പഞ്ചാബ് തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). 40 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മാൻ, ധുരി മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിക്കും. നിയമസഭാ സ്പീക്കർ കുൽത്താർ സിങ് സന്ധ്വാൻ കോട്കപുരയിൽ മത്സരിക്കും. ജയിലിൽ കഴിയുന്ന മുൻ മന്ത്രിയും എംഎൽഎയുമായ സഞ്ജീവ് അറോറയെ ലുധിയാന വെസ്റ്റിലും സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
ഒക്ടോബർ 31ന് ചേർന്ന പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി) യോഗത്തിലാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയത്. ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ ഡൽഹിയിലെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ഭഗവന്ത് മാൻ, പഞ്ചാബിന്റെ ചുമതലയുള്ള മനീഷ് സിസോദിയ, ധനമന്ത്രി ഹർപാൽ സിങ് ചീമ തുടങ്ങിയവർ പങ്കെടുത്തു. പൊതുജനാഭിപ്രായ സർവേകളും മണ്ഡലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളും പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് ഭഗവന്ത് മാൻ പറഞ്ഞു.
ആദ്യ സ്ഥാനാർഥി പട്ടികയിലെ 40 പേരും നിലവിൽ എംഎൽഎമാരാണ്. പുതുമുഖങ്ങളെ അടുത്ത പട്ടികയിൽ പരിഗണിക്കുമെന്ന് ഭഗവന്ത് മാൻ പറഞ്ഞു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിച്ച് വോട്ടർമാരെ സമീപിക്കാൻ കൂടുതൽ സമയം നൽകുന്നതിനാണ് നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2027 ആദ്യ മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.








0 comments