നോവൽ ‐8
പ്രണയരാഷ്ട്രം

.അശോകൻ ചരുവിൽ
Published on Oct 31, 2026, 11:28 AM | 8 min read
പ്രണയത്തിന്റെ വാതിൽ
കളപ്പുരമുറിയിൽ താമസമാക്കി എട്ടുമാസങ്ങൾ കഴിഞ്ഞാണ് മേഴ്സിക്ക് തൃശൂരിലേക്ക് ട്രാൻസ്ഫർ കിട്ടിയത്. അതിനിടയ്ക്ക് ശമ്പളമില്ലാതിരുന്ന കാലത്ത് അവർ ശരിക്കും കഷ്ടപ്പെട്ടു. ഒരു ജീവിതം തുടങ്ങുകയല്ലേ? എന്തൊക്കെ വേണം. പിന്നെ വീട്ടുവാടക, മണ്ണെണ്ണ. അങ്കമാലിയിലെ വിടായിരുന്നു മേഴ്സിയുടെ വേവലാതി. അവൾ പണം അയച്ചുകൊടുത്തില്ലെങ്കിൽ അവിടത്തെ ചെറിയ ജീവിതം തകരും. വിശപ്പും ഭക്ഷണവുമൊന്നും അവളുടെ അമ്മയ്ക്ക് പ്രശ്നമല്ല. വെള്ളം ചൂടാക്കി കുടിച്ച് കിടന്നുറങ്ങാൻ അവർക്ക് വശമുണ്ട്. പക്ഷേ മാസാരംഭത്തിൽ വീട്ടേണ്ട ഒരുപാട് ചിട്ടികളും കൈവായ്പ്പകളുമുണ്ട്.
അക്കാലത്ത് അനിയത്തി ലില്ലിക്കുട്ടി മംഗലാപുരത്ത് നഴ്സിങ്ങിന് ചേർന്നിരുന്നു. അവൾക്കും പണം അയക്കണം. കബീർ വേണുവിന്റെ പക്കൽനിന്ന് കടം വാങ്ങി കുറേ രൂപ മേഴ്സിയെ ഏൽപ്പിച്ചു. അത് അമ്മയ്ക്ക് അയച്ചു കൊടുത്തു.
നാലു ദിവസങ്ങൾക്കുശേഷം മണിയോർഡർ തിരിച്ചുവന്നു. ഒപ്പം ഇൻലൻഡിൽ കഷ്ടപ്പെട്ടെഴുതിയ ഒരു കത്തും. അമ്മയുടേതാണ്: “ഞങ്ങൾ പട്ടിണി കിടന്ന് ചത്താലും നിന്റെ എഴുത്തും പണവും ഇവിടെ ആവശ്യമില്ല.”
മലയാറ്റൂർ കുരിശുമലയിലേക്ക് അമ്മയോടൊപ്പം നടന്നുകയറിയിരുന്ന കുട്ടിക്കാലത്തെയാണ് മേഴ്സി അപ്പോൾ ഓർത്തത്. പത്തുവയസ്സുവരെ ആ യാത്രകൾ കൃത്യമായി ഉണ്ടായിരുന്നു. അമ്മ അന്ന് കുറച്ച് മെനയുള്ള വസ്ത്രങ്ങൾ ധരിക്കും. കസവുവച്ച കവിണി പുതച്ചിട്ടുണ്ടാകും. പറമ്പിലെ ചേമ്പോ ചേനയോ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റതിന്റെ പണമുണ്ടാവും കയ്യിൽ. പുകപോലെ മഞ്ഞുള്ള ഒരു ലോകമായിട്ടാണ് മലയാറ്റൂർ മല മേഴ്സിയുടെ ഓർമയിലുള്ളത്. പാതി കയറിയശേഷം അമ്മ അവൾക്ക് നന്നാറി സർബത്ത് വാങ്ങിക്കൊടുത്തിരുന്നു. അമ്മയ്ക്കു വേണ്ടി വാങ്ങില്ല. പാതി കുടിച്ചശേഷം ഗ്ലാസു നീട്ടുമ്പോൾ അവർ പറയും:
“വേണ്ട മോളെ. നീ തന്നെ കുടിച്ചോ.”
ചിത്രീകരണം: സുനിൽ അശോകപുരം
പിന്നീട് അനിയത്തി ലില്ലിക്കുട്ടിക്കാണ് മേഴ്സി പണമയച്ചിരുന്നത്. അവൾ എല്ലാ ആഴ്ചയിലും വീട്ടിലെ വിശേഷങ്ങൾ എഴുതിയിരുന്നു. വെക്കേഷനുകളിൽ മംഗലാപുരത്തുനിന്ന് നാട്ടിൽ പോകുന്ന വഴിക്ക് തൃശൂരിലിറങ്ങി മേഴ്സിയെ കാണും. ആ സന്ദർശനങ്ങൾ അമ്മ അറിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പരിചയക്കാർ അറിയാതിരിക്കാൻ മലപ്പുറത്തുനിന്നും കുറച്ചകലെ എടവണ്ണ രജിസ്ട്രാർ ആപ്പീസിൽ പോയാണ് മേഴ്സിയും കബീറും വിവാഹിതരായത്. കബീറിന്റെ സ്നേഹിതനായിരുന്നു അവിടത്തെ സബ് രജിസ്ട്രാർ. പരിഭ്രമിച്ചു നിൽക്കുന്ന മേഴ്സിയെ അദ്ദേഹം തമാശകൾ പറഞ്ഞ് ആശ്വസിപ്പിച്ചു.
“ഇതൊരു പള്ളിയായി ടീച്ചർ കരുതണം. ഞാൻ പുരോഹിതനും. വെറുതെ പറയുന്നതല്ല. കുട്ടിക്കാലത്ത് കുറച്ചുകാലം ഞാനൊരു ഫോർമേഷൻ ഹൗസിൽ കഴിഞ്ഞിട്ടുണ്ട്. പ്രീസ്റ്റാവാൻ വേണ്ടി.”
എടവണ്ണയിലെ സുൽത്താൻ മജ്ലിസ് എന്ന ഹോട്ടലിന്റെ പേര് മേഴ്സി എന്നും ഓർത്തു. മാര്യേജ് രജിസ്ട്രേഷൻ കഴിഞ്ഞ് അവിടേക്കാണ് എല്ലാവരും കയറിയത്. ചില്ലലമാരയിൽ കട്ലറ്റും കോഴിയടയും സമോസയും ഉണ്ടായിരുന്നു. ഈച്ചകൾ പറക്കുന്ന ചെറിയ മേശകൾ. കബീറിന്റെ കൂടെ മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മേഴ്സിയുടെ രണ്ട് സഹപ്രവർത്തകർ. ഡോക്യമെന്റ് റൈറ്ററായ ഒരു യുവാവ്.
പൊറോട്ടയും ബീഫ് കറിയുമാണ് എല്ലാവരും കഴിച്ചത്. കൂടെ വന്ന സീതട്ടീച്ചർ വെജിറ്റേറിയൻ ആയതുകൊണ്ട് ചായ മാത്രം കഴിച്ചു. ആ ദിവസം മുഴുവൻ കബീർ മൗനത്തിലായിരുന്നുവെന്ന് മേഴ്സി ഓർത്തു. അയാളുടെ മുഖം മ്ലാനമായിരുന്നു. ആപ്പീസിൽനിന്നും കൂടെ വന്ന ഓവർസിയർ ചന്ദ്രൻ ചോദിച്ചു:
“എന്താണ് കബീർസാർ ഇങ്ങനെ മിണ്ടാതിരിക്കുന്നത്? ടീച്ചറും ഒന്നും പറയുന്നില്ലല്ലോ. ഇതെന്താ, മിണ്ടാത്തവരുടെ കല്യാണമാണോ?”
സംഘം തിരിച്ച് പെരിന്തൽമണ്ണയിലേക്കു വന്നു. മേഴ്സി കോൺവെന്റിലേക്കും കബീർ താമസിക്കുന്ന ബന്ധുഗൃഹത്തിലേക്കും പോയി.
വിവാഹത്തിന്റെ തലേദിവസം രാത്രിമുഴുവൻ മേഴ്സി മുട്ടിൽ നിന്ന് പ്രാർഥിക്കുകയായിരുന്നു. മനസ്സിന്റെ വേദനകൾ അധികരിക്കുമ്പോൾ അവളങ്ങനെ പ്രാർഥിക്കുക പതിവുണ്ട്. അങ്കമാലിയിലെ പരിശുദ്ധ മാതാവിന്റെ പള്ളിയിൽ ആരുമില്ലാത്ത സമയത്ത് ഒറ്റയ്ക്കുപോയും പ്രാർഥിക്കും. അതൊരു മുഖാമുഖമാണ്. ആത്മവേദനകളുടെ സമുദ്രം നീന്തിവന്ന കന്യാമറിയം അവളെ ആശ്വസിപ്പിക്കും. മാതാവിന്റെ ഒരു രൂപചിത്രം അവൾ കോൺവെന്റിലെ തന്റെ മുറിയിൽ വച്ചിരുന്നു. അവൾ കരഞ്ഞുകൊണ്ട് പ്രാർഥിച്ചു. കബീറുമായുള്ള വിവാഹത്തിന് അനുമതി ചോദിച്ചു.
“നീ നന്നായി ആലോചിച്ചിട്ടാണോ മോളെ?”
മാതാവ് ചോദിച്ചു.
അവൾ ഏറെ സമയം കബീറിനെപ്പറ്റി പറഞ്ഞു: പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ താൻ പരമാവധി ശ്രമിച്ചതാണ്. സാധിച്ചില്ല. ആലോചനകളിൽ പെട്ടുഴലുന്ന അക്കാലത്ത് മരണം വന്നു വിളിച്ചു. രണ്ടിലൊന്ന് തീരുമാനിക്കണം. മരണത്തിന്റെ വാതിൽ തുറന്നുപിടിച്ചുകൊണ്ട് കാവൽക്കാരൻ പറഞ്ഞു: ഒന്നുകിൽ പ്രണയം; അല്ലെങ്കിൽ മരണം. മരണമെന്നാൽ നിത്യാന്ധകാരത്തിലേക്കുള്ള യാത്രയാകുമോ എന്ന് മേഴ്സി ഭയന്നു. മരണത്തിന്റെ ധന്യമായ താഴ്വര എന്നുപറഞ്ഞ് ആരോ പ്രലോഭിപ്പിച്ചു. മരണത്തിന്റെ മൂകമായ താഴ്വര എന്ന് പണ്ടെന്നോ കേട്ട ഒരുപാട്ട് ഓർമയിൽ വന്നു. ആഴക്കടലിന്റെ അക്കരെയക്കരെ എന്നൊക്കെയാണ്. യാതൊന്നുമില്ലാത്ത വിജനതയിൽ അലയേണ്ടിവരും. നീ മാത്രം. വേറെ ഒന്നുമില്ല. ഒരു പുൽക്കൊടി പോലും. ഒരു ശലഭംപോലും ഉണ്ടാകില്ല. എവിടെന്നോ കാറ്റിന്റെ ഭീകരമായ മുരൾച്ച മാത്രം കേൾക്കും.
“ഞാൻ ഭയപ്പെട്ടു പിൻമാറി മാതാവേ!”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
മാതാവ് പറഞ്ഞു:
‘‘ഒരിക്കലും മരണത്തിന്റെ വഴി തെരഞ്ഞെടുക്കരുത് മോളെ. ദൈവം ജീവനാണ്. ജീവനു വേണ്ടിയുള്ളതാണ്. മരണത്തിനു വേണ്ടിയുള്ളതല്ല. യോഹന്നാൻ 10:10ൽ അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവൻ നൽകാൻ വേണ്ടിയാണ്. സഭാപ്രസംഗി ചോദിച്ചല്ലോ: നിങ്ങളുടെ സമയത്തിന് മുമ്പ് നിങ്ങൾ എന്തിന് മരിക്കണം? പാപത്തിന്റെ ശമ്പളം മരണമാണ് എന്ന മൊഴിയുണ്ട്. എന്നാൽ ദൈവത്തിന്റെ ദാനം ദൈവപുത്രൻ മുഖാന്തരമുള്ള നിത്യജീവൻ ആകുന്നു. പാപത്തിൽ മരിക്കുന്നവരായ നിങ്ങൾ നീതിക്കായി ജീവിക്കേണ്ടതിന് അവൻ സ്വന്തം ശരീരത്തിൽ വംശാവലിയുടെ പാപങ്ങൾ ചുമന്നു. കൊലെസ്ത്യർ പറയുന്നു: അന്ധകാരത്തിന്റെ ശക്തിയിൽനിന്ന് നമ്മെ വിടുവിച്ച് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്ക് നമ്മെ മാറ്റിയിരിക്കുന്നു. അവന്റെ രക്തത്താൽ നമുക്ക് വീണ്ടെടുപ്പും പാപമോചനവും ഉണ്ട്. നിന്റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നവനാണ് അവൻ.”
മേഴ്സി കണ്ണീർവാർക്കുക മാത്രം ചെയ്തു.
മാതാവ് അവളെ ആശ്വസിപ്പിച്ചു:
“അന്യൻ എന്നത് ദൈവത്തിന്റെയും പുത്രന്റെയും നിഘണ്ഡുവിൽ ഇല്ല. ശ്രദ്ധിക്ക ഇസ്രായേലെ, നമുക്കുള്ള ദൈവമായ യഹോവ ഒരുവൻ മാത്രമാകുന്നു എന്ന് അവൻ പറഞ്ഞിട്ടുണ്ട്. നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നും പറഞ്ഞിട്ടുണ്ട്. ഒരു സമേരിയക്കാരൻ യാത്രയിലായിരുന്നു. അവനെക്കണ്ടു ദയ തോന്നി. ദർശനം വിധിയല്ല. സഹവർത്തിത്തമാണ്. നീ ആരാണ് മറ്റൊരാളുടെ ദാസനെ വിധിക്കുവാൻ? അവൻ തന്റെ കർത്താവിനോട് തന്നെയാണ് നിൽക്കുന്നതും വീഴുന്നതും. നാം എല്ലാവരും ഒരേ ഒരു ദൈവത്തിന്റെ മക്കളാകുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ഞാൻ മോളോടു പറയുന്നു: വിശ്വാസം ദൈവത്തിലേക്കുള്ള ആത്മസമർപ്പണവും സഹിഷ്ണുത മനുഷ്യനിലേക്കുള്ള സ്നേഹപ്രവൃത്തിയുമാണ്. അവൻ സ്നേഹമാണ്; സ്നേഹത്തിന്റെ പ്രവാചകനാണ്. തമ്മിൽ സ്നേഹത്താൽ സമർപ്പിക്കപ്പെടുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല.”
മേഴ്സി അടക്കിപ്പിടിച്ച ശബ്ദത്തിൽ പാടി:
“ഇന്നു പകൽ മുഴുവൻ
കരുണയോടെന്നെ സൂക്ഷിച്ചവനേ
നന്ദിയോടെ തിരുനാമത്തിനു സദാവന്ദനം ചെയ്തിടുന്നേൻ.”
ചിത്രീകരണം: സുനിൽ അശോകപുരം
അങ്കമാലി സെന്റ് മേരീസ് പള്ളിയിലെ തിരുഹൃദയം ഗായകസംഘത്തെ അവൾ ഓർത്തു. പള്ളിയിലേക്കുള്ള യാത്രകൾ. കുട്ടിക്കാലത്ത് എല്ലാവിധ അഭയവും പള്ളിയായിരുന്നു. സമാധാനവും സ്വസ്ഥതയും കുറച്ചൊരു ആഹ്ലാദവും തരുന്ന ഇടം. കത്തിയെരിഞ്ഞ വിറകുകൊള്ളിപോലുള്ള അമ്മ പാലോറ്റം റോസി ഒന്നു തണുത്തുകാണുന്ന നിമിഷങ്ങൾ. പാരിഷ് ക്വയറിൽ ചേർന്നശേഷം പാട്ടായിരുന്നു ആശ്വാസം. പാടുമ്പോൾ വിശപ്പറിയില്ല. വേദനകളും മറക്കും. ഏതാണ്ട് എല്ലാ ഞായറാഴ്ചകളിലും വിവാഹകുർബാനകൾ ഉണ്ടായിരിക്കും. പാടുന്നവർക്ക് അവിടത്തെ സൽക്കാരത്തിലെ വിശേഷപ്പെട്ട ഭക്ഷണം ലഭിച്ചിരുന്നു. അതും ഒരാശ്വാസം. അനിയത്തി ലില്ലിക്കുട്ടിയും പാടാനെത്താറുണ്ട്. പാട്ടുകഴിഞ്ഞ് ഭക്ഷണത്തിനിരിക്കുമ്പോൾ സശ്രദ്ധം ഇറച്ചി അടർത്തിക്കഴിക്കുന്ന അവളുടെ കുഞ്ഞുമുഖത്തെ സന്തോഷം മേഴ്സി മറക്കുകയില്ല.
അപ്പച്ചൻ ‘മാർത്തോമാ മെത്രാപ്പൊലീത്ത’ എന്നു നാട്ടുകാർ വിളിച്ചിരുന്ന പാലോറ്റം തോട്ടുങ്ങൽ തോമ രാത്രി ഏറെ വൈകിയിട്ടാണ് വീട്ടിലെത്തിയിരുന്നത്. മിക്കദിവസവും കവരപ്പറമ്പ് കള്ളുഷാപ്പിൽനിന്ന് ആരെങ്കിലും എടുത്തുകൊണ്ടുവന്ന് വീടിന്റെ ഇറയത്ത് കിടത്തുകയാണ് പതിവ്. അവിടെ കിടന്ന് രാത്രിമുഴുവൻ ഒച്ചവച്ചുകൊണ്ടിരിക്കും. പള്ളിത്തർക്കത്തിൽ യാക്കോബായക്കാരെ ചീത്ത പറയുകയാണ്.
“എന്റപ്പനെ കാണാൻ സെമിത്തേരിൽ ഞാൻ പൂവ്വും. തടയാൻ വന്നാൽ യാക്കോബേലെ പീറ്ററച്ചന്റെ കാലു ഞാൻ വെട്ടും. പാലോറ്റം തോമയാണ് പറയണ്.”
യാക്കോബായ- ഓർത്തഡോക്സ് പള്ളിവഴക്കുകൾ സജീവമായി നിൽക്കുന്ന കാലമായിരുന്നു. അന്ന് പുളിന്താനം പള്ളിക്ക് കാവൽ നിൽക്കാൻ അപ്പനും വല്യപ്പനും ഇച്ചായനും ജോസുകുട്ടിയും കൂടി പോയത് മേഴ്സിക്ക് ഓർമയുണ്ട്. പ്രകടനങ്ങളും കണ്ണീരൊഴുക്കിയുള്ള ധ്യാനയാത്രകളും ആക്രോശങ്ങളും ഉണ്ടായിരുന്നു അക്കാലത്ത്. പള്ളികൾ പങ്കിട്ടപ്പോൾ ഏറ്റവും പ്രശ്നുണ്ടായത് സെമിത്തേരികളെ മുൻനിർത്തിയാണ്. മരിച്ച് അടക്കിയവരെപ്പറ്റി. പ്രിയപ്പെട്ടവർ കിടക്കുന്നത് ശത്രുക്കളുടെ അധീനതയിലാണ്. പകൽനേരങ്ങളിൽ അപ്പച്ചൻ തോമാ പരമശാന്തനും നിശ്ശബ്ദനുമാണ്. ഇടതൂർന്ന താടിമീശയ്ക്കുള്ളിൽ എല്ലായ്പ്പോഴും ഒരു തെറുപ്പു ബീഡി എരിയുന്നുണ്ടാവും. ഡാർവിൻ എന്നയാളുടെ അറവുശാലയിൽ പോത്തിനെ വെട്ടി കഷ്ണങ്ങളാക്കുന്നതാണ് പണി. പുലർച്ചനേരത്ത് ചെന്ന് പോത്തിനെ അറക്കും. അതുകഴിഞ്ഞ് വീട്ടിൽ വന്ന് കുളിച്ച് കഞ്ഞി കുടിക്കും. പിന്നെ പകൽ മുഴുവൻ ഇറച്ചി മുറിച്ച് കഷ്ണങ്ങളാക്കി അളന്ന് പോളിത്തിൻ കവറുകളിലാക്കി വയ്ക്കും. ഹോട്ടലുകൾക്കുള്ളതും വീടുകൾക്കുള്ളതും ഉണ്ട്. അത് വിതരണം ചെയ്യാൻ സൈക്കിളും വണ്ടികളുമായി പിള്ളേർ കാത്തുനിൽക്കുന്നുണ്ടായിരിക്കും.
“തോമാസേട്ടാ, ഒരു ഒന്നര നെയ്യില്ലാത്തത്” എന്ന് പറഞ്ഞാൽ ഒന്നു തലയുയർത്തിനോക്കി മൂളും. പക്ഷേ വെട്ടിലൊന്നും ഒരു മാറ്റവും ഉണ്ടാവില്ല. ഓരോ പങ്കിലും എത്ര എല്ല് എത്ര നെയ്യ് എന്നതിനൊക്കെ കൃത്യമായ കണക്കുണ്ട്. ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും അതിനൊരു മാറ്റവും ഇല്ല.
വെട്ടുകഴിഞ്ഞ് വൈകുന്നേരമായാൽ ബീഫ്സ്റ്റാൾ ഉടമ മാഞ്ഞാലി ഡാർവിൻ ആയിരം രൂപയും രണ്ട് പൈന്റ് ത്രി എക്സ് റമ്മും എടുത്തുവച്ചിട്ടുണ്ടാവും. അതിൽ ഒരു പൈന്റ് അവിടെയിരുന്ന് കുടിക്കും. രണ്ടാമത്തേത് കഴിക്കുക കള്ളുഷാപ്പിലിരുന്നാണ്. പാലോറ്റം തോമയ്ക്ക് അതിനുള്ള അനുവാദമുണ്ട്. ആ സമയത്ത് ഷാപ്പിൽ വരുന്ന ഓർത്തഡോക്സുകാർക്കെല്ലാം ഓരോ കുപ്പി കള്ളും തലക്കറിയുണ്ടെങ്കിൽ അത്, അല്ലെങ്കിൽ ഓരോ അയില വറുത്തത് കൊടുക്കാൻ പറയും. അവരോട് അദ്ദേഹം ചോദിക്കും:
“ഈ പാലോറ്റം തോമാസ്ന്ച്ചാൽ ആരാണ്?”
ചിത്രീകരണം: സുനിൽ അശോകപുരം
“അത് നിങ്ങ നമ്മടെ അങ്ങാടീൽ പോത്തിനെ വെട്ടണ മാർതോമാ മെത്രാപൊലീത്തയല്ലേ? കണ്ടാ തൊഴാൻ തോന്നണ പുണ്യാത്മാവ്!” “പാലോറ്റം തോമ ഇപ്പൊ അങ്ങാടീൽ എറച്ചിവെട്ടിലാണ്. കർത്താവിന്റെ തീരുമാനം അങ്ങന്യാണെങ്കിൽ അതു നടക്കട്ടെ. പാലോറ്റം കുടുമ്മക്കാര് ബ്രാഹ്മണരീന്ന് വന്നോരാണ്. അത് ഈ റോമക്കാർക്കും യാക്കോബക്കാരുക്കും അറീല്ല. കൂനൻ കുരിശിൽ സത്യം പറയുമ്പൊ അവടീണ്ടാർന്ന ആളാണ് ന്റെ അപ്പാപ്പന്റെ അപ്പാപ്പൻ റപ്പായിക്കത്തനാര്. അന്ത്യോക്കേലൊക്കെ പോയിറ്റുണ്ട്. ഞങ്ങ കുടുമ്മായിട്ട് കുറവിലങ്ങാടുന്ന് വന്നോരാണ്.”
പിന്നെ ശബ്ദമില്ല.
“ദേ മ്മടെ മെത്രാപൊലീത്ത വീണു.”
വീണുകഴിഞ്ഞാൽ തോമയെ ചുമന്ന് വീട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം കൂടെ കുടിക്കുന്നവർക്കാണ്. അവരതിൽ വീഴ്ച വരുത്താറില്ല. സെമിത്തേരിയിലേക്കുള്ള മൃതദേഹം എന്ന പോലെയാണ് കൊണ്ടുപോവുക. സങ്കീർത്തനാലാപനവും മണിയടിയും ഉണ്ടാകും. ദേഹത്തെ വീട്ടിലേക്കുള്ള പടികടത്തുമ്പോൾ അമ്മ റോസി പറയും: “ദേ, സാധനം കൊണ്ടന്നെടി.”
നാലുമക്കളാണ് തോമ‐റോസി ദമ്പതികൾക്കുള്ളത്. ഒരാണ് ഒരു പെണ്ണ്, ഒരാണ് ഒരു പെണ്ണ് ക്രമത്തിൽ. ആണുങ്ങൾ രണ്ടുപേരും നേരത്തേ വീട്ടിൽനിന്ന് വഴക്കിട്ടു പിരിഞ്ഞിരുന്നു. മൂത്തവൻ യോഹന്നാൻ സമർഥനായ ടയറുപണിക്കാരനാണ്. കെട്ടിയവൾക്കൊപ്പം മഞ്ഞപ്രയിൽ താമസിക്കുന്നു. പിന്നെ മേഴ്സി. മൂന്നാമൻ ജോസുകുട്ടി പതിനാലാം വയസ്സിലാണ് അപ്പനോട് വഴക്കിട്ടത്. കുടിച്ചുവന്ന് എല്ലാവരേം വെട്ടാൻ കത്തിയുമായി നിന്ന അപ്പനെ അവൻ അടിച്ചുവീഴ്ത്തി. അന്നേരം അമ്മ അവനെ ശപിച്ചു കൊണ്ട് പറഞ്ഞു:
“എറങ്ങിപ്പോടാ ഇവടെന്ന്. എനിക്കു നിന്നെ ഇനി കാണണ്ട.”
അവൻ ഇറങ്ങിപ്പോയി. എവിടെയെന്ന് ഒരു നിശ്ചയവുമില്ല. അമ്മ എല്ലാ പുണ്യവാളന്മാരെയും വിളിച്ചു കരഞ്ഞു. ചേറും ദുർഗന്ധവുമായി തേമാലിപ്പാടത്തുനിന്ന് കയറിവന്ന് പ്രാർഥിക്കുമ്പോൾ അവർ നെഞ്ചിൽ കൈവച്ച് പറയും: “എന്റെ ഉള്ളിൽ ഒരു കനലുകെടന്ന് എരിയണുണ്ടല്ലോ കർത്താവേ. നിനക്കതൊന്ന് കൊടുത്തി തരാവോ?”
ഭക്ഷണം വിളമ്പുന്ന സമയത്ത് അവർ എല്ലായ്പ്പോഴും കരഞ്ഞു. അവർ പറയും.
“നേന്ത്രക്കായ മുറിച്ചിട്ട് വഴറ്റുന്ന എറച്ചി അവന് വല്ലാണ്ട് ഇഷ്ടമായിരുന്നു.”
ആ സമയത്ത് അവരുടെ കണ്ണുകളിൽനിന്ന് തീപാറുന്നതുപോലെ തോന്നും. മുഷിഞ്ഞതിനു പുറമേ അവർ ദുർഗന്ധവാഹിയുമായിരുന്നു. പോർക്ക് വളർത്തലാണ് ദുർഗന്ധത്തിന് കാരണമെന്ന് ആളുകൾ പറഞ്ഞു. നാലഞ്ചു പോർക്കുകൾ എപ്പോഴും കാണും. ചിലപ്പോൾ സംഖ്യ പത്തുവരെ ഉയർന്നിട്ടുണ്ട്. എട്ടു സെന്റ് പുരയിടത്തിൽ അവ ശബ്ദണ്ടാക്കിക്കൊണ്ട് നടക്കും. അങ്ങാടിയിലെ നാല് ഹോട്ടലുകളിൽ റോസി ബക്കറ്റ് വച്ചിട്ടുണ്ട്. സന്ധ്യയാവുന്നതോടെ അതിൽ ഭക്ഷണാവശിഷ്ടങ്ങൾ വന്നു നിറയും. അതു ചുമന്നുകൊണ്ടു വരണം. ബക്കറ്റിൽനിന്നും അഴുക്കൊലിച്ച് അവരുടെ ചട്ടയും മുണ്ടും നനഞ്ഞു, എല്ലായ്പ്പോഴും.
മേഴ്സി വിവാഹം കഴിഞ്ഞ് തൃശൂരിൽ വന്ന് നാലുവർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അപ്പൻ മരിക്കുന്നത്. ഒരു രാത്രി ഷാപ്പിൽ നിന്ന് കൂട്ടുകാർ കൊണ്ടുവന്നു കിടത്തിയ ദേഹത്തിന് ഒരനക്കവും ഉണ്ടായിരുന്നില്ല. ലില്ലിക്കുട്ടി അന്ന് കടവന്ത്ര സെന്റ് ഫിലോമിന ആശുപത്രിയിൽ ചേർന്നിട്ടുണ്ട്. അവൾ വിളിച്ചുപറഞ്ഞു:
“ഇച്ചേയി, നമ്മുടെ അപ്പച്ചൻ പോയി.’’
ചിത്രീകരണം: സുനിൽ അശോകപുരം
വിവാഹത്തിനു ശേഷം ആ മരണദിവസമാണ് മേഴ്സി അവളുടെ വീട്ടിലേക്ക് ആദ്യമായി പോകുന്നത്. ജീവിതപങ്കാളിയോടൊപ്പം. ഏറെ ആലോചനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് പുറപ്പെട്ടത്. വീട്ടിലേക്കെന്നല്ല, അങ്കമാലി ദേശത്തേക്ക് ചെന്നാൽ തന്നെ രണ്ടിന്റെയും കാലുവെട്ടും എന്നാണ് മേഴ്സിയുടെ ഇച്ചായൻ യോഹന്നാൻ ഭീഷണിപ്പെടുത്തിയിരുന്നത്. പലവഴിക്ക് ശ്രമിച്ചിട്ടും പരിഹാരമുണ്ടാക്കാനായിരുന്നില്ല. മരണവാർത്ത അറിഞ്ഞപ്പോൾ കബീർ യൂണിയനിലെ സഹപ്രവർത്തകരുമായി ആലോചിച്ചു.
നേതാക്കൾ ഇടപെട്ടു. അങ്കമാലിയുമായി ബന്ധപ്പെട്ട ശേഷം അവർ വന്നറിയിച്ചു:
“നമ്മൾ അവിടത്തെ പാർടിയും പ്രസ്ഥാനവുമായി ആലോചിച്ചു. അങ്ങോട്ടു ചെല്ലാം എന്നാണ് അവർ പറഞ്ഞത്. പാർടിയുടെ നിരീക്ഷണവും സംരക്ഷണവും ഉണ്ടാവും. മേഴ്സിയും കബീറും ചെല്ലുന്ന സമയത്ത് പാർടിഫോഴ്സ് പരിസരത്തു തന്നെ ഉണ്ടാകും. വേണ്ടിവന്നാൽ പ്രയോഗിക്കാൻ സായുധരായിത്തന്നെ.”
വൈകിട്ടായിരുന്നു സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. മേഴ്സിയും കബീറും ഉച്ചയോടുകൂടി അവിടെ എത്തി. അധികം ആളുകൾ ആ നേരത്ത് ഉണ്ടായിരുന്നില്ല. ലില്ലിക്കുട്ടിയും അയൽപക്കത്തെ കൂട്ടുകാരികളും ചേർന്ന് ബൈബിൾ വായിക്കുന്നുണ്ടായിരുന്നു. മൂടിപ്പുതച്ച് നിർവികാരയായി അമ്മ ഇരിക്കുന്നു. കണ്ണുതിരിച്ച് അവർ മേഴ്സിയെ നോക്കി. പെട്ടെന്ന് നോട്ടം പിൻവലിച്ചു. കബീർ മുറ്റത്തു തന്നെ നിന്നു. ഉണ്ടാവും എന്നു പറഞ്ഞ സംരക്ഷകരെയൊന്നും ആ ഭാഗത്ത് കണ്ടില്ല. തെല്ലകലെ നിന്ന ഒരാൾ കബീറിനെ സൂക്ഷിച്ച് നോക്കി. മെലിഞ്ഞ് നീണ്ട് എല്ലിന്റെ ഗോപുരം പോലെ ഒരാൾ. ചെറിയ ചുളിഞ്ഞ മുഖം. ചെറിയൊരു മീശയുള്ളത് മേലോട്ട് പിരിച്ച് വച്ചിട്ടുണ്ട്. കട്ടിക്കണ്ണട. ബീഡിപ്പൊരി വീണ് ദ്വാരങ്ങളുള്ള ഇളംമഞ്ഞ ടെറിളിൻ ഷർട്ട്. കക്ഷത്ത് പത്രമുണ്ട്. അദ്ദേഹം മെല്ലെ അടുത്തേക്കു വന്നു. “സഖാവ് കബീറല്ലേ? ഞാൻ നമ്പീശൻ. ഗ്രാംഷി നമ്പീശൻന്ന് പറയും. ഒന്നുകൊണ്ടും ഭയപ്പെടേണ്ട. കാര്യങ്ങളെല്ലാം നമ്മുടെ വരുതിയിലാണ്.”
കബീർ ചുറ്റും നോക്കുന്നതുകണ്ട് നമ്പീശൻ പറഞ്ഞു.
“സംരക്ഷണസേന ഉണ്ടാവുമെന്ന് അറിയിച്ചിരുന്നില്ലേ? പേടിക്കണ്ട, ഉണ്ട്. ഞാനാണ് ഇവിടത്തെ സേന. ഞാനിവടെ ഉള്ളപ്പോൾ ഒരില അനങ്ങില്ല.”
അദ്ദേഹം ഷർട്ടിന്റെ കീശയിൽനിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു വലിച്ചു.
“ഈ പാലോറ്റം തോമസ് ഉണ്ടല്ലോ. ആൾ കുറച്ച് പരുക്കനും പ്രശ്നക്കാരനും ആയിരുന്നു. എന്നാലും പാവമാണ്. നയൺടീൺ ഫിഫ്റ്റി നയനിൽ വിമോചനസമരം നടക്കുന്ന കാലം. ഞാൻ അങ്ങാടിക്കടവ് വഴീക്കൂടി പാതിരാത്രി ഒറ്റയ്ക്ക് നടക്ക്വാണ്. വീട്ടിൽ ഒന്നു പോണം. അപ്പൊ ഇയാൾ എന്നെ കാത്തുനിൽക്കുന്നു. കയ്യിൽ കത്തി ഉണ്ട്. അയാൾ പറഞ്ഞു:
“സഖാവ് നടന്നോ, ഞാൻ കൂടെ ഉണ്ട്.”
“അതെന്തിന്?”
“അതിന്റെ ആവശ്യണ്ട്.”
“കയ്യിലെ കത്തി?”
“ഒരു പോത്തിനെ വെട്ടാനുണ്ട്.”
നടന്ന് സെമിത്തേരിക്കടുത്തെത്തിയപ്പോൾ നാലഞ്ച് പേർ ചാടിവീണു. കയ്യിൽ ആയുധമുണ്ട്. തോമസ് എന്റെ മുന്നിൽ കയറി നിന്നു.
“ആർക്കാടാ സഖാവിനെ കൊല്ലണ്ടത്. ഈ കത്തീണ്ടല്ലോ, പോത്തിനെ വെട്ടണതാണ്. വെട്ടിവെട്ടി പരിചയണ്ട് ഇനിക്ക്.”
“അവർ പിൻവാങ്ങി.”
“കബീർ സഖാവ് ഇന്ന് കാലത്ത് ദേശാഭിമാനി വായിച്ചോ?’’
നമ്പീശൻ കക്ഷത്തുനിന്ന് പത്രമെടുത്ത് നീട്ടി.
കുറച്ചുനാളുകൾക്കു ശേഷം ഈ നമ്പീശൻ ഇടപെട്ടാണ് അമ്മയ്ക്കും സഹോദരനും മേഴ്സിയോടുള്ള വിരോധം പറഞ്ഞു തീർത്തത്. കാലടിയിലെ തന്റെ ടയർ വർക്ക്ഷോപ്പിൽ ഇരുന്നുകൊണ്ട് പാലോറ്റം യോഹന്നാൻ പറഞ്ഞു:
“ഗ്രാംഷി അങ്ങന്യാ പറയണങ്ങെ ഇനിക്ക് വിരോധൊന്നൂല്യ. നമ്മൾ അലവലാതികളല്ല. കുടുമ്മക്കാരാണ്. അപ്പൊ പെങ്ങൾ ഒര് ജോനകന്റെ കൂടെ ഒളിച്ചോടീന്നറിഞ്ഞപ്പൊ ഇത്തിരി മനവിഷമം വന്നു. അപ്പൊ കയ്യീ കിട്ട്യേങ്ങെ ഞാനെന്തെങ്കിലും അബദ്ധം കാണിച്ചേനെ. ആലോചിച്ച് നോക്ക്യാൽ എല്ലാ കൂട്ടത്തിലും നല്ലോരുണ്ട്. എല്ലാ ജാതീലും വെഷങ്ങളുണ്ട്. ഇയാളെ കണ്ട് പരിചയപ്പെട്ടപ്പൊ നല്ലൊരു മനുഷ്യനാന്ന് തോന്നി. പിന്നെ പീഡബ്ലീഡിലത്തെ സാറല്ലേ? ദൈവത്തിന് ഇഷ്ട്ടൊള്ളോർക്കാണ് അവടെ സർക്കാർ ജോലി കൊടുക്കണത്. അവരടെ വണ്ടികൾ ഇവടെ കൊണ്ടരാറുണ്ട്. ബില്ല് പാസായി കാശ് കിട്ടാനാ പാട്. ന്നാലും കൊഴപ്പല്യ. ട്രഷറീന്ന് കിട്ടണ കാശിന് അതിന്റൊരു നെലേം വെലേം വേറേണ്ടല്ലോ?”
ഷോപ്പിൽ രണ്ടു ടയറുകൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ മുകളിൽ ബീഡി വലിച്ചുകൊണ്ടിരിക്കുന്ന നമ്പീശൻ ഒന്നും പറഞ്ഞില്ല. .(തുടരും)









0 comments