ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ജൂലൈ 11നാണ് സംഭവം നടന്നത്. ആക്രമണ സംഘത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായി ഫെന്നി നൈനാനുമുണ്ടായിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ മർദ്ദിക്കാനും ഭീഷണിപ്പെടുത്താനുമായി കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ അതിക്രമം അഴിച്ചുവിട്ടത്.
ശ്രീനാദേവി കുഞ്ഞമ്മയ്ക്കും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വീഡിയോ ചെയ്തതിന്റെ പേരിൽ കൊച്ചിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പ്രതിയെയാണ് സ്റ്റേഷനിൽ വെച്ച് കോൺഗ്രസ് ക്രിമിനലുകൾ ആക്രമിക്കാൻ ശ്രമിച്ചത്.
കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലാണ് സ്റ്റേഷനിൽ അതിക്രമം നടന്നത്. പ്രതിയെ കൊണ്ടുവന്ന വാഹനം തടയുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു.
തുടർന്ന് യാതൊരുവിധ നിയമപരമായ അനുമതിയുമില്ലാതെ ലോക്കപ്പിനുള്ളിൽ കിടന്ന പ്രതിയുടെ അടുത്തേക്ക് അതിക്രമിച്ചു കയറി ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ഇവർ തന്നെ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ആഘോഷിക്കുകയും ചെയ്തിരുന്നു. അടുത്തദിവസം രാവിലെ രാഹുൽ മാങ്കൂട്ടത്തിലും അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.









0 comments