Deshabhimani

അമേരിക്ക - ഇസ്രയേൽ സഖ്യത്തിന് ഖമനേയിയുടെ മുന്നറിയിപ്പ്; ആക്രമിച്ചാൽ തിരിച്ചടി ഉടൻ, സൈന്യത്തിന് നിർദേശം നൽകി

Mojthaba
വെബ് ഡെസ്ക്

Published on Oct 31, 2026, 07:01 PM | 1 min read

തെഹ്റാൻ : അമേരിക്കയോ ഇസ്രയേലോ വീണ്ടും ആക്രമണം നടത്തിയാൽ ഉടനടി തിരിച്ചടിക്കണമെന്ന് ഇറാൻ സേനക്ക് മൊജ്തബ ഖമനേയിയുടെ നിർദേശം. ഇറാനെതിരെ ഏത് തരത്തിലുള്ള ഭീഷണി വന്നാലും ശക്തമായി നേരിടും, തിരിച്ചടിക്കുമ്പോൾ അതിരുകൾ ഉണ്ടാകില്ലെന്നും ഖമനേയി വ്യക്തമാക്കി. ശനിയാഴ്ച ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖമനേയി നിലപാട് അറിയിച്ചത്.


ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും ഇറാൻ തീരുമാനിക്കുമെന്നും ഖമനേയി പറഞ്ഞു. മുതിർന്ന സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഖമനേയിയുടെ നിർദേശം. അമേരിക്കയുടെയും ഇസ്രയേലിന്റെയും എല്ലാ ലക്ഷ്യങ്ങളെയും തകർക്കാൻ പറ്റുന്ന വിധത്തിൽ ഇറാന്റെ സൈനിക ശക്തി പുതുക്കാനും ഖമനേയി നിർദേശിച്ചു.


യുഎസ്-ഇസ്രയേൽ സഖ്യം വീണ്ടും സൈനിക നടപടി നടത്തിയാൽ സംഘർഷം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്ന് സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ സൈന്യം രാജ്യത്തെ രക്ഷിക്കാൻ സന്നദ്ധമാണെന്നും, ശക്തമായി നേരിടുമെന്നും വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.


സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും തുടരുന്നുണ്ട് ഖത്തർ പ്രതിനിധി സംഘം വെള്ളിയാഴ്ച ഇറാൻ അധികൃതരുമായി നേരിട്ടെത്തി ചർച്ച നടത്തി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന്റെ സുരക്ഷാ മേധാവിക്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇറാൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണിതെന്നാണ് പൊതുവായ വിലയിരുത്തൽ.


ഫെബ്രുവരി 28നാണ് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം നടത്തിയത്. ഇതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചത്. ഇതോടെ തിരിച്ചടിയുടെ ഭാ​ഗമായി ഇറാൻ, ​ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഹോർമുസ് കടലിടുക്കും ഇറാൻ അടച്ചു. എണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികം കടന്നു പോയിരുന്ന ഹോർമുസ് അടച്ചതോടെ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ലോകത്തായാകെ ബാധിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home