Deshabhimani

കിഫ്ബിയുടെ പ്രവർത്തികളെല്ലാം ലഭിച്ചത് ഓപ്പൺ ടെൻഡറിലൂടെ; നടപടികളെല്ലാം സുതാര്യമെന്ന് ഊരാളുങ്കൽ

URALUNKAL1.
വെബ് ഡെസ്ക്

Published on Oct 31, 2026, 11:13 AM | 1 min read

തിരുവനന്തപുരം: കിഫ്ബിയിലൂടെ ലഭിച്ച പ്രവർത്തികളെല്ലാം ഓപ്പൺ ടെൻഡറിലൂടെ ലഭിച്ചതാണെന്നും അതിനെ സംബന്ധിച്ച വിവരങ്ങളെല്ലാം സുതാര്യമാണെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ.


കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചതെന്നും യുഎൽസിസിഎസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്.


ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നൽകരുതെന്ന് സൊസൈറ്റി അഭ്യർത്ഥിച്ചു.


18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും സൊസൈറ്റി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home