എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് സമരം: വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ് വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. നിരാഹാര സമരം ആറാം ദിവസവും തുടരുമ്പോഴാണ് പൊലീസ് വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ സമരക്കാരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ നീക്കമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ തവണ 13 ദിവസം നിരാഹാരം കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാരാണ് ഇപ്പോൾ ആരോഗ്യ പ്രശ്നം പറഞ്ഞ് വളർമതിയെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ് വളർമതിയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയെന്ന് പറഞ്ഞാണ് കേസ്.
സെക്രട്ടറിയറ്റിനു മുന്നിൽ 116 ദിവസമായി സമരം നടക്കുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസമെടുത്തശേഷം ഉദ്യോഗാർഥികളെ പാടേ അവഗണിച്ചു. തുടർന്ന് രണ്ടാം തവണയും വളർമതി നിരാഹാരമിരിക്കുകയായിരുന്നു.








0 comments