സിഐടിയു റെഡ് ബ്രിഗേഡ് സജ്ജം; പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കൊച്ചി : നാടിന്റെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും പെട്ടുഴലുന്നവർക്ക് കൈത്താങ്ങാകാൻ ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) രൂപീകരിച്ച സന്നദ്ധ സേനയായ 'റെഡ് ബ്രിഗേഡി'ന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയ 5000 സന്നദ്ധ പ്രവർത്തകരാണ് അണിനിരക്കുന്നത്.
മനുഷ്യ ജീവൻ സംരക്ഷിക്കുക, അതിജീവനത്തിന്റെ പുതുപ്രതീക്ഷകൾ പകരുക എന്നീ ഉന്നതമായ ലക്ഷ്യങ്ങളോടെ തൊഴിലാളിവർഗം ഏറ്റെടുക്കുന്ന മഹത്തായ ജനകീയ ദൗത്യമാണിത്. ഈ മുന്നേറ്റത്തിന് കരുത്തുപകരാൻ വിവിധ ഏരിയകളിൽ നിന്നുള്ള റെഡ് ബ്രിഗേഡ് ടീമംഗങ്ങളാണ് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയിരിക്കുന്നത്. നാടിന്റെ ഏത് അടിയന്തര ആവശ്യങ്ങൾക്കും ഓടിയെത്താൻ ശാസ്ത്രീയമായ പരിശീലനം നേടിയ തൊഴിലാളി സഖാക്കളാണ് ഈ സംഘത്തിലുള്ളത്.
റെഡ് ബ്രിഗേഡിന്റെ വിജയത്തിനായി സംസ്ഥാനത്താകെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്. തൊഴിലാളികൾക്കൊപ്പം വ്യാപാരികളും വ്യവസായികളും പൊതുജനങ്ങളും കൈകോർക്കുന്ന ആവേശകരമായ പിന്തുണയാണ് ഈ മുന്നേറ്റത്തിന് ലഭിച്ചത്. പരിക്കേറ്റൊരു വ്യക്തിയെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തുന്നതു മുതല്‍ ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള രക്ഷാപ്രവർത്തനത്തിന് പ്രത്യേകം പരിശീലനം നേടിയവരാണ് റെഡ് ബ്രിഗേഡിലുള്ളത്. പ്രാഥമിക ശുശ്രുഷക്ക് ആവശ്യമായ പരിശീലനവും മുൻ അഗ്നിശമന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യേക പരിശീലനവും റെഡ് ബ്രിഗേഡിന് ലഭിച്ചിട്ടുണ്ട്.









0 comments