Deshabhimani

സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും; ഗെയിംസിൽ തിരുവനന്തപുരം: അത്‌ലറ്റിക്സിൽ ഐഡിയൽ തുടർച്ചയായ അഞ്ചാം കിരീടം ഉറപ്പിച്ചു

ideal

സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ മലപ്പുറം ഐഡിയൽ 
ഇഎച്ച്എസ്എസിലെ ആഷ്ന ഷൈജു സ്വർണത്തിലേക്ക് 
പറന്നിറങ്ങുന്നു

ഫോട്ടോ: Jagath Lal
വെബ് ഡെസ്ക്

Published on Oct 31, 2026, 11:32 AM | 2 min read

കോഴിക്കോട്: അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. നാലായിരത്തിലധികം കൗമാര കായിക പ്രതിഭകൾ 10 വേദികളിലായി അണിനിരന്ന കായിക മാമാങ്കത്തിനാണ് തിരശീല വീഴുന്നത്. സ്കൂൾ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,310 പോയിന്റുമായി തിരുവനന്തപുരം ചാമ്പ്യൻമാരായി. ഓവറോൾ കിരീടവും തലസ്ഥാന ജില്ല ഉറപ്പിച്ചു. 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.


സ്കൂൾ വിഭാഗത്തിൽ 79 പോയിന്റുമായി തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച് എസ് എസ് ഒന്നാമതെത്തി. കണ്ണൂർ സെന്റ് തെരേസാസ് എ ഐ എച്ച് എസ്.എസ് 56 പോയിന്റുമായി രണ്ടാമതും വട്ടിയൂർക്കാവ് ഗവ വി എച്ച് എസ് എസ് 45 പോയിന്റുമായി മൂന്നാമതുമെത്തി.


ഗെയിംസിന്റെ അവസാനദിനമായ ഇന്നലെ സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോളിൽ കോഴിക്കോട് ജേതാക്കളായി. തൃശൂരിനാണ് രണ്ടാംസ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വർണം നേടിയപ്പോൾ കോഴിക്കോട് വെള്ളി നേടി. സീനിയർ പെൺകുട്ടികളുടെ ബാഡ്മിന്റണിൽ കണ്ണൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. സബ്ജൂനിയർ പെൺകുട്ടികളുടെ ബോൾ ബാഡ്മിന്റണിൽ തൃശൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോടും കിരീടം നേടി.


അത്‌ലറ്റിക്സിൽ ഐഡിയലിന്റെ ആധിപത്യം


സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് കിരീടം തുടർച്ചയായ അഞ്ചാം വർഷവും മലപ്പുറം കടകശേരി ഐഡിയൽ ഇ എച്ച് എസ് എസിന്. എട്ട് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമടക്കം 75.3 പോയിന്റുമായാണ് ഐഡിയൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 45 താരങ്ങളുമായി എത്തിയ സ്കൂളിലെ 18 പേർ ഇതിനകം മെഡൽ നേടി. സ്പോർട്സ് സ്കൂളുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജീവിരാജ സ്പോർട്ട്സ് സ്കൂൾ 84.3 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.


ലോക സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ പോൾവോൾട്ട് താരം കെ.എസ്. അമൽചിത്രയും സ്വർണം നേടി. സീനിയർ ആൺകുട്ടികളിൽ കെ സി അമീൻ മൂന്ന് മെഡലുകൾ സ്വന്തമാക്കി. സബ്ജൂനിയറിൽ കെ വി മുഹമ്മദ് ഇസാനും ജൂനിയറിൽ ഡോൺ മാർട്ടിനും ഇരട്ട മെഡലുകൾ നേടി.


34 പോയിന്റുമായി പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസ് രണ്ടാംസ്ഥാനത്തും 30 പോയിന്റുമായി മലപ്പുറം ആലത്തിയൂർ കെ എച്ച് എം എച്ച്.എസ് മൂന്നാംസ്ഥാനത്തുമാണ്.


ഇന്ന് രാവിലത്തെ പ്രകടനങ്ങൾ


200 മീറ്റർ ഓട്ടത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ കുന്നംകുളം ഗവ. വി എച്ച് എസ് എസ് ഫോർ ബോയ്സിലെ ഇബിൻ കെ.ജെ 21.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. സീനിയർ പെൺകുട്ടികളിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ജി എച്ച് എസ് എസിലെ ശ്രേയ ആർ 25.47 സെക്കൻഡിൽ ഒന്നാമതെത്തി.


ജൂനിയർ ആൺകുട്ടികളിൽ കോട്ടയം കൊരുത്തോട് സി.കെ.എം.എച്ച്.എസിലെ വിഷ്ണു യാദവ് 22.05 സെക്കൻഡിലും പെൺകുട്ടികളിൽ കണ്ണൂർ സായി തലശ്ശേരിയിലെ ഇവാന ടോമി 25.26 സെക്കൻഡിലും സ്വർണം നേടി.


സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് മാത്തൂർ സി എഫ് ഡി വി എച്ച് എസിലെ പ്രഹ്ലാദ് പി 24.74 സെക്കൻഡിൽ ഒന്നാമതെത്തി. ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മലപ്പുറം പൂക്കൊളത്തൂർ സി എച്ച് എം എച്ച് എസിലെ മുഹമ്മദ് റബീഹ് 1.94 മീറ്റർ ചാടി സ്വർണം നേടി.


ഉച്ചമുതലുള്ള പ്രധാന മത്സര ഫൈനലുകൾ


ഉച്ചയ്ക്ക് വിവിധ അത്‌ലറ്റിക്സ് ഇനങ്ങളുടെ മത്സരങ്ങൾ നടക്കും. ജൂനിയർ പെൺകുട്ടികളുടെ ഹൈജംപ് മത്സരം ഉച്ചയ്ക്ക് ഒന്നിനും സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോ 1.10നും നടക്കും. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരം 1.20നാണ്.


4 x 400 മീറ്റർ റിലേ മത്സരങ്ങൾ ഉച്ചയ്ക്ക് 2.20ന് ആരംഭിക്കും. ജൂനിയർ പെൺകുട്ടികളുടെ വിഭാഗമാണ് ആദ്യം. തുടർന്ന് 2.30ന് ജൂനിയർ ആൺകുട്ടികളും 2.40ന് സീനിയർ പെൺകുട്ടികളും 2.50ന് സീനിയർ ആൺകുട്ടികളും മത്സരത്തിനിറങ്ങും.


ഇന്ന് നടക്കുന്ന സമാപനച്ചടങ്ങോടെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഔദ്യോഗികമായി സമാപനമാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home