ലണ്ടനിൽ എംബിഎ പഠനത്തിന് പോയ യുവതി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തിരിച്ചെത്തിയ വിവരം കുടുംബമറിഞ്ഞില്ല

മുഗ്ധ ദേശ്മുഖ്
പൂനെ: എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ 34കാരിയെ പുനെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനി മുഗ്ധ ദേശ്മുഖാണ് മരിച്ചത്. യുവതി രഹസ്യമായി ഇന്ത്യയിൽ തിരിച്ചെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച പിംപ്രി ചിഞ്ച്‌വാഡിലെ ഗഹുഞ്‌ജെയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
2025 ജൂലൈയിലാണ് മുഗ്ധ എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി പുണെയിൽ താമസം ആരംഭിച്ച വിവരം കുടുംബത്തെ അറിയിച്ചിരുന്നില്ല.
ഒക്ടോബർ 24ന് മുഗ്ധയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് കുടുംബത്തിന് ആശങ്കയുണ്ടായത്. തുടർന്ന് ലണ്ടനിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒക്ടോബർ 22നാണ് അവസാനമായി സന്ദേശം ലഭിച്ചതെന്ന് അറിയുകയായിരുന്നു. സുഹൃത്ത് ലണ്ടൻ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ യുകെ വിട്ടതായി വിവരം ലഭിച്ചത്.
ഇതിനിടെ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ച പിതാവിന് ഒക്ടോബർ എട്ടിനും 25നുമിടയിൽ ഫുഡ് ഡെലിവറി, ഓൺലൈൻ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ കണ്ടെത്തി. ഇതിൽ ചിലത് ഇന്ത്യയിൽനിന്ന് നടത്തിയതാണെന്ന് വ്യക്തമായതോടെ മുഗ്ധ രാജ്യത്തുണ്ടെന്ന് കുടുംബത്തിന് മനസ്സിലായി. തുടർന്ന് ഇന്ത്യൻ അധികൃതരെയും പൊലീസിനെയും സമീപിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗഹുഞ്‌ജെയിലെ ഫ്ലാറ്റ് കണ്ടെത്തിയത്. വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിലിൽ തന്നെ മുഗ്ധ ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നുവെന്നും ഓഗസ്റ്റിൽ തിരിച്ചെത്തിയശേഷം അവിടെ താമസം തുടങ്ങിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
മരണകാരണം വ്യക്തമല്ല. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.








0 comments