ഹരിയാനയിൽ കെജി വിദ്യാർഥിനിക്ക് നേരെ മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ ആക്രമണം

ചണ്ഡീഗഡ്: കെജി വിദ്യാർഥിനിക്ക് നേരെ മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ ആക്രമണം. ഹരിയാനയിലെ പഞ്ച്കുള സെക്ടർ 20-ലുള്ള സംസ്കൃതി മോഡൽ സ്കൂളിൽ കെജി വിദ്യാർഥിനിക്ക് നേരെ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ക്രൂരമായ ആക്രമണം. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സെക്ടർ 6-ലെ സിവിൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഡ് പിജിഐയിലേക്കും മാറ്റി. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, മൂന്നാം ക്ലാസുകാരൻ ആദ്യം പെൺകുട്ടിയെ കല്ലുകൊണ്ട് എറിയുകയും തുടർന്ന് പൂച്ചട്ടിയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. പെൺകുട്ടി ബോധരഹിതയായി വീണ ശേഷവും കല്ലേറ് തുടരുകയും കുട്ടിയെ കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു.
സ്കൂൾ സമയത്ത് ക്യാമ്പസിനുള്ളിൽ നടന്ന ഈ സംഭവം ചെറിയ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും സ്കൂളിലെ മേൽനോട്ടത്തെക്കുറിച്ചും വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സെക്ടർ 20 പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് യാഷ്ദീപ്, ഇൻവെസ്റ്റിഗേഷൻ ഓഫീസർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു.
സ്കൂളിൽ ആവശ്യത്തിന് മേൽനോട്ടം ഉണ്ടായിരുന്നുവോ എന്നും സംഭവം എങ്ങനെ സംഭവിച്ചുവെന്നും വ്യക്തമാക്കാൻ പോലീസ് മാനേജ്‌മെന്റിനെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാൻ മൂന്നാം ക്ലാസുകാരന്റെ രക്ഷിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.









0 comments