ബാങ്കിങ് മേഖലയെ തകർക്കാനുള്ള നവലിബറൽ നീക്കം; ഉന്നതതല സമിതി രൂപീകരണത്തിനെതിരെ എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ വിൽപ്പനയടക്കം ബാങ്കിങ് മേഖലയിൽ പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഉന്നതതല സമിതിക്ക് രൂപം നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ. സമിതിയുടെ രൂപീകരണം പൊതുമേഖലാ ബാങ്കിങ്ങിന് വലിയ ഭീഷണിയാണെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാകുമെന്നും
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേന്ദ്ര ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 'വികസിത് ഭാരതത്തിനായുള്ള ബാങ്കിങ്' എന്ന ലക്ഷ്യം മുൻനിർത്തി 2026 ഒക്ടോബർ 30 നാണ് ആറു മാസത്തെ കാലാവധിയോടെ കേന്ദ്ര സർക്കാർ ഈ സമിതിയെ പ്രഖ്യാപിച്ചത്. രാജ്യത്തെ ബാങ്കിങ് മേഖലയും ഗ്രാമീണ-സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ഘടനാപരവും നിയമപരവുമായ പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുകയാണ് സമിതിയുടെ ഔദ്യോഗിക ദൗത്യം. ആദ്യനോട്ടത്തിൽ ആകർഷകമായി തോന്നുമെങ്കിലും രാജ്യത്തിന്റെ ബാങ്കിങ് ഘടനയെ അടിസ്ഥാനപരമായി പുനഃക്രമീകരിക്കുന്നതിനുള്ള അതിമോഹപരമായ ഒരു നീക്കത്തെയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
'വികസിത് ഭാരത് 2047' എന്ന ആകർഷകമായ മുദ്രാവാക്യം മുന്നോട്ടുവെച്ച് ബാങ്കിങ് മേഖലയുടെ പൊതുസ്വഭാവം തകർക്കാനുള്ള നവലിബറൽ നീക്കമാണിതെന്നും റഫറൻസ് നിബന്ധനകൾ പരിശോധിച്ചാൽ സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കം വ്യക്തമായി മനസിലാക്കാൻ കഴിയുമെന്നും പ്രസ്താവനയിൽ പറഞ്ഞു. 1969 ലും 1980 ലും നടന്ന ബാങ്ക് ദേശസാൽക്കരണം വഴി സാധാരണക്കാർക്കും കാർഷിക-ചെറുകിട മേഖലകൾക്കും ലഭിച്ച ബാങ്കിങ് ആനുകൂല്യങ്ങളും സാമ്പത്തിക ഉൾക്കൊള്ളലും സ്വകാര്യവൽക്കരണത്തോടെ ഇല്ലാതാകും.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, ഐഡിബിഐ ബാങ്കിന്റെ വിദേശ മൂലധന വിൽപന, വിദേശ പങ്കാളിത്തം വർദ്ധിപ്പിക്കൽ തുടങ്ങിയ സർക്കാരിന്റെ മുൻകാല നീക്കങ്ങളുടെ തുടർച്ചയായാണ് സമിതി രൂപീകരണത്തെ ട്രേഡ് യൂണിയൻ വിലയിരുത്തുന്നത്. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക എന്നത് വെറുമൊരു തൊഴിൽപ്രശ്നമല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കാനുള്ള ശ്രമമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ വികസന അജണ്ട ജനദ്രോഹപരമായ ബാങ്കിങ് പുനഃക്രമീകരണത്തിനുള്ള മറയാക്കാൻ അനുവദിക്കില്ലെന്നും പരിഷ്കാരങ്ങൾക്കെതിരെ തൊഴിലാളിവർഗത്തെയും പൊതുജനങ്ങളെയും അണിനിരത്തി പോരാടുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.








0 comments