16 കാരിക്ക് നേരെ ലൈംഗികാതിക്രമം; ഗോവയിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ കേസ്

പനാജി: നോർത്ത് ഗോവയിലെ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ വച്ച് 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ കേസ്. സംഭവത്തിൽ ഇൻസ്പെക്ടറെ സഹായിച്ച യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വികാസ് ദേക്കർ എന്ന ഇൻസ്പെക്ടർക്കെതിരെയാണ് പീഡന പരാതിയുയർന്നത്. റൈബന്ദറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ജൂലൈ 25, ഒക്ടോബർ 27 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൈൽഡ് ഹെൽപ്പ് ലൈൻ സേവന കേന്ദ്രത്തെയാണ് പെൺകുട്ടി ആദ്യം തന്റെ പരാതി അറിയിച്ചത്. എന്നാൽ ഈ പരാതി അന്വേഷണത്തിനായി ഇൻസ്പെക്ടർ വികാസ് ദേക്കറിന് തന്നെ കൈമാറുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക ഓഫീസിനുള്ളിൽ പീഡിപ്പിച്ചുവെന്ന പരാതിയുമായി പെൺകുട്ടി ഉന്നത അധികാരികളെ ബന്ധപ്പെടുകയായിരുന്നു. പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ, പോക്സോ 12 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്നത് ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ ആയതിനാൽ കേസിന്റെ തുടരന്വേഷണം ഓൾഡ് ഗോവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിതായി പൊലീസ് അറിയിച്ചു. ആരോപണവിധേയരായ ഇൻസ്പെക്ടർക്കെതിരെയും സഹായിയായ യുവതിക്കെതിരെയും നിയമനടപടികൾക്കൊപ്പം വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ഗോവ ഡിജിപി അലോക് കുമാർ അറിയിച്ചു.









0 comments