ചേരാനല്ലൂർ വാഹനക്കുരുതി; ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടത്തിൽ പ്രതിയായ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി അഡിഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിനിടെ ഇന്നലെ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയായ പതിനേഴുകാരന്റെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലിൽ ഉൾപ്പെടുത്തിയതിനാണ് കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയുടെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളും ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു.
കോടതി നിർദേശത്തെത്തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി സമർപ്പിച്ച പുതിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിയെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. അധികാര പരിധി മറികടന്നും സാഹചര്യങ്ങൾ പരിശോധിക്കാതെയുമാണ ജുവനൈൽ ജസ്റ്റിസ് ബോർഡ് പതിനേഴുകാരന് ജാമ്യം അനുവദിച്ചത്. ഈ നടപടി റദ്ദാക്കി പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പതിനേഴുകാരന് ഈ അപകടത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും, ജാമ്യം കിട്ടിയതിന് പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈലും അതിലെ വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ഇത് തെളിവ് നശിപ്പിക്കലല്ലേ എന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. എന്നാൽ, തെളിവ് നശിപ്പിച്ചതല്ലെന്നും പതിനേഴുകാരന്റെ സ്വകാര്യതയെ സമൂഹ മാധ്യമങ്ങളിലൂടെ പലരും മാനിക്കാത്തതിനാലാണ് പ്രൊഫൈൽ ഒഴിവാക്കിയതെന്നും പ്രതിഭാഗം മറുപടിയായി പറഞ്ഞു. അത്തരത്തിൽ പതിനേഴുകാരന്റെ സ്വകാര്യത പുറത്തുവന്നെങ്കിൽ ഇതിനെതിരെ പൊലീസ് കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. പതിനേഴുകാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.








0 comments