Deshabhimani

ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു

HOTEL HILTON SHOCK
വെബ് ഡെസ്ക്

Published on Oct 31, 2026, 01:35 PM | 1 min read

ബംഗളൂരു: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു. ജർമൻ സ്വദേശിയായ അലക്സാണ്ടർ മാക്സിമില്യൻ തീസ് (57), സ്ലോവാക്യൻ സ്വദേശിയായ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കോൺറാഡ് ഹോട്ടലിൽ അപകടമുണ്ടായത്.


ഹോട്ടലിന്റെ മൂന്നാം നിലയിലെ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും വൈദ്യുതാഘാതമേറ്റതായാണ് വിവരം. കുളത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് അലക്സാണ്ടറുടെ ഭാര്യ സിൽവിയ ഒട്ടാവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ പൗരനായ മാത്യു ഡിസാന്റിസിനും (41) ഹോട്ടൽ ജീവനക്കാരൻ രാഹുൽ തിവാരിക്കും (28) പരിക്കേറ്റു. ഇരുവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.


നീന്തൽക്കുളത്തിന്റെ പരിപാലനത്തിൽ ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അപകടത്തെത്തുടർന്ന് ഒക്ടോബർ 31 മുതൽ നവംബർ 30 വരെ നീന്തൽക്കുളം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ഹോട്ടലിന്റെ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. ഹിൽട്ടൺ ഗ്രൂപ്പിന്റെ കീഴിലുള്ള ആഡംബര ഹോട്ടലാണ് കോൺറാഡ്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home