരിക്കലും തന്നെ ഇത്രയും ദിവസം നരകിപ്പിക്കാൻ കഴിയില്ല. അവരുടെ കൈയിൽ തന്നെ കിട്ടുന്ന ഞൊടിയിൽ അവർ കൊന്നിരിക്കും. ഇതേതോ അപകടകാരിയായ എതിരാളിയാണ്, സാധാരണക്കാരെ നേരിടുന്ന ലാഘവത്തോടെ ഈ എതിരാളിയെ നേരിടാൻ സാധിക്കില്ല എന്ന്. ഭയന്നുവിറച്ച ഒരു എട്ടുവയസുകാരനാണ് നാടുവിറപ്പിക്കുന്ന ബത്തയുടെ ജീവിതം മാറ്റിമറിച്ചത്. ശബരി കരഞ്ഞുകൊണ്ട് നടന്നതെല്ലാം ഏറ്റുപറയുമ്പോൾ ബത്തയുടെ മനസിലും ഇരൈവിയിലെ അരുളിന്റെ വാക്കുകളാണ് 'എവളോ കേവലമാന പിറൈവിങ്ക..!'


തമിഴ് സിനിമകളിൽ സാധാരണയായി കാണുന്ന അടിച്ചുപൊളി പാട്ടുകളും ഡാൻസ് സീനുകളുമൊക്കെ ഈ മൂന്ന് ചിത്രങ്ങളിലുമുണ്ട്. ഘടനയിൽ യാതൊരു മാറ്റവും വരുത്താതെ തന്നെ ആശയത്തിൽ മാറ്റം വരുത്താനും പ്രേക്ഷകനെ ഇരുത്തിച്ചിന്തിപ്പിക്കാനും കഴിയുന്ന മായികലോകമായി തമിഴ് സിനിമ മാറിയിരിക്കുകയാണ്. സ്ത്രീപക്ഷ സിനിമയാകാനോ, ആണഹന്തകൾക്ക്മേൽ പ്രഹരമേല്പിക്കാനോ മുഴുവൻ സ്ത്രീകഥാപാത്രങ്ങളെ ഉപയോഗിച്ച് അവരുടെ ഉന്നമനം മാത്രം കേന്ദ്രീകരിച്ച് ഒരു കലാസൃഷ്ടി നിർമിക്കണമെന്നില്ല. ആൺ എന്ന ചട്ടക്കൂടിനുള്ളിൽ പെട്ടുപോയവർ കൂടിയുണ്ട്. ആണായതുകൊണ്ട് മാത്രം ഉള്ളുതുറന്ന് കരയാൻ കഴിയാത്ത, മനസുതുറന്ന് ആഗ്രഹിക്കാൻ പാടില്ലാത്ത, പ്രേമിക്കാൻ കഴിയാത്ത, സഹാനുഭൂതിയോടെ ചിന്തിക്കാൻ പോലും പാടില്ലാത്ത, ഇങ്ങനെയൊക്കെ ചെയ്താൽ തന്റെ പുരുഷത്വത്തിനു എന്തെങ്കിലും കോട്ടം തെറ്റുമോ എന്ന് ഭയന്ന് ജീവിക്കുന്ന നിരവധിപേരുണ്ട്. അവരെ തുറന്നുകാട്ടാനും അവർക്ക് ചിന്തിക്കാൻ ചിറകുകൾ നൽകാനും അവരുടെ പക്ഷത്ത് നിൽക്കണം. ഇതൊന്നും സ്ത്രീപക്ഷ സിനിമകളല്ല. പുരുഷത്വത്തിന്റെ കഠിനഹൃദയചട്ടക്കൂടിൽ പൂട്ടിയിടപ്പെട്ട മനുഷ്യരുടെ കഥകളാണ്. സ്ത്രീക്ക് വിഷമിക്കാം, കരയാം, പാട്ടുപാടാം, തന്റെ ഉറ്റവരെയോർത്ത് വേദനിക്കാം, ഭർത്താവിനെ കാണാതാകുമ്പോൾ കരഞ്ഞുനിലവിളിക്കാം... പുരുഷന് പുറത്തുകാണിക്കാവുന്ന ഒരേ ഒരു വികാരം പ്രതികാരമാണ്.


തമിഴ് സിനിമ മനുഷ്യരിലേക്കിറങ്ങുകയാണ്. പറന്നുവന്ന് മനുഷ്യരെ ഇടിച്ചിടുന്ന നായകന്മാരെക്കാൾ സ്വീകാര്യത കരയുന്ന നായകന്മാർക്ക് ലഭിക്കുന്നുണ്ട്. പെണ്ണായതുകൊണ്ട് ആരെങ്കിലും തെളിക്കുന്ന വഴിയേ നടക്കുന്ന മുത്തുസെൽവിയും ആണായതുകൊണ്ട് പ്രണയനൈരാശ്യത്തിന്റെ വേദന കഠിനഹൃദയനെന്ന പ്രതീകത്തിലേക്ക് ഒളിപ്പിച്ച മരുതും ഒന്നിക്കുന്നിടത്താണ് മൊദ രാത്രി അവസാനിക്കുന്നത്. താനേറ്റവും അവജ്ഞയോടെ കാണുന്ന ജന്മങ്ങലൊന്നായ സുബുവാണ് തന്റെ ആദ്യപ്രണയമെന്ന കാർത്തി തിരിച്ചറിയുന്നിടത്തും അന്യോന്യം ഇരുവരുമില്ലാതെ ജീവിക്കാൻ കഴിയാത്ത അവർ ചുംബിക്കുന്നിടത്തുമാണ് ഡൊറോത്തിയുടെ ശുഭപര്യവസാനം. ബത്ത എതിരാളികളാൽ പോലും സ്നേഹിക്കപ്പെട്ടും മനസിലാക്കപ്പെട്ടും മനസ്സുനിറഞഞ ശബരിയെ കെട്ടിപ്പിടിക്കുകയാണ് സിനിമ അവസാനിക്കുമ്പോൾ.


ഇവരോ നമുക്ക് ചുറ്റുമുള്ളവരോ ആയ ആണുങ്ങളാരും കേവലമായ പിറവിലകളല്ല. കേവലമായ ആൺ സങ്കൽപ്പങ്ങളുടെ ലൂപ്പിനുള്ളിൽപ്പെട്ട എല്ലാ വികാരങ്ങളുമുള്ള മഹത്തായ പിറവികളാണ് എന്ന് പറഞ്ഞുവയ്ക്കുകയാണ് സിനിമ. മറക്കാനോ പൊറുക്കാനോ സ്നേഹിക്കാനോ കഴിയാത്ത മാംസപിണ്ഡങ്ങളല്ല തങ്ങൾ എന്ന പ്രതീക്ഷ പുരുഷസമൂഹത്തിന് നൽകുന്ന ഫീൽ ഗുഡുകൾക്കായി ഇനിയും സിനിമ പിറവിയെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home