Deshabhimani

കഥ

സുനിയും ജൂതത്തെരുവിലെ പുസ്തകപ്രകാശനവും

പടം
avatar
ഡെയ്സി എൻ എസ്

Published on Oct 31, 2026, 12:11 PM | 16 min read

മട്ടാഞ്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചിൻ ഹാർബർ പാലം അടുക്കാറായപ്പോൾ 1943–ലെ സംശയാലുക്കളായ കൊച്ചീരാജ്യ പ്രജകളെ ബാധിച്ചിരുന്ന ചരിത്രപരമായ ഭയം എന്നെയും ബാധിച്ചു. മട്ടാഞ്ചേരി പാലമെന്നും തോപ്പുംപടി പാലമെന്നും അറിയപ്പെടുന്ന ആ ഡ്രോ ബ്രിഡ്ജിന്റെ നടുക്കെത്തിയപ്പോൾ കപ്പൽ കടന്നു പോകാനെന്നപോലെ പാലത്തിന്റെ മധ്യഭാഗം ഉയരുമെന്നും എന്റെ വാഹനം ചരിഞ്ഞ് ബാലൻസ് തെറ്റി കായലിന്റെ ആഴങ്ങളിലേക്ക് പതിക്കുമെന്നും ഞാൻ ഭയന്നു. ബ്രിട്ടീഷുകാരെ പണ്ടേ എനിക്ക് വിശ്വാസമില്ലായിരുന്നു. അതിനാൽ സർ റോബർട്ട് ചാൾസ് ബ്രിസ്റ്റോയെയും. കൊച്ചീ മഹാരാജാവിന്റെ വിസ്താരമേറിയ ആനക്കൊട്ടിലിലെ അനേകം ആനകളെ പാലത്തിലൂടെ നിരനിരയായി നടത്തിച്ച് സർ റോബർട്ട് ചാൾസ് ബ്രിസ്റ്റോ സംശയാലുക്കളായ കൊച്ചീക്കാരെ പാലത്തിന്റെ ഉറപ്പ് ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ചരിത്രപാഠപുസ്തകത്തിലെ ഒന്നാം സ്വാതന്ത്ര്യ സമരവും രണ്ടാം സ്വാതന്ത്ര്യ സമരവും മഹാത്മാ ഗാന്ധിയും പഴശ്ശിരാജയും എന്റെ ഉള്ളിലിരുന്ന് ആയുധങ്ങൾ കൂട്ടിമുട്ടിച്ചും അല്ലാതെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. കൊച്ചിൻ ഹാർബറിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ കണ്ടപ്പോൾ അവയിലേതെങ്കിലും പാലത്തിനടിയിലൂടെ കടന്നുപോകുമെന്നും ഇരുകരകളിലുള്ളവർക്ക് മുന്നറിയിപ്പു കൊടുക്കാതെ, കപ്പിയും ഇരുമ്പുവടവും ഉപയോഗിച്ച് ഉയർത്താതെ തനിയെ പാലത്തിന്റെ മധ്യഭാഗമുയരുമെന്നും ലേഡീ വെല്ലിങ്ടൺ മണ്ണുമാന്തികപ്പൽ തൊണ്ണൂറു വർഷങ്ങൾക്കുമുമ്പ് മണ്ണെടുത്തു കീറിയ ആഴമേറിയ കപ്പൽ ചാലിലേക്ക് വാഹനത്തോടെ ആണ്ടു പോകുമെന്നും ഞാൻ ഭയന്നു. ശ്വാസകോശങ്ങളിലേക്ക് കായൽജലം പാഞ്ഞു കയറിയപോലെ പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോൾ ശ്വാസംമുട്ടി. അനേകം കൊളോണിയൽ പ്രണയകഥകൾ മറഞ്ഞിരിക്കുന്ന വെല്ലിങ്ടൺ ഐലന്റിലേക്ക് ശ്വാസം കിട്ടാതെ പലതവണ തലയുയർത്തി ഞാൻ എത്തി നോക്കി. ഉരുയത്തിലെ കൊളോണിയൽ കുത്തിൽ എന്റെ തീവ്രദേശീയത സഹിഷ്ണുതയും സർഗാത്മകതയും ഒഴിഞ്ഞ് കായൽജലത്തിൽ മുങ്ങി മൃതമായി. വല്ലപ്പോഴും സൂര്യനുദിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നദീതീരങ്ങളിൽ ഈജിപ്ഷ്യൻ സുന്ദരിയായ ക്ലിയോപാട്രയുടെ മനം അടിയ്ക്കടി മാറുന്നതുപോലെ മഞ്ഞും മഴയും ജീവനില്ലാത്ത വെയിലും മാറി മാറി പെയ്യുന്നത് ഞാനറിഞ്ഞു. അപ്പോൾ പുരാതന ലണ്ടൻ ബ്രിഡ്ജിന്റെ കൈവരികളിൽ നിന്നു മഹാസമുദ്രങ്ങളും ഭൂഖണ്ഡങ്ങളും കടന്നുവന്ന കൊടുംതണുപ്പ് വേമ്പനാട്ടു കായലിലെ കാറ്റിന്റെ അകമ്പടിയോടെ പാലം കടക്കുന്ന എന്റെ ഉടലിനെ പൊതിഞ്ഞു. ക്ലിയോപാട്രയുടെ കരുത്തുറ്റ മനം സീസറിനോടുള്ള തീവ്ര പ്രണയത്താൽ ഇളകുന്നതുപോലെ തെംസ് നദീതടത്തിലുറഞ്ഞ മഞ്ഞുരുകി നൂറ്റാണ്ടുകൾക്കിപ്പുറത്തേക്കൊഴുകി മട്ടാഞ്ചേരി പാലത്തിന്റെ കൈവരിയിലുറഞ്ഞു. ലണ്ടൻ ബ്രിഡ്ജിനരികെ വെളിച്ചം തിരയുന്ന നീളമേറിയ ഉടലുള്ള ഒരു ബ്രിട്ടീഷ് വനിത കയ്യുറ ധരിക്കാതെ, രോമത്തൊപ്പിയില്ലാതെ, പാലത്തിന്റെ കൈവരിയിൽ പിടിച്ച് മഞ്ഞുറഞ്ഞ തെംസ് നദിയിലേക്ക് നോക്കി തന്റെ പ്രതിബിംബം തിരഞ്ഞു. മയക്കത്തിൽ കൊച്ചിൻ ഹാർബർ പാലം കടന്നത് അറിഞ്ഞില്ല. ഇടുങ്ങിയ തെരുവുകളുടെ പ്രതിധ്വനിക്കാതെ ചിതറുന്ന ഒച്ചകൾ സുഗന്ധവ്യഞ്ജനങ്ങളുടെ മണത്തോടൊപ്പം കടന്നുവന്നപ്പോൾ മട്ടാഞ്ചേരി അടുക്കാറായെന്നു തോന്നി.

പടംചിത്രീകരണം: സുനിൽ അശോകപുരം

‘‘പുസ്തകപ്രകാശനം നടക്കുന്നതെവിടെയാണ്, മട്ടാഞ്ചേരി എത്താറായി.’’ ഫോണെടുത്ത് ഞാൻ സുഹൃത്തിനെ വിളിച്ചു. ഫോർട്ടുകൊച്ചി അഴിമുഖത്തുനിന്ന് ഏതോ ചരക്കുകപ്പൽ തുറമുഖത്തേക്ക് കയറി വരുന്ന സൈറൺ മുഴങ്ങിയപ്പോഴാണ് ഞാൻ കയറിയ ഓട്ടോ പരാദേശി സിനഗോഗിനും മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിനും ഇടയിലുള്ള ജൂതത്തെരുവിലേക്ക് പ്രവേശിച്ചത്. ‘‘സിനഗോഗിനടുത്തേക്ക് വന്നോളൂ, യോഗം തുടങ്ങാൻ വൈകും.’’ തിരക്കുകൾക്കിടയിൽ ഫോണെടുത്തതുപോലെ സുഹൃത്ത് പെട്ടെന്ന് പറഞ്ഞു. വിദൂര ഭാവിയിൽ കടലെടുത്തു പോവാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ടുകൾ പറയുന്ന ജൂതത്തെരുവിൽ കൊച്ചിൻ ഹാർബർ പാലം കടന്നോ ഫോർട്ട് കൊച്ചി ഫെറി കടന്നോ പലതവണ ഞാൻ വന്നുപോയിട്ടുണ്ട്. വളരെ അടുപ്പമുള്ള സുഹൃത്തിന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാനാണ് പഴക്കമേറുംതോറും കൂടിയ യാത്രാവീര്യം പകരുന്ന, വിട്ടു പോകാത്ത യഹൂദ പാരമ്പര്യം അവശേഷിക്കുന്ന മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ വന്നത്. എനിക്കു പോകേണ്ട സ്ഥലമന്വേഷിച്ച് കൊളോണിയൽ സംസ്‌കാരം പേറുന്ന പഴക്കമേറിയ യഹൂദ ഭവനങ്ങളും പുരാവസ്തുക്കൾ വിൽക്കുന്ന കടകളും നിറഞ്ഞ, സുഗന്ധവ്യഞ്ജനങ്ങൾ മണക്കുന്ന തെരുവിലൂടെ ഓട്ടോയിൽ പലതവണ കറങ്ങിക്കൊണ്ടിരിക്കേ അമ്മയുടെ ഫോൺ വന്നു. ‘‘കഴിഞ്ഞ ദിവസം സുനി നിന്നെ അന്വേഷിച്ചു വന്നിരുന്നു. ഒന്നു കാണാൻ പറ്റുമോ എന്ന് ചോദിച്ചു.’’ ട്രെയിനിൽ കയറാനോ ഇറങ്ങാനോ ഉള്ള വെപ്രാളത്തിനിടയിൽ, ബസിൽ കയറാനുള്ള ശ്രദ്ധയുടെ മൂർച്ചയിൽ, വല്ലപ്പോഴുമുള്ള ഫ്ലൈറ്റ് യാത്രയുടെ ചെക്കിങ് നൂലാമാലകൾക്കിടയിൽ അമ്മയ്ക്കിത് പതിവാണ്. കൃത്യസമയത്ത് ശ്രദ്ധ തിരിച്ചുവിടുന്ന ഫോൺവിളി. എവിടെയെത്തി? കൂടെ ആരൊക്കെയുണ്ട്? ആണോ, പെണ്ണോ? ഒറ്റയ്ക്കുള്ള യാത്രകളിൽ അകാരണമായ തിടുക്കവും ആധിയും എന്നെ അനുഗമിച്ചിരുന്നു. അത് അമ്മയ്ക്കറിയാമായിരിക്കണം. ഒര് ആറാമിന്ദ്രിയം ഞങ്ങൾക്കിടയിൽ സദാ ചാരവൃത്തി നടത്തി. ഇന്ന് എന്റെ കാര്യമൊന്നും തിരക്കാതെ സുനിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ജാഗരൂകയായി. ഓട്ടോക്കാരന്റെ അന്വേഷണ കോലാഹലങ്ങൾക്കിടയിലേക്ക് സുനിയുടെ ഉയരം കൂടിയ ഉടൽ നൂണ്ട് കയറി വന്നു. ആന്റിക് സാധനങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന തിരക്കു കുറഞ്ഞ കടയുടെ മുന്നിലായിരുന്നു ഓട്ടോ അപ്പോൾ. കടയിലെ പുരാതന വസ്തുക്കളുടെ ഇടയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരുളി സ്ഥാപിച്ചിരുന്നു. അതിലെ താമരപ്പൂക്കൾ നിറഞ്ഞ ജലം ഓളം വെട്ടിയപ്പോൾ യഹൂദ സംസ്‌കാരം അടിത്തട്ടിൽനിന്ന് പുറത്തേക്ക് വന്ന് ജൂതത്തെരുവിലേക്ക്‌ എത്തിനോക്കി. ‘‘പുളിയ്ക്കലെ സുനിയോ? അവനിപ്പോൾ എവിടെയാണ്?’’ അപ്പോഴേയ്ക്കും പുസ്തക പ്രകാശനം നടക്കുന്ന ഇരുണ്ട കെട്ടിടം ഓട്ടോ ഡ്രൈവർ ഇടയ്ക്ക് വണ്ടി നിർത്തി പലരോടും ചോദിച്ച് കണ്ടുപിടിച്ചിരുന്നു. ഡച്ച് പാരമ്പര്യം വിളിച്ചോതുന്ന ആ കെട്ടിടം ഏതോ മമ്മൂട്ടി സിനിമയിൽ കണ്ടു പരിചയമുള്ളതാണെന്ന് എനിക്ക് തോന്നി. ഓട്ടോ കെട്ടിടത്തിന്റെ പിരിയൻ ഗോവണിക്കു ചുവട്ടിൽ നിർത്താൻ തുടങ്ങിയപ്പോൾ അമ്മയോട് സംസാരിക്കാൻ പാകത്തിൽ ഞാൻ അയഞ്ഞിരുന്നു. പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അതൊരു മങ്ങിയ തവിട്ടു ിറത്തിൽ പുറം പെയിന്റടിച്ച പഴകിയ ഇരുനില കെട്ടിടമാണെന്നു കണ്ടു. ചിത്രപ്പണികൾ നിറഞ്ഞ ഉൾച്ചുമരുകളുള്ള പഴക്കമേറിയ ആ കെട്ടിടത്തിന്റെ പിരിയൻ ഗോവണി കയറി മുകളിലെത്തിയപ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് പുസ്തകപ്രകാശനം സംഘടിപ്പിച്ചതിനെക്കുറിച്ച് സുഹൃത്തിനോട് ഞാൻ ചോദിച്ചിരുന്നു. ബുദ്ധിമുട്ടായിരുന്നെങ്കിലും ആ ചടങ്ങ് എനിക്ക് ഒഴിവാക്കാനാവുമായിരുന്നില്ല. പലതവണ ആ പുസ്തകത്തിന്റെ പ്രൂഫ് ഞാൻ വായിച്ചിരുന്നു. കുറച്ചൊക്കെ എഡിറ്റ് ചെയ്തു. ആത്മവിശ്വാസക്കുറവുമൂലം പലതവണ വേണ്ടെന്നു പറഞ്ഞിട്ടും പുസ്തകത്തിന്റെ ബ്ലർബ് എന്റേതായിരുന്നു. കടലും കായലും കൂടി ചേരുന്ന, വംശങ്ങൾ അന്യംനിന്നുപോകുന്ന തെരുവുകളുള്ള, ഇടവഴികൾ പിരിഞ്ഞ് വഴി തെറ്റിക്കുന്ന, ആ സ്ഥലം ഭാവിയിൽ എപ്പോഴെങ്കിലും അപ്രത്യക്ഷമായി പോയെങ്കിലോ എന്ന വിചിത്ര ഭയത്തിൽ നിന്നാണ് പുസ്തകപ്രകാശനം അവിടെ വച്ചതെന്ന് സുഹൃത്ത് പറഞ്ഞു. ‘‘അവനിതെന്തു പറ്റി. അവൻ എന്നെയൊന്നും ഓർക്കാറില്ലെന്നാണ് ഞാൻ കരുതിയത്.’’ ഞാൻ അമ്മയോട് പറഞ്ഞു. പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകത്തിന്റെ പ്രമുഖ പ്രസാധകർ വലിയൊരു ടേബിൾ നിറയെ പുസ്തകം വിൽപ്പനയ്ക്കായി നിരത്തി വച്ചിരുന്നു. പുസ്തകത്തിന്റെ കവർ പേജ് പ്രഗത്ഭനായ ഏതോ ചിത്രകാരൻ വരച്ചതായിരിക്കണം. അതിന്റെ മനോഹാരിത ശ്രദ്ധിച്ചുകൊണ്ട് ഫോൺ ചെവിയിൽ വച്ച് തന്നെ ഞാൻ അകത്തേക്കു കടന്നു.

പടംചിത്രീകരണം: സുനിൽ അശോകപുരം

ഞാൻ അമ്മയോട് മറുപടി പറയുമ്പോൾ പുസ്തകപ്രകാശന യോഗത്തിന്റെ ബാക്ക് ഡ്രോപ്പിലെ ചിത്രത്തിൽ കണ്ട പ്രകാശനം ചെയ്യുന്ന ആളിനെ എനിക്ക് പരിചയമില്ലല്ലോ എന്നോർത്തു. അതിപ്രശസ്തരിൽ പലരെയും എനിക്കറിയില്ലായിരുന്നു. എന്റെ ഇടമായിട്ടും ഞാൻ അതിൽ ഒട്ടും അപ്ഡേറ്റഡ് ആയിരുന്നില്ല. ചുമർചിത്രങ്ങൾ ശ്രദ്ധിച്ച് ഞാൻ ഹാളിനകത്തേക്കു കയറി നിരത്തിയിട്ട കസേരകളിലൊന്നിൽ ഇരുന്നു. ‘‘നീ അറിഞ്ഞില്ലേ, അവനു സുഖമില്ല. രണ്ടു മാസമായി. കഴിഞ്ഞ ദിവസം എറണാകുളത്തുവച്ച് തിരക്കിൽ നീ റോഡ് ക്രോസ് ചെയ്യുന്നത് അവൻ കണ്ടെന്ന്. നിന്നെ പലതവണ കൈകാട്ടി വിളിച്ചെന്ന്. നീ അത് കാണാതെ പോയതിൽ അവന് വിഷമമായെന്നു തോന്നുന്നു.’’ എപ്പോഴായിരിക്കും അതെന്ന് ഞാൻ ചിന്തിച്ചു. കോളേജിൽ പഠിപ്പിക്കാൻ പോയപ്പോൾ... ബാങ്കിൽ... ലൈബ്രറിയിൽ... സൂപ്പർമാർക്കറ്റിൽ. അതുമല്ലെങ്കിൽ നഗരത്തിൽ വെറുതെ അലഞ്ഞു തിരിയാൻ... അതിനിടയിൽ ദൂരെനിന്ന് എന്റെ പേരെടുത്തൊരു വിളി... ഒരു കൈമാടൽ. ഞാൻ ശ്രദ്ധിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ സുനിയെ അടുത്ത കാലത്തൊന്നും ഞാൻ ഓർത്തിരുന്നില്ല. കെട്ടിടത്തിന്റെ കവാടം ഇടുങ്ങി ഇരുണ്ടു നിന്നു. രഹസ്യങ്ങൾ ഒളിച്ചുവച്ച ചെമ്പുകുടം പതിയെ തുറക്കുന്ന നിഗൂഢതയോടെ അത് ജൂതത്തെരുവിലെ തിരക്കിലേക്കും വെളിച്ചത്തിലേക്കും തുറന്നു. ആളുകൾ ഒളിച്ചും പാത്തുമെന്ന പോലെ ചുറ്റുമുള്ള തിരക്കേറിയ തെരുവിലേക്ക് സംശയത്തോടെ നോക്കി, ഇതു തന്നെയാണോ സ്ഥലം എന്ന മട്ടിൽ അവിടേക്ക് കടന്നുവന്നു. പ്രകാശനം നടക്കുന്ന നാലു ചുമരുകൾക്ക് പുറത്ത് തെരുവിലെവിടെയും പുസ്തകപ്രകാശന ചടങ്ങിന്റെ അടയാളങ്ങളില്ലായ്മ എന്നെ പോലെ തന്നെ അവരെയും കുഴക്കിയിരിക്കണം. കടന്നുവരുമ്പോൾ കവാടത്തിൽ ഒരുക്കിയിരുന്ന പ്രസാധകരുടെ ടേബിളിൽ പ്രകാശനം നടക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയും എഴുതിയ ആളിന്റെ പേരും കണ്ട് സ്ഥലം ഇതുതന്നെയെന്നവർ ഉറപ്പിച്ചു. ‘‘സുനി കുറച്ചു മാസങ്ങളായി പുറത്തിറങ്ങാറില്ല. ആകെ ക്ഷീണിച്ചു. കഴിഞ്ഞ മാസം അമ്പലത്തിൽ വച്ചു അവന്റെ അമ്മയെ കണ്ടപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല.’’ അമ്മയുടെ ശബ്ദം ഫോണിലൂടെ വീണ്ടും പതറി വന്നു. ഉൾച്ചുമരിലെ ഞാനിരുന്നതിന്റെ എതിർവശത്തുള്ള ബഹുവർണ ചിത്രത്തിൽ ഒരു മൈതാനവും അതിൽ പന്തുകളിക്കുന്ന കുട്ടികളുമുണ്ടായിരുന്നു. നടന്ന് ആ ചിത്രത്തിനു മുന്നിൽ ചെന്ന് ചെളിയിൽ കുഴഞ്ഞ് അവർ പന്തുരുട്ടുന്നതു നോക്കി നിൽക്കെ ഞങ്ങളുടെ പാടത്തെ ചെളി കലർന്ന ഉണങ്ങിയ മണ്ണിലൂടെ സുനിയും കൂട്ടരും കാൽപന്തുരുട്ടി. അവന്റെ നീണ്ട കാലുകൾ മടക്കി പന്തടിച്ചപ്പോൾ അവന്റെ മുട്ടിനു താഴോട്ട് കാലുകൾക്ക് അസാധാരണ നീളമുള്ളതുപോലെ എനിക്ക് തോന്നി. ഇറക്കം കൂടിയ വെള്ള ഷിമ്മീസിട്ടു മുടി ഇരുവശത്തും മെടഞ്ഞു റിബ്ബണിട്ടു മടക്കിക്കെട്ടി ഞങ്ങൾ വരമ്പത്തുനിന്നു കൈയ്യടിച്ചു. പന്തുകളി മൂത്ത് മുന്നേറവേ ലച്ചു ചുണ്ടിൽ വിരലുകൾ ചേർത്തുവച്ച് ഈണത്തിൽ വിസിലടിച്ചു. പെൺകുട്ടികൾ വിസിലടിച്ചതിന് വരമ്പിന്റെ ഓരത്ത് ഒറ്റമുണ്ടും ഇറക്കം കുറഞ്ഞ ബ്ലൗസും ---ധരിച്ചു മുറുക്കി ചുവപ്പിച്ചു നിന്ന ഏതോ കാർന്നോത്തി ഉച്ചത്തിൽ ശകാരിച്ചു. അതിനുനേരെ ചെവികൊടുക്കാതെ ഞങ്ങൾ ചിരിയടക്കി വീണ്ടും ഓരോ ഗോളിനും നേരെ ചാടിത്തുള്ളി കൂവിയാർത്തു. ‘‘അടക്കവും ഒതുക്കവും ഇല്ലാത്ത പെങ്കുട്ട്യേള്. ഇതിനെയൊക്കെ ആരാപ്പാ വളർത്തണ്.’’ കാർന്നോത്തി വെറ്റില മുറുക്കി ആഞ്ഞ് തുപ്പി പിന്നെയും ഒച്ച കൂട്ടി... സുനിയുടെ ടീം ജയിച്ച ആരവത്തിനിടയിൽ അവരുടെ ഒച്ച ഇല്ലാണ്ടായി. ഞങ്ങൾ വരിവരിയായി ജയിച്ച ടീമിനെ അനുഗമിച്ചു പാടത്തൂടെ നടന്നു. സുനിയും മുകുന്ദനും കുഞ്ഞുണ്ണിയും മുന്നിൽ. ചേറിലും മണ്ണിലും കുഴഞ്ഞ്. മലിനമായ അവരുടെ വസ്ത്രങ്ങളിൽ തൊടാതെ ഞാൻ രണ്ടടി പിന്നിൽ നടന്നു. എന്റെ തൂവെള്ള മല്ലു കൊണ്ടുള്ള ഷിമ്മീസ് അവരെ തൊട്ടാൽ മുഷിയുമെന്ന് ഞാൻ ഭയന്നു. വേഗം നടക്ക്, വേഗം നടക്ക്, ലച്ചു ധൃതികൂട്ടി. അവളുടെ അച്ഛൻ പണികഴിഞ്ഞ് വരാറായിരുന്നു. മണ്ണു കുഴഞ്ഞ പന്ത് കൈവിരൽത്തുമ്പാൽ കറക്കി താഴെ വീഴാതെ സുനി വിസ്മയം തീർത്തു. കറക്കത്തിന്റെ വേഗം കണ്ട് ഞങ്ങളെല്ലാം ആരാധനയാൽ തുറിച്ച കണ്ണുകളോടെ അവനെ നോക്കി. അവൻ ഞങ്ങളെയൊന്നും മൈൻഡ് ചെയ്യാതെ മുകുന്ദന്റെയും കുഞ്ഞുണ്ണിയുടെയും ജയഭേരി കൂക്കുകളിൽ കുഴഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നു. ‘‘വല്യ ഗമ, അവൻ പോട്ടെ, നമുക്ക് പതുക്കെ പോയാൽ മതി.’’ ഞാൻ കുശുമ്പോടെ ലച്ചുവിനെ പിന്നാക്കം വലിച്ചു. അപ്പോൾ തൊട്ടടുത്തുള്ള പാടത്തെ കോളേജിൽ ക്ലാസ് കഴിഞ്ഞിട്ടും കോൺവെന്റിലേക്കു പോകാതെ ഏറെ വൈകിയും ക്യാമ്പസിൽ തങ്ങിയ കന്യാസ്ത്രീ ടീച്ചേഴ്സിന്റെ വെളുത്ത തിരുവസ്ത്രങ്ങളുടെ തുമ്പ് ബാൽക്കണിയിൽ മിന്നിമായുന്നത് ഞാൻ ശ്രദ്ധിച്ചു. പാടത്തെ കോളേജിന്റെ സ്റ്റാഫ് റൂമിന്റെ വലിയ ജാലകങ്ങളും മുകൾനിലയിലെ വിശാലമായ ബാൽക്കണിയും പന്തുകളി നടക്കുന്ന നരച്ച മൈതാനത്തേക്ക് തുറന്നിട്ടിരുന്നു. തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീ ടീച്ചേഴ്‌സ് ധാരാളം ഉള്ള ആ ആർട്സ് കോളേജിൽ കാലം പോകെ ഞാൻ എന്നേക്കാൾ മുതിർന്ന കുട്ടികളെ കണക്കും സ്റ്റാറ്റിസ്റ്റിക്സും പഠിപ്പിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. നഫീസയും റാണിയും സരിഗയും റംലത്തും ജിസയും ബെഞ്ചിലിരുന്ന് ഡസ്‌കിൽ തല ചായ്ച്ചു കിടന്ന് എന്റെ കണക്ക് ക്ലാസ് പാട്ടുകേൾക്കുന്ന ലാഘവത്തോടെ കേട്ടു. അവർ ക്ലാസിൽ അച്ചടക്കം പാലിക്കാത്തതിനും ഇത്തിരിപ്പിടുങ്ങോളമുള്ള എന്നിലെ ടീച്ചറെ മാനിക്കാത്തതിനും എനിക്കു ദേഷ്യം വന്നു. പിറ്റേന്ന് ബിഎ ക്ലാസിലെ കുട്ടികളെ ബേസിക് മാത്‌സും സ്റ്റാറ്റിസ്റ്റിക്സും കൃത്യമായി പഠിക്കാഞ്ഞതിന് ടീച്ചർ സ്കെയിലു കൊണ്ടു പൊതിരെ തല്ലി എന്ന അപരാധത്താൽ തലതാഴ്ത്തി രക്ഷിതാക്കളുടെ മുന്നിൽ ഞാൻ നിന്നു. പ്രിൻസിപ്പലിന്റെ ജാലകങ്ങളിൽ വെളുത്ത നിറമുള്ള കർട്ടനിട്ട വിശാലമായ റൂമിൽ ഫാൻ പതിവിൽ കൂടുതൽ വേഗത്തിൽ കറങ്ങിയിട്ടും അവർ ശാന്തരായില്ല.

പടംചിത്രീകരണം: സുനിൽ അശോകപുരം

കന്യാസ്ത്രീ പ്രിൻസിപ്പൽ രംഗത്തിന് അനുയോജ്യമായ തിരുവചനങ്ങൾ തുടരെ ഉരുവിട്ടു. എന്നിട്ടും രംഗം ശാന്തമാകാതെ രക്ഷിതാക്കളുടെ മുഖപേശികളിലെ കടുപ്പം മുറുകി. ‘സാരിയുടുത്ത വല്യ പെങ്കുട്ടികളെ തല്ലേ, ന്താത് കഥ' എന്ന മട്ടിൽ റാണിയുടെ പപ്പ എന്നെ നോക്കി. അവരുടെ കയ്യിലെ തിണർത്ത പാടിൽ നോക്കി നഫീസയുടെ ബാപ്പയും സരിഗയുടെ അച്ഛനും പ്രിൻസിപ്പലിനെ വകവയ്ക്കാതെ എന്റെ നേരെ കടുപ്പത്തിൽ എന്തോ പറയാനാഞ്ഞു. പ്രിൻസിപ്പൽ വീണ്ടും തിരുവചനങ്ങൾ ആവർത്തിച്ചു. രക്ഷിതാക്കൾ കൂടുതലൊന്നും പറയാതെ കാറ്റിലിളകുന്ന ജനൽ കർട്ടൻ ഒതുക്കി വാതിൽ കടന്നു പോയി. ‘‘അവറ്റോളൊന്നും പഠിക്കാൻ വരുന്നതല്ല, അവർ പറഞ്ഞതു കാര്യാക്കണ്ട. ടീച്ചർ കുറച്ചു സ്ട്രിക്റ്റായി തന്നെ നിന്നോളൂ.’’ അവർ പോയതിനുശേഷം പ്രിൻസിപ്പൽ സ്വരം താഴ്ത്തി എന്നോടു പറഞ്ഞു. അതിനുമുമ്പ് ക്ലാസിൽ ശ്രദ്ധിക്കാതെ, സംസാരിച്ചിരിക്കുന്നവരെ തൂക്കി വെളിയിലെറിയുമെന്ന് ഞാനൊരിക്കൽ ബികോം വിദ്യാർഥികളോട് പറഞ്ഞു. നരുന്തു പോലുള്ള ടീച്ചറെ പുറത്തെറിയാൻ ഞങ്ങൾക്ക് ചൂണ്ടുവിരൽ മതിയെന്ന് ഭാമ എന്ന ഉടൽവലുപ്പം കൂടിയ കുട്ടി എഴുന്നേറ്റുനിന്നു തർക്കുത്തരം പറഞ്ഞു. അവളുടെ വലിയ മുഖത്തിൽ കണ്ണുകൾ പതിവിൽ കവിഞ്ഞ് വട്ടത്തിലും മൂക്ക് നീണ്ട് ചെറുതായി വളഞ്ഞും കാണപ്പെട്ടു. അപ്പോൾ അവളുടെ മനോഹരമായ സാരിയിലെ വരകളും, കളങ്ങളും കരുക്കളും ഏണിയും നോക്കി മറ്റു കുട്ടികൾ ഒരു വിചിത്രകളിയിലേർപ്പെട്ടു. പദപ്രശ്നം പൂരിപ്പിക്കുന്നതു പോലെ സങ്കീർണമായ എന്തോ ഒന്ന്. പരാജയപ്പെട്ട പോലെ നിന്ന എന്നെ പരിഹാസത്തിന്റെ കരുക്കൾ കൊണ്ടവർ വെട്ടിമാറ്റാൻ ശ്രമിച്ചു. പരാജയം ഞാൻ പുല്ലുപോലെ പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. ആയിടെ ഒരുദിവസം സുനി സൈക്കിൾ പതിയെ ചവിട്ടി എന്റെയൊപ്പം കോളേജിലേക്കുള്ള വഴിയിലൂടെ വന്നു. ‘‘നീ കോളേജിൽ ഗുണ്ടായിസം കാണിച്ച് പിള്ളേരെ പേടിപ്പിക്കുന്നു എന്നൊരു പരാതി കിട്ടിയിട്ടുണ്ട്’’, അവൻ ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു. ഭാമ അവന്റെ അടുത്ത ബന്ധുവായിരുന്നു. ‘‘എന്റെ പരിമിതമായ ഇടത്തിലെങ്കിലും ഞാൻ രാജ്ഞിയാവട്ടെ’’, ഞാൻ അവനോട് തർക്കിച്ചു. എന്നാലും പിന്നീട് പല കാലങ്ങളിൽ പല സ്ഥലങ്ങളിൽ വച്ച് "മിസ്സേ' അല്ലെങ്കിൽ ‘ടീച്ചറേ’ എന്നു വിളിച്ച് കുട്ടികൾ അവിചാരിതമായി മുന്നിലേക്കു കടന്നുവന്നു. ഒരിക്കൽ ഭാമ എറണാകുളത്തു മറൈൻ ഡ്രൈവിൽ വച്ച് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുകയും ഞാനൊരു നല്ല ടീച്ചറായിരുന്നെന്നു വികാരഭരിതയായി പറയുകയും ചെയ്തു. ഞാനമ്പരന്നു. അവളുടെ ഉടൽ വലുപ്പം കുറഞ്ഞതുപോലെ അപ്പോൾ എനിക്കു തോന്നി. ഉണ്ടക്കണ്ണുകൾ കുറുകിയതായും. നീണ്ട മൂക്കിൽ വെളുത്ത വൈര മൂക്കുത്തിയുണ്ടായിരുന്നു. പണ്ട് അത് ഉണ്ടായിരുന്നില്ല. വാക്ക് വേയിലെ സിമന്റുബഞ്ചിൽ ദീർഘനേരം സംസാരിച്ചിരുന്ന് പോകാൻനേരം എന്റെ കരം കവർന്ന് അവൾ പറഞ്ഞു. ‘‘എനിക്കു മിസ്സിനെ വളരെ ഇഷ്ടമായിരുന്നു. സുനിയേട്ടനും.’’ ആളുകളുടെ തത്സമയ വൈകാരിക വൈവിധ്യങ്ങളെക്കുറിച്ച് ചിന്തിച്ച് ഞാൻ നിശ്ശബ്ദയായി. തടിപ്പലകകൾ കൊണ്ടു പണിത പിരിയൻ സ്റ്റെപ്പുകൾ കയറി കുറച്ചു പേർകൂടി മുറിയിലേക്ക് കയറിവന്നു. മരപ്പലകയിൽ കനത്ത കാൽപ്പാദങ്ങൾ പതിയുന്ന ശബ്ദത്തിൽ പാടത്തെ കോളേജിലെ ബികോം ക്ലാസും ബിഎ എക്കണോമിക്സ് ക്ലാസും കുട്ടികളും പ്രിൻസിപ്പലിന്റെ റൂമും ഭാമയും മാഞ്ഞുപോയി. കയറി വന്നവരെ നോക്കിനിൽക്കെ അമ്മയുടെ തളർന്ന സ്വരം വീണ്ടും ഫോണിലൂടെ കേട്ടു. ‘‘രണ്ടു മാസമായുള്ളൂ സുനിക്ക് അസുഖമാണെന്നറിഞ്ഞിട്ട്. ഇടവിട്ട ദിവസങ്ങളിൽ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ടുപോകും. ഊന്നുവടിയിലാണ് വല്ലപ്പോഴും നടക്കുന്നത്. ഇനി എത്ര നാൾ എന്നാണ് അവന്റെ പെങ്ങൾ സ്വീര പറഞ്ഞത്...’’ അമ്മയുടെ ശബ്ദത്തോടൊപ്പം പണ്ട് അവൻ കളി ജയിച്ചതിന്റെ ജയഭേരി അനുഗമിച്ചു വന്നു. അവന്റെ നീണ്ട കാലുകൾ വീണ്ടും നീട്ടി പന്തടിച്ചു. ആദ്യമത്‌ ബൗണ്ടറി കടന്നു പറന്നു. പിന്നെ മുട്ടിനു താഴെ ഏറെ നീണ്ട അവന്റെ കാലുകൾ ഭൂതകാലത്തിലെ ഗോൾ പോസ്റ്റിൽ നിന്ന എനിക്കുനേരെ പന്ത് തിരിച്ചടിച്ചു. ആക്കം കൂടിയ ഗോൾ തടുക്കാനാവാതെ ഞാൻ പൊടുന്നനെ വർത്തമാനകാല ഗോൾ വലയിലേക്ക് തെന്നി വീണു. ഞാൻ വീണുകിടക്കുന്നത് ശ്രദ്ധിക്കാതെ ഗോൾ, ഗോൾ എന്ന് ആരോ വിളിച്ചുകൂവി. ‘‘അവന് നിന്നെ ഒന്ന് കണ്ട് സംസാരിക്കണമെന്ന് നിർബന്ധം പറഞ്ഞു.


അതു പറയാനായി സ്വീരയെയും കൂട്ടി വയ്യെങ്കിലും കഷ്ടപ്പെട്ടു നമ്മുടെ വീട്ടിൽ വന്നതാണ്. പറ്റുമെങ്കിൽ അവനെ ഇന്നു തന്നെ കാണണം.’’ ഫോണിലൂടെ ഇപ്പോൾ പുറത്തുവന്ന അമ്മയുടെ ശബ്ദത്തോടൊപ്പം ഞാൻ സുനിയുടെ രോഗാതുരമാർന്ന മുഖമോർക്കാൻ ശ്രമിച്ചു. അത് തെളിച്ചമില്ലാതെ മങ്ങി നിന്നു. ‘‘വരൂ, മുൻനിരയിൽ ഇരിക്കാം. അവിടെ പരിചയമുള്ളവരുണ്ട്. പരിപാടി തുടങ്ങാൻ കുറച്ച് വൈകും.’’ സുഹൃത്ത് വന്ന് എന്നെ മുൻനിരയിലേക്കാനയിച്ചു. അവിടെ ഒന്നുരണ്ടു പരിചയക്കാരെ കണ്ടു. എനിയ്ക്കാരോടും സംസാരിക്കാൻ തോന്നിയില്ല. ഞാൻ ഫോണിന്റെ അപ്പുറത്തുള്ള ഭൂതകാലത്തായിരുന്നു. പുസ്തകം പ്രകാശനം ചെയ്യുന്നയാളും ഏറ്റുവാങ്ങുന്ന വ്യക്തിയും എത്തിയിരുന്നില്ല. കുറച്ചു മാറി ജനലിനടുത്തുള്ള കസേരയിലിരുന്ന് താഴേക്ക് നോക്കിയപ്പോൾ ജൂതത്തെരുവിൽ വിദേശസഞ്ചാരികൾ നിറഞ്ഞിരുന്നു. ഞാൻ വശം ചാരിയിരുന്നിരുന്ന ചുമര് ശ്രദ്ധിച്ചപ്പോൾ അവിടെ താഴെയുള്ള ജൂതത്തെരുവ് അതേപോലെ വരച്ചിട്ടിരിക്കുന്നതു കണ്ടു. തെരുവിനു മധ്യേ തറ കെട്ടി സംരക്ഷിച്ചിരുന്ന തണൽവൃക്ഷം തെരുവിലും ചുമരിലും അപ്പോൾ ഒന്നായ് തീർന്നു. ചുമരിലേക്ക് ചേർന്നിരുന്നപ്പോൾ ഞാൻ താഴെ തെരുവിൽ തണൽ മരത്തിനു ചുറ്റും കെട്ടിയ സിമന്റുതറയിലാണിരിക്കുന്നതെന്നു ഒരു നിമിഷം ഭ്രമപ്പെട്ടു. പുസ്തകപ്രകാശനം നടക്കുന്ന മുറിയും ജൂതത്തെരുവും അപ്പോൾ ഒന്നായി പരിണമിച്ചു. പെട്ടെന്ന് ആ തെരുവിലെ മറ്റൊരു സഞ്ചാരിയായി ഞാൻ രൂപാന്തരപ്പെടുകയും നീളൻ തുണിസഞ്ചി തോളിലിട്ട് ഏകയായി കടലിനുനേരെ നടന്നു പോകുകയും ചെയ്തു. അപ്പോൾ തെരുവും പഴക്കമേറിയ യഹൂദ ഭവനങ്ങളിലെ എനിക്കു മാത്രം കേൾക്കാവുന്ന തേങ്ങലുകളും, അധിനിവേശങ്ങൾക്ക് സാക്ഷിയായ അറബിക്കടലിലെ കൂറ്റൻ തിരമാലകളും എന്നെ വന്നു മൂടി. ഇരുട്ടിൽ കടലിരമ്പത്തോടൊപ്പം ഞാൻ ഭ്രമണം ചെയ്യാൻ തുടങ്ങി. പെട്ടെന്ന് എല്ലാവരും വാതിൽക്കലെ വെളിച്ചത്തിലേക്ക് നോക്കുന്നതു കണ്ടു. പ്രകാശനം ചെയ്യുന്ന ആളും ഏറ്റുവാങ്ങുന്ന ആളും ഒന്നിച്ചു കടന്നുവന്നു. അവർ ഈ ഭൂമിയിലെ മനുഷ്യരാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്താകുഴപ്പത്തിലായി. പുസ്തക വിൽപ്പനക്കാരെ പോലെ അവരുടെ തോൾസഞ്ചിയിൽ നിറയെ പുസ്തകങ്ങൾ കുത്തിനിറച്ചിരുന്നു. പുതിയ എഴുത്തുകാർ വായിക്കാനും അഭിപ്രായം രേഖപ്പെടുത്താൻ യാചിച്ചും ഏൽപ്പിച്ചതാവാം. അവരതെല്ലാം എന്തു ചെയ്യുമെന്നോർത്ത് ഞാൻ അമ്പരന്നു. തോൾസഞ്ചിയിൽനിന്ന് പുസ്തകങ്ങളെല്ലാം രക്ഷപ്പെട്ട് പുറത്തുചാടുമെന്നും തിരികെ യാത്രചെയ്ത് അവയുടെ യഥാർഥ ആസ്വാദകരെ കണ്ടെത്തുമെന്നും ഞാൻ പ്രത്യാശിച്ചു. അവയെല്ലാം എന്റേതാണെന്ന് എനിക്കു തോന്നി. മുമ്പൊരിക്കൽ എന്റെ ആദ്യ പുസ്തകം വായിച്ച് അഭിപ്രായം പറയുമോ എന്ന് അനുവാദമില്ലാത്ത സ്വാതന്ത്ര്യമെടുത്ത് ഒരു പ്രസിദ്ധ എഴുത്തുകാരനോട് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ വിലപ്പെട്ട സമയത്തിന്റെ മൂല്യത്തെക്കുറിച്ച് അദ്ദേഹം എന്നെ പണിപ്പെട്ട് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വളരെയധികം പ്രാധാന്യമുള്ള മറ്റു കാര്യങ്ങൾക്ക് സമയം തികയുന്നില്ലെന്ന് ആവലാതി പറഞ്ഞു. എന്റെ ചെറിയ, കനമില്ലാത്ത, ഏഴു കഥകളുടെ കനത്ത ഭാരവുമായി ഞാൻ തല താഴ്ത്തി. മറ്റുള്ളവരുടെ സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ഞാൻ ആദ്യമായി ഗൗരവത്തോടെ ചിന്തിച്ചു. എന്റെ സമയത്തിന്റെ തത്സമയ മൂല്യമില്ലായ്മയെക്കുറിച്ചും. കൊഴുത്ത ലജ്ജ എന്നെ ശിരസ്സോളം മുക്കി. കഥകൾ വായിച്ച് അഭിപ്രായം പറയണമെന്ന് പിന്നീടാരോടും പറഞ്ഞില്ല. "പുസ്തകങ്ങളിൽ ിന്നിറങ്ങി വന്ന് കഥ തേടണം. പച്ചമനുഷ്യരുടെ ചോരയൂറ്റിക്കുടിച്ച് പടയ്ക്കുന്ന കഥകൾ. എന്നിട്ടാ മനുഷ്യരുടെ ചണ്ടി പച്ചമണ്ണിൽ അടക്കണം. ലക്ഷ്യത്തിൽനിന്ന് വ്യതിചലിച്ചു പോകുന്ന കഥാപാത്രങ്ങൾ എങ്ങോട്ടെങ്കിലും പോകട്ടെ. ആരെയും പിടിച്ചുനിർത്താൻ ശ്രമിക്കരുത്.’’ അക്കാലത്ത് യുവാവായ ഒരു പുതുകാല കഥാകൃത്ത് എന്നെ കാര്യമായി ഉപദേശിച്ചു. ഞാൻ ഒരു നിമിഷം അന്ധാളിച്ചു. എനിക്ക് അയാൾ പറഞ്ഞതെന്തെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ‘‘ഏറ്റവും റിയലിസ്റ്റിക്കായ കഥകൾ മാത്രമേ ഇപ്പോൾ വായിക്കപ്പെടുന്നുള്ളുൂ. അതിൽ ചോരയും നീരും വിയർപ്പും അധ്വാനവും ദാരിദ്ര്യവും പകയും കാമവും രതിയും വേണം... പറ്റിയാൽ കൊല്ലും കൊലയും. പ്രണയം വേണമെന്നില്ല.’’ അദ്ദേഹം എന്നെ പിന്തുടർന്ന് ആവർത്തിച്ചു. മൗലികത എന്നാൽ എന്താണെന്ന് എനിക്കദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ വിഴുങ്ങി. ചിലതെല്ലാം വിഴുങ്ങാൻ ഞാൻ ആയിടെ പഠിച്ചു തുടങ്ങിയിരുന്നു.

പടംചിത്രീകരണം: സുനിൽ അശോകപുരം

കാത്തിരുന്നവരുടെ സമയത്തെക്കുറിച്ച് തെല്ലും ഖേദത്തോടെ പരാമർശിക്കാതെ മീറ്റിങ്ങ് ഉടനെ തുടങ്ങുന്നതായിരിക്കും എന്ന അനൗൺസ്മെന്റ്‌ വന്നു. ബാക്ക് ഡ്രോപ്പിന്റെ മുന്നിലായി കൃത്യമായി നിരത്തിയിട്ട കസേരകളിലേക്ക് മുഖ്യാതിഥികൾ കയറിയിരുന്നു. വേദിയിലേക്ക് കടന്നിരിക്കാൻ സുഹൃത്ത് പറഞ്ഞപ്പോൾ പിന്നീടാവട്ടെ എന്നു പറഞ്ഞ് ഞാൻ ഇരുന്നിടത്തു തന്നെ ചുമരിൽ ഒന്നൂടെ വിശാലമായി ചാരിയിരുന്നു. എനിക്കെങ്ങനെയും ഇരിക്കാമെന്ന് എനിക്ക് തോന്നി. ഞാൻ എന്റെ നേർത്ത ഉടലോടെ ആ തെരുവിൽ അപ്രത്യക്ഷയായ വ്യക്തിയായിരുന്നു. പുസ്തക പ്രകാശന റൂമിൽ ഇരിക്കുന്നത് മറ്റാരോ ആയിരുന്നു. ‘‘ഇപ്പോൾ എറണാകുളത്തെവിടെയോ ആണ് സുനി താമസിക്കുന്നത്. ചികിത്സയുടെ സൗകര്യത്തിന് അമ്മാവന്റെ വീട്ടിൽ.’’ അമ്മയുടെ ശബ്ദത്തിനിടയിലൂടെ പുസ്‌തകപ്രകാശനം നടക്കാൻ പോകുന്നു എന്ന അറിയിപ്പ് വന്നു. വർണക്കടലാസിൽ പൊതിഞ്ഞ പുസ്തകം മനോഹരമായ റിബ്ബണിട്ടു കെട്ടി സുഹൃത്ത് മേശപ്പുറത്ത് കൊണ്ടുവച്ചു. ആ വർഷത്തെ അക്കാദമി അവാർഡ് ലഭിച്ച വ്യക്തിയായിരുന്നു പുസ്തകം പ്രകാശിപ്പിക്കുന്നത്‌. എനിക്കതറിയില്ലായിരുന്നു. നിരവധി സാഹിത്യ സംഘടനകളുടെ നേതൃത്വനിരയിലുള്ള ഏറെ അറിയപ്പെടുന്ന മറ്റൊരു വ്യക്തിയാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. പൊതുവേദികളിലും സോഷ്യൽ മീഡിയകളിലും സജീവമല്ലാത്തതു കാരണം എനിക്ക് രണ്ടു പേരും പരിചിതരായിരുന്നില്ല. വർണക്കടലാസ് അഴിഞ്ഞു വീഴെ സുഹൃത്തിനെ മധ്യത്തിൽ നിർത്തി പുസ്തകം പ്രകാശിപ്പിക്കപ്പെട്ടു. ‘‘സുനിയുടെ എറണാകുളത്തെ അഡ്രസ്സും ഫോൺ നമ്പറും സ്വീര തന്നിട്ടുണ്ട്. വാട്സാപ്പും ഇതേ നമ്പറിലാണ്. ഞാനത് ഇപ്പോൾ തന്നെ നിനക്ക് അയച്ചു തരാം... ഒരു കാര്യം പറയാൻ മറന്നു. സുനിയുടെ കൂട്ടുകാരൻ ഒരു മുകുന്ദനുണ്ടായിരുന്നില്ലേ. അവൻ കഴിഞ്ഞ മാസം ആ പൊട്ടക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.’’ ‘‘മുകുന്ദനോ?’’ ഞാൻ ഞെട്ടലോടെ ചോദിച്ചു. ഉടനെ വാട്സാപ്പിൽ അമ്മയുടെ മെസേജ് വന്നു. സുനിയുടെ കുറെ ഫോട്ടോസും അതിലുണ്ടായിരുന്നു. പല കാലങ്ങളിലുള്ളത്. അതാതു കാലങ്ങളിലെ ഫാഷനിലുള്ള പാന്റ്‌സും മുണ്ടും ഷർട്ടും ടീഷർട്ടുകളുമിട്ട്. അതിൽ അവൻ ഫുട്ബോൾ മത്സരത്തിൽ ട്രോഫി വാങ്ങിക്കുന്ന ഫോട്ടോയിൽ ഓരംപറ്റി എന്നെയും ലച്ചുവിനെയും കണ്ടു. ഞങ്ങൾ വെളുത്ത ഷിമ്മീസ് മാറി ഇറക്കം കൂടിയ ബ്ലൗസും ചിന്നാളം പട്ടിന്റെ ഫുൾ പാവാടയും ധരിച്ചിരുന്നു. മുടി മെടഞ്ഞിടാതെ കുളി പിന്നു പിന്നി വിരിച്ചിട്ടിരുന്നു. മുകുന്ദനും കുഞ്ഞുണ്ണിയും ട്രോഫി ഉയർത്തിയ സുനിയോടൊപ്പം വായുവിലേക്ക് ചാടി ആർപ്പുവിളിക്കുന്നു. പൊന്നാഞ്ചിറയും കഴിഞ്ഞ് വലിയ മൈതാനത്തിനുമപ്പുറം ധാരാളം പുല്ലുള്ള ഒരു സ്ഥലമുണ്ടായിരുന്നു. ഞങ്ങൾ ആടിനെ വളർത്തുന്ന കാലത്ത് ആടിനെ പുല്ലു തീറ്റിക്കാനായി ഞാനും ലച്ചുവും അവിടെ പോകുമായിരുന്നു. ആരും അധികം കടന്നു വരാത്ത ആ സ്ഥലം ഞങ്ങളുടെ സന്തോഷത്തിന്റെ രഹസ്യ ഇടമായിരുന്നു. ആടിനെ പുല്ലുതിന്നാൻ കെട്ടിയിട്ട് ഞങ്ങൾ ഇടതൂർന്ന പൊന്തക്കാടിന്റെ മറയിലിരുന്ന് പുസ്തകങ്ങൾ വായിച്ചു. പൊന്തക്കാടിനുമപ്പുറം പൊട്ടിപ്പൊളിഞ്ഞ പടവുകളുള്ള, പൊളിഞ്ഞുവീഴാറായ ഓടുമേൽക്കൂരയുള്ള കുളിപ്പുരയ്ക്കും താഴെ ആഴമുള്ള കുളത്തിന്റെ വഴുക്കുന്ന ചെങ്കൽ പടവുകൾ കൈ പിടിച്ചിറങ്ങി. താഴേക്കിറങ്ങി വെള്ളത്തിനടിയിലുള്ള ആദ്യത്തെ പടവിലിരുന്ന് നനഞ്ഞ് ആയിടെ ഇറങ്ങിയ സിനിമാക്കഥകൾ പറഞ്ഞു. കുളത്തിലെ ഉരുണ്ട പച്ച നിറമുള്ള കൊഴുത്ത ജലം സൂക്ഷ്മമായ പായലുകളെ ഉടലിലൊളിപ്പിച്ച് ഓളങ്ങളില്ലാതെ അനക്കമറ്റ് ഞങ്ങളുടെ കഥകളെ ആഴങ്ങളിലേക്കാവാഹിച്ചു. കറുത്ത, കൊഴുത്ത ആഴങ്ങളിൽ മരണം പതിയിരിക്കുന്നുണ്ടെന്ന് കുഞ്ഞുണ്ണി ഒരിക്കൽ ഞങ്ങളോട് പറഞ്ഞു. കുളത്തിൽ ചാടി ആത്മഹത്യ ചെയ്തവരുടെ പേരുകൾ വിട്ടുപോകാതെ എണ്ണിയെണ്ണി പറഞ്ഞപ്പോൾ അവന്റെ ശബ്ദം വിറച്ചിരുന്നു. ക്ലാസിലെ ആൺകുട്ടികളുടെ വിശേഷങ്ങൾ പറഞ്ഞപ്പോൾ ജലം പതുക്കെ അനങ്ങിയതായി എനിക്കു തോന്നി. അവരുടെ നിഷ്കളങ്ക രഹസ്യങ്ങൾക്ക് നേരെ ജലത്തിനടിയിൽ അഴുകിയവർ ചെവി കൂർപ്പിച്ചു. അതറിയാതെ ലച്ചു ഈണത്തിൽ പാടി. അതിൽ ലയിച്ച് ജലത്തിലിരുന്ന് തന്നെ ഞങ്ങൾ പരസ്പരം ജലം തെറിപ്പിച്ചു. അപ്പോൾ ജലത്തിന്റെ ആഴങ്ങളിലേയ്ക്ക് തൂക്കിയിട്ട കാൽപ്പാദങ്ങളെ പരൽമീനുകൾ ചുംബിച്ചു. അപ്പോൾ മാത്രം പൊട്ടക്കുളം ഒച്ചവച്ചു. ഒരു ദിവസം ഞങ്ങളുടെ അടുത്തേക്ക് മുകുന്ദനും സുനിയും മടിച്ചു മടിച്ചു വന്നു.


കുഞ്ഞുണ്ണി അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ‘‘ഞങ്ങളെയും കൂട്ടുമോ?’’ മുകുന്ദൻ ചോദിച്ചു. ‘‘എന്തിന്?’’ ഞാൻ അറിയാതെ ചോദിച്ചു. നോക്കുമ്പോൾ സുനി മുകുന്ദനു പുറകിൽ എന്നെ തന്നെ തറച്ചു നോക്കി നിൽക്കുന്നു. അവന്റെ കണ്ണുകൾ വല്ലാതെ പ്രകാശിക്കുന്നത് ഞാൻ കണ്ടു. നീണ്ട ഉടൽ വിയർക്കുന്നതും. പെട്ടെന്ന് ഒരു നിശ്ശബ്ദത അവിടെ നിറഞ്ഞു. ഞാൻ വായിച്ചിരുന്ന പുസ്തകം ഏതാണെന്ന് സുനി പിടിച്ചുവാങ്ങി നോക്കി. അത് തകഴിയുടെ തോട്ടിയുടെ മകൻ ആയിരുന്നു. ‘‘നിനക്ക് നിന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ വായിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചൂടെ. ഒരു തോട്ടിക്കഥ വായിക്കുന്നു...’’ മഹാനായ തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകനെ അവൻ വിലയിടിച്ചു കണ്ടതിൽ എനിക്ക് അതിയായ ദുഃഖം തോന്നി. ഞാൻ അതിനു തൊട്ടുമുമ്പ് വായിച്ചത് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’മാണെന്ന് എനിക്കവനോട് പറയാൻ തോന്നിയില്ല. കനാൽ ആപ്പീസിനു സമീപം ചന്തക്കടവിൽ പുഴയ്ക്കു കുറുകെയുള്ള കുത്തനെയുള്ള പടവുകളുള്ള ഉയരംകൂടിയ മരപ്പാലം വിറച്ചും ഭയന്നും കടന്ന് അക്കരെ പറ്റി ബാലവാടിയ്ക്കടുത്ത വായനശാലയിൽനിന്ന് കെഞ്ചി കടം വാങ്ങിച്ചു കൊണ്ടുവന്ന പുസ്തകങ്ങളായിരുന്നു അതെല്ലാം. പുഴയുടെ ഇക്കരെയായതിനാൽ ഞങ്ങൾക്കാ വായനശാലയിൽ മെമ്പർഷിപ്പ് കിട്ടുമായിരുന്നില്ല. വായനശാലയുടെ വാതിൽക്കൽ നിന്ന് പുസ്തക റാക്കുകളിലേക്കുള്ള എന്റെ ആർത്തിപിടിച്ച നോട്ടത്തെ വായനശാലയിലെ മേൽനോട്ടക്കാരന് അവഗണിക്കാനായില്ല. അയാൾ ചില നിയമലംഘനങ്ങൾ നടത്തി. എന്നാലും ഔദാര്യത്തിന്റെ വഴക്കമില്ലായ്മയെ അഭിമുഖീകരിക്കാൻ എനിക്കറിയില്ലായിരുന്നു. അത് മറികടക്കാൻ ഔദാര്യത്താൽ തരമായ പുസ്തകവായനയെ ഗൗരവമുള്ളതാക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചു. പെട്ടെന്ന് സുനി എന്നോടു ചേർന്നുനിന്നു പുസ്തകത്തിന്റെ ഒരറ്റം എന്റെ മുഖത്ത് ശക്തിയായി മുട്ടിച്ചു. രണ്ടടി അകലം ഉണ്ടായിരുന്നെങ്കിലും തോട്ടിയുടെ മകന്റെ യാതനയും നിന്ദകളും മാറ്റിനിർത്തലുകളും നിറഞ്ഞ പഴകി മഞ്ഞച്ച താളുകൾക്കിടയിലൂടെ സുനിയുടെ നിശ്വാസവായു ഇങ്ങേയറ്റത്തേക്ക് അതിക്രമിച്ചു വന്ന് എന്റെ മുഖത്ത് പ്രഹരമേൽപ്പിച്ചു. ചുണ്ടുകളെ മുറിവേൽപ്പിക്കുംപോൽ സൂചിമുന പോലെ ഊഷ്മാവു കൂടിയ ചുടുവായു ആഞ്ഞുകുത്തി. അപ്പോൾ താളുകൾക്കിടയിലൂടെ കടന്നുവന്ന അവന്റെ നിശ്വാസത്തിലെ കൊടുംചൂടിലും മൂർച്ചയിലും ഞാൻ പൊള്ളി പിടഞ്ഞു. പെട്ടെന്ന് മുകുന്ദൻ, എനിക്കും സുനിക്കും ഇടയിലേക്ക് കയറി നിന്നു. ‘‘സുനിക്ക് നിന്നോടെന്തോ പറയാനുണ്ടെന്ന്. നിങ്ങൾ ആ പൊന്തയുടെ മറയിലേക്ക് മാറിനിന്ന് സംസാരിക്ക്.’’ മുകുന്ദൻ എന്റെ തൊട്ടടുത്തുനിന്ന് ശബ്ദം താഴ്ത്തി എന്നോടു പറഞ്ഞു. ഉച്ചവെയിൽ ചാഞ്ഞിരുന്നു. പടിഞ്ഞാറുനിന്ന് തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി. ആയിടെ ഇറങ്ങിയ ജനപ്രിയ സിനിമയിലെ പൈങ്കിളി രംഗം ആവർത്തിക്കുന്നതുപോലെ ഞാൻ പരിഭ്രാന്തയായി. ആളൊഴിഞ്ഞ കുളക്കടവിലെ ഇരുണ്ട പച്ചനിറമുള്ള കൊഴുത്ത ജലത്തിനടിയിൽ തളം കെട്ടി കിടന്ന കറുത്തമരണം പുറത്തേക്ക് വന്ന് ഒന്ന് എത്തിനോക്കി തിരിച്ചു മുങ്ങി. പെട്ടെന്ന് സുനിയ്ക്ക് പറയാനുള്ളതിനെക്കുറിച്ചുള്ള വിദൂര ഊഹം എന്നെ ഭീതിതയാക്കി. ‘‘വേഗം സംസാരിക്ക്, ആരെങ്കിലും വരും.’’ മുകുന്ദന്റെ വെപ്രാളം നിറഞ്ഞ വാക്ക് കേട്ട് ഞാൻ പതറി. ഒഴിഞ്ഞു മാറാൻ പഴുതുതേടി. ലച്ചു കാട്ടുപൊന്തയ്ക്കരികിലേക്ക് മാറിനിന്ന് എന്റെ പുസ്തകത്തിൽനിന്ന് താഴെ വീണ സിനിമാ നോട്ടീസ് ഉദ്വേഗഭരിതയായി വായിക്കുന്നു. കടുത്ത സിനിമാ പ്രാന്തിയായ അവൾ ലോകം ഇടിഞ്ഞുവീണാലും അറിയില്ല. ‘‘എന്തിനാണ് പേടിക്കുന്നത്... സംസാരിക്കാൻ മടിയാണെങ്കിൽ വേണ്ട. അവന് നിന്നോട് പറയാനുള്ളത് ആ കടലാസിലുണ്ട്.’’ സുനി എനിയ്ക്കായ് ഒരു പേജ് നാലായി മടക്കി പുല്ലിലിടുന്നതു ഞാൻ മുഴങ്ങുന്ന നെഞ്ചിടിപ്പോടെ കണ്ടു. അതെടുത്ത് വായിക്കണോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു. ഉടനെ അത് വേണ്ടെന്നു വച്ചു. ‘‘ലച്ചൂ, ഓടി വായോ, ആടിതാ കുറ്റീം പറച്ച് ഓടുന്നു.’’ എന്തോ അങ്ങനെ വിളിച്ചുപറഞ്ഞ് ഞാൻ സിനിമാ നോട്ടീസ് വായിക്കുന്ന ലച്ചുവിന്റെ കൈയ്യും പിടിച്ച് വലിച്ച് മുന്നോട്ടോടി. കൈ വേദനിച്ച അവൾ എന്താ എന്താ എന്ന് ചോദിച്ച് കൈവിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നടന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല. അവൾ പ്രേംനസീറിന്റെയും ഷീലയുടെയും ജയഭാരതിയുടെയും ജയന്റെയും സീമയുടെയും കൂടെയായിരുന്നു. സോമനും സുകുമാരനും വേണു നാഗവള്ളിയും ശോഭയും ജലജയും നോട്ടീസിൽ നിന്നിറങ്ങി വന്ന് അവളുടെ ഉള്ളിലേക്ക് കയറി സദാ നടനം ചെയ്തു. പ്രതാപ് പോത്തന്റെ ആംഗലേയം കലർന്ന ഡയലോഗിലും പ്രണയം മയങ്ങുന്ന മിഴികളിലും അവൾ മൂക്കുകുത്തി വീണു. അവൾ സദാ സിനിമയ്ക്കുള്ളിലായിരുന്നു. ഞാനാ അരങ്ങിൽനിന്ന് ലച്ചുവിനെ വലിച്ചു പുറത്തേക്കിട്ടു. അവൾ പൊട്ടക്കുളത്തിന്റെ വക്കിലേക്കു തന്നെ എപ്പോഴും വീണു. മുകുന്ദന്റെയും സുനിയുടെയും ശ്രദ്ധയിൽ പെടാതെ അകലെ പുല്ലിൽ തറച്ചിരുന്ന കുറ്റിയൂരി ആടിന്റെ കയറും പിടിച്ച് ഞങ്ങൾ ഓടി. കുറ്റിയൂരിയത്‌ അവർ കണ്ടോ എന്ന് തിരിഞ്ഞു നോക്കിയപ്പോൾ സുനിയും മുകുന്ദനും അവിടെ തറഞ്ഞു നിൽക്കുന്നു. കുറച്ചു കഴിഞ്ഞ് സുനി കുനിഞ്ഞ് ആ കത്ത് തിരിച്ചെടുക്കുന്നതു കണ്ടു. കത്ത് പുല്ലിൽനിന്ന് തിരിച്ചെടുത്തപ്പോൾ സുനിയുടെ നീളം കൂടിയ ശരീരം കുറുകി ചെറുതായതുപോലെ എനിക്കു തോന്നി. പ്രണയത്തിനെപ്പോഴും ഒറ്റ ഭാഷയേ ഉണ്ടായിരുന്നുള്ളൂ. ഒറ്റ ലിപിയും. അത് ലളിതവും നേരെ വിനിമയം ചെയ്യുന്നതും മതിപ്പുളവാക്കാത്തതുമായ അതിപുരാതന സങ്കേതം ആണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. അത് വൈകാരികമായ കുടിയേറ്റങ്ങൾ നടത്തി. അതിർത്തികൾ ചാടിക്കടന്നു. ചിലപ്പോൾ വേരുറയ്ക്കാതെ ചതുപ്പിലൂടെ ഹൃദയാതിർത്തിയിലേക്ക് പലായനങ്ങൾ നടത്തി തടങ്കലിലായി. അപൂർവം യഥാർഥ പ്രണയത്തിന്റെ ഫലഭൂയിഷ്ഠതയിൽ വേരുകളാഴ്ന്ന് ഉറച്ചു. പല രംഗങ്ങളിൽ അതിന്റെ ശരീര ഭാഷ ആത്മവിശ്വാസം കുറഞ്ഞ് വിറച്ചും വിയർത്തും ആടി നിന്നു. ലജ്ജയൊഴിഞ്ഞ് ഭൂമിയെ തൊട്ടു. പ്രണയം ചിലപ്പോഴൊക്കെ അതിലേർപ്പെടുന്നവരുടെ വിലയിടിച്ചിരുന്നു എന്ന് പിൽക്കാലത്ത് എനിയ്ക്ക് തോന്നിയിരുന്നു. മെസേജ് നോട്ടിഫിക്കേഷൻ ഒരിക്കൽകൂടി വന്നു. തുറന്നപ്പോൾ അമ്മയുടെ മെസേജ് വീണ്ടും. ‘‘മറക്കല്ലേ മോളേ, ഇന്നു തന്നെ പോണേ... അവനെയിനി ഹോസ്പിറ്റലിലേക്ക് കൊണ്ടുചെല്ലണ്ട എന്നു ഡോക്ടർ പറഞ്ഞു.


പാലിയേറ്റീവ് ചികിത്സ മാത്രം മതിയെന്ന്...’’ പുസ്തകങ്ങളുടെ ലോകത്ത് ഞാനെപ്പോഴും മറ്റൊരാളായിരുന്നു. മറ്റൊരു ലോകത്ത്, മറ്റൊരു കാലത്ത്, നിരന്തരം മനുഷ്യരിൽനിന്ന് ഒളിച്ചോട്ടം നടത്തി. അർധരാത്രികളിൽ സ്വാസ്ഥ്യം തേടി അക്ഷരങ്ങളുടെ സ്വർണഖനികളിലേക്ക് ഖനനം ചെയ്ത് തളർന്നുറങ്ങി. ചിലപ്പോൾ ഭയന്ന്, പച്ച മനുഷ്യന്റെ ചൂരും ചൂടും നോവും ഒഴിഞ്ഞു പോയ സാങ്കൽപ്പിക ലോകത്തിലെ പച്ചമണ്ണിന്റെ തണുപ്പിലേക്ക് പടർന്ന്. പേരറിയാത്ത എന്തോ തിരഞ്ഞ് അഭയാർതഥിയായി അതിർത്തികൾക്ക് സമാന്തരമായി വിടവു തേടി അലഞ്ഞ്. ചിലപ്പോൾ കാൽപ്പനികതയുടെ പടവുകൾ കയറി വായുവിൽ തൂങ്ങിയാടുന്ന കഥാലോകത്തിന്റെ ഊഞ്ഞാലിൽ ആയത്തിൽ ആടി ആടി... കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ താഴോട്ടുവീണ്... അന്ത്യത്തിൽ ജീവിതം പച്ചയായി പുസ്തക താളുകളിൽ നിന്നെന്നെ ചവിട്ടി പുറത്തേക്കിട്ടു. ചിത്രപ്പണികൾ നിറഞ്ഞ ജനലിലൂടെ ജൂതത്തെരുവിലെ തിരക്കിലേക്കെത്തിനോക്കി ഞാൻ ഫോണിൽ ജിപിഎസ്‌ ഓണാക്കി സുനിയുടെ സ്ഥലത്തേക്ക് എത്ര ദൂരമുണ്ടെന്നു നോക്കി. ജൂതത്തെരുവിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം ദൂരത്തായിരുന്നത്. വീണ്ടെടുപ്പിന് സാധ്യതയില്ലാതെ ആ ചെറു ദൂരം വളഞ്ഞും പുളഞ്ഞും ചുവന്നും മിന്നിയും ഫോണിന്റെ സ്ക്രീനിൽ നിറഞ്ഞു കവിഞ്ഞു അപ്പുറത്തേക്ക് പടർന്നു. ആശംസാപ്രസംഗത്തിനു നിൽക്കാതെ ഞാൻ ചാരിയിരുന്ന ചുമരിലെ ചിത്രത്തിലെ കറുത്ത ചായം പൂശിയ സിമന്റുബെഞ്ചിൽ നിന്നെഴുന്നേറ്റു നടന്നു. ഞാൻ എഴുന്നേറ്റപ്പോൾ ജൂതത്തെരുവ് മൊത്തമായി പല നിറങ്ങളിൽ ചുമരിൽ ഇരമ്പിയാർത്തു. ജൂതത്തെരുവിലൂടെ ഈജിപ്‌ഷ്യൻ സുന്ദരി ക്ലിയോപാട്ര തലതാഴ്ത്തി നടന്നുപോകുന്നത് ഞാൻ കണ്ടു. അവർക്കു മുന്നിൽ കപ്പലുകൾ നിരനിരയായി കിടന്നു. അവർ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് എനിക്കു തോന്നി. പിരിയൻ ഗോവണിയിൽ കൂടെയുള്ള ഇറക്കത്തിൽ തടിപ്പലക കൊണ്ടുള്ള ആദ്യത്തെ സ്റ്റെപ്പിൽ കാൽവയ്ക്കുന്നതിനു തൊട്ടുമുമ്പ് ഞാൻ തിരിഞ്ഞു നോക്കി. വേദിയിൽ സുഹൃത്ത് എഴുന്നേറ്റുനിന്ന് എന്താണ് പോകുന്നതെന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. ഞാൻ കൈവീശി തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. പെട്ടെന്ന് വേദിയ്ക്കരികെ എൽഇഡി സ്ക്രീനിൽ പുസ്തകത്തിന്റെ കവർ ചിത്രവും ഞാനെഴുതിയ ബ്ലർബും വലുതായി കാണിക്കുന്നത് കണ്ടു. എൽഇഡി സ്ക്രീൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നോർത്ത് ഞാൻ പിരിയൻ പടികളിറങ്ങി. ഗോവണി ഇറങ്ങി താഴെയെത്തിയപ്പോൾ ജൂതത്തെരുവ് ശൂന്യമായിരുന്നു. ആയിടെ ഇറങ്ങിയ സിനിമയിലെ ടൈറ്റിൽ സോങ്ങിലെ അന്ത്യഭാഗം പോലെ വിനോദസഞ്ചാരികളെല്ലാം സ്പീഡ് മോഷനിൽ തെരുവിന്റെ പല കോണുകളിലേക്ക് അപ്രത്യക്ഷമായിരുന്നു. ചുറ്റും തറ കെട്ടിയ തണൽ മരവും ആളൊഴിഞ്ഞ കരകൗശല സ്റ്റാളുകളും യഹൂദ ഭവനങ്ങളും തെരുവിലവശേഷിച്ചു. വിജനമായ തെരുവിലേക്കിറങ്ങി നടക്കാൻ തുടങ്ങവെ സുനി എന്റെ മുന്നിലേക്ക് കനമുള്ള പുറംചട്ടയുള്ള ഏതോ പുതുപുത്തൻ ഗ്രന്ഥവുമായി കയറി നിന്നതുപോലുള്ള തോന്നലിൽ ഞാൻ ഒരു പടി മുകളിലേക്കു തന്നെ തിരിച്ചു കയറി. അടച്ചുവച്ച ഗ്രന്ഥം അവന്റെ ദുർബലമായ കൈകൾക്ക് താങ്ങാനാവുന്നില്ലെന്ന് എനിക്ക് തോന്നി. അവന്റെ ഉടലിൽനിന്ന് അപാരമായ ഒരു കാന്തിക ആകർഷണം എന്റെ നേർക്ക് പ്രവഹിച്ചു. അതിന്റെ തീക്ഷ്ണതയിൽ എനിക്കു മയക്കം വന്നു. അവൻ കയ്യിലേന്തിയത് ഒരു ആത്മീയ ഗ്രന്ഥമായിരിക്കാമെന്ന് മയക്കത്തിൽ എനിക്കു തോന്നി. ഗ്രന്ഥത്തിന്റെ ഒരറ്റം സുനി എന്റെ മുഖത്തേക്ക് മൃദുവായി ചേർത്തുവയ്ക്കുന്നത് ഞാനറിഞ്ഞു. താളുകൾക്കിടയിലൂടെ മനുഷ്യ സംബന്ധിയായ പ്രണയമൊഴിഞ്ഞു പോയ തളർന്ന നിശ്വാസമെന്നെ പൊതിഞ്ഞു. ഇളം ചൂടുള്ള തളർന്ന കാറ്റ് എന്റെ ചുണ്ടുകളെ തലോടി കടന്നുപോയി. പെട്ടെന്ന് ആത്മഹത്യ ചെയ്ത മുകുന്ദൻ ഒരിക്കൽകൂടി ഞങ്ങൾക്കിടയിലേക്ക് കയറി നിന്നു. മുകുന്ദന്റെ മുഖത്തെ പതിവു ശാന്തത അപ്രത്യക്ഷമായിരുന്നു.


‘‘നീ എന്താണ് നേടിയത്? നിനക്ക് യഥാർഥ സന്തോഷം എന്താണെന്നറിയാമോ? എനിക്കത് കൃത്യമായറിയാം. സുനിയും ഉടനെ അതറിയും... നീ നിനക്കു തന്നെ നിശ്ചയമില്ലാത്ത എന്തിനോ വേണ്ടി പിന്നെയും അലയും.’’ ആർദ്രതയൊഴിഞ്ഞുപോയ കണ്ണുകളിലൂടെ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ക്രുദ്ധനായി നോക്കി അവൻ പറഞ്ഞു. എന്തോ എന്റെ തല കുനിഞ്ഞു. ഞാൻ വീണ്ടും വീണ്ടും പുതുക്കപ്പെടേണ്ട വ്യക്തിയാണെന്ന് അപ്പോളെനിക്കു തോന്നി. പെട്ടെന്ന് മുന്നിൽ വന്നു നിന്ന ഓട്ടോയിൽ കയറി ഞാൻ ഡ്രൈവർക്ക് സുനിയുടെ വീട്ടിലേയ്ക്കുള്ള ലൊക്കേഷൻ ഷെയർ ചെയ്തു. അപ്പോൾ ഈട്ടി തടി കൊണ്ടുള്ള, ചിത്രപ്പണികൾ നിറഞ്ഞ മച്ചുള്ള, ഓടിട്ട ഇരുനില മാളികവീടിന്റെ ഇരുട്ടും തണുപ്പും നിറഞ്ഞ മുറിയിലെ പഴകിയ ഏകാന്തത എനിക്കനുഭവപ്പെട്ടു. സ്വന്തം രാജ്യത്തേക്ക് പോകാൻ തിടുക്കമില്ലാതിരുന്ന അവസാനത്തെ യഹൂദ സ്ത്രീയുടെ പ്രണയത്തെക്കുറിച്ചുള്ള വാഴ്ത്തലുകൾ ജൂതത്തെരുവിൽ മുഴങ്ങി. അപ്പോൾ തണുത്ത മുറിയിലെ വെളിച്ചം കുറഞ്ഞ കോണിലെ പഴകി നുറുമ്പിച്ച മര അലമാരിയിലെ താഴേ തട്ടിലെ പഴംതുണിയ്ക്കടിയിൽ------നിന്ന് പുറത്തു വന്ന പൊടിഞ്ഞു മഞ്ഞച്ച നാലായി മടക്കിയ നൂറു പേജിന്റെ വരയിട്ട നോട്ടു പുസ്തകത്താള് ലോക്കേഷൻ മാപ്പിനൊപ്പം യാത്ര ചെയ്യാൻ തുടങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home