കൊതുകു നശീകരണത്തിന് പുതുമാർഗങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: കൊതുക് നിർമാർജനത്തിന് പുതു തന്ത്രവുമായി ദുബായ് മുനിസിപ്പാലിറ്റി. നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ 237 സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുനിസിപ്പാലിറ്റി അധികൃതർ. പൊതുജനാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻകരുതൽ പ്രതിരോധ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും പ്രാണികൾ പരത്തുന്ന അപകടങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതർ പറഞ്ഞു.
റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, വ്യാവസായിക മേഖലകൾ, ജലാശയങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, പൊതു സൗകര്യങ്ങൾ എന്നിവയ്‌ക്ക് സമീപം ഉൾപ്പെടെ എമിറേറ്റിലുടനീളം സ്മാർട്ട് കെണികൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളുടെ പരിസരങ്ങളിൽ കൊതുകുകളുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ താമസക്കാരെ മുനിസിപ്പാലിറ്റി ഓർമിപ്പിച്ചു. ഇതിനായി ഒരു കൂട്ടം മാർഗനിർദേശങ്ങളും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, ടാപ്പുകളിൽ നിന്നും ചെടികൾക്ക് വെള്ളം നനയ്ക്കുന്ന സമയത്ത് വെള്ളം ചോരുന്നത് തടയുക, വാട്ടർ കൂളറുകളിൽ നിന്നും വെള്ളം ഒഴുകുന്നത് യഥാസമയം നീക്കം ചെയ്യുക, എയർ കണ്ടീഷണറുകളിൽ നിന്നുള്ള വെള്ളം ഒരിടത്ത് കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കേടായ പാത്രങ്ങളും പഴയ ടയറുകളും നീക്കം ചെയ്യുക, വിൻഡോ സ്‌ക്രീനുകൾ സ്ഥാപിക്കുക, വാട്ടർ ടാങ്കുകളും മലിനജല ഡ്രെയിനേജ് കവറുകളും കർശനമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.









0 comments