ഒളിക്യാമറ വിവാദം: കര്‍ണാടക കോൺഗ്രസ് മുൻ പിസിസി സെക്രട്ടറി കൃപ ആൽവ പുറത്ത്

ബെംഗളൂരു:കര്‍ണാടക മുൻ മുഖ്യമന്ത്രി ഒളിക്യാമറയിൽ കുരുങ്ങിയ വിവാദങ്ങളുടെ തുടര്‍ച്ചയായി മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ പി സി സി ജനറൽ സെക്രട്ടറിയും ബാലാവകാശ കമ്മീഷൻ അധ്യക്ഷയുമായിരുന്ന കൃപ ആൽവയെ പാര്‍ടിയിൽ നിന്നും പുറത്താക്കി. സംസ്ഥാന കോൺഗ്രസിലെ രൂക്ഷമായ തമ്മിൽ തല്ലും ഉള്ളറ രഹസ്യങ്ങളും പുറത്തെത്തിച്ച വിവാദത്തിൽ പാര്‍ടി അന്വേഷണങ്ങൾക്ക് പിന്നാലയാണ് നടപടി. ആറു വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർടി വിലക്ക് പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അകപ്പെട്ട ഒളിക്യാമറ ദൃശ്യങ്ങൾ നിര്‍മിച്ചതിലും പ്രചരിപ്പിച്ചതിലും കൃപ ആൽവയ്ക്ക് പങ്കുണ്ട് എന്നാണ് കണ്ടെത്തൽ. തനിക്കെതിരെയുള്ള ഗൂഢലോചനയിൽ സ്വന്തം പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന് സിദ്ധരാമയ്യ ആവര്‍ത്തിച്ചിരുന്നു. വിവരങ്ങൾ പുറത്തുവന്നിട്ടും കൃപ ആൽവയ്‌ക്കെതിരെ നടപടിയെടുക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കയും ചെയ്തു. കേസിൽ ബെംഗളൂരു സൈബർ ക്രൈം പൊലീസും കർണാടക പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ചും കൃപ ആൽവയെ ചോദ്യം ചെയ്തിരുന്നു. ലൈംഗിക പീഡന ആരോപണങ്ങളാണ് സ്റ്റിങ് ഓപ്പറേഷൻ വഴി ചിത്രീകരിച്ച വീഡിയോയിലൂടെ പ്രചരിച്ചിരുന്നത്.
ദക്ഷിണ കന്നഡ മേഖലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് 62 കാരിയായ കൃപ ആൽവ. 1992 ൽ ഭര്‍ത്താവ് അമർ ആൽവ വെടിയേറ്റ് മരിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പോരിന് പിന്നാലെയാണ് ആക്രമണം എന്നായിരുന്നു വാര്‍ത്തകൾ. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ പേരിൽ സമൂഹിക പ്രവർത്തനങ്ങളിൽ സജീവമായാണ് കോൺഗ്രസിലേക്ക് ചുവട് വെക്കുന്നത്.
പവർ ടിവി എം ഡി രാകേഷ് ഷെട്ടിയുമായി ചേർന്ന് കൃപ ആൽവ വ്യാജ സ്റ്റിങ് ഓപ്പറേഷൻ നടത്തി എന്ന ആരോപണമാണ് ഉയർന്നത്. പുത്തൂർ മണ്ഡലത്തിൽ നിന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ഉറപ്പാക്കാനാണ് ഈ സ്റ്റിങ് ഓപ്പറേഷൻ നടത്തിയത് എന്ന് സിദ്ധരാമയ്യയുടെ മകനും മന്ത്രിയുമായ യതീന്ദ്ര ആരോപിച്ചിരുന്നു.
കോൺഗ്രസിനുള്ളിലെ നേതാക്കൾ തന്നെ സ്വന്തം പാർട്ടിയുടെ മുതിർന്ന നേതാവിനെതിരെ ഗൂഢാലോചന നടത്തിയെന്ന വാർത്തകൾ പുറത്തുവന്നതോടെ സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ പക്ഷങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ ഏറ്റവും വഷളായ നിലയിൽ പുറത്തെത്തി. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും വരെ സ്റ്റിങ് ഓപ്പറേഷനെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു എന്ന നിലയിലും ആരോപണങ്ങൾ ഉണ്ടായി.









0 comments