വിദേശ ബാങ്കിന്റെ യുഎഇ ശാഖയ്ക്ക് 20 കോടി ദിർഹം പിഴ

ദുബായ്: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നിയന്ത്രിക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ വരുത്തിയ വിദേശ ബാങ്കിന്റെ യുഎഇ ശാഖയ്ക്ക് 20 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അഞ്ചു ലക്ഷം ദിർഹവും ചീഫ് കംപ്ലയൻസ് ഓഫീസർക്ക് മൂന്നു ലക്ഷം ദിർഹവും വ്യക്തിഗത പിഴയും ചുമത്തിയിട്ടുണ്ട്.
സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിലാണ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരവും ആവർത്തിച്ചുള്ളതുമായ വീഴ്ചകൾ കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഭീകരവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുന്നത് തടയൽ, ഭരണനിർവഹണം, നിയമപാലനം, ഉപരോധ ചട്ടങ്ങൾ നടപ്പാക്കൽ തുടങ്ങിയ മേഖലകളിലാണ് വീഴ്ചകൾ കണ്ടെത്തിയത്.
വീഴ്ചകൾ പരിഹരിക്കുന്നതിനായി സ്വതന്ത്ര ഏജൻസിയുടെ മേൽനോട്ടത്തിലും പരിശോധനയിലും നിർബന്ധിത പരിഹാര നടപടികൾ നടപ്പാക്കാനും സെൻട്രൽ ബാങ്ക് നിർദേശിച്ചു. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും ചീഫ് കംപ്ലയൻസ് ഓഫീസറുടെയും യോഗ്യതയും ചുമതലകൾ വഹിക്കാനുള്ള അനുയോജ്യതയും വീണ്ടും വിലയിരുത്താനും ഉത്തരവിട്ടു.
രാജ്യത്തെ ബാങ്കുകളും അവയുടെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും യുഎഇ നിയമങ്ങളും സെൻട്രൽ ബാങ്കിന്റെ ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ബാങ്കിങ് മേഖലയിലെ സുതാര്യതയും രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.









0 comments