Deshabhimani

കവർസ്‌റ്റോറി

ഇന്ത്യൻ ജനാധിപത്യം: പതനവും വീണ്ടെടുപ്പും

പടം
avatar
സുനിൽ പി ഇളയിടം

Published on Oct 31, 2026, 11:08 AM | 9 min read


ഒന്ന്


ഇന്ത്യയുടെ വർത്തമാനരാഷ്ട്രീയ ചക്രവാളത്തിലെ വിദൂരസാന്നിധ്യമാണ് ജനാധിപത്യം. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിൽ വരെ വേരോടിപ്പടരേണ്ടതും, ഭരണനിർവഹണരീതി എന്നതിനപ്പുറം ജീവിതരീതിയായി തുടരേണ്ടതുമായ അടിസ്ഥാനമൂല്യം എന്ന നിലയിലാണ് ഭരണഘടന ജനാധിപത്യം എന്ന ആശയത്തെ വിഭാവനം ചെയ്തിരുന്നത്. നിർഭാഗ്യവശാൽ അത്തരമൊരു മൂല്യസങ്കൽപ്പം നമ്മുടെ രാഷ്ട്രജീവിതത്തിൽ

നിന്നും മിക്കവാറും പിൻവാങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ ജനാധിപത്യം, സാമൂഹ്യജനാധിപത്യം, സാമ്പത്തിക ജനാധിപത്യം എന്നിവയുടെ സംയോജിതരൂപമായി നിലനിൽക്കേണ്ടതും മറ്റുള്ളവരോടുള്ള ആദരവ് എന്ന തത്വത്തെ മുൻനിർത്തി പ്രായോഗികമൂല്യം കൈവരിക്കേണ്ടതുമായ ഒന്നായാണ് ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കർ ജനാധിപത്യത്തെ പരിഗണിച്ചിരുന്നത്. അത്തരം അടിസ്ഥാന തത്വങ്ങളെല്ലാം പരിപൂർണമായി കയ്യൊഴിയപ്പെട്ടതും കോർപറേറ്റ് മൂലധനതാൽപ്പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ വർഗീയഫാസിസത്തിന്റെ നടത്തിപ്പുശാലയായി രാഷ്ട്രജീവിതം പരിണമിച്ചതിന്റെ ചിത്രമാണ് സ്വാതന്ത്ര്യപ്രാപ്തിയുടെ എൺപതാം വാർഷികത്തിലേക്കുള്ള യാത്ര നമുക്കുമുന്നിൽ അനാവരണം ചെയ്യുന്നത്. അനുഭവവേദ്യമായ ഒന്ന് എന്നതിൽനിന്നും വീണ്ടെടുക്കപ്പെടേണ്ട ഒന്നായി ഇന്ത്യൻ ജനാധിപത്യം മാറിത്തീർന്നിരിക്കുന്നു. ഇന്ത്യയുടെ ഭാവിനിർണയിക്കാനിരിക്കുന്നത് ആ വീണ്ടെടുപ്പിന്റെ തോതും തരവുമായിരിക്കും.

ജനാധിപത്യം എന്ന ആശയത്തിന്റെ സാർവത്രികവും സാർവലൗകികവുമായ വിശദീകരണമായി ഇപ്പോൾ പരിഗണിക്കപ്പെട്ടുവരുന്നത് 1863 ഏപ്രിൽ 19‐ന് ഗറ്റിസ്ബർഗിൽ നടത്തിയ പ്രസംഗത്തിൽ എബ്രഹാം ലിങ്കൺ അതിനു നൽകിയ വ്യാഖ്യാനമാണ്. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട അരലക്ഷത്തോളം വരുന്ന ഗറ്റിസ്ബർഗ് നിവാസികൾക്കായി പുതുതായി പണിതീർത്ത ഗറ്റിസ്ബർഗ് ശ്മശാനത്തിന്റെ (Gettisburg National Cemetry) ഉദ്ഘാടനവേളയിലാണ് എബ്രഹാം ലിങ്കൺ ആ പ്രസംഗം നടത്തിയത്. തികച്ചും ഔപചാരികവും ഹ്രസ്വവുമായ ഒന്നായിരുന്നു അത്. ഹാർവാർഡ് സർവകലാശാലാ ഡീനും അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനുമായ എഡ്വേർഡ് ഇവ്റെറ്റിന്റെ രണ്ടുമണിക്കൂർ ദൈർഘ്യമേറിയ പ്രസംഗത്തിനുശേഷമാണ് കേവലം രണ്ടരമിനിറ്റ് നീണ്ടുനിൽക്കുന്നതും 272 വാക്കുകൾ മാത്രം ഉൾക്കൊള്ളുന്നതുമായ ആ പ്രസംഗം ലിങ്കൺ നടത്തിയത്. പ്രസംഗത്തിന്റെ അവസാനവാക്യമായി "ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളെ ഭരിക്കുന്ന ഒരു ഗവൺമെന്റ് ഈ ഭൂമിയിൽ ക്ഷയിച്ചുപോകില്ല' (A government of the people by the people and for the people will not perish in the earth) എന്നദ്ദേഹം പറഞ്ഞു. എത്രയും ഹ്രസ്വവും ഔപചാരികവുമായ ആ വാക്യത്തോടെ ആ സമ്മേളനം അവസാനിക്കുകയും ചെയ്തു.

ആധുനികലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗഹനവും പുറമേക്ക് എത്രയും സരളവുമായ ആ വാക്യം അതുച്ചരിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ കാര്യമായ യാതൊരു ചലനവും ഉളവാക്കിയില്ല. എങ്കിലും പൊരിയിൽ പടർന്ന അഗ്നിബാധയെന്നപോലെ അത് കാലത്തിലൂടെ വളർന്നു. പതിയെപ്പതിയെ മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹിമയുറ്റ പ്രസംഗവും പ്രഖ്യാപനവുമായി അതു മാറി. അനാർഭാടവും അനലംകൃതവുമായ വാക്കുകളിൽ എബ്രഹാം ലിങ്കൺ ജനാധിപത്യത്തിനു നൽകിയ വിശദീകരണം, അതിനു മുമ്പും പിന്നാലെയും ജനാധിപത്യത്തിന് നൽകപ്പെട്ട എല്ലാ വ്യാഖ്യാനങ്ങളെയും നിർവചനങ്ങളെയും മറികടന്നു വളർന്നു. ഗറ്റിസ്ബർഗ് പ്രസംഗത്തിന് ഒരു നൂറ്റാണ്ടോളം മുമ്പ്‌ ഫ്രഞ്ച് വിപ്ലവം ജന്മം നൽകിയ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity) എന്ന മുദ്രാവാക്യത്തേക്കാളും മഹിമയുറ്റതും സരളവും സാർവത്രികവുമായ ഒന്നായി അത് വിലയിരുത്തപ്പെട്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ യുഗനിർണായകമായ പ്രാധാന്യം നിലനിൽക്കുമ്പോഴും അതു ജന്മം നൽകിയ ജനാധിപത്യദർശനം ഒട്ടൊക്കെ അമൂർത്തസ്വഭാവമുള്ള മേൽപ്പറഞ്ഞ മൂന്നു വാക്കുകളായിരുന്നു. ഗറ്റിസ്ബർഗ് പ്രസംഗത്തിലെ ജനാധിപത്യ നിർവചനത്തെ ഇതിൽനിന്ന് വ്യത്യസ്തമായി, മൂർത്തവും സരളവും പ്രായോഗികവുമായ ഒന്നായാണ് പിൽക്കാലം വിലയിരുത്തിയത്. അനാർഭാടമായ ആ ലളിതവാക്യം ഒരു നൂറ്റാണ്ടുകൊണ്ട് ഗഹനവും അർഥസാന്ദ്രവുമായി. ഇരുപതാം ശതകത്തിന്റെ രണ്ടാം പകുതിയോടെ ജനാധിപത്യത്തിന്റെ മൂർത്തവും പ്രായോഗികവുമായ നിർവചനമായി അതു മാറി. ജനങ്ങൾക്കുവേണ്ടി, ജനങ്ങളെ ഭരിക്കുന്ന, ജനങ്ങളുടെ ഗവൺമെന്റ്!

 കടപ്പാട്‌: ഗൂഗിൾകടപ്പാട്‌: ഗൂഗിൾ

ഈ വിശദീകരണത്തിന്റെ സരളതയും സാർവത്രികതയും നിലനിൽക്കുമ്പോൾ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയം സങ്കീർണമായ അനുഭവങ്ങളിലൂടെ കടന്നുപോയി. രണ്ട് ലോകമഹായുദ്ധങ്ങളും ഫാസിസവും നാസിസവും പോലുള്ള നൃശംസതകളും മനുഷ്യവംശത്തിനു മുന്നിൽ ഒന്നിനു പിറകെ മറ്റൊന്നായി വിടർന്നുവന്നു. ഫാസിസത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന സർവാധിപതികൾ ലോകത്തിന്റെ പല കോണുകളിലും അധികാരമേറ്റു. ജനാധിപത്യത്തിന്റെ മറപറ്റി നിന്നുകൊണ്ടുതന്നെ സർവാധിപതികളായ ഭരണാധികാരികൾ മനുഷ്യരെ വേട്ടയാടിക്കൊന്നു. ഹിറ്റ്ലർക്കും മുസ്സോളിനിക്കും പോലും അവരുടെ കൊടിയ നൃശംസതകളുടെ കാലത്ത് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞു. ജനാധിപത്യം ശരിയായ നിർവഹണരൂപം കൈവരിച്ചില്ലെങ്കിൽ അതിനുതന്നെ ഫാസിസത്തിന്റെ മറയാകാൻ കഴിയുമെന്ന് ലോകം മനസ്സിലാക്കി.

ഇത് ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ ചില ചോദ്യങ്ങളിലേക്ക് വഴിതുറന്നു. ജനാധിപത്യം "ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളെ ഭരിക്കുന്ന' സമ്പ്രദായമാണെങ്കിൽ ഇതിലേതു ഘടകമാണ് പ്രധാനം എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത് അങ്ങനെയാണ്. അതോ ജനാധിപത്യതത്വത്തിലുൾപ്പെട്ട എല്ലാ ഘടകങ്ങൾക്കും തുല്യ പ്രാധാന്യമാണോ ഉള്ളത്? ജനാധിപത്യത്തിന്റെയും ആധുനികലോകത്തിന്റെയും ചരിത്രാനുഭവങ്ങളിലേക്ക് സൂക്ഷിച്ചുനോക്കിയ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയത് ഇതിൽ പ്രധാനം "ജനങ്ങൾ ഭരിക്കുന്നു' എന്ന പ്രമാണമാണെന്നാണ്. ജനാധിപത്യത്തിന്റെ ഹൃദയതത്വം ജനങ്ങളുടെ ഭരണം എന്ന ആശയമാണ്. "ജനങ്ങളെ ഭരിക്കുക' എന്നതും "ജനങ്ങൾക്കുവേണ്ടി ഭരിക്കുക' എന്നതും ജനാധിപത്യഭരണമാകുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. താൻ "ജനങ്ങൾക്കുവേണ്ടിയാണ് ഭരിക്കുന്നത്' എന്നത് ഏതു സർവാധിപതിക്കും, ഏതു ഫാസിസ്റ്റിനും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരവകാശവാദമാണ്. "ജനങ്ങളെ ഭരിക്കുന്നു' എന്നത് പ്രാചീനകാലം മുതൽക്കേയുള്ള എല്ലാ ഭരണകൂടങ്ങളുടെയും അടിസ്ഥാനവുമാണ്. രാജഭരണവും സാമ്രാജ്യത്വവാഴ്ചയും മുതൽക്കിങ്ങോട്ടുള്ള എല്ലാ ഭരണരൂപങ്ങളും ജനങ്ങളെ ഭരിക്കാനുള്ളതായിരുന്നു. അതുകൊണ്ട് ജനാധിപത്യം സാർഥകമാകുന്നത് "ജനങ്ങൾക്കുവേണ്ടി' "ജനങ്ങളെ ഭരിക്കുന്നു' എന്ന തത്വത്തിന്റെ നിർവഹണമെന്ന നിലയിലല്ല, മറിച്ച് "ജനങ്ങൾ ഭരിക്കുന്നു' (By the people) എന്ന നിലയിലാണ്. ഭരണനിർവഹണത്തിൽ ജനാധികാരം എത്രത്തോളം സന്നിഹിതമായിരിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ഉരകല്ലായി സ്വീകരിക്കേണ്ട മാനദണ്ഡം. അപ്പോൾ മാത്രമേ അതിന് ആ ആശയത്തോട് ചേർന്നുനിൽക്കാനാവൂ.

ഡോ. ബി ആർ അംബേദ്‌കർ ഭരണഘടനാ ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി അംഗങ്ങൾക്കൊപ്പംഡോ. ബി ആർ അംബേദ്‌കർ ഭരണഘടനാ ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി അംഗങ്ങൾക്കൊപ്പം

ജനാധിപത്യത്തിന്റെ അർഥപൂർണതയെക്കുറിച്ച് ലോകം ഇന്ന് ആദരപൂർവം പരിഗണിക്കുന്ന തത്വം മേൽപ്പറഞ്ഞതാണ്. ഭരണനിർവഹണത്തിൽ ജനാധികാരം എത്രത്തോളം നിലീനമായിരിക്കുന്നു എന്ന തത്വം. ഗാന്ധിയുടെ ഗ്രാമസ്വരാജും വികേന്ദ്രീകൃതാസൂത്രണവും മുതൽക്കിങ്ങോട്ടുള്ള എത്രയെങ്കിലും ആലോചനകളും അന്വേഷണങ്ങളും അതിനെക്കുറിച്ചുണ്ടായി. അന്തിമവും സഫലവുമായ ഒരു വിധിതീർപ്പോ പ്രയോഗമാതൃകയോ "ജനങ്ങളുടെ ഭരണം' എന്ന ആശയത്തിന് കൈവന്നിട്ടില്ല. എങ്കിലും ജനാധിപത്യത്തെക്കു

റിച്ചുള്ള ഏതൊരാലോചനയും ആ തത്വത്തിലേക്കാണ് ഇപ്പോൾ മിഴിതുറക്കുന്നത്. ഒന്നര നൂറ്റാണ്ടിലധികംവരുന്ന കാലദൈർഘ്യം ആ പ്രമാണത്തെ കൂടുതൽ ബലിഷ്ഠവും അർഥസാന്ദ്രവുമാക്കി. ഏതു ഭരണസംവിധാനവും ജനാധിപത്യപരമാണോ എന്നറിയാൻ ഉറ്റുനോക്കേണ്ടത് ഒരേയൊരു കാര്യത്തിലേക്കാണെന്ന് ചരിത്രം ഉറപ്പിച്ചു പറയുന്നുണ്ട്. അതിൽ "ജനങ്ങളുടെ ഭരണം' എത്രത്തോളം സന്നിഹിതമായിരിക്കുന്നു എന്നതിലേക്ക്.


രണ്ട്

ജനാധിപത്യത്തിന്റെ ഈ ഹൃദയതത്വത്തിന് വർത്തമാനകാല ഇന്ത്യയിലുള്ള സ്ഥാനമെന്താണ്? ഒരു വ്യാഴവട്ടം പിന്നിട്ട ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭരണകാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയഭൂമികയിൽനിന്നും ജനങ്ങളുടെ ഭരണം എന്ന അടിസ്ഥാന പ്രമാണത്തെ പരിപൂർണമായി ഉച്ചാടനം ചെയ്തിരിക്കുന്നു എന്നതാണ് വാസ്തവം. ഏഴര പതിറ്റാണ്ട് പിന്നിട്ട റിപ്പബ്ലിക്കിന്റെയും എട്ടു പതിറ്റാണ്ട് തികയുന്ന സ്വതന്ത്ര ഇന്ത്യയുടെയും ചരിത്രത്തിൽ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും സ്ഥാപനക്രമങ്ങളും ഇത്രമേൽ കയ്യൊഴിയപ്പെട്ട സന്ദർഭം ഏറെയൊന്നും ഉണ്ടായിട്ടില്ല എന്നു പറയാം. 1975‐ലെ അടിയന്തരാവസ്ഥക്കാലമാണ് സമാനമെന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു കാലം. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനവും ഭരണകൂട അക്രമവും ആയിരുന്നപ്പോഴും അടിയന്തരാവസ്ഥയ്ക്ക് ഭരണഘടനാപരമായ ഒരു ന്യായീകരണത്തിന്റെ മറയെങ്കിലുമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ വർഗീയ ഫാസിസ്റ്റ് താൽപ്പര്യങ്ങളുടെ മറയില്ലാത്ത നടത്തിപ്പുകാരായി ഇന്ത്യൻ ഭരണകൂടം മാറിത്തീർന്ന ചിത്രമാണ് നാം കാണുന്നത്. എത്ര മികച്ച ഭരണഘടനയും ഭരണഘടനാപരമായ പരിരക്ഷകളും ഉണ്ടെങ്കിലും, ഭരണഘടനാപരമായ ധാർമികതയെ ഉയർത്തിപ്പിടിക്കാനാവാത്തവർ അധികാരികളായി മാറിയാൽ ജനാധിപത്യ സംവിധാനത്തിന്റെ തകർച്ചയിലാണ് അത് പര്യവസാനിക്കുക എന്ന അംബേദ്കറുടെ നിരീക്ഷണം നടപ്പിലാകുന്നതിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.

ഹിന്ദുത്വഭരണകൂടത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ ജനാധിപത്യത്തിലേൽപ്പിച്ച ഏറ്റവും മാരകമായ ആഘാതം അത് ജനാധിപത്യത്തെ ഭൂരിപക്ഷവാദവും (majoritarianism) അതുവഴി ഫാസിസത്തിന്റെ നടത്തിപ്പുശാലയുമാക്കിത്തീർത്തു എന്നതാണ്. കോർപറേറ്റ് മൂലധനവും ഹൈന്ദവ വർഗീയതയും തമ്മിലുള്ള കൈകോർക്കലിന്റെ ഏറ്റവും മൂർത്തമായ രൂപമാണ് ഇപ്പോൾ നമുക്കു മുന്നിലുള്ളത്. "ഭരണകൂടവും മൂലധനവും തമ്മിലുള്ള സമ്പൂർണമായ ഐക്യം' എന്ന് മുസ്സോളിനി ഫാസിസത്തിന് നൽകിയ വിശദീകരണം (Doctrine of Fascism എന്ന ഗ്രന്ഥം) ഇത്രമേൽ നടപ്പിലായ മറ്റൊരു സന്ദർഭം ഇന്ത്യാചരിത്രത്തിലില്ല. ഇന്ത്യൻ ജനതയെ വർഗീയമായി പിളർന്ന്, അവർക്കിടയിൽ പടർത്തിയ വെറുപ്പിന്റെ മറവിയിലൂടെ നടപ്പാക്കുന്ന കോർപറേറ്റ് മൂലധന താൽപ്പര്യങ്ങളുടെ നിർവഹണമായി ഇന്ത്യയിലെ ഭരണം മാറിയിരിക്കുന്നു. 2014‐ൽ 57,000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന അദാനിക്ക് 2026‐ൽ ഒമ്പതര ലക്ഷം കോടിയുടെ ആസ്തി കൈവന്നതങ്ങനെയാണ്. ഇതേ കാലയളവിൽ അംബാനിയുടെ ആസ്തി ഒരു ലക്ഷം കോടി രൂപയിൽ നിന്നും പത്തുലക്ഷം കോടിയോളമായും വളർന്നു. സാമ്പത്തികവളർച്ചയിൽ ലോകത്തെ നാലാമത്തെ രാജ്യം എന്ന സ്ഥാനത്തേക്ക് ഇന്ത്യ വളർന്നെത്തി എന്ന തമ്പേറിന്റെ പിന്നിലെ യാഥാർഥ്യം ഇതുകൂടിയാണ്. കോർപറേറ്റ് മൂലധനത്തിന്റെ ഭീമാകാരമായ വളർച്ചയെയാണ് രാജ്യത്തിന്റെ വളർച്ചയായി ഭരണകൂടം അവതരിപ്പിക്കുന്നത്. ഇതേ കാലയളവിൽ ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ് എന്നതുകൂടി മനസ്സിലാക്കിയാൽ മേൽപ്പറഞ്ഞ വളർച്ചയുടെ മറുപുറം വ്യക്തമാകും.

  മഹാത്മാഗാന്ധി മഹാത്മാഗാന്ധി

123 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടിണി സൂചികയിലാണ് ഇന്ത്യ 102‐ാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശും ശ്രീലങ്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ 85ഉം 61ഉം സ്ഥാനങ്ങൾ കയ്യാളുന്ന ഒരു പട്ടികയിലാണ് ഇന്ത്യ 102‐ാം സ്ഥാനത്ത് നിലകൊള്ളുന്നത്. കോർപറേറ്റ് മാധ്യമങ്ങളും മൂലധനശൃംഖലകളും കൊണ്ടാടുന്ന നമ്മുടെ "വളർച്ച'യുടെ മറുപുറം അതാണ്. "ജനങ്ങൾ' പരിപൂർണമായും തമസ്കരിക്കപ്പെട്ട ഒരു ഭരണസംവിധാനത്തിന്റെ ചിത്രമാണത്!

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രപരമായ ഉള്ളടക്കത്തെയും അതുവഴി രൂപപ്പെട്ട ദേശീയതാസങ്കൽപ്പത്തെയും അകത്തും പുറത്തും അട്ടിമറിച്ചുകൊണ്ടും ദേശീയതയെന്ന സങ്കൽപ്പത്തെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ശത്രുതയുടെയും ഉപകരണമാക്കി മാറ്റുകയും ചെയ്തുകൊണ്ടാണ് ഹിന്ദുത്വഭരണം നിലനിന്നത്. പത്തൊമ്പതാം ശതകത്തിന്റെ അവസാനദശകങ്ങളിൽ പ്രാബല്യം കൈവന്നു തുടങ്ങിയ ദേശീയതാസങ്കൽപ്പത്തിന് അക്കാലം മുതൽക്കേ മതാത്മകമായ ഉള്ളടക്കമുണ്ടായിരുന്നു. ഇതിനെ മതനിരപേക്ഷമായ ദേശഭാവനയിലേക്ക് വഴിതിരിച്ചുവിട്ടുകൊണ്ടാണ് 1920‐കൾ മുതൽ ഇന്ത്യൻ ദേശീയപ്രസ്ഥാനം നിലനിന്നത്. ഗാന്ധിയായിരുന്നു ഈ പരിവർത്തനത്തിന്റെ കേന്ദ്രം. മൂന്ന് സവിശേഷതകൾ 1920‐കൾ മുതൽക്കുള്ള ദേശീയഭാവനയ്ക്കുണ്ടായിരുന്നു. ഒന്നാമതായി അത് മതം ഉൾപ്പെടെയുള്ള ഏതെങ്കിലും ആന്തരികതത്വത്തെ മുൻനിർത്തുന്ന ദേശീയതാസങ്കൽപ്പമായിരുന്നില്ല. ഏതെങ്കിലുമൊരു ആന്തരികതത്വത്തെ ദേശീയതയുടെ മാനദണ്ഡമായി പ്രതിഷ്ഠിച്ചാൽ ആ മാനദണ്ഡത്തിലുൾപ്പെടാത്തവർ ദേശീയതയുടെ അപരസ്ഥാനങ്ങളാവും. അതിനുപകരം ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യപ്രക്ഷോഭത്തെ ദേശീയതയുടെ ആധാരമായി സങ്കൽപ്പിച്ചതിനാൽ ആഭ്യന്തരമായ ഈ അപരവൽക്കരണത്തെ മറികടക്കാൻ വലിയൊരളവോളം ഇന്ത്യൻ ദേശീയതയ്ക്ക് കഴിഞ്ഞിരുന്നു. (ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ഈ സമരപഥങ്ങളിലെവിടെയും കടന്നുവരാത്ത, അതിന്റെ മറുപുറമായി നിലനിന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ് ഹിന്ദുത്വരാഷ്ട്രീയത്തിനുള്ളത്.) അതോടൊപ്പം ഇന്ത്യൻ ദേശീയഭാവന മൂന്നാംലോക രാജ്യങ്ങളിലെ വിമോചനപ്പോരാട്ടങ്ങളോട് സാഹോദര്യഭാവം പുലർത്തുന്ന ഒന്നായി നിലനിൽക്കുകയും ചെയ്തു. അവസാനത്തെ മനുഷ്യനും സ്വാഭിമാനവും മനുഷ്യന്തസ്സും ഉറപ്പുവരുത്തുന്ന "സ്വരാജ്' എന്ന സങ്കൽപ്പമാകട്ടെ, ദേശീയതയെ സമത്വാധിഷ്ഠിതമായ ഒരു ജീവിതക്രമത്തിനായുള്ള താൽപ്പര്യത്തെ പേറുന്നതുമായിരുന്നു. ഇങ്ങനെ ഉൾക്കൊള്ളലിൽ അധിഷ്ഠിതവും (Inclusive), സാഹോദര്യനിഷ്ഠവും (fraternal), സമത്വഭാവനാപ്രധാനവും (galitarian) ആയ ഒരു ദേശീയതാസങ്കൽപ്പത്തെയാണ്, എത്രയെങ്കിലും പരിമിതികൾക്കകത്ത്, ദേശീയപ്രസ്ഥാനം വികസിപ്പിച്ചെടുത്തത്. സ്വാതന്ത്ര്യപ്രാപ്തിക്ക് പിന്നാലെയുള്ള പതിറ്റാണ്ടുകളിൽ ഈ ദേശീയഭാവന പതിയെപ്പതിയെ പരിക്ഷീണമായെങ്കിലും അത് സമ്പൂർണമായി അപ്പോഴൊന്നും കെട്ടുപോയിരുന്നില്ല.


ഈ ദേശീയതാസങ്കൽപ്പത്തെ അതിന്റെ മറുപുറത്തേക്ക് കൊണ്ടുപോകുകയാണ് പിന്നിട്ട ഒരു വ്യാഴവട്ടത്തിനിടയിൽ ഹിന്ദുത്വഭരണകൂടം ചെയ്തത്. ദേശീയതയുടെ ആധാരമായി മതത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ അത് ആഭ്യന്തരമായി ഇന്ത്യൻ രാഷ്ട്രജീവിതത്തിൽ വലിയ പിളർപ്പുണ്ടാക്കുകയും അതിനെ സ്ഥാപനവൽക്കരിക്കുകയും ചെയ്തു. മതന്യൂനപക്ഷങ്ങൾക്കെതിരായി ഇന്ത്യയിലരങ്ങേറുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് അപരവിദ്വേഷത്തിലധിഷ്ഠിതമായ ഈ മതദേശീയതാ സങ്കൽപ്പമാണ്. ഉൾക്കൊള്ളലിനു പകരം പുറംതള്ളലിനെയാണ് അത് അടിസ്ഥാനപ്രമാണമാക്കി മാറ്റിയത്. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തെ, രാഷ്ട്രശരീരത്തിൽ അപരവൽക്കരിക്കുകയും അന്യവൽക്കരിക്കുകയും ചെയ്യുന്ന എത്രയെങ്കിലും നിയമനിർമാണങ്ങൾക്കും ഭരണകൂടാധിനിവേശത്തിനും കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനുള്ളിൽ രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി. ജനാധിപത്യത്തെ ഭൂരിപക്ഷവാദവും അതിനു പിന്നാലെ ഭൂരിപക്ഷാതിക്രമവുമായി കരുതുന്ന മാരകമായ ഒരാൾക്കൂട്ടവും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രസംവിധാനവുമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഹിന്ദുത്വഭരണം രാഷ്ട്രശരീരത്തിലുളവാക്കിയ ഏറ്റവും മാരകമായ ആഘാതവും വെറുപ്പിന്റെ ഈ സാർവത്രികവ്യാപനവും അതിന്റെ സ്ഥാപനവൽക്കരണവുമാണ്.

ഇതോടൊപ്പം ഇന്ത്യൻ ദേശീയഭാവനയിൽ ബീജരൂപത്തിലെങ്കിലും നിലനിന്നിരുന്ന സമത്വാധിഷ്ഠിത സാമൂഹികഭാവനയുടെ സമ്പൂർണനിരാസവുമായിരുന്നു കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ഹിന്ദുത്വഭരണം. നിയോലിബറൽ മൂലധനവുമായി സമ്പൂർണ ഐക്യത്തിലെത്തിയ ഒരു ഭരണസംവിധാനത്തെയാണ് ഇക്കാലയളവിൽ നാം കണ്ടത്. ചങ്ങാത്തമുതലാളിത്തത്തിന്റെ ഏറ്റവും വിനാശകരമായ ആവിഷ്കാരമായി ഇക്കാലയളവിലെ ഭരണനിർവഹണം മാറിത്തീർന്നു. 1990‐കൾ മുതലാരംഭിച്ച ഉദാരവൽക്കരണ നടപടികൾ ഈ ദിശയിലേക്ക് വഴിതുറന്നിരുന്നു. അതിന് മാരകമായ തുടർച്ചയും പൂർത്തിയും കൈവന്നത് ഇക്കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയിലാണ്. അംബാനിയും അദാനിയും ഉൾപ്പെടെയുള്ള കോർപറേറ്റ് ഭീമന്മാരുടെ സാമ്പത്തികചൂഷണത്തിന്റെ നടത്തിപ്പുശാല മാത്രമായി ഇന്ത്യ മാറിത്തീർന്നു. "ഭരണകൂടവും മൂലധനവും തമ്മിലുള്ള സമ്പൂർണ ലയനം' എന്ന ഫാസിസ്റ്റ് പ്രമാണത്തിന്റെ നിർവഹണവേളയായിരുന്നു ഇക്കാലം.

ഗറ്റി-സ്-ബർഗ്- ശ്-മശാ-ന-ത്തിലെ എബ്രഹാം ലിങ്കന്റെ സ്‌മാരകംഗറ്റിസ് ബർഗ് ശ്മശാനത്തിലെ എബ്രഹാം ലിങ്കന്റെ സ്‌മാരകം

ഫാസിസ്റ്റുവൽക്കരണത്തിന്റെ ഈയൊരു വഴിയെ പിന്തുണയ്ക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി വഴിമാറി എന്നതാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ രാഷ്ട്രജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം. പാർലമെന്റ്, ജുഡീഷ്യറി, എക്സിക്യുട്ടീവ് എന്നീ അടിസ്ഥാനഘടകങ്ങളിൽ എക്സിക്യുട്ടീവ് സർവപ്രധാനമാവുകയും ഇതര സംവിധാനങ്ങൾ ക്ഷീണിക്കുകയും ചെയ്തു. നിയമനിർമാണത്തിനായുള്ള പാർലമെന്റിന്റെ അധികാരത്തെ എക്സിക്യുട്ടീവ് ഉത്തരവുകളിലൂടെ കവർന്നെടുക്കുന്ന സ്ഥിതി സാർവത്രികമായി. പാർലമെന്റ് സമ്മേളിക്കുകയും ഫലപ്രദമായി ചർച്ചകൾ നടക്കുകയും ചെയ്യുന്ന സ്ഥിതി നാമമാത്രമായി. പാർലമെന്ററി സമിതികൾ മിക്കവാറും നിശ്ചലമായി. പാർലമെന്റ് എന്നത് ഭൂരിപക്ഷഹിതപരിശോധനയ്ക്കപ്പുറം ജനാധിപത്യപരമായ സംവാദങ്ങളോ, അതിലധിഷ്ഠിതമായ നിയമനിർമാണമോ നടക്കാത്ത മേഖലയായി മാറി. ജനാധിപത്യപരമായ ഭിന്നാഭിപ്രായങ്ങളുടെ ആവിഷ്കാരവേദിയാകാൻ കഴിയാത്തവിധത്തിൽ പാർലമെന്റും പാർലമെന്ററി ജനാധിപത്യവും അകമേ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഇതിന്റെ തുടർച്ചയായി കാണേണ്ട ഒന്നാണ് ജുഡീഷ്യറിയുടെ പിൻവാങ്ങൽ. സ്വതന്ത്രവും ഭരണഘടനാനുസൃതവുമായ നീതിനിർവഹണം ഉറപ്പാക്കേണ്ട സംവിധാനം എന്നതിൽനിന്നും എക്സിക്യുട്ടീവിനെ പിന്തുണയ്ക്കുന്ന സംവിധാനം എന്നതിലേക്ക് ജുഡീഷ്യറിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ജനാധിപത്യം എന്ന ആശയത്തിന്റെയും ജനാധിപത്യപരമായ ഭരണകൂടസങ്കൽപ്പത്തിന്റെയും നിരാകരണം കൂടിയാണ്. ജുഡീഷ്യറിയുടെ വിവിധ തലങ്ങളിൽ സംഘപരിവാർ ആശയങ്ങളുടെ പ്രതിനിധികൾക്കു കൈവന്ന സ്വാധീനമാണ് ഈ തകർച്ചയുടെ പ്രകടമായ ഒരടയാളം. നീതിപീഠങ്ങളുടെ വിധിന്യായങ്ങൾ നിരന്തരമെന്നോണം ഹിന്ദുത്വരാഷ്ട്രീയത്തിന് അനുകൂലമായി പരിണമിക്കുന്നതാണ് ഇതിന്റെ മറ്റൊരടയാളം. ബാബ്റി കേസിലെ വിധിന്യായം മുതൽ ഗ്യാൻവാപി പള്ളിയിലെ ഉത്ഖനനത്തിന് ഉത്തരവിട്ടതു വരെയായി ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. ഇന്ത്യയിലെ ആരാധനാലയങ്ങൾ 1947 ആഗസ്‌ത്‌ 15‐ന് ഏതു സ്ഥിതിയിലാണോ നിലനിന്നിരുന്നത് അതിൽ ഒരു മാറ്റവും വരുത്തരുതെന്ന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം നിലനിൽക്കെയാണ് ഗ്യാൻവാപി പള്ളി കുഴിച്ചുനോക്കാൻ കോടതി ഉത്തരവിട്ടത്! നീതി നിർവഹണത്തിന്റെ വഴിയിൽ ഹിന്ദുത്വരാഷ്ട്രീയം പിടിമുറുക്കുന്നതിന്റെ അപകടകരമായ തെളിവുകളിലൊന്നായി അതിനെ കണക്കാക്കാം. ചെറുതും വലുതുമായ എത്രയെങ്കിലും വിധിന്യായങ്ങളിൽ ഈ പ്രവണതയുടെ മുദ്രകൾ പതിഞ്ഞുകിടക്കുന്നുണ്ട്. സ്വതന്ത്രവും ഭരണഘടനാനുസൃതവുമായ നീതിനിർവഹണം എന്ന ആശയത്തിന് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ നേരിടേണ്ടിവന്ന തിരിച്ചടികളുടെ ചിത്രങ്ങളാണ് അവയത്രയും.


ഹൈന്ദവ വർഗീയത രാഷ്ട്രീയാധികാരം കൈയാളിയതിന്റെ ഏറ്റവും മാരകമായ പ്രത്യാഘാതമായി കാണേണ്ടത് രാജ്യത്തിന്റെ ഫെഡറൽ ഘടനയിലുണ്ടായ തകർച്ചയാണ്. "ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്' എന്ന വാക്യമാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിന്റെ പ്രാരംഭം. നമ്മുടെ ഭരണഘടനയുടെ അതിപ്രശസ്തമായ ആമുഖത്തിന് ശേഷമുള്ള ഈ വാക്യം ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തെയും ജീവിതത്തെയും കുറിച്ചുള്ള ഏറ്റവും വലിയ പ്രഖ്യാപനമാണ്. ഏതെങ്കിലും ഒരു മതത്താലോ ജാതിയാലോ സംസ്കാരത്താലോ മൂല്യവ്യവസ്ഥയാലോ നിർവചിക്കാവുന്ന ഏകീകൃതസത്തയായി ഇന്ത്യ എന്ന രാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്നില്ല എന്നതാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിന്റെ അർഥം. "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ' എന്ന അതിപ്രസിദ്ധമായ ആശയത്തിന്റെ വിശദീകണവും വിപുലീകരണവുമാണത്.

ഭരണഘടനയുടെ ആധാരതത്വമായ ഫെഡറലിസത്തിന്റെ സമ്പൂർണമായ തകർച്ചയാണ് ഹിന്ദുത്വഭരണത്തിനിടയിൽ ഇന്ത്യ അഭിമുഖീകരിച്ചത്. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു ഭാഷ, ഒരു പാർടി, ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ മുകളിൽ നിന്നും അടിച്ചേൽപ്പിക്കപ്പെടുന്നതും കൃത്രിമവും ഏകാധിപത്യപരവുമായ ഏകതാവാദത്തിന്റെ നടത്തിപ്പാണ് ഇക്കാലത്തെ ഭരണനിർവഹണത്തിന്റെ അടിസ്ഥാന സ്വഭാവം. ദേശീയഗാനം മുതൽക്കിങ്ങോട്ടുള്ള ദേശീയ പ്രതീകങ്ങളിലും, കൃഷിയും വിദ്യാഭ്യാസവും ആസൂത്രണവും ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ഭരണമേഖലകളിലും ഉൾച്ചേർന്നിരുന്ന ഫെഡറൽ തത്വങ്ങൾ മിക്കവാറും റദ്ദായിക്കഴിഞ്ഞിരിക്കുന്നു. പ്രതിരോധം, വിദേശകാര്യം, റെയിൽവേ, കമ്പിത്തപാൽ തുടങ്ങിയ ചുരുക്കം മേഖലകളിൽ മാത്രമായി നിലനിൽക്കേണ്ടിയിരുന്ന യൂണിയൻ ഗവൺമെന്റിന്റെ അധികാരം ഇന്ന് പ്രാദേശിക സഹകരണസംഘങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്കുവരെ നുഴഞ്ഞുകയറിയിട്ടുണ്ട്. കൃഷിപോലെ എത്രയും വൈവിധ്യപൂർണവും ഇന്ത്യൻ ജനജീവിതത്തിന്റെ ആധാരവുമായി നിലകൊള്ളുന്ന ഉൽപ്പാദനമേഖലകളെ വരെ ഏകീകൃത നിയമങ്ങളുടെ പിടിയിലാക്കാനുള്ള ശ്രമങ്ങൾ അരങ്ങേറി. സാർവത്രികവും അമിതാധികാരപരവുമായ കേന്ദ്രീകരണത്തെ ഭരണനിർവഹണത്തിന്റെ അടിസ്ഥാനതത്വമാക്കി മാറ്റിക്കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ ആധാരപ്രകൃതത്തെയും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിർവഹണരീതിയെയും റദ്ദാക്കാനാണ് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചുപോരുന്നത്. വിനാശകരമായ ഈ പ്രവൃത്തിയിൽ അവർ ഏറിയപങ്കും വിജയം കൈവരിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫെഡറലിസത്തിന്റെയും അതുവഴി ഇന്ത്യയുടെ ജനാധിപത്യപരമായ നിലനിൽപ്പിന്റെയും തകർച്ച ഏറ്റവുമധികം അനുഭവവേദ്യമായ മറ്റൊരു മേഖലയാണ് വിദ്യാഭ്യാസത്തിന്റേത്. ഭരണഘടന നിലവിൽ വന്ന കാലയളവിൽ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായിരുന്നു. കോത്താരി കമീഷൻ വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കാൻ നിർദേശിച്ച സമഗ്ര പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ അതിനുള്ള അധികാരം യൂണിയൻ ഗവൺമെന്റിനു വേണം എന്ന ന്യായത്തിന്റെ മറവിലാണ് 1970‐കളിൽ വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. അവിടെനിന്നിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാൽ പടിപടിയായ കേന്ദ്രീകരണത്തിന്റെയും ഇന്ത്യയുടെ ബഹുസ്വര‐മതനിരപേക്ഷ പാരമ്പര്യത്തിന്റെ നിരാകരണത്തിന്റെയും ചിത്രമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തെളിഞ്ഞുകാണാനാവുക. 2020‐ലെ പുതിയ വിദ്യാഭ്യാസ നയത്തോടെ (NEP‐ 2020) ഈ കേന്ദ്രീകരണം പ്രീ‐പ്രൈമറി തലംമുതൽ ഗവേഷണ വിഷയങ്ങൾ തീരുമാനിക്കുന്നതിൽവരെ വ്യാപിച്ചു. ഇന്ത്യയിലെ ഓരോ സവിശേഷ ജനവിഭാഗങ്ങളുടേയും ഭാഷാപരവും സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ വ്യത്യസ്തതകളെ അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസത്തെ ഒരു സംസ്ഥാന വിഷയമായി ഭരണഘടന നിർദേശിച്ചത്. ഈ അടിസ്ഥാനമൂല്യത്തിന്റെ നിരാകരണം വിദ്യാഭ്യാസ മേഖലയോളം തെളിഞ്ഞുകാണുന്ന ഇടങ്ങൾ കുറവായിരിക്കും.

ഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുഇന്ധിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു

ഇങ്ങനെ രാഷ്ട്രസംവിധാനത്തിന്റെയും രാജ്യത്തിലെ സാമൂഹികജീവിതത്തിന്റെയും സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളിൽനിന്ന് ജനാധിപത്യം ഒരുപോലെ പിൻവാങ്ങിയ ചരിത്രസന്ധിയിലാണ് നാമിന്നു നിലകൊള്ളുന്നത്. ജുഡീഷ്യറി മുതൽ തെരഞ്ഞെടുപ്പ് കമീഷൻ വരെയുള്ള സ്ഥാപനങ്ങൾ ഒരു ഭാഗത്തും ഫെഡറലിസം മുതൽ മതനിരപേക്ഷത വരെയുള്ള അടിസ്ഥാനമൂല്യങ്ങൾ മറുഭാഗത്തും വലിയ വെല്ലുവിളിയേയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ബഹുസ്വര പാരമ്പര്യത്തിന്റെയും സാമൂഹ്യനീതിയുടെയും സാർവത്രികമായ തകർച്ചയിലേക്കാണ് ഇത് നമ്മെ കൈപിടിച്ചു നയിക്കുന്നത്. വിനാശകരമായ ആ യാത്രയുടെ ചാലകശക്തിയാണ് ഹിന്ദുത്വരാഷ്ട്രീയവും അത് നേതൃത്വം നൽകുന്ന ഭരണകൂടവും. ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് പറയേണ്ടിവരുന്നതും ഇതുകൊണ്ടാണ്.

തുടക്കത്തിലേക്ക് തിരിച്ചുവരാം. ജനങ്ങളെ ജനങ്ങൾക്കു വേണ്ടി ഭരിക്കുന്നു എന്നതിനപ്പുറം "ജനങ്ങൾ ഭരിക്കുന്നു' എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ എന്നു മനസ്സിലാക്കിയാൽ ജനാധിപത്യത്തിന്റെ സമ്പൂർണമായ പിൻവാങ്ങലിലൂടെയാണ് ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ കടന്നുപോകുന്നതെന്ന് കാണാനാകും. ജനങ്ങളെ മതാടിസ്ഥാനത്തിൽ വർഗീയമായി വിഭജിച്ചുകൊണ്ടും, കേവല ഭൂരിപക്ഷവാദത്തെ വിയോജിപ്പിനുള്ള അവകാശത്തിനു മുകളിൽ പ്രതിഷ്ഠിച്ചുകൊണ്ടും, രാഷ്ട്രീയ ജനാധിപത്യത്തെപ്പോലും ഒരു പേരും പുറന്തൊണ്ടുമാക്കി മാറ്റുകയാണ് ഹിന്ദുത്വഭരണകൂടം ചെയ്യുന്നത്. ജനാധിപത്യം എന്ന ത്രിത്വപദ്ധതിയുടെ ഇതരഘടകങ്ങളായ സാമൂഹിക‐സാമ്പത്തിക ജനാധിപത്യമാകട്ടെ ഭരണനിർവഹണത്തിന്റെയും രാഷ്ട്രജീവിതത്തിന്റെയും വിദൂരസീമകളിലേക്ക് തള്ളിമാറ്റപ്പെട്ടിരിക്കുന്നു. ആ നിലയിൽ കേവലമൊരു പേരുപോലുമായി ജനാധിപത്യം പുലരാത്ത സമൂഹവും രാഷ്ട്രജീവിതവുമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഒരു നൂറ്റാണ്ടോളം ദൈർഘ്യമുള്ള ദേശീയ സ്വാതന്ത്ര്യ സമരവേളയിലും അതിനുശേഷമുള്ള രാഷ്ട്രനിർമാണത്തിന്റെ ഘട്ടങ്ങളിലും പല അനുപാതങ്ങളിൽ ഉയർത്തിപ്പിടിക്കപ്പെട്ട ജനാധിപത്യതത്വം ഏറ്റവും പരിക്ഷീണമായിത്തീർന്ന സന്ദർഭം എന്ന് ഇതിനെ വിശേഷിപ്പിക്കാം. എങ്കിലും, ഈ പതനത്തെ അഭിസംബോധന ചെയ്യാൻ കഴിയുന്നവിധത്തിൽ രാജ്യത്തിന്റെ പല കോണുകളിലായി പലതരം സമരങ്ങൾ പടരുന്നുണ്ട്. കർഷകർ, വിദ്യാർഥികൾ, തൊഴിലാളികൾ എന്നിങ്ങനെ ഹിന്ദുത്വഭരണത്തിന്റെ ചൂഷണത്തിനിരകളായിത്തീർന്ന വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾ സമരമുഖങ്ങളിൽ അണിനിരക്കുന്ന ചിത്രം നാടെമ്പാടും കാണാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിന്റെ ഊർജം കുടികൊള്ളുന്നതും ആ സമരങ്ങളിലാണ് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home