ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കവര്‍ച്ച; ചോര്‍ന്നത് 52,000കോടി രൂപയോളം മൂല്യമുള്ള ക്രിപ്റ്റോ കറൻസി

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്ഫോമായ ബൈനാൻസിൽ 6.3 ബില്യൺ ഡോളറിന്റെ കവര്‍ച്ച. ഡിജിറ്റൽ ആസ്തികളിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും വലിയ ചോര്‍ച്ചയാണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 52,000 കോടി രൂപയിൽ അധികം വരും. ഇതിൽ മൂന്ന് ബില്യൺ ഡോളര്‍ ബൈനാൻസും സുരക്ഷാ ഏജൻസികളും ചേര്‍ന്ന് മരവിപ്പിച്ച് നിര്‍ത്തിയതായി അവകാശപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം 'ബൈബിറ്റ്' എക്‌സ്‌ചേഞ്ചിൽ നടന്ന 1.5 ബില്യൺ ഡോളറിന്റെ കവർച്ചയെ മറികടന്ന റെക്കോര്‍ഡ് കവര്‍ച്ചയാണ്. 2017-ൽ ചൈനയിൽ തുടക്കം കുറിച്ച ബൈനാൻസിന് ലോകമെമ്പാടുമായി 300 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. 2024-ലെ കണക്കനുസരിച്ച് 160 ബില്യൺ ഡോളറിലധികം ഡിജിറ്റൽ ആസ്തി കമ്പനിയുടെ കൈവശമുണ്ട്. ചൈനയിൽ നിയമം കര്‍ശനമായതോടെ മാൾട്ട, ജപ്പാൻ, ദുബായ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കമ്പനിയുടെ പ്രധാന താവളങ്ങളായിരുന്നത്.
ഒരു ഡെവ്‌ഓപ്‌സ് (DevOps) എഞ്ചിനീയറുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണ് അനധികൃതമായി പണം പിൻവലിക്കാൻ ഇടയാക്കിയതെന്ന് ബൈനാൻസ് അറിയിച്ചിരുന്നു. ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത് കൂടുതൽ സങ്കീർണ്ണമായ ആസൂത്രിത ആക്രമണമാണെന്ന് വിശദമാക്കി. സ്വയം നശിക്കുന്ന ടൂളുകൾ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഓൺലൈനായി കടന്നു കയറി കൊള്ള നടത്തിയത്.
ഹാക്കിംഗ് വാർത്ത പുറത്തുവന്നതോടെ ക്രിപ്‌റ്റോ വിപണിയിൽ വൻ ഇടിവുണ്ടായി. ബിറ്റ്‌കോയിൻ വില 5% ഇടിഞ്ഞ് $76,800-ലേക്ക് താഴ്ന്നു. കോയിൻബേസ് ഓഹരി വിലയിൽ 12% ഇടിവ് രേഖപ്പെടുത്തി. റോബിൻഹുഡ് ഓഹരി വിലയിൽ 7.8% ഇടിവും ഉണ്ടായി.
ഉപഭോക്താക്കൾ സംഘടിച്ചതോടെ 6.34 ബില്യൺ ഡോളര്‍ നഷ്ടം നികത്താൻ മാറ്റിവെച്ചതായി കമ്പനി ഉടൻ അറിയിപ്പ് നൽകി. തങ്ങളുടെ വിശ്വാസ്യത ഉയർത്തി നിർത്തി. ഉത്തരകൊറിയൻ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസ് (Lazarus Group / TraderTraitor) ആണ് വമ്പൻ വെട്ടിപ്പിന് പിന്നിൽ എന്നാണ് ഈ രംഗത്തെ ചില ബ്ലോക്ക്‌ചെയിൻ അനലിറ്റിക്സ് ഏജൻസികൾ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നത്.
യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ യു.എസ് സീക്രട്ട് സർവീസും (US Secret Service) എഫ്.ബി.ഐയും (FBI) രാജ്യാന്തര തലത്തിൽ പണം വീണ്ടെടുക്കാനും കുറ്റവാളികളെ കണ്ടെത്താനും രംഗത്തുണ്ട്. സ്റ്റേബിൾകോയിനുകളായ റ്റെതർ (Tether), സർക്കിൾ (Circle) എന്നിവ യു.എസുമായി ബന്ധപ്പെട്ടവയായതിനാൽ അമേരിക്കൻ ഏജൻസികൾക്ക് അന്വേഷണത്തിൽ നിർണായക ഉത്തരവാദിത്തമുണ്ട്.









0 comments