Deshabhimani

കാലടിയിൽ വിദ്യാർഥികളെ പുറത്താക്കി 60 ദിവസം പിന്നിടുമ്പോഴും സംഘപരിവാർ വി സിക്ക് കുടപിടിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി

MAHARAJAS ROJI M JOHN.JPG
വെബ് ഡെസ്ക്

Published on Oct 31, 2026, 03:22 PM | 2 min read

കൊച്ചി : മഹാരാജാസ് കോളേജിലെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി എത്തിയപ്പോഴാണ് കാലടി സർവകലാശാലയിലെ വിദ്യാർഥിവേട്ടയുടെ യഥാർഥ ചിത്രം പുറത്തുവന്നത്. കാലടി സർവകലാശാല വൈസ് ചാൻസലർ

സിസ തോമസിന്റെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത 16 വിദ്യാർഥികളെയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ക്യാമ്പസിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് 16 വിദ്യാർഥികളെ 60 ദിവസമായി സസ്‌പെന്റ്‌ ചെയ്‌തിരിക്കുന്നത്.


കാലടിയിലെ വിദ്യാർഥി വേട്ടയെ ചോദ്യം ചെയ്താണ് മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മന്ത്രിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. കഴിഞ്ഞ ജൂലൈ 22നാണ് കാലടി സർവകലാശാലയിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്. പിന്നീട് ഓഗസ്റ്റ് 13ന് നടന്ന ഒരു പ്രതിഷേധ പരിപാടിയുടെ പേരിലാണ് വിദ്യാർഥികൾക്കെതിരെ വി സി ഡോ. സിസാ തോമസ് പ്രതികാര നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 16ന് വിസി പൊലീസിന് നൽകിയ പരാതി നൽകി. ദേഹോപദ്രവം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങി വ്യാജ ആരോപണങ്ങളാണ് വിദ്യാർഥികൾക്കെതിരെ വി സി ഉന്നയിച്ചത്. എന്നാൽ, വി സിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയില്ല. ഇതിൽ നിന്നു തന്നെ ഈ ആരോപണം വ്യാജമാണെന്ന് വ്യക്തമാണ്.


വി സിയുടെ ഈ വ്യാജ പരാതിയുടെ മറവിലാണ് സെപ്റ്റംബർ ഒന്നിന് പ്രതിഷേധ ശബ്ദമുയർത്തിയ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഡ് ചെയ്താണ് വി സി പ്രതികാര ഉത്തരവിറക്കിയത്. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. സെപ്റ്റംബർ രണ്ടിന് വിദ്യാർഥി സമരം 29 ദിവസം പിന്നിട്ടിരുന്നു. അതായത് പ്രതികാര നടപടികളുടെ പേരിൽ 16 വിദ്യാർഥികളെ ക്യാമ്പസിന് പുറത്താക്കിയിട്ട് രണ്ട് മാസമാകുന്നു.


നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷയ്‌ക്ക്‌ ഉയർന്ന തുകയോടെ ഫീസ് അടയ്ക്കേണ്ട അവസാന തിയതി ഒക്ടോബർ 23 ആയിരുന്നു. ഫീസ് അടയ്‌ക്കാൻ അനുവദിക്കാതെ വന്നപ്പോഴാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ എത്ര ദിവസത്തേക്കാണെന്ന് രേഖാമൂലം അറിയിക്കാതെ വിദ്യാർഥികൾക്കെതിരെ പ്രതികാരം തുടരുകയാണ് അധികൃതർ. സർവകലാശാലയുടെ കാവി വൽക്കരത്തിൽ മൗനം പാലിച്ച മന്ത്രി, വിദ്യാർഥികൾക്കെതിരായ ക്രൂരമായ നടപടിയിൽ ഇടപെടാൻ പോലും തയ്യാറായില്ല.


കാലടിയിലെ വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷ എഴുതാൻ പോലും അനുവദിക്കാത്ത നടപടിക്കെതിരെ പ്രതികരിക്കാത്ത മന്ത്രിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസിൽ പ്രതികരിച്ചത്. കാലടിയിലെ വിദ്യാര്‍ഥികളെ മന്ത്രി റോജി അപരിഷ്കൃതരെന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. കാലടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴേക്കും മന്ത്രി അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി വിദ്യാര്‍ഥികളോട് തട്ടിക്കയറി. പൊതുപരിപാടി മനപ്പൂർവം അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ്‌ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും, തദ്ദേശഭരണ മന്ത്രിയെ നടുറോഡിൽ തടഞ്ഞ യുവമോർച്ച നേതാക്കൾക്കെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് മനസ്സിലാക്കാതെ പോകരുത്.


ആരാണ് ഡോ. സിസാ തോമസ്?


കാലടി സർവകലാശാലയിലെ വിദ്യാർഥി വേട്ടക്കും, മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധത്തിനുമെല്ലാം കാരണം സംഘപരിവാർ നോമിനിയായ വൈസ് ചാൻസലർ സിസ തോമസിന്റെ പ്രതികാര നടപടികളാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോളേയുള്ള സംഘപരിവാർ നോമിനിയാണ് സിസ തോമസ്. 2022 നവംബർ 3നാണ് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) താല്കാലിക വി സിയായി സിസി തോമസിനെ നിയമിക്കുന്നത്. ഇതിനെതിരെ അന്ന് എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടത്തിൽ, കെടിയു നിയമത്തിലെ 13(7) വകുപ്പ് പ്രകാരം താല്കാലിക വിസിയെ ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ അവകാശം കോടതി അംഗീകരിച്ചെങ്കിലും, നിയമനം സാങ്കേതികമായി റദ്ദാക്കപ്പെടാത്തതിനാൽ അവർ കെടിയു വി സിയായി തുടർന്നു. പിന്നീട് ആർലേക്കർ ​ഗവർണറായി വന്നശേഷം, 2026 മാർച്ച് 5ന് കാലടി സർവകലാശാലയുടെ വി സിയായി സിസാ തോമസിന് അധികചുമതല നൽകി. ഡോ. കെ കെ ഗീതാകുമാരിയെ നീക്കിയാണ് ഈ നിയമനം നടത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home