Deshabhimani

കവർസ്‌റ്റോറി

പാറ്റകൾക്ക് സിനിമയോട് പറയാനുള്ളത്

പടം
avatar
സി എസ് വെങ്കിടേശ്വരൻ

Published on Oct 31, 2026, 11:17 AM | 12 min read

സമാന്തരമെന്നോ പ്രതിപക്ഷമെന്നോ വിശേഷിപ്പിക്കാവുന്ന സിനിമകളെയും അവയെക്കുറിച്ചുള്ള ആലോചന തുടങ്ങി പ്രദർശനവും ആസ്വാദനവും വരെയുള്ള കാര്യങ്ങളെയും ‘പ്രവർത്തനം’ ആയി ചിന്തിക്കേണ്ട ഒരു സാഹചര്യമാണ് ഇന്ത്യയിൽ നിലവിലുള്ളത്. ദൃശ്യരംഗത്തെ ലാവണ്യചിന്തയും ഭാവനയും വിപണനവും പ്രദർശനവുമെല്ലാം ഇന്ന് രാഷ്‌ട്രീയപ്രവർത്തനമായി മാറിയിരിക്കുന്നു. എല്ലാതരം സിനിമകൾക്കും അവയുടേതായ ഇടവും നിലയും സ്ഥാനമാനങ്ങളും എതിർപ്പുകളും സമ്മതികളുമെല്ലാം ഉണ്ടായിരുന്ന കാലം അസ്‌തമിച്ചിരിക്കുന്നു. ഇന്ന് ചില സിനിമകൾ പ്രദർശിപ്പിക്കുകപോലും കുറ്റകരമായ ഒരു കൃത്യമായി മാറിയിരിക്കുകയാണ്. (കാണുന്നത് കുറ്റകരമാകുന്ന സമയവും വിദൂരമല്ല.) അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉമർ ഖാലിദിനെക്കുറിച്ച് ലളിത് വാചാനി നിർമിച്ച ‘പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്’ എന്ന ചിത്രപ്രദർശനം തടഞ്ഞുകൊണ്ടുള്ള സെൻസർ ബോർഡിന്റെ നിർദേശം. കേന്ദ്ര സെൻസർ ബോർഡിന്റെ മുൻ അനുമതിയില്ലാതെ സിനിമകൾ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്നത് സിനിമാറ്റോഗ്രാഫ് ആക്ടിന്റെ ലംഘനമാണ് എന്നാണ് പുതിയ നിർദേശം. അതുപോലെ ഈ വർഷത്തെ കേരള അന്തർദേശീയ ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ പ്രദർശനത്തിനായി തെരഞ്ഞെടുത്ത പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്: കാസ്റ്റ് ആൻഡ്‌ കോൺട്രാക്ട്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡൊ, ബേർഡ്സ് ഓഫ് വാർ, പുട് യുവർ സോൾ ഓൺ യുവർ ഹാൻഡ്‌ ആൻഡ്‌ വാക്, അവർ ലാൻഡ്‌ തുടങ്ങി 31 ചിത്രങ്ങൾക്ക് കേന്ദ്ര വിവരവിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരിക്കയാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് മാറിയ രാഷ്‌ട്രീയ കാലാവസ്ഥയെയുമാണ്.

മുമ്പ്, ഭരണകൂടത്തിനു വിരുദ്ധമോ വിമർശിക്കുന്നതോ ആയ ചിത്രങ്ങളാണ് സെൻസർ ബോർഡ് വഴി തടയപ്പെട്ടിരുന്നത്. പക്ഷെ അന്നും ചലച്ചിത്രമേളകളെ ഇത്തരം നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. അന്ന്‌ സെൻസർ ബോർഡ് എന്ന സ്ഥാപനം വാർത്തകളിൽ കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത് ലൈംഗികരംഗങ്ങളും ഹിംസാദൃശ്യങ്ങളും അനുവദിക്കുന്നതിലെ കാർക്കശ്യത്തെയും ഉദാരതയെയും കുറിച്ചുള്ള ചർച്ചകളിലായിരുന്നു; രാഷ്‌ട്രീയസംബന്ധിയായ നിരോധനങ്ങൾ തീർച്ചയായും എക്കാലത്തും ഉണ്ടായിരുന്നു. പക്ഷെ അത്തരം ഭരണകൂട ഇടപെടലുകൾക്കെതിരെ മാധ്യമങ്ങളും സിനിമാപ്രവർത്തകരും സംഘടനകളും പ്രതിഷേധിക്കുകയും പലപ്പോഴും സമാന്തരപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.

അത്തരം പ്രതിരോധങ്ങൾ ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ സാമ്പ്രദായികമായ പ്രതിഷേധരീതികൾ അപ്രസക്തമോ യുവാക്കളുടെ തരംഗദൈർഘ്യങ്ങളുമായി ചേരാത്തതോ ആയിരിക്കുന്ന ഇന്നത്തെ കാലാവസ്ഥയിൽ കലയുടെ പ്രതിരോധശേഷി എങ്ങനെ വീണ്ടെടുക്കും എന്നതാണ് വെല്ലുവിളി.

ഇന്ന് ജനാധിപത്യത്തെയും പ്രതിരോധത്തെയും കുറിച്ച് പരാമർശിക്കുന്ന ചിത്രങ്ങൾ നിരോധിക്കപ്പെടുക മാത്രമല്ല സംഭവിക്കുന്നത്. ഒപ്പം തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ചിത്രങ്ങൾ ഭരണകൂടത്തിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയും പുരസ്‌കൃതങ്ങളാവുകയും സർക്കാർ സബ്സിഡിയോടെ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ സന്ദർഭത്തിന്റെ കച്ചവട അവസരവും ലാഭവും ഒപ്പം സാമൂഹ്യ മൂലധന സാധ്യതകളും മുന്നിൽ കണ്ടുകൊണ്ട് സിനിമാ നിർമാതാക്കൾ മുന്നോട്ടുവരികയും ചെയ്‌തിട്ടുണ്ട്. വെറുപ്പിന്റെ ഈ പുതിയ, വികസിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക വിപണിയെയാണ് അവർ നിർമിച്ചെടുക്കുന്നതും ആശ്രയിക്കുന്നതും.

ഭരണകൂടവും മൂലധനവും കൈകോർക്കുന്ന ഈ ‘ഡബിൾ എൻജിൻ’ അധികാരയന്ത്രത്തെയാണ് ഇന്ന് കലാകൃത്തുക്കൾ നേരിടുന്നത്. ഇത് അവരെ പുതിയ ആവിഷ്‌കാര രീതികൾ മാത്രമല്ല; വിനിമയ-പങ്കിടൽ-‍, ആസ്വാദന രീതികൾ എന്നിവ കണ്ടെത്താനും നിർബന്ധിതരാക്കുന്നു. സിനിമയുടെ ചരിത്രത്തിൽ ഏതൊരു തരംഗവും, അല്ലെങ്കിൽ പ്രസ്ഥാനവും ഉയർന്നുവന്നത് പുതിയ ഭാവുകത്വം പ്രചോദിപ്പിച്ച, അല്ലെങ്കിൽ ആവിഷ്‌കരിക്കുന്ന കലാകൃതികളും കലാകൃത്തുക്കളും ഉണ്ടായിവന്നതുകൊണ്ടുമാത്രമല്ല. ആ പുതിയ കല വ്യവസ്ഥിതിവിരുദ്ധമായിരുന്നതിനാൽതന്നെ സമാന്തരവും നൂതനവുമായ വിനിമയരീതികൾ കണ്ടെത്തേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. അതായത് പുതിയ കലാസൃഷ്ടികൾക്കൊപ്പം പുതിയ വിനിമയ –- ആസ്വാദന വേദികളും ആ കൃതികളെക്കുറിച്ചുള്ള വിമർശനാത്മകമായ എഴുത്തുകളും സൈദ്ധാന്തിക വ്യവഹാരങ്ങളും ഉരുത്തിരിഞ്ഞതിലൂടെയാണ് അവ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ ഒരു തരംഗമായി ചരിത്രത്തിൽ അടയാളപ്പെട്ടത്. മുഖ്യധാരാ വേദികളിൽ ഇടംപിടിക്കാതെ, അല്ലെങ്കിൽ അവയുടെ പരിധികളെ ലംഘിച്ചുകൊണ്ട്, സമാന്തരമായ വേദികൾ– - ഫിലിം സൊസൈറ്റികൾ, തൊഴിൽ ശാലകൾ, സർവകലാശാലകൾ, തെരുവോരങ്ങൾ, നഗരചത്വരങ്ങൾ തുടങ്ങി പലതും -വഴി പുതുസിനിമകൾ അതിന്റെ പ്രേക്ഷകരിലേക്കെത്തി, അവരെ കണ്ടെത്തി, സംവാദത്തിലേർപ്പെട്ടു. ഈ മുഖാമുഖത്തെ വലയം ചെയ്‌തുകൊണ്ടും വികസ്വരമാക്കിക്കൊണ്ടും പുതിയ സിനിമാ എഴുത്തുകളും എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും ഉയർന്നുവന്നു. ഇതായിരുന്നു സിനിമയുടെ അനലോഗ്/സെല്ലുലോയ്ഡ് കാലത്തു സാധ്യമായത് / സാധ്യമാക്കപ്പെട്ടത് എങ്കിൽ ഇന്നത്തെ ഡിജിറ്റൽ കാലത്ത് അത്തരം വിനിമയ പ്രചാരണ സാധ്യതകൾ എത്രയോ മടങ്ങ് വർധിക്കുകയല്ലേ ചെയ്‌തിട്ടുള്ളത്?

എന്തൊക്കെയാവാം അത്തരം മാർഗങ്ങൾ എന്നു ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത് ഇയ്യിടെ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികളും യുവാക്കളും നടത്തിയ സമരമാണ്. സിനിമ ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിന്നു നോക്കുമ്പോൾ പാറ്റകൾക്ക് സിനിമയോട് പലതും പറയാനും പഠിപ്പിക്കാനുമുണ്ട് എന്നു തോന്നുന്നു.

ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിൽനിന്ന്‌ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിൽനിന്ന്‌

​


പാറ്റകൾ കാണിച്ച വഴികൾ

വിർച്വലിൽനിന്ന്

ഭൗതികതയിലേക്ക്

​​​​പൊതുവെ ജെൻസിയെക്കുറിച്ചുള്ള ധാരണ അവർ നവമാധ്യമവലയിൽ അകപ്പെട്ട ഒരു തലമുറ എന്നാണ്: യാഥാർഥ്യത്തോടും ഭൗതികലോകത്തോടും വിമുഖത പുലർത്തുന്നവരും വിർച്വൽ ലോകത്തും (ഉപജീവനമായാലും ലോകസമ്പർക്കമായാലും വിനോദമായാലും) ഇന്റർനെറ്റ് വലയ്‌ക്കകത്തും കഴിയുന്നവർ എന്നായിരുന്നു. ഡിജിറ്റൽ വിവരങ്ങളുടെയും ദൃശ്യങ്ങളുടെയും ആഖ്യാനങ്ങളുടെയും നിരന്തരവും അനന്തവുമായ ഒഴുക്കിൽപെട്ട്, വർത്തമാനലോകകാര്യങ്ങൾ, രാഷ്‌ട്രീയവിഷയങ്ങൾ എന്നിവയിൽനിന്ന് മുഖം തിരിഞ്ഞുനിൽക്കുന്നവരാണ് പുതുതലമുറ എന്നാണ് ഇന്ന് രാജ്യം ഭരിക്കുന്നവരും പ്രതിപക്ഷവും മുതിർന്ന രാഷ്‌ട്രീയപ്രവർത്തകരും പ്രസ്ഥാനങ്ങളും നിയമജ്ഞരും കരുതിയിരുന്നത്. ജെൻസിയെ ഒരു അരാഷ്‌ട്രീയതലമുറയായി പലരും എഴുതിത്തള്ളിയിരുന്നു. സാമ്പ്രദായികമായ രീതികൾ ഇന്നും പിന്തുടർന്നു വരുന്ന സമകാലിക രാഷ്‌ട്രീയപ്രസ്ഥാനങ്ങൾക്ക് അവരെ അഭിസംബോധന ചെയ്യാനോ അവരോട് സംവദിക്കാനോ കഴിഞ്ഞിരുന്നില്ല.

​ജെൻസിയെ നിർവചിക്കുന്ന ഏറ്റവും നിർണായകമായ ഘടകം അവരുടെ നിത്യജീവിതത്തിനു സംഭവിച്ച ഡിജിറ്റൽവൽക്കരണമാണ്. ഡിജിറ്റൽ/വെബ് സംവിധാനങ്ങൾ അവരുടെ നിത്യജീവിതവ്യവഹാരങ്ങളെ അവയുടെ ഭൗതികതയിൽനിന്ന് അകറ്റുകയോ ഇല്ലാതാക്കുകയോ ചെയ്‌തിരിക്കുന്നു: ഒന്നിനും ആരെയും നേരിൽ കാണേണ്ട ആവശ്യമില്ല; എല്ലാ കാര്യങ്ങളും– ജോലി, പണമിടപാടുകൾ,ക്രയവിക്രയങ്ങൾ, പരസ്‌പരവിനിമയം, വിനോദം തുടങ്ങി ശുശ്രൂഷ, ശരീരപരിപാലനം, രതിസുഖം വരെയുള്ള സംഗതികൾ ആപ്പുകളും ഡിജിറ്റൽ സങ്കേതങ്ങളും വഴി സാധ്യമാകുന്ന കാലത്താണ് അവർക്ക് പ്രായപൂർത്തിയായത്.

നിത്യജീവിതവ്യവഹാരങ്ങളിൽനിന്ന്‌ ഭൗതികസാന്നിധ്യങ്ങളും ശാരീരികമായ ഇടപാടുകളും ഇടപെടലുകളും ഒഴിവാക്കപ്പെടുന്നതോടെ മനുഷ്യരുടെ ലോകാനുഭവം മാറുന്നു; അത് ആരുമറിയാതെ തന്നെ ജീവിതവീക്ഷണങ്ങളെയും ആഭിമുഖ്യങ്ങളെയും മാറ്റുന്നു. ഈ വിർച്വൽ ലോകജീവിതത്തിനകത്തുനിന്നാണ് ഇന്ന് ഒരു വ്യക്തിയുടെ ലോകബോധം, മനുഷ്യപ്പറ്റ്, പരക്ലേശവിവേകം, കൂട്ടം കൂടുന്നതിലെ ഹരം എന്നിവയൊക്കെ രൂപപ്പെടുന്നത്. അതിൽ മനുഷ്യരുടെ ഭൗതികസാന്നിധ്യങ്ങൾ, ഒത്തുചേരലുകൾ, ശാരീരികപാരസ്‌പര്യങ്ങൾ എന്നിവയ്‌ക്കുള്ള പങ്ക് അപ്രസക്തമോ അനാവശ്യമോ ഇല്ലാതെയോ ആയിക്കൊണ്ടിരിക്കയുമാണ്. ഈ ലോകസാഹചര്യവും മനഃസ്ഥിതിയും സ്വാഭാവികമായും മനുഷ്യരുടെ രാഷ്‌ട്രീയഭാവനയെയും ബോധ്യങ്ങളെയും സാരമായി ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ മനുഷ്യരുടെ ശാരീരികവും ഭൗതികവുമായ സാന്നിധ്യങ്ങളെയും സംഘം ചേരലുകളെയും സംഘടനാപ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയം അസംഗതമോ, ചിലപ്പോൾ ജെൻസിയെ സംബന്ധിച്ചിടത്തോളം അസംബന്ധമോ അനാവശ്യമോ ആയിത്തീരുന്നു. ഭൗതികമുന്നേറ്റങ്ങളും ശരീരക്കൂട്ടങ്ങളും വഴി രൂപപ്പെട്ട രാഷ്‌ട്രീയപ്രസ്ഥാനങ്ങൾക്ക് ജെൻസിയോട്‌ സംവദിക്കാനുള്ള ഭാഷയോ അവരെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള വേദികളോ അപരിചിതമായിരുന്നു. അങ്ങനെ മുഖ്യധാരയിലുള്ളതും വ്യവസ്ഥാപിതവുമായ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുമായി ജെൻസിക്ക് ഒരു തലമുറവിടവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാറ്റപ്രതിഷേധം അരങ്ങേറുന്നത്. അവർ അവരുടേതായ ഭാഷയിലും രീതികളിലും അവർക്ക് ചിരപരിചിതമായ മാധ്യമപരവും ഭാഷാപരവുമായ സങ്കേതങ്ങളിലൂടെയും സ്വന്തം പ്രതിരോധ/പ്രതിഷേധ ശൈലികൾ കണ്ടെത്തി, പ്രയോഗിച്ചു, പരിഷ്‌കരിച്ചു, തിരുത്തി. ഏതെങ്കിലും നേതാവിനോടോ സമരശൈലിയോടോ പ്രസംഗരീതിയോടോ കൂറുപുലർത്തേണ്ട, ഉത്തരം പറയേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. അപ്പപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് സമരരീതികൾ ഇമ്പ്രൊവൈസ് ചെയ്യുകയായിരുന്നു അവർ. അവർക്ക് പൂർവമാതൃകകളുണ്ടായിരുന്നില്ല, എവിടെനിന്നെങ്കിലും പകർത്താനുള്ള വാർപ്പുകളും ഉണ്ടായിരുന്നില്ല. അവർ സഹജമെന്നു തോന്നുന്ന രീതിയിൽ നടപ്പിലാക്കിയ പലതും തൽക്ഷണാവിഷ്‌കാരങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് സാമ്പ്രദായിക പ്രതിപക്ഷത്തിനെന്നപോലെ -അതു പരിചിതമായിരുന്നില്ല.

പ്രവചനാതീതമായിരുന്നു ജെൻസിയുടെ പ്രതികരണങ്ങൾ, അവ മുൻകൂട്ടി തയ്യാറാക്കപ്പെട്ടതല്ല എന്നതിനാൽ അവയെ മുൻകൂട്ടിക്കാണാനും ഭരണകൂട സംവിധാനങ്ങൾക്ക് സാധ്യമായില്ല. നൂതനവും സമകാലികവുമായ ഒരു സമരഭാഷയും പ്രതിഷേധരൂപവും അവിടെ ആവിഷ്‌കരിക്കപ്പെട്ടു. അത് സൂചിപ്പിക്കുന്നത് ഒരു നിർണായകമായ രാഷ്‌ട്രീയസന്ദർഭത്തിൽ ജെൻസി തലമുറയ്‌ക്ക്‌ ഭൗതികതയിൽനിന്നുള്ള അവരുടെ അകലത്തെ അതിവർത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ്.

ഇത് രാഷ്‌ട്രീയപ്രസ്ഥാനങ്ങൾക്ക് മുന്നിലുയർത്തുന്നത് ഒരു വലിയ പാഠവും വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ്: ഒന്ന്, ഇനി വരാൻ പോകുന്ന സമരരൂപങ്ങളെക്കുറിച്ചുള്ള സൂചന/റിഹേഴ്സൽ എന്ന നിലയിൽ. മറ്റൊന്ന്, ജെൻസിയുമായി അണിചേരാനും അവരുടെ ഭാഷയും രീതികളും മനസ്സിലാക്കാനുമുള്ള മാർഗമെന്ന നിലയ്‌ക്ക്‌. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകൾക്കിടയിൽ നടന്ന സാമൂഹ്യമാധ്യമ പ്രചോദിതവും ഊർജിതവുമായ പല ജനകീയ മുന്നേറ്റങ്ങളും സൂചിപ്പിക്കുന്നത് അവയ്‌ക്ക്‌ ആ സമരസന്ദർഭത്തിനപ്പുറം ഒരു ജീവിതവും തുടർച്ചയുമുണ്ടോ എന്നതാണ്. വിസ്‌ഫോടനാത്മകമായ ആ സന്ദർഭം കഴിയുന്നതോടെ, ആ മനുഷ്യരും പിരിഞ്ഞുപോവുന്നു, അല്ലെങ്കിൽ ഒരുപക്ഷെ അവരവരുടെ ജീവിതങ്ങളിലേക്ക് തിരിച്ചുപോകുന്നു. പല രാഷ്‌ട്രീയചിന്തകരും ഉന്നയിക്കുന്ന ചോദ്യം, അല്ലെങ്കിൽ അവർക്കു മുന്നിൽ അവശേഷിക്കുന്ന സമസ്യ, ആ ജനസഞ്ചയം സൃഷ്ടിച്ച രാഷ്‌ട്രീയോർജത്തിന് എന്തു സംഭവിക്കുന്നു എന്നതാണ്. നവജനകീയ പ്രതിരോധങ്ങളെയും അവർ ഉന്നയിക്കുന്ന ചോദ്യങ്ങളെയും കണ്ടെത്തുന്ന മാർഗങ്ങളെയും ആവിഷ്‌കരിക്കുന്ന സമരഭാവനകളെയും എങ്ങനെ നൈരന്തര്യമുള്ളതും ജനാധിപത്യപരമായതുമായ സുസ്ഥിരരൂപങ്ങളിലേക്ക് പരിണമിപ്പിക്കാം അല്ലെങ്കിൽ സംക്രമിപ്പിക്കാം എന്നതാണ് ഇന്നിന്റെ രാഷ്‌ട്രീയപ്രവർത്തനം നേരിടുന്ന വെല്ലുവിളി. ഈ സമരങ്ങളിലൂടെ ഉരുവാകുന്നത് പുതിയതരം കൈകോർക്കലുകളും പങ്കിടലുകളും വലയങ്ങളും വൈറൽ സംഘാടന/സംഘടനാ രീതികളുമാണ്. ആൾക്കൂട്ടത്തിനും ജനസഞ്ചയത്തിനും വർഗസംഘത്തിനുമെല്ലാമിടയിൽ നിലകൊള്ളുന്ന ഒന്നാണിത്. നേതാവും, അല്ലെങ്കിൽ പാർടിയും അണികളും തമ്മിലുള്ള ബന്ധത്തിലെ മേൽകീഴ്നിലയോ പ്രത്യയശാസ്‌ത്ര കാർക്കശ്യമോ ദീർഘകാല കരാറോ സമർപ്പണപ്രതിജ്ഞയോ പൊടുന്നനെ ഒരിടത്ത് ഒത്തുചേരാനും പരസ്‌പരവിനിമയം നടത്താനും വിവരങ്ങൾ വൈറലായി ലോകമെമ്പാടും പടർത്താനും അത്രതന്നെ വേഗത്തിൽ പിരിഞ്ഞുപോകാനും സാധിക്കുന്ന ഈ സമരരീതിയുടെ ശക്തി എന്നത് അതിന്റെ ലഘുത്വവും അപ്രവചനീയതയും ആർജവവും ശ്രേണീരാഹിത്യവും ആണ്. ഒരേസമയം സംഘടിതവും അസംഘടിതവും ചിട്ടയുള്ളതും അരാജകവും ഒറ്റയും കൂട്ടവുമാണത്.

ഈ പുതിയ വിർച്വൽ ജനകീയതയുടെ റാഡിക്കൽ ജനാധിപത്യ ഭാവനകളും പരിണാമസാധ്യതകളും എന്തൊക്കെയായിരിക്കും എന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭാവനകളുമായി കെട്ടുപിണഞ്ഞിരിക്കുന്നു.

പടം

​

ലക്ഷ്യത്തിലെ ഒരുമ,

സംഘാടനത്തിലെ പലമ,

പ്രവർത്തനത്തിലെ

കൂസലില്ലായ്‌മ

​ഭരണകൂടത്തിന് അതിന്റെ അധികാരം സ്ഥാപിക്കാനും തീരുമാനങ്ങൾ നടപ്പിലാക്കാനും ബലപ്രയോഗം നടത്താനുമായി നിലകൊള്ളുന്നതാണ് അതിന്റെ വിവിധ സേനകൾ. ജനകീയപ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നത് ആശയങ്ങളും ആദർശങ്ങളുമാണെങ്കിൽ സേനകളെ നിയന്ത്രിക്കുന്നത് കർക്കശവും ശ്രേണീബദ്ധവുമായ കൽപ്പനാശൃംഖല, താഴെത്തട്ടിലുള്ളവരുടെ നിരുപാധികവും പൂർണവുമായ അനുസരണ എന്നിവയാണ്. അവർ വ്യക്തികൾ എന്ന സ്വഛന്ദമായ നില വിട്ട്, സ്വത്വനിസ്വരായി, ഒരു യന്ത്രത്തിന്റെ പല്ലും ചക്രവുമായും ഒറ്റക്കെട്ടായും പ്രവർത്തിക്കേണ്ടതുണ്ട്. ഒരുതരം അനാമികതയും നിർവ്യക്തീകരണവും അവിടെയുണ്ട്, യൂണിഫോമിന്റെ ഏകതാനതയും നിരന്തരമായ കവാത്തും പരിശീലനവും കൊണ്ടുണ്ടാകുന്ന ശാരീരിക ചലനത്തിന്റെ ഏകീകരണവും ഏകോപനവുമൊക്കെ അവരെ ഒരു യന്ത്രഭാഗങ്ങളായി പ്രവർത്തിപ്പിക്കാനുള്ള ഒരുക്കങ്ങളാണ്. അത്തരത്തിലുള്ള അച്ചടക്കവും അനുസരണയുമാണ് അവരെ തങ്ങളുടെ മുന്നിൽ ആരുതന്നെയായാലും അതു പരിഗണിക്കാതെ ‘നിയമപരിപാലനം’ നടപ്പിലാക്കാൻ കെൽപ്പുള്ളവരാക്കിത്തീർക്കുന്നത്. ഒറ്റക്കെട്ടായി വരിവരിയായി ചിട്ടയോടെ ചലിക്കുന്ന സേനയും അതിന്റെ മുന്നേറ്റത്തിനു മുന്നിൽ ചിതറിത്തെറിക്കുന്ന മനുഷ്യക്കൂട്ടവുമാണ് ഇത്തരം സമരമുഖങ്ങളിൽ നമുക്ക് കണ്ടുപരിചയം.

പക്ഷെ പാറ്റകൾ ഈ ക്രമത്തെ അട്ടിമറിച്ചു. ഒന്ന്, അവർക്ക് കൊടിയോ പാർടിയോ മുദ്രാവാക്യമോ നേതാവോ ഉണ്ടായിരുന്നില്ല; അവർക്കുണ്ടായിരുന്നത് നീറ്റ് പരീക്ഷയുടെ നടത്തിപ്പിനെ സംബന്ധിച്ചുള്ള ചില പ്രാഥമികവും ലളിതവുമായ ആവശ്യങ്ങളും അവയൊന്നു പരിഗണിക്കുകപോലും ചെയ്യാത്ത ഒരു സംവിധാനത്തോടുള്ള ക്ഷോഭവുമായിരുന്നു. പൊതുവെ ഇത്തരം പ്രക്ഷോഭങ്ങൾക്കെതിരെ ഭരണകൂടം പ്രയോഗിക്കാറുള്ള ഒരു എതിർതന്ത്രങ്ങളും ഇവിടെ പ്രവർത്തനക്ഷമമോ പ്രസക്തമോ ആയിരുന്നില്ല: ഇവരെ ഏതെങ്കിലും തരത്തിലോ ഗണത്തിലോ ‘ബ്രാന്റ്‌’ ചെയ്‌ത്‌ പേരിട്ട് ഒറ്റപ്പെടുത്തി അമർച്ച ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. മറ്റു പാർടികളുടെയോ സംഘടനകളുടെയോ പ്രക്ഷോഭത്തിലെന്നപോലെ ഏതെങ്കിലും ഗൂഢാലോചനയോ വിദേശ കുത്തിത്തിരിപ്പോ അവരിൽ ആരോപിക്കാനോ (അതിനുള്ള ദുർബലമായ ശ്രമം പരാജയപ്പെടുകയും ചെയ്‌തു) ഏതെങ്കിലും നേതാവിന്റെ ഭൂതകാലത്തെയോ ബന്ധങ്ങളെയോ ചൊല്ലി ആരോപണങ്ങൾ നിർമിച്ചെടുക്കാനോ ഉള്ള പഴുതുകളില്ലായിരുന്നു. അതുപോലെ അവരെ വിലക്കെടുക്കാനോ പ്രലോഭിപ്പിക്കാനോ ഉള്ള സാധ്യതകളും ഇല്ലായിരുന്നു. നിർവചിക്കാനാവാത്ത ഭൂതവും അനിശ്ചിതമായ ഭാവിയുമായിരുന്നു അവരുടേത്; അവർ ശുദ്ധമായ വർത്തമാനത്തിൽ നിന്നുകൊണ്ടാണ് സമരം ചെയ്‌തത്. ഇന്ത്യയിലെ പല ഇടങ്ങളിൽനിന്ന്, വർഗങ്ങളിൽനിന്ന്, ജാതികളിൽനിന്ന്, മതങ്ങളിൽനിന്ന് വന്ന ‘മക്കൾ’ ആയിരുന്നു അവരെല്ലാം.

ഒറ്റനോട്ടത്തിൽ ഏതെങ്കിലും ഗണത്തിലോ വർഗത്തിലോ പെടുത്താവുന്ന, അണിചേർന്ന് ഒരേ മുദ്രാവാക്യങ്ങൾ മുഴക്കി അച്ചടക്കത്തോടെ മുന്നേറുന്ന സംഘരൂപമല്ല അവരുടേത്. പക്ഷെ ചിതറിയും വിഭിന്നവുമായിരിക്കുമ്പോഴും ലക്ഷ്യത്തിന്റെയും മാർഗത്തിന്റെയും (ജനാധിപത്യത്തിലും അഹിംസയിലും ഉള്ള വിശ്വാസം) കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് ഈ ‘ആൾക്കൂട്ട’ത്തെ, അല്ലെങ്കിൽ ജനസഞ്ചയത്തെ വ്യത്യസ്‌തമാക്കിയത്. ടിയാനെൻമെൻ, താഹിർ സ്‌ക്വയർ, മുല്ലപ്പൂ വിപ്ലവം തുടങ്ങിയ ജനകീയപ്രതിരോധങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ ജൂഡിത് ബട്‌ലർ, ‘വീ, ദ് പീപ്പിൾ...’ എന്ന സംജ്ഞയെയും അഭിസംബോധനയെയും അതിന്റെ രാഷ്‌ട്രീയധ്വനികളെയും കുറിച്ചു പറയുമ്പോൾ, അത് സൃഷ്ടിക്കപ്പെടുന്നത് ഇത്തരം ഒത്തുചേരലിന്റെയും കുതിപ്പുകളുടെയും സന്ദർഭങ്ങളിലാണ് എന്ന് നിരീക്ഷിക്കുന്നുണ്ട്.

​

വാക്കിന്റെ ഊക്ക്

​​ഈ പാറ്റമുന്നേറ്റത്തിന്റെ ഉത്ഭവവും തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായിരുന്നു. ഒരു തലമുറയെ ആകെ അപമാനിക്കുന്ന രീതിയിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം അലങ്കരിക്കുന്ന ന്യായാധിപൻ നടത്തിയ പരാമർശത്തിൽനിന്നാണ് ഈ പ്രതിരോധ സുനാമി ആരംഭിക്കുന്നത്. ആ ന്യായാധിപന്റെ വളരെ ആനുഷംഗികമെന്നു തോന്നുന്ന ആ പരാമർശം രാജ്യത്തെമ്പാടും യുവാക്കൾക്കിടയിൽ നിലനിന്നിരുന്ന രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും വെടിമരുന്നിന് തീകൊളുത്തുകയായിരുന്നു. വാക്ക്- പ്രതികരണം, പ്രകോപനം- പ്രതിഷേധം, പരാമർശം- വിമർശനം തുടങ്ങിയവയൊക്കെത്തമ്മിലുള്ള അനുപാതങ്ങൾ ഇവിടെ അട്ടിമറിക്കപ്പെട്ടു. ഉച്ചരിക്കപ്പെട്ട വാക്കിലുള്ള അടച്ചാക്ഷേപത്തിനെതിരെ യുവതലമുറയാകെ ഉണർന്നതോടെ ആ വാക്ക് പുതിയ അർഥങ്ങളും രാഷ്‌ട്രീയോർജവും നേടി. അധികാരിവർഗത്തിന്റെ ആക്ഷേപത്തെ എങ്ങനെ പ്രതിരോധത്തിന്റെ ആയുധമാക്കാം എന്ന് യുവാക്കൾ തെളിയിച്ചു. ആ വാക്കിലടങ്ങിയ അധിക്ഷേപം ഭരണകർത്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഒരു തലമുറയെയാകെ ഒരുമിപ്പിച്ചു. വാക്കിന്റെ ഈ വീണ്ടെടുപ്പ് അർഥരഹിതമായ ഒച്ചകൾ നിറഞ്ഞ രാഷ്‌ട്രീയ വാചാടോപങ്ങൾ ശീലമാക്കിയ പഴയ തലമുറയെ വാക്കിന്റെ ശക്തിയിലേക്ക് ഉണർത്തി.

പടം


നേരിട്ടുള്ള

അഭിസംബോധന

​തടയാനും ഹിംസിക്കാനുമായി അവിടെ നിരന്ന സേനാംഗങ്ങളുടെ മക്കളെയോ അനിയന്മാരെയോ അയൽപ്പക്ക പിള്ളേരെയോ ബന്ധുക്കളെയോ ഓർമിപ്പിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ, സേനാംഗങ്ങൾ വീട്ടിൽ സംസാരിക്കുന്ന ഭാഷ സംസാരിക്കുന്നവർ, നിരായുധർ, നിരാലംബർ, നിരാശർ. അവരുടെ ആവശ്യങ്ങൾ ഏറ്റവും പ്രാഥമികം; ഏതൊരു മാതാപിതാവിനും മനസ്സിലാകുന്നവ, മനസ്സിൽ കൊള്ളുന്നവ. പരീക്ഷ എന്ന കടമ്പ കടക്കുക എന്നതു മാത്രമാണ് തങ്ങളും കുടുംബവുമനുഭവിക്കുന്ന ദുരിതത്തിൽനിന്ന് കരകയറാനുള്ള ഏക മാർഗം എന്ന അറിവ്, അത് വഞ്ചിക്കപ്പെട്ടതിലെ രോഷം -ഇവയാണ് അവരെ അവിടെ എത്തിച്ചത്. ഈ കാഴ്‌ച, ഈ കുട്ടികൾ, അവരുടെ ആവശ്യങ്ങൾ,- ഇവ ഏതൊരു സേനാംഗത്തിനും മനസ്സിലാകുന്ന ഒന്നായിരുന്നു.

​അവർ അധികാരത്തിന്റെ വിവിധ ശ്രേണികളോട്, - മുന്നിൽ നിൽക്കുന്ന പൊലീസുകാരോടും ഗുണ്ടകളോടും തുടങ്ങി കേന്ദ്രമന്ത്രിമാരോടും പ്രധാനമന്ത്രിയോടും - നേരിട്ട് സംസാരത്തിൽ ഏർപ്പെട്ടു. സായുധപൊലീസിനോട് കുശലം ചോദിച്ചു, ദാഹജലം പങ്കിട്ടു, ഭഷണം നീട്ടി, കളിയാക്കി, സേനാനിരകൾ മാർച്ച് ചെയ്‌തപ്പോൾ ദേശീയഗാനംകൊണ്ട് നേരിട്ടു, നിങ്ങൾ ചെയ്യുന്നതെന്താണ് എന്ന്, അന്നുരാത്രി വീട്ടിലെത്തി സ്വന്തം കുട്ടികളോട് ഇന്നത്തെ ജോലിയെക്കുറിച്ച് എന്തുപറയും എന്നാരാഞ്ഞു... ഇത്തരം നേരിട്ടുള്ളതും വൈയക്തികവുമായ അഭിസംബോധന സേനാംഗങ്ങളെയും അവരുടെ ഔദ്യോഗികമായ ഔപചാരിക അകലത്തെയും അട്ടിമറിച്ചു. അവരിലെ സാധാരണ മനുഷ്യരെ, അച്ഛനമ്മമാരെ, ചേച്ചിചേട്ടന്മാരെ, തങ്ങളുടെ യൂണിഫോം വിട്ട് പുറത്തിറക്കി, മനുഷ്യരാണെന്ന് ഓർമിപ്പിച്ചു. ഒപ്പം ഭരണഘടനാപുസ്‌തകവും അംബേദ്ക്കർ ചിത്രങ്ങളും ഉയർത്തിപ്പിടിച്ച് സ്വന്തം പൗരത്വത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടിരുന്നു. സേനകളുടെ കയ്യിലുള്ള ആയുധങ്ങളെക്കാൾ ഇവയ്‌ക്ക്‌ മൂർച്ചയും ലക്ഷ്യബോധവും ഉണ്ടായിരുന്നു.

​​

നാട്ടുഭാഷ

​മറ്റൊന്ന്, ഹിന്ദി ഭാഷയുടെ വ്യാപകമായ ഉപയോഗമായിരുന്നു. നാട്ടുഭാഷയും സംസാരഭാഷയുമായിരുന്നു ആ സമരത്തിന്റെ സ്വാഭാവികനാവ്. അവയുടെ ഉപയോഗം അവിടെക്കൂടിയ ആയിരക്കണക്കിനു ചെറുപ്പക്കാരുടെ തത്സമയ റീലുകളെയും സംപ്രേഷണങ്ങളെയും അങ്ങേയറ്റം സംവേദനക്ഷമമാക്കി; ഏതൊരു സാധാരണ മനുഷ്യനും മനസ്സിലാകുന്ന നാടൻ ഭാഷയിലൂടെയാണ് സമരവിവരങ്ങൾ പടർന്നത്. അത്തരം റീലുകൾ വൈറലായി പരശ്ശതം മൊബൈലുകളിലൂടെ രാജ്യമെമ്പാടും പരന്നു. മധ്യവർഗവും നാഗരികരും പരിചയിച്ചും പരിശീലിച്ചും വന്ന അച്ചടി/ ടെലിവിഷൻ മാധ്യമഭാഷയിൽനിന്ന് തികച്ചും വ്യത്യസ്‌തവും മനുഷ്യപ്പറ്റുള്ളതുമായിരുന്നു ഈ ഭാഷ. സാമ്പ്രദായിക മാധ്യമസങ്കേതങ്ങളെയും സ്ഥാപനങ്ങളെയും അവരുടെ അവതാരകരെയും രാഷ്‌ട്രീയ വിശകലനവിദഗ്ധരെയുമെല്ലാം മറികടന്നുകൊണ്ട് സംഭവസ്ഥലത്തുനിന്ന് നേരിട്ട് കാഴ്‌ചക്കാരിലേക്ക്, കേൾവിക്കാരിലേക്ക് എത്തുന്ന രീതി ഭരണകൂട യന്ത്രങ്ങൾക്ക് പിടികൊടുക്കുന്ന ഒന്നായിരുന്നില്ല. അതിന്റെ തൽക്ഷണത, ആർജവം, ചെറുപ്പം (പ്രായത്തിലും വലിപ്പത്തിലും എളിമയിലും)സ്ഥാപനങ്ങളുടെയും വ്യവസ്ഥകളുടെയും അരിപ്പകൾക്കും നിരീക്ഷണസംവിധാനങ്ങൾക്കും ഉള്ളിലൂടെ, എല്ലാത്തരം വിടവുകൾക്കുമിടയിലൂടെ ഒഴുകിപ്പടർന്നു.

​തൊട്ടുമുമ്പുള്ള തലമുറകൾ പല അളവിൽ വകവച്ചുപോന്നിരുന്ന വ്യവസ്ഥയുടെയും അധികാരത്തിന്റെയും ചട്ടക്കൂടിനെയോ മുഖങ്ങളെയോ അവർ തീരെ വകവച്ചില്ല. പ്രധാനമന്ത്രിയായാലും പൊലീസായാലും അവർ ഒരുപോലെ അഭിസംബോധന ചെയ്‌തു. ഉന്നയിക്കുന്ന ആവശ്യങ്ങളല്ലാതെ അവർക്ക് മറ്റൊന്നും നേടാനില്ലായിരുന്നു. പക്ഷെ ആ ആവശ്യങ്ങൾ മറ്റെല്ലാ രാഷ്‌ട്രീയ വ്യവഹാരങ്ങളിലേക്കും പടരുവാൻ ശേഷിയുള്ളതുമായിരുന്നു. അതായിരിക്കണം ഭരണകൂടത്തെ ഒരടി പിന്നോട്ടുവയ്‌ക്കാൻ പ്രേരിപ്പിച്ചതും. ഈ വകവയ്‌ക്കായ്ക, കൂസലില്ലായ്‌മ, നിർഭയത്വം ആയിരുന്നു ജെൻസിയുടെ ശക്തികളിലൊന്ന്. ശരിയുടെയും നീതിയുടെയും ഭാഗത്ത് നിൽക്കുമ്പോൾ ആരെയും കൂസേണ്ടതില്ല എന്ന ഗാന്ധിയൻ പാഠത്തെ അവർ വീണ്ടെടുത്തു.

                                                    ജന്തർ മന്തറിലെ സമരവേദി സമരവേദി

​

​ഹാസ്യത്തിന്റെ ആർജവോർജം

​​നാടൻഭാഷയുടെ മറ്റൊരു ശക്തി അതിൽ ഹാസ്യവും പരിഹാസവും ചമയ്‌ക്കാനുള്ള അനന്തസാധ്യതകളാണ്: മാന്യമെന്നും ‘പാർലമെന്ററി’ എന്നും വിശേഷിപ്പിക്കാവുന്ന സഭ്യമായ ഭാഷ തുടങ്ങി തെറിയെന്നു വിളിക്കാവുന്ന വിധങ്ങളിലേക്കും ശൈലികളിലേക്കും അത്‌ അനുദിനം പടർന്നു പന്തലിച്ചുകൊണ്ടിരുന്നു; അത് വാക്ക്, ചിത്രം, ഫോട്ടോ, പാട്ട്, മുദ്രാവാക്യം, ചുമരെഴുത്ത്, കാർട്ടൂൺ, മിമിക്രി, സ്‌കിറ്റ് തുടങ്ങി വിവിധങ്ങളായ മാധ്യമങ്ങളിൽ പ്രകാശനം തേടി. അതിൽ ഭൂരിപക്ഷവും മനോധർമങ്ങളും തത്സമയ ആവിഷ്‌കാരങ്ങളുമായിരുന്നതിനാൽത്തന്നെ അങ്ങേയറ്റം ആർജവമുള്ളവയും ആയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതും തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നില്ല അവ; അപ്പപ്പോൾ അവിടെവച്ച് ആവിഷ്‌കരിക്കപ്പെട്ടവയായിരുന്നു. ഒരുവിധ സെൻസർഷിപ്പിനും വിധേയമാക്കാൻ കഴിയാത്ത അവയുടെ ആർജവപ്രകാശനപ്പടർച്ച ഭരണകൂടത്തെ ചൊടിപ്പിച്ചതിൽ അത്ഭുതമില്ല. ചെറുത്തുനിൽപ്പിനെ ആഘോഷമാക്കുന്ന ഒരു രീതിയായിരുന്നു അത്. മനഃപൂർവമോ ആലോചിച്ചുറപ്പിച്ചോ അല്ല അത് സംഭവിച്ചത്, അവിടെ എത്തിച്ചേർന്ന മനുഷ്യസഞ്ചയത്തിന്റെ ആർജവത്തിൽനിന്നും കൂടിച്ചേരലിന്റെ ഹർഷത്തിൽനിന്നും ഉരുത്തിരിഞ്ഞവയായിരുന്നു അവ. അങ്ങനെ വിവിധ മാധ്യമങ്ങളും സങ്കേതങ്ങളും– -ചുമരെഴുത്ത്, ബാനർ, കാർട്ടൂൺ, ചിത്രങ്ങൾ, ഫോട്ടോകൾ, ഗ്രാഫിക്‌സ്‌, പാട്ടുകൾ, എഴുത്ത്– -ഉപയോഗിച്ചുള്ള ബഹുമാധ്യമ ഹാസ്യം/പരിഹാസം എല്ലാവർക്കും പങ്കാളിത്തവും നിർവാഹകത്വവും കർതൃത്വവും പ്രകടിപ്പിക്കാൻ ഇടമുള്ള അവസരമുള്ള ഒന്നായി മാറി. ഹാസ്യം എന്നത് ഒരേസമയം ആഘോഷത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പങ്കാളിത്തത്തിന്റെയും വിനിമയത്തിന്റെയും വേദിയും മാധ്യമവും ആയി മാറി.


​ഗോദിമീഡിയയുമായുള്ള

മുഖാമുഖം

​സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെയുമുള്ള ജനകീയ, തത്സമയ, നിരന്തര, ജനകീയ വാർത്താപ്രക്ഷേപണം സാമ്പ്രദായിക മാധ്യമങ്ങളെ അപ്രസക്തമോ അനാവശ്യമോ ആക്കി മാറ്റി. സമരമുഖത്തെ യാഥാർഥ്യങ്ങളിൽനിന്ന് എത്ര അകലെയാണ് അവർ എന്ന് കാണിച്ചുകൊണ്ട്, അവരുടെ വിശ്വാസ്യതയെ വെല്ലുവിളിച്ചു. ഊർജസ്വലവും ജനകീയാഘോഷവുമായി തിരതല്ലുന്ന ഈ സമരത്തെ തങ്ങളുടെ ഔപചാരികമായ മാധ്യമഭാഷയും രാഷ്‌ട്രീയവാർത്താശീലങ്ങളുംകൊണ്ട് എങ്ങനെ വിശദീകരിക്കും എന്നവർ അമ്പരന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ -(ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വാട്സാപ്പ്) സമരമുഖത്തുനിന്ന് വിവരങ്ങളും തത്സമയ പ്രക്ഷേപണങ്ങളും ലോകമെമ്പാടുമെത്തിക്കൊണ്ടിരിക്കുമ്പോൾ വ്യവസ്ഥാപിത മാധ്യമപ്രവർത്തകർക്ക് അവിടെ എന്താണ് ചെയ്യാനുള്ളത്? അവിടെ ഭൂതകാല ചരിത്രം പരതാനോ അഭിമുഖം നടത്താനോ വേണ്ട നേതാക്കളോ ഔദ്യോഗിക വക്താക്കളോ ഇല്ല. അവിടെയെത്തിയവരെല്ലാം വക്താക്കളാകുന്ന സാഹചര്യം അവർക്ക് പരിചിതമായിരുന്നില്ല. ഗോദിമീഡിയ പ്രവർത്തകരും ആദ്യമായിരിക്കണം ഈ രീതിയിൽ അപഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യപ്പെട്ടത്. തങ്ങളെക്കുറിച്ചും തങ്ങളുടെ വാർത്തകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ചായ്‌വുകളെക്കുറിച്ചും നിക്ഷിപ്ത താൽപ്പര്യങ്ങളെക്കുറിച്ചും സാധാരണ മനുഷ്യർക്ക്, പ്രത്യേകിച്ചും ചെറുപ്പക്കാരും വിദ്യാർഥികളും എന്താണ് കരുതുന്നത് എന്നവർ ആദ്യമായാണ് നേരിട്ട് മനസ്സിലാക്കിയത്.

​

തൽക്ഷണ പ്രക്ഷേപണം

സ്വയം വാർത്തയും വിഷയവും

വിഷയിയുമായി മാറുന്ന അവസ്ഥ

​ആധികാരകത അവകാശപ്പെടാത്ത, എന്നാൽ ആത്മാർഥമായ, സംഭവസ്ഥലത്തുനിന്ന് നേരിട്ടുള്ള, ആൾക്കൂട്ടപ്രക്ഷേപണം, ഓരോരുത്തരും സ്വന്തമായ കമന്ററികളും വ്യാഖ്യാനങ്ങളും നൽകുന്നതിലൂടെ ഭരണകൂടത്തിന്റെയും കുത്തക മാധ്യമങ്ങളുടെയും ‘ആധികാരികത’യെ അട്ടിമറിച്ചു, അപ്രസക്തമാക്കി. ഒറ്റയടിക്ക് അവരിതുവരെ ചെയ്‌തുകൊണ്ടിരുന്നതിനെയെല്ലാം സംശയാസ്‌പദമോ നുണയോ ആക്കി മാറ്റി. ഹിന്ദു-–മുസ്ലിം വിഭജനതന്ത്രത്തെ ജനങ്ങളെ വിഭജിക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുമുള്ള അധികാരതന്ത്രമായി തുറന്നുകാട്ടിക്കൊണ്ട് അവർ ഗോദിമീഡിയയെയും ഭരണകൂടത്തെയും നേരിട്ട രീതി ഏതൊരു രാഷ്‌ട്രീയപ്രസ്ഥാനത്തിനും പാഠമായിരിക്കേണ്ടതാണ്. കള്ളികളിലൊതുക്കൽ, സ്വത്വം ചാർത്തി ഒതുക്കൽ, പരസ്‌പരം വിഭജിക്കൽ, പേരു ചാർത്തി വില്ലനാക്കൽ തുടങ്ങിയ അധികാരതന്ത്രങ്ങളെ പാറ്റകൾ വളരെ വിദഗ്ധമായും സ്വാഭാവികമായും തള്ളിക്കളഞ്ഞു, അപഹസിച്ചു. ഞങ്ങൾക്ക് വ്യവസ്ഥാപിത (സ്ഥാപനം എന്ന നിലയ്‌ക്കും രാഷ്‌ട്രീയചായ്‌വുകളുടെ കാര്യത്തിലും) മാധ്യമങ്ങളുടെ മധ്യസ്ഥത ആവശ്യമില്ല എന്ന പ്രഖ്യാപനവും മുന്നറിയിപ്പും ആയിരുന്നു അത്. സമകാലിക ഇന്ത്യൻ മാധ്യമചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മുഹൂർത്തമോ സന്ദർഭമോ കൂടിയായിരുന്നു അത്. ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയും വിപണിയുടെയും ഇടപെടലുകളും ആജ്ഞകളും മാധ്യമങ്ങൾക്കും പ്രവർത്തകർക്കും പരിചിതമായിരിക്കാം; ഇന്ന് അതൊരു ശീലവും സ്വാഭാവികമായ കാര്യവുമായിത്തീർന്നിരിക്കുന്നു. മാധ്യമസ്ഥാപനങ്ങൾക്കു പിന്നിലെ മൂലധന-രാഷ്‌ട്രീയ താൽപ്പര്യങ്ങൾ ഇന്ന് രഹസ്യമോ ഗുപ്തമോ അല്ലല്ലോ. എങ്കിലും ജനങ്ങൾ അവരെ നേരിടുന്നത് ആദ്യമായിട്ടായിരിക്കും. ‘വോക്സ് പോപുലി’ (ജനശബ്ദം) എന്ന പട്ടമണിഞ്ഞുകൊണ്ട് ഇതുവരെ മാധ്യമങ്ങൾ നേടിയെടുത്ത, അവകാശപ്പെട്ട സാധുത/ന്യായീകരണം ഇന്ന് വിലപ്പോകാതെയായിരിക്കുന്നു; നാമമാത്രമായല്ലാതെ, അത് സ്വന്തം പ്രവൃത്തിയിൽ നിരന്തരം തെളിയിക്കുന്നില്ല എങ്കിൽ ജനങ്ങൾ അവരെ കണക്കിലെടുക്കില്ല എന്ന പ്രഖ്യാപനമായിരുന്നു ഗോദിമീഡിയ നേരിട്ട കൂക്കിവിളികൾ.

​​പടം

പരിഹാരത്തിനും

സംഭാഷണത്തിനുമുള്ള തുറസ്സ്

​​ഏതൊരു ജനാധിപത്യപരമായ സമരവും ഒരേസമയം ഭരണഘടന എന്ന ചട്ടക്കൂടിനെക്കുറിച്ചുള്ള ബോധ്യവും അതിനോട് ആത്മാർഥമായ കൂറും പരിഹാരങ്ങൾക്കായുള്ള സംഭാഷണങ്ങൾക്ക് നിരന്തരസന്നദ്ധതയും പുലർത്തേണ്ടതുണ്ട്. പാറ്റപ്രക്ഷോഭം എല്ലായ്‌പോഴും സംഭാഷണത്തിനുള്ള വാതായനങ്ങൾ തുറന്നിട്ടു, പ്രതിഛായാ നിർമിതികൾക്കപ്പുറം സമരകാരണങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. വളരെ തുറന്നതും ശ്രേണീരഹിതവും ഒറ്റനോട്ടത്തിൽ അരാജകമെന്ന് തോന്നാവുന്നതുമായ ആ പ്രതിരോധത്തിന് ഒരിക്കലും ലക്ഷ്യബോധം നഷ്ടപ്പെട്ടില്ല. ഒരേസമയം പ്രശ്നബദ്ധവും എന്നാൽ സമരരീതിയിൽ ബഹുലവും ബഹുസ്വരവും ബഹുമുഖവും ആയിരുന്നു ആ സമരം. ‘ആയിത്തീർന്ന’തോ, ‘ആയിരിക്കുന്ന’തോ അല്ലാതെ, ‘ആയിക്കൊണ്ടിരിക്കുന്ന’ ഒന്നായി സ്വയം നിലനിൽക്കാൻ/നിലനിർത്താൻ കഴിഞ്ഞതിലൂടെ, ഒന്നിനും പിടികൊടുക്കാത്ത ഒരുതരം സന്ദിഗ്ധാവസ്ഥ നിലനിർത്താൻ ആ സംരംഭത്തിനു കഴിഞ്ഞു. സാമ്പ്രദായിക അധികാരവ്യവസ്ഥയ്‌ക്കും ശൈലീകൃതമായിത്തീർന്ന രാഷ്‌ട്രീയരൂപീകരണങ്ങൾക്കും സമരരൂപങ്ങൾക്കും ഈ രീതി തീർത്തും അപരിചിതമായിരുന്നു. പ്രത്യേകിച്ചും യുവാക്കൾ ജീവിക്കുന്ന ലോകം, അവരുടെ അനുഭവജീവിതം, പ്രതികരണരീതികൾ എന്നിവയെക്കുറിച്ച് പഴയ തലമുറയും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും എത്രകണ്ട് അജ്ഞരായിരുന്നു, വിമുഖരായിരുന്നു എന്നും വെളിപ്പെടുത്തിയ ഒരു സന്ദർഭം കൂടിയായിരുന്നു അത്.

​

പാറ്റകളും സിനിമയും

​ലാവണ്യഭാവന, കലാനിർമാണം, ആസ്വാദനം എന്നതിനൊപ്പം സിനിമ ഒരു പ്രവർത്തനം കൂടിയായി മാറിക്കഴിഞ്ഞ ഇക്കാലത്ത് സമാന്തരമെന്നോ പ്രതിപക്ഷമെന്നോ വിശേഷിപ്പിക്കാവുന്ന (വിളിക്കപ്പെടാവുന്ന) സിനിമകൾ എങ്ങനെ സ്വന്തം ഇടവും സാധ്യതകളും പ്രേക്ഷകസമൂഹത്തെയും കണ്ടെത്തും എന്ന ചോദ്യത്തിന് പാറ്റകൾ രാഷ്‌ട്രീയപ്രവർത്തനരംഗത്ത്‌ ആവിഷ്‌കരിച്ചതും മുകളിൽ സൂചിപ്പിച്ചതുമായ ചില തന്ത്രങ്ങളും നിലപാടുകളും രീതികളും മാതൃകകളും പ്രചോദനമാക്കാവുന്നതാണ്.

​കലാപ്രവർത്തനം എന്നത് കല സൃഷ്ടിക്കലും അത് പ്രേക്ഷകരിലെത്തിക്കലും മാത്രമല്ല, മറിച്ച് പുതിയ ഒരു പ്രേക്ഷകസമൂഹത്തെ നിർമിച്ചെടുക്കുന്ന -ഒരു ജനാധിപത്യ ഇടപെടൽ -കൂടിയാണ്. അതിന് നിയമപരവും വ്യവസ്ഥിതിപരവും ആയ തടസ്സങ്ങൾ മാത്രമല്ല ഉള്ളത്: ലാവണ്യഭാവനയ്‌ക്കൊപ്പം സ്വതന്ത്രവും വിമോചനാത്മകവുമായ രാഷ്‌ട്രീയദർശനവും തുറവിയുള്ള ജനാധിപത്യഭാവനയും അതിനാവശ്യമാണ്. ​

ലോകത്തെല്ലായിടത്തും ഏകാധിപത്യത്തെ ഏറ്റവും സൂക്ഷ്മവും രൂക്ഷവുമായി വിമർശിച്ചിട്ടുള്ളത് ഹാസ്യത്തിലൂടെയാണ്. നർമത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും പാറ്റകൾ സമരമുഖത്ത് പരീക്ഷിച്ചു; അളമുട്ടിയ ഹാസ്യം പ്രവർത്തിക്കുന്നത് മാന്യം, പരിഷ്‌കൃതി എന്നൊക്കെ വിളിക്കപ്പെടുന്ന വിചാര/പെരുമാറ്റരീതികളുടെ വിളുമ്പുകളിലാണ്. അത് മാന്യത മറന്ന് സത്യം വിളിച്ചുപറയുന്നു, ബുദ്ധിയുടെ കൗശലങ്ങൾ മറന്ന് മനസ്സിലുള്ളത് വെളിപ്പെടുത്തുന്നു, യുക്തിയും ഭക്തിയും വിട്ട് സത്യത്തെ നേരിടുന്നു.

​ഏകാധിപത്യത്തിനെതിരെ മറ്റൊരു ഏകശിലാത്മകതയെ ഉയർത്തിപ്പിടിച്ചുകൊണ്ടോ, മറ്റൊരു ‘ഒരൊറ്റ ശരി'യെ ആരാധിച്ചുകൊണ്ടോ ജനസഞ്ചയപ്രതിരോധങ്ങൾ സാധ്യമല്ല എന്നാണ് പാറ്റസമരം സൂചിപ്പിക്കുന്നത്; വിവിധ ശരികളുടെയും പലതലങ്ങളിൽനിന്ന് ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവരുടെ പലതരം കാഴ്‌ചപ്പാടുകളുടെയും കൂട്ടായ്‌മയുടെയും സംവാദത്തിന്റെയും വിശാലമുന്നണി അതിനായി തുറക്കേണ്ടതുണ്ട്. പലമയെ ആഘോഷിച്ചും ആവിഷ്‌കരിച്ചുംകൊണ്ട്, നിലനിൽക്കുന്ന സ്ഥാപനപരവും കലാപരവുമായ അച്ചടക്കങ്ങളെ അതിവർത്തിച്ചും അതിലംഘിച്ചുകൊണ്ടുമൊക്കെ ആയിരിക്കാം ആ ആയിത്തീരലിലേക്ക് പ്രവേശിക്കാനാവുക. ഏകശിലാത്മകതയ്‌ക്കും ഏകാഭിപ്രായമുന്നണിക്കും പകരം ലോകത്തെയും പ്രകൃതിയെയും മനുഷ്യവംശത്തെയും സംബന്ധിക്കുന്ന അടിസ്ഥാനമൂല്യങ്ങൾ പങ്കിടുന്ന, സ്വാതന്ത്ര്യം, ജനാധിപത്യം, സമാധാനം, തുല്യനീതി, പരിസ്ഥിതിബോധം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത, എന്നാൽ ഇവക്കെതിരെ നിലകൊള്ളുന്ന ശക്തികളെ സന്ദർഭങ്ങൾക്കനുസരിച്ച് രൂപവും ഭാവവും പ്രവർത്തനരീതികളും വികസിപ്പിച്ചുകൊണ്ട് പ്രതിരോധിക്കുന്ന, പുതിയ സാമൂഹ്യപ്രവർത്തന നെയ്‌ത്തുരീതികൾ നമ്മൾ ഭാവന ചെയ്യേണ്ടിയിരിക്കുന്നു.

​ ആ പ്രക്രിയയിൽ (പദ്ധതിയോ പരിപാടിയോ അല്ല) ഭാഷയും ബഹുസ്വരതയും നർമവും അധികാരത്തോടും സഹജീവികളോടുമുള്ള പുതിയ അഭിസംബോധനാ രീതികളും എല്ലാം സർഗാത്മകമായി പങ്കുചേരേണ്ടതുണ്ട്. അതിന് ഇന്നത്തെയും വരുംകാലത്തിന്റെയും ബഹുമാധ്യമവ്യുൽപ്പത്തികളെയും സങ്കേതങ്ങളെയും ക്രിയാത്മകമായി ഉൾച്ചേർക്കേണ്ടതുണ്ട്. അധികാര സ്ഥാപനങ്ങളെ മാത്രമല്ല അത്തരം പ്രവണതകളുള്ള മാതൃകകളെയും രൂപങ്ങളെയും കൂടി ഇവിടെ ്രതിരോധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി വേണ്ടത് അകമേയും പുറമേയുമുള്ള തുറവിയാണ്: വിമർശനങ്ങളെയും വ്യത്യസ്‌തതകളെയും സ്വീകരിക്കുവാനും സംവാദങ്ങളിലൂടെ സമവായങ്ങൾ വികസിപ്പിക്കാനുമുള്ള ജനാധിപത്യപരമായ ക്ഷമയും ഭാവനാശേഷിയും ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ‘ഗുണങ്ങൾ’ ഒരു ആദർശമോ വിദൂരസങ്കൽപ്പമോ അല്ല, മറിച്ച് ഇവിടെ ഇപ്പോൾ, നമുക്ക് സാധ്യമാകുന്നതാണ് എന്നാണ് പാറ്റകൾ ചെയ്‌തുകാണിച്ചത്.

​സംഘാടനം, വിഭവസമാഹരണം, ഉള്ളടക്കത്തിലെ വൈവിധ്യം, ഹാസ്യത്തിന്റെ ഉപയോഗം, ആർക്കൈവൽ വിവരങ്ങളുടെ പുനരാവിഷ്‌കാരം, എഐയുടെ സർഗപരമായ ഉപയോഗം, ബഹുമാധ്യമസങ്കേതങ്ങളുടെ വിന്യാസം, ആഗോളതലത്തിലുള്ള നെറ്റ്‌വർക്കിങ്‌, ഓൺലൈൻ വഴിയുള്ള പരിഹാരങ്ങൾ തേടൽ (അഭിപ്രായരൂപീകരണവും സംഘാടനവും തുടങ്ങി സമരമുഖത്ത് ഭക്ഷണം എത്തിക്കൽ വരെ) തുടങ്ങി പലതിലും സിനിമ പോലുള്ള പലതരം വിഭവങ്ങളും വൈഭവങ്ങളും ഒത്തുചേരേണ്ട ഒരു സംരംഭത്തിന് പഠിക്കാവുന്നതായുണ്ട്. ഇന്ന് എല്ലാ തലങ്ങളിലും നിയന്ത്രണങ്ങളും വെല്ലുവിളികളും ഭീഷണികളും നേരിടുന്ന ഡോക്യുമെന്ററി നിർമാതാക്കൾക്ക് ഇവയിൽനിന്ന് ചില മാതൃകകൾ വികസിപ്പിക്കാവുന്നതാണ്. സമരമുഖത്തെ സംഭവങ്ങൾക്കും അതിന്റെ പശ്ചാത്തലവിവരങ്ങൾ, അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയവ്യവഹാരങ്ങൾ, നേർമൊഴികൾ എന്നിവയ്‌ക്കു പുറമെ സമരക്കാർ അനുദിനം ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന പരസഹസ്രം റീലുകൾ തന്നെ ഈ സമരത്തിന്റെ സമ്പന്നവും വിപുലവുമായ ഒരു ആർക്കൈവ്സ് ആണ്: ഭാവിയിൽ നിർമിക്കപ്പെടാനിരിക്കുന്ന പല ഡോക്യുമെന്ററി ചിത്രങ്ങൾക്കും പ്രചോദനവും ഉള്ളടക്കവും ആകാവുന്നവ.

ആധുനിക പൗരസമൂഹവും സിനിമയും തമ്മിലുള്ള ബന്ധം നീണ്ടതും സങ്കീർണവുമായ ഒന്നാണ്: ആഗോളീയവും ദേശീയവും പ്രാദേശികവുമായ തലങ്ങളിൽ സംഭവിക്കുന്ന രാഷ്‌ട്രീയ പരിണാമങ്ങളും സിനിമയും തമ്മിലുള്ള പാരസ്‌പര്യവും കൊള്ളകൊടുക്കലുകളും എക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. പരസ്‌പരംപ്രതിഫലിപ്പിക്കുകയും മാറ്റുകയും ചെയ്‌ത/ചെയ്യുന്ന ഒരു പാരസ്‌പര്യമാണത്. അതുകൊണ്ടുതന്നെ പാറ്റകളിൽനിന്ന് സിനിമയ്‌ക്ക്‌ ധാരാളം പഠിക്കാനുണ്ട്, കഴിയുമെങ്കിൽ പഠിപ്പിക്കുവാനും .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home