Deshabhimani

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കുറഞ്ഞു; അഞ്ച് വർഷത്തിനിടയിലെ ആദ്യ വാർഷിക ഇടിവ്

credit card

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 31, 2026, 10:27 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവിടൽ സെപ്റ്റംബറിൽ 5.9 ശതമാനം കുറഞ്ഞ് 2.04 ലക്ഷം കോടി രൂപയായി. 2021 ഫെബ്രുവരിക്കുശേഷം ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തെ ഉയർന്ന ഉത്സവകാല വിൽപ്പനയും ഇത്തവണ ഉത്സവ വാങ്ങലുകൾ വരും മാസങ്ങളിലേക്ക് മാറിയതുമാണ് പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


2025 സെപ്റ്റംബറിൽ ജിഎസ്ടി നിരക്കുകളിലെ കുറവും ഉത്സവകാല ഓൺലൈൻ വിൽപ്പനയും കാരണം ക്രെഡിറ്റ് കാർഡ് ചെലവ് പ്രതിമാസം 13.3 ശതമാനം വർധിച്ചിരുന്നു. എന്നാൽ ഇത്തവണ വിൽപ്പന ഒക്ടോബറിലേക്ക് മാറിയതോടെ സെപ്റ്റംബറിലെ കണക്കുകളിൽ ഇടിവുണ്ടായി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സംയോജിത ചെലവിൽ വാർഷികാടിസ്ഥാനത്തിൽ 0.4 ശതമാനം മാത്രമാണ് കുറവ്.


ചെലവിടൽ കുറഞ്ഞെങ്കിലും ഇടപാടുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 23.2 ശതമാനം ഉയർന്ന് 61 കോടിയിലെത്തി. ആകെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10.5 ശതമാനം വർധിച്ച് 12.53 കോടിയായി. എന്നാൽ ഓരോ കാർഡിലെയും ശരാശരി ചെലവ് 14.8 ശതമാനം കുറഞ്ഞ് 16,305 രൂപയായി. ശരാശരി ഇടപാട് തുക 23.6 ശതമാനം കുറഞ്ഞ് 3,343 രൂപയിലുമെത്തി.


ഓൺലൈൻ ഇടപാടുകളിലെ ചെലവ് 12.5 ശതമാനം കുറഞ്ഞ് 1.26 ലക്ഷം കോടി രൂപയായപ്പോൾ വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾ 7.2 ശതമാനം വർധിച്ച് 77,751 കോടി രൂപയായി. യുപിഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളുടെ വർധനയും ചെറിയ തുകകളുടെ ഇടപാടുകൾ കൂടാൻ കാരണമായിട്ടുണ്ട്.


ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ് പ്രമുഖ നാല് കാർഡ് വിതരണക്കാരിൽ വാർഷിക ചെലവിടൽ വളർച്ച രേഖപ്പെടുത്തിയത്. ബാങ്കിന്റെ ചെലവ് 7.7 ശതമാനം വർധിച്ചു. ഐസിഐസിഐ ബാങ്കിൽ 26.3 ശതമാനവും എസ്‌ബിഐ കാർഡിൽ 14.1 ശതമാനവും ആക്സിസ് ബാങ്കിൽ 11.1 ശതമാനവും ഇടിവുണ്ടായി.


ഉത്സവകാല വാങ്ങലുകൾ സജീവമാകുന്നതോടെ ക്രെഡിറ്റ് കാർഡ് ചെലവ് 2.28 ലക്ഷം കോടി മുതൽ 2.38 ലക്ഷം കോടി രൂപവരെ ഉയരുമെന്നാണ് കെയർഎഡ്ജിന്റെ വിലയിരുത്തൽ. എന്നാൽ വിലക്കയറ്റവും പലിശനിരക്ക് വർധനയും ചെലവിടലിനെ ബാധിച്ചേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home