വീടുകളിലെ ജലഗുണനിലവാര പരിശോധന; എഐ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : വീടുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൂടുതൽ കൃത്യതയോടെ പരിശോധിക്കാൻ നിർമിതബുദ്ധി പരിശോധന സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറിയിലൂടെ നടപ്പാക്കുന്ന സംവിധാനത്തിന്റെ സഹായത്തോടെ ലെജിയൊനെല്ല, ഇ കോളി തുടങ്ങിയ അപകടകാരികളായ ബാക്‌ടീരിയകളെ വേഗത്തിൽ കണ്ടെത്താനാകും. പരമ്പരാഗത പരിശോധന രീതികളേക്കാൾ വേഗത്തിൽ ഫലം ലഭ്യമാക്കുന്ന സംവിധാനത്തിൽ ആരോഗ്യഭീഷണി കണ്ടെത്തിയാൽ ഉടൻ പ്രതിരോധ നടപടി സ്വീകരിക്കാനാകും.
ദിവസം 100 സാമ്പിളുകൾവരെ പരിശോധിക്കാൻ ശേഷിയുള്ളതാണ് പുതിയ ലബോറട്ടറി. പൊതുജനാരോഗ്യ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്താൻ ദുബായ് മുനിസിപ്പാലിറ്റി നൂതന സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും പ്രയോജനപ്പെടുത്തുകയാണ്. പരിശോധനയുടെ വേഗതയും കൃത്യതയും വർധിപ്പിക്കുന്നതിലൂടെ ആരോഗ്യസുരക്ഷാ നടപടി കൂടുതൽ ഫലപ്രദമാക്കാനാകുമെന്നും ദുബായ് സെൻട്രൽ ലബോറട്ടറി വിഭാഗം ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു.
വാട്ടർ ടാങ്കുകൾ, ടാപ്പ് വെള്ളം, സ്വിമ്മിങ് പൂളുകൾ, കുപ്പിവെള്ളമല്ലാത്ത കുടിവെള്ള സ്രോതസുകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മലിനീകരണ സാധ്യത നേരത്തേ കണ്ടെത്തി രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ജലഗുണനിലവാര പരിശോധനയുടെ വേഗവും കൃത്യതയും വർധിപ്പിക്കുന്നതിലൂടെ താമസക്കാർക്ക് സുരക്ഷിതമായ കുടിവെള്ളത്തിൽ കൂടുതൽ വിശ്വാസം ഉറപ്പാക്കാനും സമഗ്രമായ ആരോഗ്യനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു.










0 comments