ഡീസൽ, എടിഎഫ് കയറ്റുമതി തീരുവ കൂട്ടി, പെട്രോളിന്റേത് പിൻവലിച്ചു

ന്യൂഡൽഹി: ഇന്ധന വിലയിൽ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾക്കിടെ രാജ്യത്തെ ഇന്ധന കയറ്റുമതി തീരവയിൽ മാറ്റം വരുത്തി. പെട്രോളിന്റെ കയറ്റുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. ഡീസൽ, വിമാനങ്ങൾക്കുള്ള എടിഎഫ് എന്നിവയ്ക്ക് മേൽ തീരുവ കൂട്ടി. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ അടുത്ത 15 ദിവസത്തേക്ക് നിലനിൽക്കും.
ഡീസൽ: ലീറ്ററിന് മൂന്ന് രൂപ വർദ്ധിപ്പിച്ചു. നേരത്തെ ലീറ്ററിന് 8.5 ആയിരുന്ന തീരുവ നിലവിൽ 11.5 രൂപ ആയി ഉയർന്നു.
എ.ടി.എഫ് (വിമാന ഇന്ധനം): ലീറ്ററിന് 50 പൈസ വർദ്ധിപ്പിച്ചു. ലീറ്ററിന് 10.5 ആയിരുന്നത് 11 രൂപ ആയി.
പെട്രോൾ: പെട്രോളിന്മേലുള്ള കയറ്റുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി
പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ, ഇന്ധനങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ ശരാശരി വിലവാരം കണക്കിലെടുത്ത് ഈ വര്‍ഷം മാർച്ച് 27 മുതലാണ് ഇന്ധന കയറ്റുമതി തീരുവയിൽ 15 ദിവസത്തിലൊരിക്കൽ പുനരവലോകനം നടത്താൻ തുടങ്ങിയത്.
യൂറോപ്പ് ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ഡീസൽ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള ഡീസൽ കയറ്റുമതി സമീപകാലത്ത് കുത്തനെ ഉയർന്നിരുന്നു. ഒക്ടോബറിൽ ഇന്ത്യയുടെ ഡീസൽ കയറ്റുമതി പ്രതിദിനം 700 കിലോ ബാരൽ (kbd) ആയിരുന്നു. 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങൾ ഡീസൽ ക്ഷാമം മൂലം റഷ്യയുമായി വരെ ഉടമ്പടിയിൽ എത്തിയ സാഹചര്യമാണ്. ഇന്ത്യൻ ഓയിൽ കമ്പനികളെ ലക്ഷ്യം വെച്ചും നീക്കങ്ങൾ നടക്കുന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറിനൊപ്പം ഒക്ടോബർ 21-ന് ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് റിഫൈനറി സമുച്ചയം സന്ദർശിച്ചിരുന്നു. ലോകവ്യാപകമായി ഊർജ്ജ വിതരണ ശൃംഖല തങ്ങൾക്കക് അനുകൂലമാക്കാനും വെനിസ്വേലയിൽ നിന്നും പിടിച്ചടക്കിയവ ഉൾപ്പെടെ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ നിന്നുള്ള ക്രൂഡ് ഓയിൽ കൂടുതൽ സംസ്കരിക്കുന്നതിനും നീക്കങ്ങളും നടക്കുന്നു.








0 comments