Deshabhimani

ജി-20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലും യുദ്ധ തരംഗം, സംയുക്ത പ്രസ്താവന മുടങ്ങി

g 20 atlanta
വെബ് ഡെസ്ക്

Published on Oct 31, 2026, 04:40 PM | 2 min read

അറ്റ്ലാന്റയിൽ ചേര്‍ന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സമവായമില്ലാതെ പിരിഞ്ഞു. മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം പതിവായി പുറത്തിറക്കാറുള്ള സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനായില്ല. പകരം ചെയര്‍മാന്റെ പ്രസ്താനയിൽ ഒതുക്കി.


ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാവാറുള്ള പരമ്പരാഗത ഗ്രൂപ് ഫോട്ടോ സെഷൻ പോലും ഒഴിവാക്കിയതായാണ് റിപ്പോര്‍ടുകൾ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ സാന്നിധ്യം സംബന്ധിച്ച തര്‍ക്കമാണ് ഗ്രൂപ്പ് ഫോട്ടോ റദ്ദാക്കലിന് പിന്നിൽ. യൂറോപ്യൻ യൂണിയനിലെ ചില അംഗങ്ങൾ എതിര്‍പ്പ് ഉയര്‍ത്തി. ഇതിനാൽ പതിവ് സെഷൻ ഒഴിവാക്കുന്നു എന്നാണ് ഉച്ചകോടി ചെയര്‍മാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചത്.


മാർക്കോ റൂബിയോ ആണ് അറ്റ്‌ലാന്റയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് നേതൃത്വം നൽകിയതും അധ്യക്ഷത വഹിച്ചതും. സംയുക്ത പ്രസ്താവന ഒഴിവാക്കിയത് റൂബിയോയുടെ തീരുമാനമായാണ് അറിയിച്ചിരിക്കുന്നത്. പകരം ചെയർമാന്റെ തന്നെ പ്രസ്താവന തയാറാക്കി അവതരിപ്പിച്ചു.


റഷ്യ-ഉക്രെയ്ൻ യുദ്ധം, യു.എസ്-ഇസ്രായേൽ രാജ്യങ്ങൾ ചേര്‍ന്നുള്ള ഇറാനെതിരായ ആക്രമണം, യു.എസ് തീരുവകൾ, ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ താത്പര്യങ്ങൾ സംബന്ധിച്ച തര്‍ക്കം എന്നിവയാണ് പ്രധാനമായും ഭിന്നതയ്ക്ക് കാരണമായത്. മറ്റ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് ട്രംപ് ഭരണകൂടം ജി 20 അംഗമായ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കാതിരുന്നതും ചർച്ചകളിൽ വലിയ പ്രതിഷേധം ഉയരുന്നതിന് ഇടയാക്കി.


ഡിസംബറിൽ ഫ്ലോറിഡയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആതിഥേയത്വം വഹിക്കുന്ന ജി 20 ലീഡേഴ്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പങ്കെടുക്കുമോ എന്നതിൽ വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല. അമേരിക്കൻ തീരുമാനങ്ങൾ ജി 20 കൂട്ടായ്മയ്ക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യം തുടരുമോ എന്നതും ചര്‍ച്ചയാണ്. യു എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെ ആക്രമിക്കാൻ യു എസ് ഇസ്രയേൽ സഖ്യം നടത്തുന്ന നീക്കം സമ്മേളനത്തിൽ ആശങ്കയായി.


ലോകത്തെ പ്രമുഖമായ 19 രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും ചേര്‍ന്നതാണ് ജി-20. പര്സ്പരം പോരടിക്കുന്ന രാജ്യങ്ങൾ ഉൾപ്പെടുന്നതാണെങ്കിലും മുൻ ഉച്ചകോടികളിൽ അവസാന ഘട്ടം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിൽ വിജയിച്ചിരുന്നു. മന്ത്രിമാരുടെ ഉച്ചകോടിയിലാണ് പ്രധാന വിഷയങ്ങളിൽ സമവായവും ധാരണയും ഉണ്ടാകാറുള്ളത്. ഇതിന് ശേഷമാണ് രാഷ്ട്ര തലവൻമാര്‍ പങ്കെടുക്കുന്ന ലീഡേഴ്സ് സമ്മിറ്റ് നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home