Deshabhimani

യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ച ബസ് വഴിയിൽ കുടുങ്ങി

KSRTC
വെബ് ഡെസ്ക്

Published on Oct 31, 2026, 07:07 PM | 1 min read

കൂത്താട്ടുകുളം: യാത്രാമധ്യേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിക്ക് ചികിത്സ ലഭ്യമാക്കാൻ കൂത്താട്ടുകുളം ഗവ ആശുപത്രിയിലെത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആശുപത്രി കവാടത്തിലെ വഴിയിൽ കുടുങ്ങി. രോഗി അപകടനില തരണം ചെയ്തു. ഫയർഫോഴ്‌സെത്തി ബസ് സുരക്ഷിതമായി പുറത്തെടുത്തു.

​

ശനി പുലർച്ചെ അഞ്ചോടെ തിരുവനന്തപുരം - മൂന്നാർ റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസാണ് പ്രധാന കവാടത്തിന് സമീപം കുടുങ്ങിയത്.യാത്രയ്ക്കിടെ കൂത്താട്ടുകുളം ടൗണിൽ എത്തിയപ്പോഴാണ് അടിമാലി സ്വദേശിനി ഷൈബിക്ക് അപസ്മാരം ഉണ്ടായത്. ഇതോടെ ജീവനക്കാർ ബസ്, ടൗണിലെ ഗവ. ആശുപത്രി കോമ്പൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

​

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ചു റോഡിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിൻഭാഗത്തെ ബോഡി റോഡിൽ തട്ടിനിന്നു. ജീവനക്കാരും മറ്റൊരു കെഎസ്ആർടിസി ബസിലെ ജീവനക്കാരും ചേർന്ന് വാഹനം നീക്കുന്നതിന് ഏറെ നേരം പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദീർഘദൂര യാത്രക്കാരായ നിരവധി ആളുകൾ മറ്റ് ബസുകളിലായി യാത്ര തുടർന്നു.

​​

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്റ്റോപ്പറുകൾ അടക്കമുള്ള വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ ബസ് വേഗത്തിൽ പുറത്തെത്തിച്ചു.

​പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷൈബിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുൻവശത്തെ കവാടത്തിൽ ബസ് കുടുങ്ങിക്കിടന്നതിനാൽ പിൻവശത്തെ ഗേറ്റിലൂടെയാണ് ആംബുലൻസ് വഴി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയത്.


ചിത്രം -കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കൂത്താട്ടുകുളം ഗവ. ആശുപത്രി കവാടത്തിലെ വഴിയിൽ കുടുങ്ങിയപ്പോൾ




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home