Deshabhimani

ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ പോരാട്ടം; ചെന്നൈയിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ്

KBFC
വെബ് ഡെസ്ക്

Published on Oct 31, 2026, 12:24 PM | 1 min read

ചെന്നൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ചെന്നൈയിൻ വിജയമാണ് ലക്ഷ്യമിടുന്നത്.


കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് അവസാനനിമിഷം വഴങ്ങിയ ഗോളിൽ ചെന്നൈയിൻ 1-0ന് തോറ്റിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ ഗോൾരഹിത സമനിലയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.


മുന്നേറ്റനിരയിലെ ഫിനിഷിങ് മികവ് മെച്ചപ്പെടുത്തുകയാണ് ചെന്നൈയിന്റെ പ്രധാന ലക്ഷ്യമെന്ന് പരിശീലകൻ ക്ലിഫോർഡ് മിറാൻഡ പറഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും ടീം പുരോഗതി കൈവരിക്കുന്നുണ്ടെന്നും മത്സരങ്ങൾ ജയിക്കാൻ ഗോളുകൾ നേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


പുതിയ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം മെച്ചപ്പെട്ടുവരികയാണെന്ന് ചെന്നൈയിൻ മധ്യനിര താരം മദിഹ് തലാൽ പറഞ്ഞു. അതേസമയം, ചെന്നൈയിൻ മികച്ച ടീമാണെന്നും ഇതുവരെയുള്ള പ്രകടനത്തിന് അർഹമായ പോയിന്റുകൾ അവർക്ക് ലഭിച്ചിട്ടില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വെസ്റ്റ്വുഡ് അഭിപ്രായപ്പെട്ടു.


ഇരുടീമുകളും ഇതുവരെ 25 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടു വീതം ജയങ്ങളും ഒമ്പത് സമനിലകളുമാണ് ഫലം. ചെന്നൈയിൻ താരം നൂനോ റെയ്സിന്റെ ഫിറ്റ്നസ് പരിശോധിച്ച ശേഷമായിരിക്കും കളിക്കുമോയെന്ന് തീരുമാനിക്കുക. വിഘ്നേഷ് ദക്ഷിണമൂർത്തി, ഗ്ലാൻ മാർട്ടിൻസ്, മഹേസൻ സിങ് എന്നിവർ ടീമിൽ തിരിച്ചെത്തിയിട്ടില്ല.


കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അഡ്രിയാൻ ലൂണ, ആന്ദ്രേ ഗ്രീൻ, മോമ്മോ യാൻസാനെ, ഫല്ലോ എൻഡിയേ എന്നിവരുടെ ഫിറ്റ്നസും പരിശീലകസംഘം വിലയിരുത്തിവരികയാണ്. മത്സരം എംജി ഐഎസ്എൽ യൂട്യൂബ് ചാനൽ, സോണി ലിവ്, സോണി സ്പോർട്സ് നെറ്റ്‌വർക്ക് എന്നിവയിൽ തത്സമയം കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home