തമിഴ്നാട്ടിൽ വീണ്ടും ജയിൽ ചാട്ടം; മോഷണക്കേസ് പ്രതി തടവുചാടി, 24 മണിക്കൂറിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത് രണ്ടാം തവണ

കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിൽ സമുച്ചയത്തിൽ എത്തിച്ചപ്പോൾ കൈവിലങ്ങ് അഴിച്ചതിനെ തുടർന്ന് മോഷണക്കേസ് പ്രതി തടവുചാടി. 24 മണിക്കൂറിനിടെ ഇയാൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത് രണ്ടാം തവണയാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സുരക്ഷാവീഴ്ചയുണ്ടാകുന്നത്.
കോയമ്പത്തൂർ ജില്ലയിലെ അന്നുർ സ്വദേശിയായ രാഘവനെ, കോടതി ഉത്തരവിനെ തുടർന്നാണ് ജയിലിലേക്ക് കൊണ്ടുവന്നത്. ജയിലിന്റെ രണ്ട് ഘട്ടങ്ങളുള്ള പ്രവേശന കവാടത്തിലെ ഒന്നും രണ്ടും ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥർ ഇയാളുടെ കൈവിലങ്ങ് അഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം രാഘവൻ, അന്നൂർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തേനി ജയിൽ ചാട്ടത്തെ തുടർന്ന് കോയമ്പത്തൂർ ജയിലിൽ സുരക്ഷ ശക്തമാക്കിയിരുന്നിട്ടും ഇയാൾ വീണ്ടും തടവുചാടുകയായിരുന്നു.
ബുധനാഴ്ച, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ സുരക്ഷാ കവചങ്ങളും ഹെൽമെറ്റും ധരിച്ച്, ലാത്തികളേന്തി ജയിൽ വളപ്പിൽ സുരക്ഷാ സജ്ജീകരണങ്ങളുടെ പരേഡ് നടത്തിയിരുന്നു. തടവുകാരോട് ജോലി അവസാനിപ്പിച്ച് വൈകുന്നേരം 5.30-ന് മുമ്പ് സെല്ലുകളിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാർ വാക്കർ-ടോക്കികളും ലാത്തികളും കരുതണമെന്ന് നിർദ്ദേശിച്ചു. 1872-ൽ സ്ഥാപിതമായ ഈ ജയിലിൽ ഏകദേശം 2,300 ശിക്ഷാ തടവുകാരും റിമാൻഡ് തടവുകാരുമുണ്ട്. സിസിടിവി ക്യാമറകളുടെയും മൊബൈൽ ഫോൺ ജാമറുകളുടെയും സഹായത്തോടെ 300-ഓളം ജയിൽ വാർഡൻമാരും പൊലീസുകാരും സുരക്ഷ മേൽനോട്ടം വഹിക്കുന്നു.
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തടവുകാരുടെ വാർഡിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാർഡിന്റെ കവാടത്തിൽ ഒരു സബ് ഇൻസ്പെക്ടറെയും ആയുധധാരികളായ പൊലീസുകാരെയും വിന്യസിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 40-ലധികം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾ മാസങ്ങൾക്ക് മുമ്പ് ഈ വാർഡിൽ നിന്ന് രക്ഷപ്പെടുകയും പിന്നീട് പിടിയിലാകുകയും ചെയ്തിരുന്നു.
ഒക്ടോബർ 26ന് തേനി ജില്ലാ ജയിലിൽ നടന്ന തടവുചാട്ടത്തിന് പിന്നാലെയാണ് കോയമ്പത്തൂരിലെ ഈ സുരക്ഷാവീഴ്ച. തേനിയിൽ തടവുകാരിലൊരാൾക്ക് അപസ്മാരം അഭിനയിച്ചപ്പോൾ ജീവനക്കാരെ ആക്രമിച്ച് 17 റിമാൻഡ് തടവുകാരാണ് രക്ഷപ്പെട്ടത്. ഇവരെല്ലാവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു.









0 comments