Deshabhimani

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം; എൻവിഎസ് 03 ഉപഗ്രഹം ഭ്രമണപഥത്തിൽ

gslv
വെബ് ഡെസ്ക്

Published on Oct 31, 2026, 09:26 AM | 1 min read

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ (NavIC) കരുത്ത് വർധിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയകരമായി പൂർത്തിയായി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം. രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 03 (NVS-03) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.


ഐഎസ്ആർഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യമാണിത്. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എൽവി ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിച്ചത്.


തുടർന്ന് ഉപഗ്രഹത്തിലെ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെ ഭ്രമണപഥത്തിലെത്തും. വിക്ഷേപണം മുതൽ പ്രാഥമിക ഭ്രമണപഥത്തിലെത്തുന്നതുവരെയുള്ള ദൗത്യത്തിന് ഏകദേശം 19 മിനിറ്റ് സമയമാണ് കണക്കാക്കിയിരുന്നത്.


ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ എൻവിഎസ് 03 നിർണായക പങ്കുവഹിക്കും. ഇന്ത്യയുടെ 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നാവിഗേഷൻ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഈ ശൃംഖലയുടെ ലക്ഷ്യം.




കാർഗിൽ യുദ്ധം നൽകിയ പാഠം


1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയ്ക്ക് ജിപിഎസ് വിവരങ്ങൾ നൽകാൻ അമേരിക്ക വിസമ്മതിച്ചതോടെയാണ് സ്വന്തമായി നാവിഗേഷൻ സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജ്യം തിരിച്ചറിഞ്ഞത്. വിദേശ ഉപഗ്രഹ സംവിധാനങ്ങളെ ആശ്രയിക്കാതെ പ്രവർത്തിക്കാവുന്ന തദ്ദേശീയ സംവിധാനമെന്ന ലക്ഷ്യത്തോടെയാണ് നാവിക് പദ്ധതിക്ക് തുടക്കമിട്ടത്. ദേശീയ സുരക്ഷയുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ സ്വതന്ത്ര നാവിഗേഷൻ സംവിധാനത്തിന്റെ പ്രാധാന്യം കൂടുതൽ വർധിച്ചിട്ടുണ്ട്.


തദ്ദേശീയ അറ്റോമിക് ക്ലോക്ക് മറ്റൊരു നേട്ടം


നാവിഗേഷൻ ഉപഗ്രഹങ്ങളുടെ കൃത്യമായ പ്രവർത്തനത്തിന് സമയനിർണയം നിർണായകമാണ്. ഇതിനായി ഉപയോഗിക്കുന്ന അറ്റോമിക് ക്ലോക്കുകളുടെ തകരാറുകൾ നേരത്തേ നാവിക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ക്ലോക്കുകളെ ആശ്രയിച്ചിരുന്ന സാഹചര്യത്തിന് പരിഹാരമായാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചത്.


ഈ തദ്ദേശീയ അറ്റോമിക് ക്ലോക്കാണ് എൻവിഎസ് 03 ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. നാവിക് സംവിധാനത്തിന്റെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.


നാവിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൻവിഎസ് 04, എൻവിഎസ് 05 എന്നീ ഉപഗ്രഹങ്ങളും വരുംനാളുകളിൽ വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home