മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാര്‍ഥിക്കെതിരെയുള്ള പ്രതികാരനടപടി സർക്കാരിന്റെ ഇരട്ടത്താപ്പ് : പിണറായി വിജയൻ

തിരുവനന്തപുരം : മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങൾ ഉന്നയിച്ച എസ്എഫ്ഐ പ്രവർത്തകയ്ക്ക് നേരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ചപ്പോൾ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ് മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നതെന്നും വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ട അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
'എംജി സർവ്വകലാശാലയിൽ സംഘപരിവാർ നോമിനിയെ വിസിയാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവ്വകലാശാലാ വിസിയുടെ വിദ്യാർഥിവിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്ത സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർഥികൾ ചോദ്യം ചെയ്തത്. വിദ്യാർഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും' - പിണറായി വിജയൻ.








0 comments