എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്യുന്നു. ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി എസ് വളർമതിയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയെന്ന് പറഞ്ഞാണ് കേസ്.
ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ സമരക്കാരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ നീക്കമാണ് സർക്കാർ നടത്തുന്നത്.
സെക്രട്ടറിയറ്റിനു മുന്നിൽ 116 ദിവസമായി സമരം നടക്കുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസമെടുത്തശേഷം ഉദ്യോഗാർഥികളെ പാടേ അവഗണിച്ചു. തുടർന്ന് രണ്ടാം തവണയും വളർമതി നിരാഹാരമിരിക്കുകയായിരുന്നു.
സർക്കാരിന്റെ കൈയിൽ ഒരു കണക്കുമില്ലെന്നും കബളിപ്പിച്ചവരെ ഇനി കണ്ണടച്ച് വിശ്വസിക്കില്ലെന്നും വളർമതി ഇന്നലെ പറഞ്ഞിരുന്നു. ഡിവിഷൻ കുറവ് കാരണം എത്ര അധ്യാപകർ പുറത്തുനിൽക്കുന്നു, വിരമിക്കൽ, എച്ച്‌ടിവി തസ്‌തിക എത്ര എന്നതിനൊക്കെ സർക്കാരിന്റെ കൈയിൽ കണക്കുണ്ടെങ്കിൽ കാണിക്കട്ടെ. ഞങ്ങളുടെ കൈയിൽ ഏകദേശ കണക്കുണ്ട്. നിയമസഭയിലുയർന്ന ചോദ്യങ്ങളിൽ വ്യക്തമായ കണക്ക് അവതരിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിക്കായില്ല. ഡാറ്റ ശേഖരിക്കുന്നുവെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ 45 ദിവസം സമയം ആവശ്യപ്പെട്ട് നിങ്ങളെന്താണ് പഠിച്ചത്.
എച്ച്‌ടിവി തസ്‌തിക ഉദ്യോഗാർഥികൾക്ക് എത്രമാത്രം ഗുണകരമാകും, ഒഴിവെത്ര, എത്രപേർക്ക് ജോലികിട്ടും, അധ്യാപക– വിദ്യാർഥി അനുപാതം കുറയ്‌ക്കുന്പോൾ സാന്പത്തിക ബാധ്യതയെത്ര, അധിക തസ്‌തികകളെത്ര വേണ്ടിവരും എന്നതിന് ഞങ്ങളുടെ ആവശ്യങ്ങൾ പഠിച്ചിരുന്നെങ്കിൽ മന്ത്രിക്ക് പറയാനാകുമായിരുന്നു. അനുപാതം കുറയ്‌ക്കാതെ ഒരാളെപ്പോലും റാങ്ക്‌ലിസ്‌റ്റിൽനിന്ന് നിയമിക്കാനാകില്ലെന്ന് വ്യക്തമാണ്.
എയ്‌ഡഡ് മേഖലയിൽ മുൻകാല പ്രാബല്യത്തോടെ എങ്ങനെയാണ് നിയമന ശുപാർശ നൽകിയതെന്നതിനും മറുപടി പറയണം. ആ സർക്കുലർ മരവിപ്പിക്കണം. റാങ്ക് ലിസ്‌റ്റിലെ ഉദ്യോഗാർഥികൾക്ക് ആദ്യം നിയമനം നൽകണം. ശാരീരിക പരിമിതികളുള്ള ഒരു സ്‌ത്രീയെ 13 ദിവസം നിരാഹാരം കിടത്തിയശേഷം അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞാണ് സർക്കാർ വഞ്ചിച്ചത്. ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. ഇനി ചർച്ചയല്ല തീരുമാനമാണുണ്ടാകേണ്ടത്. ജോലി ഞങ്ങളുടെ അവകാശമാണ്, ഒൗദാര്യമല്ലെന്നുമാണ് വളർമതി മാധ്യമങ്ങളോട് പറഞ്ഞത്.









0 comments