Deshabhimani

കവർസ്റ്റോറി

സമരജ്വാല കത്തിപ്പടരുന്ന ഡൽഹിയിലെ തെരുവുകൾ

പടം
avatar
എം പ്രശാന്ത്

Published on Oct 31, 2026, 01:00 PM | 13 min read

‘കൊണോട്ട്‌ പ്ലേസിൽ പ്രതിഷേധിച്ചതിന്‌ അവർ ഞങ്ങളെ റോഡിലൂടെ വലിച്ചിഴച്ച്‌ ഡിടിസി ബസിലേക്ക്‌ എറിഞ്ഞു. ശരീരത്തിന്റെ പലഭാഗവും മുറിഞ്ഞ്‌ നീറുന്നുണ്ടായിരുന്നു. കുറച്ച്‌ ദൂരം പോയശേഷം ആ ബസിൽനിന്നും പുരുഷസഖാക്കളെ മാത്രം ‘ബസ്‌ ജയിലി’ലേക്ക്‌ മാറ്റാൻ തുടങ്ങി. അവരെ അതിലേക്ക്‌ മാറ്റുന്നത്‌ ക്രൂരമായി മർദിക്കാനാണെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ഞാനും ചില സുഹൃത്തുക്കളും അതിനെ ശക്തമായി എതിർത്തു. പുരുഷസഖാക്കളെ വേറെ ബസിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന്‌ പറഞ്ഞ്‌ ഞങ്ങൾ പ്രതിഷേധിച്ചു. ഒരു പൊലീസുകാരി എന്റെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ച്‌ വലിച്ചു. പിന്നീട്‌ അവർ ഞങ്ങളെ ‘ബസ്‌ ജയിലി’ലേക്ക്‌ മാറ്റി. ആദ്യമായിട്ടാണ്‌ അവർ പെൺകുട്ടികളെ ‘ബസ്‌ ജയിലി’ൽ കയറ്റുന്നത്‌. ഇരുന്പഴികളിട്ട്‌ തിരിച്ച നാല്‌ ചെറിയ ലോക്കപ്പുകളാണ്‌ ‘ബസ്‌ ജയിലിൽ’ ഉണ്ടായിരുന്നത്‌. ജനലുകളെല്ലാം അടച്ചുപൂട്ടി കർട്ടനിട്ടിരിക്കുകയാണ്‌. വായുസഞ്ചാരം കുറവാണെന്ന്‌ മാത്രമല്ല വലിയ ബഹളമുണ്ടാക്കിയാൽ പോലും ആരും കേൾക്കില്ല. സ്‌ത്രീകളെയും പുരുഷൻമാരെയും വ്യത്യസ്‌ത സെല്ലുകളിലാക്കി അടച്ചുപൂട്ടി. കുറച്ച്‌ കഴിഞ്ഞപ്പോൾ ആ ബസിലുണ്ടായിരുന്ന കമാൻഡോകൾ പുരുഷൻമാരുടെ സെൽ തുറന്ന്‌ അവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഇ‍ൗ കമാൻഡോകൾക്ക്‌ ബസിൽ എത്തുന്നവരെ കൈകാര്യം ചെയ്യുക മാത്രമാണ്‌ ജോലിയെന്ന്‌ തോന്നുന്നു. സമരം അടിച്ചമർത്തുന്നവരുടെ കൂട്ടത്തിൽ ഇവരെ ഞാൻ കണ്ടിട്ടില്ല. ‘ബസ്‌ ജയിൽ’ ഞങ്ങളെയും കൊണ്ട്‌ സൂരജ്‌മാൽ സ്‌റ്റേഡിയത്തിലേക്കാണ്‌ എത്തിയത്‌. ഒരു പൊലീസുകാരൻ എന്റെ കയ്യിലുണ്ടായിരുന്ന എസ്‌എഫ്‌ഐ പതാക തട്ടിപ്പറിച്ചു. അപ്പോൾ, ഞാൻ അയാളുടെ യൂണി-ഫോം നേംപ്ലേറ്റ്‌ അടർത്തിയെടുത്തു. സമരം ചെയ്‌തതിന്‌ നമുക്ക്‌ കിട്ടിയ മെഡലാണിതെന്ന്‌ ഞാൻ മറ്റ്‌ സഖാക്കളോട്‌ പറഞ്ഞു’– എസ്‌എഫ്‌ഐ ഡൽഹി വൈസ്‌ പ്രസിഡന്റായ സിമ്രാൻ ഝാ ഒക്‌ടോബർ 11ന്‌ ഡൽഹിയിലുണ്ടായ സമരാനുഭവങ്ങൾ ദേശാഭിമാനിയോട്‌ ഇങ്ങനെ പങ്കുവച്ചു. ഡൽഹി സർവകലാശാലയിലെ ഗവേഷകയായ സിമ്രാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരപ്രക്ഷോഭങ്ങളിൽ പങ്കെടുത്ത്‌ ഇതിനോടകം പലവട്ടം അറസ്‌റ്റുവരിച്ചു. മുന്നോട്ടുള്ള സമരപാതകളിലും തൂവെള്ള കൊടിയുയർത്തി താനുണ്ടാകുമെന്ന്‌ പൊലീസിന്റെ അടിച്ചമർത്തൽ നീക്കങ്ങളെ തെല്ലും കൂസാതെ സിമ്രാൻ പറയുന്നു. സിമ്രാനെ പോലുള്ള വനിതാ മുഖങ്ങളാണ്‌ ഗ്യാനേഷ്‌ കുമാറിനെതിരായ ഡൽഹിയിലെ സമരപരമ്പരകളിൽ ജ്വലിച്ച്‌ നിൽക്കുന്നത്‌. ​ ​

പടംഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം

ഇന്ത്യൻ എക്‌സ്‌പ്രസ്‌ കൊളുത്തിവിട്ട സമരജ്വാല ​

രാജ്യത്തെയാകെ ഞെട്ടിച്ച സ്‌ഫോടനാത്‌മകമായ ഒരു വാർത്തയുമായാണ്‌ സെപ്‌തംബർ 23ലെ ഇന്ത്യൻ എക്‌സ്‌പ്രസ്‌ ദിനപത്രം പുറത്തിറങ്ങിയത്‌. ‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ നടത്തിപ്പിനെയാകെ നിയന്ത്രിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനിൽ അംഗങ്ങൾക്കിടയിൽ രൂക്ഷമായ അഭിപ്രായഭിന്നത. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു. വോട്ടർപട്ടികയുടെ തീവ്രപുനഃപരിശാധന (എസ്‌ഐആർ) അടക്കമുള്ള വിഷയങ്ങളിൽ ഗ്യാനേഷ്‌ കുമാറിന്റെ നടപടികളിൽ മറ്റ്‌ രണ്ട്‌ കമീഷൻ അംഗങ്ങൾക്കും വിയോജിപ്പ്‌. 10 മാസത്തിനിടെ (2025 നവംബർ മുതൽ 2026 ആഗസ്‌ത്‌ വരെ) 14 വട്ടം കമീഷൻ അംഗങ്ങളായ സുഖ്‌ബീർ സിങ്‌ സന്ധുവും വിവേക്‌ ജോഷിയും ഗ്യാനേഷ്‌ കുമാറിന്റെ തീരുമാനങ്ങളോട്‌ ഒ‍ൗദ്യോഗികമായി തന്നെ വിയോജിപ്പ്‌ അറിയിച്ചു. എന്നാൽ വിയോജിപ്പുകൾ അവഗണിച്ച്‌ ഏകപക്ഷീയമായി ഗ്യാനേഷ്‌ കുമാർ തീരുമാനങ്ങളിലേക്ക്‌ കടന്നു. മറ്റ്‌ രണ്ട്‌ കമീഷൻ അംഗങ്ങൾ കാബിനറ്റ്‌ സെക്രട്ടറിയോട്‌ അടക്കം പരാതിപ്പെട്ടിട്ടും ഇടപെടലുണ്ടായില്ല’– ഇതൊക്കെയായിരുന്നു എക്‌സ്‌പ്രസ്‌ റിപ്പോർട്ടിന്റെ ചുരുക്കം. രാജ്യത്ത്‌ എസ്‌ഐആർ പ്രക്രിയ ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിലാണ്‌ കമീഷനിലെ ഭിന്നതകൾ വിശദീകരിച്ചുള്ള എക്‌സ്‌പ്രസ്‌ റിപ്പോർട്ട്‌ പുറത്തുവന്നത്‌. അപ്പോഴേക്കും വിവിധ സംസ്ഥാനങ്ങളിലായി 13.5 കോടി വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്താക്കപ്പെട്ടിരുന്നു. എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കപ്പെട്ട വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ബിഹാറിലും ബംഗാളിലും അസമിലും ബിജെപി ഭരണം പിടിച്ചു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്നെതിർത്ത പിണറായി വിജയനും എം കെ സ്‌റ്റാലിനും മമതാ ബാനർജിയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റു. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അനുഗ്രഹാശിസ്സുകളോടെ ഗ്യാനേഷ്‌ കുമാർ ആസൂത്രണം ചെയ്‌ത എസ്‌ഐആർ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയായുധമായി മാറിക്കഴിഞ്ഞു. ​എസ്ഐആറിന്റെ മറവിൽ ഗ്യാനേഷ്‌ കുമാർ നടത്തിയ ക്രമക്കേടുകളും എക്‌സ്‌പ്രസ്‌ റിപ്പോർട്ട്‌ ഒന്നൊന്നായി വിശദീകരിച്ചു. അതിൽ ഏറ്റവും പ്രധാനം വോട്ടർ രജിസ്‌ട്രേഷനായുള്ള -ഫോം ആറിൽ വരുത്തിയ ഏകപക്ഷീയ മാറ്റമാണ്‌. പട്ടികയിൽ പേരു ചേർക്കാൻ താൽപ്പര്യപ്പെടുന്നവർ മാതാപിതാക്കളോ അവരുടെ അച്ഛനമ്മമാരോ പഴയ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നോയെന്ന്‌ വ്യക്തമാക്കണമെന്ന നിബന്ധനയാണ്‌ ഗ്യാനേഷ്‌ കുമാർ ഫോം ആറിൽ അടിച്ചേൽപ്പിച്ചത്‌. ഫോം ആറ്‌ അടക്കം വോട്ടർ രജിസ്‌ട്രേഷനും തെരഞ്ഞെടുപ്പ്‌ നടത്തിപ്പുമായി ബന്ധപ്പെട്ട ഏതൊരു ചട്ട ഭേദഗതിക്കും പാർലമെന്റിന്‌ മാത്രമാണ്‌ അധികാരം. ഭരണഘടനാപരമായ ഇ‍ൗ വ്യവസ്ഥ നിലനിൽക്കെയാണ്‌ ഗ്യാനേഷ്‌ കുമാർ ഏകപക്ഷീയമായി ഫോം ആറിൽ മാറ്റം വരുത്തിയത്‌. ​


ഗ്യാനേഷ്‌ കുമാറിനെതിരെ 
രൂപപ്പെട്ട പ്രതിപക്ഷ ഐക്യം ​

എക്‌സ്‌പ്രസ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിന്‌ പിന്നാലെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മറ്റ്‌ പ്രതിപക്ഷ പാർടികൾക്ക്‌ ഒരു കത്തയച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പ്‌ കമീഷന്റെയും വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന അസാധാരണ സാഹചര്യമാണ്‌ ഉരുത്തിരിഞ്ഞിട്ടുള്ളതെന്ന്‌ ബേബി കത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന്‌ ആവശ്യങ്ങളാണ്‌ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ മുന്നോട്ടുവച്ചത്‌. ഗ്യാനേഷ്‌ കുമാർ എത്രയും വേഗം രാജിവയ്‌ക്കണം. 13 കോടിയിലേറെ വോട്ടർമാരെ വെട്ടിമാറ്റിയ എസ്‌ഐആർ പ്രക്രിയ പൂർണമായും റദ്ദുചെയ്‌ത്‌ പഴയ വോട്ടർപട്ടിക പുനഃസ്ഥാപിക്കണം. തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീം കോടതി ചീ-ഫ്‌ ജസ്‌റ്റിസിനെ കൂടി ഉൾപ്പെടുത്തണം. ​കോൺഗ്രസ്‌ അടക്കം മറ്റ്‌ പ്രതിപക്ഷ പാർടികൾ സിപിഐ എം ജനറൽ സെക്രട്ടറിയുടെ കത്തിനോട്‌ അനുഭാവപൂർവം പ്രതികരിച്ചു. ഇന്ത്യാ കൂട്ടായ്‌മ യോഗം വൈകാതെ വിളിച്ചുചേർക്കുമെന്ന്‌ കോൺഗ്രസ്‌ അറിയിച്ചു. സെപ്‌തംബർ 30ന്‌ 20 പ്രതിപക്ഷ പാർടികളുടെ പ്രതിനിധികൾ ഡൽഹിയിൽ യോഗം ചേർന്നു. ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുംവരെ പ്രക്ഷോഭമെന്ന പ്രഖ്യാപനം പ്രതിപക്ഷ പാർടികൾ കൂട്ടായി നടത്തി. എസ്‌ഐആർ പ്രക്രിയ റദ്ദുചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവച്ചു‍. ജന്തർ മന്തർ പ്രക്ഷോഭത്തിലൂടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിപ്പിച്ച കോക്രോച്ച്‌ ജനതാ പാർടിയും (സിജെപി) പ്രതിപക്ഷ പാർടികളുടെ ആവശ്യങ്ങളെ പിന്തുണച്ച്‌ രംഗത്തെത്തി. ജന്തർ മന്തറിൽ സിജെപിക്കൊപ്പം സജീവമായിരുന്ന എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കമുള്ള വിദ്യാർഥി– യുവജന സംഘടനകളും സമരസജ്ജരായി. സിപിഐ എം ജനറൽ സെക്രട്ടറിയുടെ ഐക്യത്തോടെയുള്ള സമരാഹ്വാനത്തിന്റെ തുടർച്ചയായി ഉജ്വലവും തീക്ഷ്ണവുമായ പ്രക്ഷോഭങ്ങളുടെ ഒരു വേലിയേറ്റത്തിനാണ്‌ ഡൽഹി സാക്ഷ്യം വഹിച്ചത്‌. ജന്തർ മന്തറും കൊണാട്ട്പ്ലേസും പാർലമെന്റ്‌ പരിസരവും ഇന്ത്യാ ഗേറ്റുമെല്ലാം സമരകേന്ദ്രങ്ങളായി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ എല്ലാ അടിച്ചമർത്തൽ ശ്രമങ്ങളെയും ചെറുത്ത്‌ മിന്നൽ സമരങ്ങൾ ഇപ്പോഴും രാജ്യതലസ്ഥാനത്ത്‌ തുടരുകയാണ്‌.

പടംപിണറായി വിജയൻ, കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ സമരമുഖത്ത് ​​​


സമരം ശക്തി നേടിയ 
ഒക്‌ടോബർ 10, 11 തീയതികൾ ​

ഡൽഹി നിലവിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലാണ്‌. കൊടുംചൂടിൽനിന്ന്‌ തണുപ്പിലേക്ക്‌ ക്രമേണയുള്ള പ്രയാണം. ഒക്‌ടോബർ മാസം ഡൽഹിക്ക്‌ സമ്മാനിക്കാറുള്ളത്‌ പൊതുവിൽ സുഖകരമായ ആലസ്യത്തിന്റേതായ അന്തരീക്ഷമാണ്‌. എന്നാൽ ആലസ്യമെല്ലാം കുടഞ്ഞെറിഞ്ഞ്‌ സമരച്ചൂടിൽ തിളയ്‌ക്കുന്ന ഡൽഹിയെയാണ്‌ ഇ‍ൗ ഒക്‌ടോബറിൽ കണ്ടത്‌. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഒക്‌ടോബർ 9,‍10,11 തീയതികളിലായി ഡൽഹിയിൽ ചേർന്നിരുന്നു. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഒക്‌ടോബർ 10ന്‌ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ സിജെപിയും ഇടതുപക്ഷ പാർടികളും ആഹ്വാനം നൽകിയിരുന്നു. എസ്‌എ-ഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്‌,‍ ഐസ തുടങ്ങിയ വിദ്യാർഥി – യുവജന സംഘടനകളും ഒക്‌ടോബർ 10 സമരത്തിന്‌ പിന്തുണ നൽകി. മുൻമുഖ്യമന്ത്രിമാരായ പിണറായി വിജയനും മണിക്ക്‌ സർക്കാരും അടക്കമുള്ള നേതാക്കൾ കേന്ദ്രകമ്മിറ്റി യോഗത്തിനായി ഡൽഹിയിലുള്ള ഘട്ടത്തിലാണ് സമരം ആളിപ്പടർന്നത്. രാവിലെ മുതൽ നഗരം സമരമുഖരിതമായി. ജന്തർ മന്തറിനോട്‌ ചേർന്ന്‌ സ്ഥിതിചെയ്യുന്ന കേരളാ ഹ‍ൗസ്‌ വളരെ വേഗത്തിൽ സമരകേന്ദ്രമായി മാറി. പിണറായി വിജയൻ അടക്കം കേരളത്തിൽ നിന്നുള്ള സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങൾ കേരള ഹ‍ൗസിലാണുണ്ടായിരുന്നത്‌. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും രാവിലെ തന്നെ കേരളാ ഹ‍ൗസിലെത്തി. എംപിമാരായ കെ രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ എന്നിവരുമുണ്ടായിരുന്നു. കേരളാ ഹ‍ൗസിൽനിന്ന്‌ ജന്തർ മന്തറിലേക്ക്‌ നേതാക്കൾ മാർച്ച് ചെയ്‌തു. ജന്തർ മന്തറിലേക്കുള്ള പ്രകടനം തടയുന്നതിനായി കേരളാ ഹ‍ൗസിന്‌ പുറത്ത്‌ നൂറുകണക്കിന്‌ പൊലീസും കേന്ദ്രസേനാംഗങ്ങളും സർവസജ്ജരായി അണിനിരന്നു. എം എ ബേബിയുടെയും പിണറായി വിജയന്റെയും നേതൃത്വത്തിൽ കേരളാ ഹ‍ൗസിന്റെ മുഖ്യകവാടത്തിലേക്ക്‌ എത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ്‌ തടഞ്ഞു. ജന്തർ മന്തറിലേക്ക്‌ പ്രവേശം ഇല്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. നേതാക്കൾ പൊലീസിനെ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങി. എം എ ബേബി അടക്കമുള്ളവരെ പൊലീസ്‌ ബലമായി കസ്‌റ്റഡിയിലെടുത്ത്‌ പൊലീസ്‌ വാഹനത്തിലേക്ക്‌ മാറ്റി. മറ്റ്‌ നേതാക്കളെയും കസ്‌റ്റഡിയിലെടുത്തു. ​പിണറായിയും ബാലഗോപാലും ബ്രിട്ടാസും പൊലീസ്‌ വലയം ഭേദിച്ച്‌ ജന്തർ മന്തറിലേക്ക്‌ മുദ്രാവാക്യം വിളിച്ച്‌ നീങ്ങി. ജന്തർ മന്തറിലേക്കുള്ള പ്രവേശനകവാടത്തിൽ പൊലീസ്‌ വിന്യസിച്ച ബാരിക്കേഡുകൾക്ക്‌ സമീപമെത്തി മാധ്യമങ്ങളോട്‌ സംസാരിച്ചു. തുടർന്ന്‌ പൊലീസിന്റെ അഭ്യർഥനകൾ വകവയ്‌ക്കാതെ സമരകേന്ദ്രത്തിലേക്ക്‌ പിണറായി അടക്കമുള്ള നേതാക്കൾ നീങ്ങി. പൊലീസിന്റെ അനുനയ നീക്കങ്ങൾ പാളിയതോടെ പിണറായിയെയും ബാലഗോപാലിനെയും ബ്രിട്ടാസിനെയും അറസ്‌റ്റുചെയ്‌തു പൊലീസ്‌ ജീപ്പിലേക്ക്‌ മാറ്റി. പകൽ 10.42ന്‌ അറസ്‌റ്റ്‌ ചെയ്‌ത പിണറായിയെയും ബാലഗോപാലിനെയും ബ്രിട്ടാസിനെയും ഡൽഹി പൊലീസിന്റെ ബൊളേരോയുടെ പിൻസീറ്റിലാണ്‌ ഇരുത്തിയത്‌. മൂന്നരമണിക്കൂറോളം വാഹനം ഡൽഹി മുഴുവൻ ചുറ്റിക്കറങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെയാണ്‌ നിങ്ങൾ ഇങ്ങനെ ചുറ്റിക്കുന്നതെന്നും അദ്ദേഹത്തിന്‌ ഭക്ഷണവും മരുന്നും കഴിക്കാനുള്ള സമയം കഴിഞ്ഞെന്നും ബാലഗോപാലും ബ്രിട്ടാസും ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട്‌ പലവട്ടം പറഞ്ഞു. എന്നാൽ, എങ്ങോട്ടാണ്‌ പോകേണ്ടതെന്ന്‌ സത്യമായും ‘മുകളിൽ നിന്നും’ നിർദേശം കിട്ടിയിട്ടില്ലെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ ആണയിട്ടു. വാഹനം വഴിയരികിൽ ഏതെങ്കിലും ധാബയുടെ (ലഘുഭക്ഷണശാല) മുന്നിൽ നിർത്തിയാൽ ഞങ്ങൾ അവിടെനിന്നും എന്തെങ്കിലും കഴിച്ചോളാമെന്ന്‌ ഇരുവരും വീണ്ടും ആവശ്യപ്പെട്ടെങ്കിലും ‘നിവർത്തിയില്ല’ എന്നായിരുന്നു പൊലീസുകാരുടെ മറുപടി. കുണ്ടും കുഴികളുമുള്ള റോഡുകളിലൂടെ ഓടിയ വാഹനം വടക്കൻ ഡൽഹിയിലെ ഛത്രസാൽ സ്‌റ്റേഡിയത്തിന്‌ മുന്നിൽ നിർത്തി. ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പാർപ്പിക്കാനുള്ള താൽക്കാലിക തടങ്കൽ പാളയമായിരുന്നു ആ സ്‌റ്റേഡിയം.


പത്ത്‌ മിനിറ്റ്‌ ഇടവേളയ്‌ക്ക്‌ ശേഷം വണ്ടി വീണ്ടും മുന്നോട്ടുപോയി. പകൽ 2.30–ഓടെ മന്ദിർമാർഗ്‌ സ്‌റ്റേഷനിൽ എത്തിയാണ്‌ പിന്നെ നിർത്തിയത്‌. ജന്തർ മന്തറിൽനിന്നും നാലര കിലോമീറ്റർ മാത്രം അകലത്തുള്ള മന്ദിർമാർഗിൽ എത്താനാണോ ഇത്രയും ചുറ്റിച്ചതെന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌, ‘ഞങ്ങൾ കിട്ടിയ നിർദേശങ്ങൾക്ക്‌ അനുസരിച്ചാണ്‌ നീങ്ങിയത്‌’ എന്നായിരുന്നു കൂടെയുണ്ടായ ഇൻസ്‌പെക്ടറുടെ മറുപടി. പകൽ മൂന്നിന്‌ സ്‌റ്റേഷനിലെ പൊലീസുകാരൻ രണ്ട്‌ ചപ്പാത്തി പിണറായി വിജയന്‌ ഉച്ചഭക്ഷണമായി നൽകി. അതും കഴിച്ച്‌ വെള്ളവും കുടിച്ച്‌ അൽപ്പ നേരം കസേരയിൽ ചാഞ്ഞിരുന്നു. ഇന്ദിരയുടെ അടിയന്തരാവസ്ഥ സധൈര്യം നേരിട്ട ആൾക്ക്‌ മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും നേരിടാനായല്ലോയെന്ന ബ്രിട്ടാസിന്റെ നർമത്തിന്‌ നേർത്ത പുഞ്ചിരിയായിരുന്നു പിണറായിയുടെ മറുപടി. എട്ടു മണിക്കൂറിന്‌ ശേഷം വൈകിട്ട്‌ ആറരയോടെ വിട്ടയച്ചപ്പോൾ ചില പൊലീസുകാർ അടുത്തെത്തി യാത്ര പറഞ്ഞു. അവർക്ക്‌ ഹസ്‌തദാനം നൽകി പുറത്തേക്കിറങ്ങിയപ്പോൾ കാണാനെത്തിയ മാധ്യമങ്ങളോട്‌ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സമീപനമാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ നടപടികളിലൂടെ വെളിപ്പെടുന്നതെന്ന്‌ പിണറായി പറഞ്ഞു. ​പിണറായിക്ക്‌ പുറമെ മറ്റ്‌ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാർ കൂടി ഒക്‌ടോബർ 10ന്‌ അറസ്‌റ്റുചെയ്യപ്പെട്ടു. ത്രിപുര മുൻമുഖ്യമന്ത്രി മണിക്ക്‌ സർക്കാർ, ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ എന്നിവരാണ്‌ അറസ്‌റ്റുവരിച്ചത്‌. സുർജിത്ത്‌ ഭവന്‌ മുന്നിൽ സിപിഐ എം പ്രതിഷേധത്തിനിടെയാണ്‌ മണിക്ക്‌ സർക്കാർ അറസ്‌റ്റിലായത്‌. സ‍ൗത്ത്‌ അവന്യൂവിലെ ബസ്‌സ്‌റ്റോപ്പിൽ പ്രതിഷേധിക്കുമ്പോഴാണ്‌ മമതയെ കസ്‌റ്റഡിയിലെടുത്തത്‌. ലോധിറോഡിലെ ഒ‍ൗദ്യോഗിക വസതിയിൽനിന്നും ജന്തർ മന്തറിലേക്ക്‌ പ്രവർത്തകരുമായി നീങ്ങിയ കെജ്‌രിവാളിനെ പൊലീസ്‌ വലിച്ചിഴച്ചാണ്‌ വാഹനത്തിലേക്ക്‌ മാറ്റിയത്‌. ​കേരളാ ഹ‍ൗസിന്‌ പുറമെ സിപിഐ എമ്മിന്റെ പഠനകേന്ദ്രമായ സുർജിത്ത്‌ ഭവൻ സ്ഥിതി ചെയ്യുന്ന ഇന്ദ്രജിത്ത്‌ ഗുപ്‌താ മാർഗും ബിജെപി ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ഡിഡിയു മാർഗും മിന്റോ റോഡും കൊണാട്ട്‌പ്ലേസും സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവൻ സ്ഥിതിചെയ്യുന്ന ഗോൾമാർക്കറ്റ്‌ പരിസരവും ഗോൾഡാക്ക്‌ഘാനയും ബംഗ്ലാസാഹിബ്‌ ഗുരുദ്വാരയുമെല്ലാം ഒക്‌ടോബർ 10ന്‌ സമരമുഖരിതമായി.

പടംഎസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പ്രക്ഷോഭത്തിനിടെ ഫോട്ടോ: പി വി സുജിത്

​​

ക്രൂ‍രമായ പൊലീസ്‌ അടിച്ചമർത്തൽ ​

ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തടയുന്നതിനും ജന്തർ മന്തറിലേക്ക്‌ പ്രക്ഷോഭകർ കടക്കാതെ സംരക്ഷിക്കുന്നതിനും അര ലക്ഷത്തോളം പൊലീസ്‌– കേന്ദ്ര സേനാംഗങ്ങളെയാണ്‌ മോദി സർക്കാർ രാജ്യതലസ്ഥാനത്ത്‌ വിന്യസിച്ചിട്ടുള്ളത്‌. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച ജന്തർ മന്തർ പ്രക്ഷോഭത്തിന്റെ അനുഭവപാഠങ്ങൾ മുന്നിലുള്ളതിനാൽ വളരെ കരുതലോടെയും ആസൂത്രണത്തോടെയുമാണ്‌ ഗ്യാനേഷ്‌ കുമാറിനെതിരായ സമരങ്ങളെ പൊലീസും സർക്കാരും കൈകാര്യം ചെയ്യുന്നത്‌. സമരം തീക്ഷ്ണമാകുമെന്ന്‌ തോന്നിച്ച സന്ദർഭങ്ങളിൽ അതിക്രൂരമായ അടിച്ചമർത്തലുകൾക്ക്‌ പൊലീസും കേന്ദ്രസേനയും മടിച്ചില്ല. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ‍‍, ഐസ തുടങ്ങി ഇടതുപക്ഷ സംഘടനകളും പ്രവർത്തകരുമാണ്‌ പൊലീസ്‌ മർദനങ്ങൾക്ക്‌ കൂടുതൽ വിധേയമായത്‌. സമരത്തെ മുന്നോട്ടുനയിക്കുന്നതും പ്രതിപക്ഷ പാർടികളെ യോജിപ്പിക്കുന്നതും ഇടതുപക്ഷമാണെന്ന ബോധ്യത്തിലാണ്‌ സർക്കാർ നിർദേശപ്രകാരം മർദനമുറകളിലേക്ക്‌ പൊലീസും സൈന്യവും തിരിഞ്ഞത്‌. പ്രക്ഷോഭങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. വനിതകളെയടക്കം പൊലീസ്‌ തെരഞ്ഞുപിടിച്ച്‌ മർദിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. കടുത്ത അസഭ്യവർഷവും പതിവാണ്‌. മാധ്യമപ്രവർത്തകർ പോലും പൊലീസിന്റെ പീഡനങ്ങൾക്ക്‌ ഇരയായി. തിരിച്ചറിയൽ കാർഡ്‌ കാട്ടിയിട്ടും വനിതകളടക്കം നിരവധി മാധ്യമപ്രവർത്തകരെ പൊലീസ്‌ ബലമായി കസ്‌റ്റഡിയിലെടുത്തു. ​ഒക്‌ടോബർ 10, 11 തീയതികളിൽ തന്നെയാണ്‌ പൊലീസിന്റെയും കേന്ദ്രസേനകളുടെയും തേർവാഴ്‌ച അതിന്റെ പാരമ്യത്തിലെത്തിയത്‌. ​ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിലെ സുർജിത്ത്‌ ഭവനിലാണ്‌ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചേരാറുള്ളത്‌. ഒക്‌ടോബർ 10ന്‌ കേന്ദ്രകമ്മിറ്റി യോഗത്തിനായി സുർജിത്ത്‌ ഭവനിലെത്തിയ സിപിഐ എം നേതാക്കൾ കേരളാ ഹ‍ൗസിൽ എം എ ബേബിയും പിണറായിയും മറ്റും കസ്‌റ്റഡിയിൽ ആയതറിഞ്ഞ്‌ പ്രതിഷേധവുമായി ജന്തർ മന്തറിലേക്ക്‌ നീങ്ങി. 10.20ന്‌ സുർജിത്ത്‌ ഭവനിൽനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. പിബി അംഗങ്ങളായ ബി വി രാഘവുലു, അശോക്‌ ധാവ്‌ളെ,‍ തപൻ സെൻ, ജിതേന്ദ്ര ച‍ൗധുരി, വിജൂ കൃഷ്‌ണൻ, ആർ അരുൺകുമാർ, യു വാസുകി, കെ ബാലകൃഷ്‌ണൻ, മറിയം ധാവ്‌ളെ തുടങ്ങിയവർ നേതൃത്വം നൽകി. പെട്ടെന്ന്‌ മാർച്ച്‌ ആരംഭിച്ചത്‌ പൊലീസിനെ നിഷ്‌ക്രിയരാക്കി. ഓഫീസിന്‌ മുന്നിലെ ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിൽ പൊലീസ്‌ ബാരിക്കേഡുകൾ നിരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ്‌ നടപടി മുൻകൂട്ടി കണ്ട പ്രവർത്തകർ ഉടൻ ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിൽനിന്ന്‌ ദീൻ ദയാൽ ഉപാധ്യായ പാർക്ക്‌ ലെയ്‌നിലേക്ക്‌ കടന്നു. തുടർന്ന്‌ നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഡിഡിയു മാർഗിലേക്ക്‌ ഓടിക്കയറി. ഇതോടെ മാർച്ചിന്‌ നേരെ പൊലീസ്‌ ആക്രമണം അഴിച്ചുവിട്ടു. സുർജിത്ത്‌ ഭവനിലേക്കും പൊലീസ്‌ ഇരച്ചെത്തി. സുർജിത്ത്‌ ഭവനിലുണ്ടായിരുന്ന നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പൊലീസും സൈനികരും ലാത്തിവീശി. ഡിഡിയു മാർഗിലെ ബിജെപി ഓഫീസിന് മുന്നിലൂടെ മാർച്ച്‌ നീങ്ങിയതോടെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെ വാഹനങ്ങളിൽ കുതിച്ചെത്തി. എന്നാൽ നേതാക്കളും പ്രവർത്തകരും പൊലീസിനെ മറികടന്ന്‌ മുന്നോട്ട്‌ നീങ്ങി. പ്രതിഷേധക്കാരെ തടയാൻ സാധിക്കാതെ വന്നതോടെ രഞ്ജിത്‌ സിങ്‌ ഫ്ലൈ ഓവറിന്‌ താഴെ ഡിഡിയു മാർഗിന്‌ കുറുകെയായി പൊലീസ്‌ ബസുകൾ നിരത്തിയിട്ട്‌ തടസ്സം സൃഷ്ടിച്ചു.


എന്നാൽ മുഴുവൻ പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്യാനുള്ള ശ്രമം പാഴായി. നേതാക്കളും പ്രവർത്തകരും തടസ്സങ്ങൾ മറികടന്ന്‌ മിന്റോ റോഡിലേക്കെത്തി. കൊണാട്ട്‌പ്ലേസിന്‌ സമീപം മിന്റോ ബ്രിഡ്‌ജിന്‌ താഴെയെത്തിയ പ്രവർത്തകർക്ക്‌ നേരെ പൊലീസ്‌ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. കേന്ദ്രസൈനികരും പൊലീസിനൊപ്പം മർദനത്തിൽ പങ്കാളികളായി. പിന്നീട്‌ നേതാക്കളേയും പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്ത്‌ വിവിധ തടങ്കൽ കേന്ദ്രങ്ങളിലെത്തിച്ചു. ​സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‌ മുന്നിൽനിന്നാണ്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ ജന്തർ മന്തറിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. ഭരണഘടനയും ദേശീയപതാകയുമായി എ എ റഹീം, ഐഷി ഘോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ യുവതീയുവാക്കൾ എ കെ ജി ഭവനിൽനിന്നും പുറത്തേക്ക്‌. പ്രതിഷേധത്തിന്‌ നേരെ പാഞ്ഞടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ മുൻനിരയിലുള്ളവരെ വലിച്ചിഴച്ച്‌ പൊലീസ്‌ വാഹനങ്ങളിലേക്ക്‌ എറിഞ്ഞു. ഒരു കാരണവശാലും പ്രകടനം മുന്നോട്ടുനീങ്ങാൻ അനുവദിക്കില്ലെന്ന പിടിവാശിയിലായിരുന്നു പൊലീസ്‌. ​എന്നാൽ പൊലീസിന്റെയും കേന്ദ്രസേനയുടെയും പ്രതിരോധ മതിൽ ഭേദിച്ച്‌ യുവജനങ്ങൾ തെരുവിലേക്ക്‌ ഇരമ്പിയെത്തി. ഇവർക്ക്‌ പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ കുതിച്ചു. ​യുവജനങ്ങളും വിദ്യാർഥികളും എ കെ ജി ഭവൻ സ്ഥിതിചെയ്യുന്ന ഭായ്‌ വീർസിങ് മാർഗിൽനിന്നും കാലിബാരി മാർഗിലേക്ക്‌ കടന്നു. ഗോൾ ഡാക്‌ ഖാന ചർച്ചിന്‌ മുന്നിൽ നിരവധി പ്രതിഷേധക്കാരെ പൊലീസ്‌ ബലമായി കസ്‌റ്റഡിയിലെടുത്ത്‌ വാഹനങ്ങളിലേക്ക്‌ മാറ്റി. ​എന്നാൽ പൊലീസ്‌ ബസിൽനിന്നും ചാടിയിറങ്ങിയ ഐഷി ഘോഷ്‌ ഉൾപ്പെടെയുള്ള വനിതാപ്രവർത്തകർ മുദ്രാവാക്യം വിളിച്ച്‌ സുരക്ഷാസൈനികർക്ക്‌ മുന്നിലേക്ക്‌ വീണ്ടുമെത്തി. ജന്തർ മന്തറിൽ സമരം ചെയ്യുന്നത്‌ അവകാശമാണെന്ന മുദ്രാവാക്യവുമായി ഐഷി ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നു. ഇവരെയും ബലം പ്രയോഗിച്ച്‌ നീക്കി. ​പൊലീസ്‌ പിടിയിൽനിന്നും കുതറിയോടിയ നിരവധി പ്രവർത്തകരെ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തിന്‌ അടുത്ത്‌ ബാരിക്കേഡുകൾ നിരത്തി പൊലീസ്‌ തടഞ്ഞു. ചെറുത്തുനിന്ന മലയാളി വിദ്യാർഥികൾ അടക്കം ക്രൂരമായി മർദിക്കപ്പെട്ടു. ​ഐസ പ്രസിഡന്റ്‌ നേഹ ബോറ, സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌ തുടങ്ങി നൂറോളം പേരെ ഐഎൻഎ മാർക്കറ്റിന്‌ സമീപത്തുള്ള ഡൽഹി ഹാട്ടിൽനിന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പകൽ 1.30–നായിരുന്നു അഞ്ച്‌ കിലോമീറ്റർ അകലെയുള്ള ജന്തർ മന്തർ ലക്ഷ്യമാക്കിയുള്ള മാർച്ച്‌ ആരംഭിച്ചത്‌. അതിക്രൂരമായി ഇവിടെയും പ്രതിഷേധത്തെ അടിച്ചമർത്തി. വിദ്യാർഥികൾക്ക്‌ നേരെ ലാത്തിച്ചാർജും നരനായാട്ടും അഴിച്ചുവിട്ടു. നൂറുകണക്കിന്‌ പേർക്കാണ്‌ പരിക്കേറ്റത്‌. നേതാക്കളെ അറസ്‌റ്റുചെയ്‌തതിന്‌ ശേഷവും നൂറുകണക്കിന്‌ പേർ ഐഎൻഎയിലേക്ക്‌ ഇരച്ചെത്തി മണിക്കൂറുകളോളം പ്രതിഷേധം തുടർന്നു. ​ഒക്‌ടോബർ 10ന്‌ രാവിലെ 10.30ന്‌ മുംബൈയിൽനിന്ന്‌ ഡൽഹി വിമാനത്താവളത്തിലെത്തിയ സിജെപി സ്ഥാപക നേതാവ്‌ അഭിജിത്‌ ദീപ്‌കെയെ വിമാനത്തിൽ അതിക്രമിച്ച്‌ കയറിയാണ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. മൂന്നാം ടെർമിനലിൽ എയർ ഇന്ത്യ വിമാനം ലാൻഡ്‌ ചെയ്തതിന്‌ തൊട്ടുപിന്നാലെ കാത്തുനിന്ന കാക്കിപ്പട ഇരച്ചുകയറി. അഭിജിത്തിന്‌ പുറമെ സിജെപി വക്താക്കളായ സ‍ൗരവ്‌ ദാസ്‌, അശുതോഷ്‌ രാംഗ എന്നിവരെയും വിമാനത്തിൽനിന്ന്‌ കസ്‌റ്റഡിയിലെടുത്തു. ഭീകരവാദികളെയും മറ്റും കസ്‌റ്റഡിയിലെടുക്കം വിധമായിരുന്നു പൊലീസ്‌ നടപടി. വനിത പൊലീസുകാരാണ്‌ വിമാനത്തിൽ കയറിയത്‌. താൻ അറസ്‌റ്റ്‌ വരിക്കാൻ തന്നെയാണ്‌ വന്നതെന്ന്‌ ദീപ്‌കെ പൊലീസിനോട്‌ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ പോലും വിമാനത്തിൽ കയറിയുള്ള അറസ്‌റ്റുണ്ടായിട്ടില്ലെന്നും രാജ്യം എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ നിങ്ങൾ കാണൂവെന്നും ദീപ്‌കെ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. യാത്രക്കാരിൽ ചിലർ പ്രതിഷേധ സൂചകമായി പൊലീസിനെ കൂക്കിവിളിച്ചു. ഇങ്ക്വിലാബുകളും വന്ദേമാതരവും വിമാനത്തിൽ ഉയരവെ മൂവരെയും കസ്‌റ്റഡിയിലെടുത്ത്‌ ബസിൽ കയറ്റി അജ്ഞാതകേന്ദ്രത്തിലേക്ക്‌ മാറ്റി. ​ഒക്‌ടോബർ 11നും ഡൽഹി സമരമുഖരിതമായി. ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളാണ്‌ പൊലീസ്‌ കടന്നാക്രമണങ്ങൾക്കെതിരായി കടുത്ത പ്രതിഷേധം ഉയർത്തിയത്‌. ​കൊണാട്ട്‌ പ്ലേസിൽ പകൽ 12ന്‌ മാർച്ച്‌ സംഘടിപ്പിച്ച ഇടതുപക്ഷ വിദ്യാർഥി – യുവജന പ്രവർത്തകരെയും സിജെപി പ്രവർത്തകരെയും പൊലീസ്‌ അതിക്രൂരമായി കൈകാര്യം ചെയ്‌തു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ഡിവൈഎഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ജയ്‌ക്‌ സി തോമസ്‌ എന്നിവർക്ക്‌ മർദനമേറ്റു. കൊണാട്ട്‌ പ്ലേസിൽ പാലികാബസാറിന്‌ സമീപമായിരുന്നു പൊലീസിന്റെയും കേന്ദ്രസേനകളുടെയും നരനായാട്ട്‌. പൊലീസിന്റെ ലാത്തിയടിയിൽ ആദർശിന്റെ കണ്ണിന്‌ സമീപം പരിക്കേറ്റ്‌ ചോരയൊലിച്ചു. ജെയ്‌ക്കിനെയും ഡിവൈഎ-ഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ബാലേന്ദർ ഷായെയും നിർദയം തെരുവിലൂടെ വലിച്ചിഴച്ചു. മാർച്ച്‌ പാലിക ബസാറിലെത്തിയതോടെയാണ്‌ കേന്ദ്ര സേനകളും പൊലീസും ആക്രമണം അഴിച്ചുവിട്ടത്. ഉദ്യോഗസ്ഥർ ഇരച്ചെത്തി നേതാക്കളേയും പ്രവർത്തകരെയും മർദിക്കുകയും പൊലീസ്‌ വാഹനങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയിൽ ആദർശിന്റെ കണ്ണിന്റെ അടുത്തുനിന്ന്‌ ചോരയൊലിച്ചു. ജെജെ?യ്‌ക്‌ സി തോമിസിനെയും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ബാലേന്ദർ ഷായേയും നിർദയം റോഡിലൂടെ വലിച്ചിഴച്ചു. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ്‌ ഇളമൺ, കേന്ദ്ര കമ്മിറ്റിയംഗം അഭിജിത്ത്‌ മണിലാൽ, ഡൽഹി സംസ്ഥാന വൈസ്‌ പ്രഡിഡന്റ്‌ സിമ്രാൻ, സംസ്ഥാന കമ്മിറ്റിയംഗം ശരണ്യ, എസ്‌എഫ്‌ഐ പ്രവർത്തകരായ ഫിദൽ ടോം, ഫിദൽ റൊയാസ്‌ എന്നിവർക്കും മർദനമേറ്റു. എഐഎസ്‌എഫ്‌ ജനറൽ സെക്രട്ടറി ദിനേശിന്റെ വസ്‌ത്രമുൾപ്പെടെ വലിച്ചുകീറി. ​പൊലീസ്‌ വാഹനത്തിനുള്ളിലും അതിക്രൂര മർദനം തുടർന്നു. ജെയ്‌ക്കിന്റെ ഷർട്ട്‌ കീറിയെറിഞ്ഞു. സംഭവം അറിഞ്ഞ്‌ കൊണാട്ട്‌ പ്ലേസിലെത്തിയ ജോൺ ബ്രിട്ടാസിന്‌ നേരെയും ആക്രമണമുണ്ടായി. മാധ്യമങ്ങളോട്‌ സംസാരിക്കവെ ബ്രിട്ടാസിനെ വലിച്ചിഴച്ച്‌ പൊലീസ്‌ വാഹനത്തിൽ കയറ്റി. തുടർന്ന്‌ സീറ്റിൽ ബലമായി മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും മർദിക്കുകയും ചെയ്‌തു. എംപിയുടെ തിരിച്ചറിയൽ കാർഡ്‌ കാണിച്ച ശേഷവും മർദനം തുടർന്നു. പൊലീസിന്റെ ബോഡിക്യാമിലൂടെ മർദനം കണ്ട ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ ഇടപെട്ട ശേഷമാണ്‌ ബ്രിട്ടാസിനെ മോചിപ്പിച്ചത്‌. ​പൊലീസ്‌ മർദനങ്ങളിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐയുടെ വനിതാപ്രവർത്തകർ ഒക്‌ടോബർ 11ന്‌ ദേശീയ പതാകയുമായി കൊണാട്ട്‌ പ്ലേസിൽ മാർച്ച്‌ സംഘടിപ്പിച്ചു. ഐഷി ഘോഷ്‌ അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്‌റ്റുചെയ്‌ത്‌ നീക്കി. വനിതാ പ്രവർത്തകർക്ക്‌ ഭക്ഷണവും ശുചിമുറി സ‍ൗകര്യവും നൽകിയില്ല. ആറുമണിക്ക്‌ ശേഷം പെൺകുട്ടികളെ കസ്‌റ്റഡിയിൽ വയ്‌ക്കരുതെന്ന ചട്ടവും പൊലീസ്‌ ലംഘിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ പലവട്ടം പൊലീസ്‌ കസ്‌റ്റഡിയിലായി. ആകാശവാണിയിൽ അതിക്രമിച്ചുകയറിയെന്ന പേരിൽ രാഹുലിനെതിരെ കേസുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ വിഷയത്തിൽ ഫലപ്രദമായ ഇടപെടലിന്‌ മടിക്കുന്ന സുപ്രീംകോടതിക്ക്‌ മുന്നിലേക്കും പ്രതിപക്ഷ പാർടികൾ മാർച്ചുചെയ്‌തു. ​സമരങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കാൻ ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും പലപ്പോഴും മാധ്യമപ്രവർത്തകർക്ക്‌ പൂർണവിലക്കേർപ്പെടുത്തിയിരുന്നു. വനിതകളടക്കം റിപ്പോർട്ടിങ്ങിനായി എത്തിയ നിരവധി മാധ്യമപ്രവർത്തകരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. പ്രക്ഷോഭങ്ങളിൽ പങ്കാളികളായ വനിതകളോട്‌ ഡൽഹി പൊലീസ്‌ പതിവുപോലെ മോശമായി പെരുമാറി. യുവതികളെ ബോധപൂർവം കടന്നുപിടിച്ച പൊലീസുകാർ അതേകുറിച്ച്‌ തമാശ പറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്നത്‌ കാണാമായിരുന്നു. സ്‌ത്രീകളെ അറസ്‌റ്റ്‌ ചെയ്‌ത് കൊണ്ടുപോകുന്ന ബസിൽനിന്നും ഐഷി ഘോഷിന്‌ പുരുഷ പൊലീസിനെ ഇറക്കിവിടേണ്ടതായി വന്നു. സമരക്കാർക്ക്‌ നേരെ ക്രൂരമായ മർദനം അഴിച്ചുവിട്ട ഭൂരിഭാഗം പൊലീസുകാരുടെയും യൂണിഫോമുകളിൽ നെയിംപ്ലേറ്റുകൾ ഉണ്ടായിരുന്നില്ല. അതേസമയം, എല്ലാവരുടെയും ദേഹത്ത്‌ ബോഡിക്യാം ഘടിപ്പിച്ചിരുന്നു. ​ ​​


സമരങ്ങളിൽ തിളങ്ങി പെൺമുഖങ്ങൾ ​

ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മിന്നൽ സമരങ്ങൾ പെൺകുട്ടികളുടെ അഭൂതപൂർവമായ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, ഐസ പ്രസിഡന്റ്‌ നേഹ ബോറ എന്നിവർക്ക്‌ പുറമെ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും സിജെപിയുടെയും നിരവധി വനിതാ പ്രവർത്തകരും സമരമുഖത്ത്‌ സജീവമാണ്‌. പൊലീസിന്റെ ക്രൂരമായ അടിച്ചമർത്തലുകളെ കൂസാതെയാണ്‌ വനിതാ പ്രവർത്തകർ ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങളുടെ കുന്തമുനയായി മാറുന്നത്‌. പൊലീസും കേന്ദ്രസേനയും ഒരുക്കുന്ന വമ്പൻ ബന്തവസ്സുകളെ ഭേദിച്ച്‌ ഡൽഹിയുടെ നഗരഹൃദയങ്ങളിൽ മിന്നൽ സമരങ്ങളുമായി പെൺകുട്ടികൾ ഇരമ്പിയെത്തുകയാണ്‌. പൊലീസിനും സർക്കാരിനും മോദി അനുകൂല മാധ്യമങ്ങൾക്കും പുറമെ സംഘപരിവാർ സംഘടനകളുടെയും പ്രവർത്തകരുടെയും ഭീഷണികളെ അവഗണിച്ചാണ്‌ പെൺകുട്ടികൾ സമരകേന്ദ്രങ്ങളിലെ നിറസാന്നിധ്യമായി മാറുന്നത്‌. ​ഐഷിക്കും നേഹയ്‌ക്കും പുറമെ എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ്‌ നാദിയ, ജെഎൻയു യൂണിയൻ വൈസ്‌പ്രസിഡന്റ്‌ കെ ഗോപികാ ബാബു, ഡൽഹിയിലെ എസ്‌എ-ഫ്‌ഐ നേതാക്കളായ സിമ്രാൻ, മെഹിന ഫാത്തിമ, സഖി, അനന്യ തുടങ്ങിയവരും പലവട്ടം മിന്നൽ സമരങ്ങളിൽ പങ്കാളികളായി അറസ്‌റ്റുവരിച്ചു. നാദിയ അടക്കമുള്ള വനിതാ നേതാക്കൾക്ക്‌ ക്രൂരമായ പൊലീസ്‌ പീഡനവും നേരിടേണ്ടി വന്നു. പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ‘ഇടിവണ്ടി’യിൽ കൊണ്ടുപോകാൻ നോക്കിയ പ്രവർത്തകരെ ഐഷി അടക്കമുള്ള എസ്‌എ-ഫ്‌ഐയുടെ വനിതാ നേതാക്കൾ ബസിന്‌ മുന്നിലേക്ക്‌ ഇരച്ചുകയറി തടയുന്ന ചിത്രം ഡൽഹി സമരങ്ങളിലെ മായാത്ത ദൃശ്യങ്ങളിലൊന്നാണ്‌. ഐസ നേതാവ്‌ നേഹാ ബോറയും തിളക്കമാർന്ന സമരമുഖമായി മാറി. കൊണാട്ട്‌ പ്ലേസിൽ പ്രതിഷേധിച്ച നേഹയെ ഒരു രാത്രി മുഴുവൻ പൊലീസ്‌ അന്യായമായി കസ്‌റ്റഡിയിൽ വച്ചു. നേഹ സമരകേന്ദ്രങ്ങളിലേക്ക്‌ എത്താതിരിക്കാൻ പല വഴികളും ഡൽഹി പൊലീസ്‌ തേടിയെങ്കിലും എല്ലാം വിഫലമായി. മുൻകൂട്ടി പ്രഖ്യാപിച്ച ഇടങ്ങളിൽ പൊലീസിനെ വെട്ടിച്ച്‌ നേഹയും പ്രവർത്തകരുമെത്തി മിന്നൽ സമരങ്ങൾ തുടരുന്നത്‌ പൊലീസിന്‌ തലവേദനയാവുകയാണ്‌. ​മലയാളിയായ ഡൽഹി സർവകലാശാല വിദ്യാർഥിനി പി പവിത്രയാണ്‌ ഡൽഹിയിലെ മിന്നൽ സമരങ്ങളുടെ മറ്റൊരു മുഖം. എസ്‌എ-ഫ്‌ഐയുടെ ശുഭ്രപതാകയും വീശി പൊലീസ്‌ വലയം ഭേദിച്ച്‌ പവിത്ര സമരകേന്ദ്രത്തിലേക്ക്‌ ഓടിയെത്തുന്ന ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. എ കെ ജി ഭവനിൽനിന്ന്‌ ജന്തർ മന്തറിലേക്ക്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച മാർച്ചിലാണ്‌ പവിത്രയുടെ കൊടിയേന്തിയുള്ള ഓട്ടം ചരിത്രതാളുകളിൽ ഇടംനേടിയത്‌. ​ ​​


ഗ്യാനേഷിന് ഇരുമ്പുമറ തീർത്ത്‌ മോദിയും അമിത്‌ ഷായും ​

ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്തുവന്നതിന്‌ ശേഷം ഗ്യാനേഷ്‌ കുമാർ അജ്ഞാതവാസം തുടരുകയാണ്‌. ​ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ വിശ്വസ്‌തനാണ്‌ കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ്‌ കുമാർ. എൽഡിഎഫ്‌ ഭരണകാലത്ത്‌ ഡെപ്യൂട്ടേഷനിൽ കേന്ദ്രസർവീസിലേക്ക്‌ എത്തിയ ഇ‍ൗ യുപി സ്വദേശി, അമിത്‌ ഷാ 2019ൽ ആഭ്യന്തര മന്ത്രിയായതോടെയാണ്‌ കരുത്തനായത്‌. ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്ല്‌ തയ്യാറാക്കുന്നതിലും രാമക്ഷേത്രം ട്രസ്‌റ്റിന്‌ രൂപം നൽകുന്നതിലുമെല്ലാം നിർണായക പങ്ക്‌ വഹിച്ചു. അമിത്‌ ഷാ സഹകരണ വകുപ്പ്‌ രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി. 2024ൽ വിരമിച്ച്‌ രണ്ടുമാസത്തിനകം തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗമായി നിയമിതനായി. കഴിഞ്ഞ വർഷം മുഖ്യകമീഷണർ സ്ഥാനത്ത്‌ എത്തിയ ഗ്യാനേഷിന്‌ 2029 ജനുവരി 26 വരെ കാലാവധിയുണ്ട്‌. ​മുതിർന്ന ബിജെപി നേതാവ്‌ ധർമേന്ദ്ര പ്രധാന്‌ പോലും നൽകാത്ത പരിഗണനയാണ്‌ ഗ്യാനേഷ്‌ കുമാറിന്‌ മോദിയും അമിത്‌ ഷായും നൽകുന്നത്‌. --ഗ്യാനേഷ്‌ ഒഴിയേണ്ടി വന്നാൽ എസ്‌ഐആർ പ്രക്രിയ അപ്പാടെ ചോദ്യമുനയിലാകുമെന്നതാണ്‌ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല, ഗ്യാനേഷ്‌ കുമാർ മാറിയാൽ നിലവിൽ കമീഷനിൽ കലാപം സൃഷ്ടിച്ച സന്ധുവിനെയോ വിവേക്‌ ജോഷിയെയോ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിക്കേണ്ടി വരും. ഇതും സർക്കാരിന്‌ താൽപ്പര്യമുള്ള കാര്യമല്ല. അതുകൊണ്ടാണ്‌ പ്രതിഷേധങ്ങളെ അടിച്ചമർത്തിയും അപവാദങ്ങൾ പ്രചരിപ്പിച്ചും ഗ്യാനേഷിനെ സംരക്ഷിക്കാൻ എല്ലാ അടവും മോദി സർക്കാർ പയറ്റുന്നത്‌. --മൂന്നു പതിറ്റാണ്ടിലേറെയായി ഡൽഹിയിലെ സമരകേന്ദ്രമായി തുടരുന്ന ജന്തർ മന്തറിൽ ഇനി ഒരു സമരവും അനുവദിക്കില്ലെന്ന തീരുമാനവും പൊലീസ്‌ എടുത്തിട്ടുണ്ട്‌. പകരം രാംലീലയിലോ അതല്ലെങ്കിൽ അതിർത്തി മേഖലയിലെ ചില മൈതാനങ്ങളിലോ പ്രതിഷേധങ്ങൾ അനുവദിക്കാമെന്ന നിലപാടിലാണ്‌ ഡൽഹി പൊലീസ്‌. എന്നാൽ ജന്തർ മന്തറിനെ പ്രക്ഷോഭകേന്ദ്രമായി തിരിച്ചുപിടിക്കുമെന്ന ഉറച്ച നിലപാടിലാണ്‌ പ്രതിപക്ഷ പാർടികൾ. ​ഗ്യാനേഷ്‌ കുമാർ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്‌ചയ്‌ക്ക്‌ ഒരുക്കമല്ലാതെ നിലയുറപ്പിക്കുമ്പോൾ സമരങ്ങൾ തുടരുമെന്ന്‌ തീർച്ച. നവംബർ ഒന്നിന്‌ പ്രതിപക്ഷ പാർടികൾ രാംലീല മൈതാനിയിൽ വൻറാലിയ്‌ക്ക്‌ ആഹ്വാനം നൽകിയിട്ടുണ്ട്‌. പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ തന്നെയാണ്‌ സിജെപിയുടെയും വിദ്യാർഥി– യുവജന സംഘടനകളുടെയും തീരുമാനം. ശൈത്യത്തിലേക്ക്‌ നീങ്ങുന്ന ഡൽഹിയിൽ സമരപരമ്പരകൾ തുടരുമെന്ന്‌ തീർച്ച. ഇന്ത്യൻ ജനാധിപത്യത്തിന്റെ നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നിലവിലെ സമരപ്രക്ഷോഭം കൂടുതൽ ആളിപ്പടരാനുള്ള സാഹചര്യങ്ങളാണ്‌ ഒരുങ്ങുന്ന-ത്‌ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home