നൊബേലും ഡൈനമൈറ്റും

വിനു എ
Published on Oct 22, 2026, 12:36 AM | 2 min read
ഇത്തവണത്തെ നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് കൂട്ടുകാർ അറിഞ്ഞല്ലോ. നൊബേൽ പുരസ്കാരത്തിന്റെ 125-ാം വർഷമാണിത്. ഉഗ്രസ്ഫോടനശേഷിയുള്ള ഡൈനമൈറ്റും നൊബേൽ പുരസ്കാരവും തമ്മിൽ ബന്ധമുണ്ട്. അറിയാമോ?
വ്യാവസായത്തിനും ഖനനത്തിനുമുള്ള കണ്ടെത്തലുകളിലൂടെ ശ്രദ്ധേയനായിരുന്നു രസതന്ത്രജ്ഞനും എൻജിനിയറുമായ ആൽഫ്രഡ് നൊബേൽ. ദ്രാവക സ്ഫോടകവസ്തുവായ നൈട്രോഗ്ലിസറിൻ ഖനനത്തിനായുള്ള സ്ഫോടകവസ്തുവായി ഉപയോഗിക്കാനാകുമോയെന്ന് അദ്ദേഹം പരിശോധിച്ചു. കിസൽഗുർ (Kieselguhr) എന്ന മണ്ണുമായി കലർത്തി, സുരക്ഷിതമായ സ്ഫോടകവസ്തുവായി ഡൈനമൈറ്റ് വികസിപ്പിച്ചെടുത്തത് അങ്ങനെയാണ്.
പാറകൾ പൊട്ടിക്കാനും മറ്റുമായാണ് വികസിപ്പിച്ചതെങ്കിലും യുദ്ധങ്ങളിൽ ഡൈനമൈറ്റ് ആയുധമായി മാറി. ആയിരക്കണക്കിന് മനുഷ്യജീവനുകൾ പൊലിയുന്നതിന് അത് കാരണമായി മാറി. ലോകത്തെ നാശത്തിലേക്ക് എറിഞ്ഞ ഒരു കണ്ടെത്തലിനാണ് താൻ വഴി തുറന്നിട്ടതെന്ന ചിന്തയോടെയായിരുന്നു അദ്ദേഹം ഏറെനാൾ കഴിഞ്ഞത്. നിരവധി പേറ്റന്റുകളും കമ്പനികളുമൊക്കെയുണ്ടായിരുന്ന അദ്ദേഹം അതിസമ്പന്നനായി മാറി. 1895ൽ അദ്ദേഹം വിൽപത്രം തയ്യാറാക്കി. അങ്ങനെയാണ് നൊബേൽ പുരസ്കാരം പിറവികൊള്ളുന്നത്.
ഉയർന്ന ബഹുമതി
ലോകത്തെ ഏറ്റവും ഉയർന്ന ബഹുമതിയായി കരുതുന്നത് നൊബേൽ പുരസ്കാരമാണ്. ആൽഫ്രഡ് നൊബേൽ തന്റെ സ്വത്തിന്റെ 94 ശതമാനത്തിലധികം (ഏകദേശം 31 ദശലക്ഷം സ്വീഡിഷ് ക്രോണർ) ഒരു സുരക്ഷിത ഫണ്ടിൽ നിക്ഷേപിച്ചു. ഇതിൽ നിന്നുള്ള പലിശയാണ് പുരസ്കാരം നൽകാൻ വിനിയോഗിക്കുന്നത്.
ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ അഞ്ച് മേഖലകളിൽ പുരസ്കാരം നൽകാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. വംശമോ ദേശീയതയോ രാജ്യമോ നോക്കാതെ അർഹനായ വ്യക്തിക്ക് മാത്രം പുരസ്കാരം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. 1900ൽ നൊബേൽ ഫൗണ്ടേഷൻ നിലവിൽ വന്നു. തൊട്ടടുത്ത വർഷം പുരസ്കാരം നൽകിതുടങ്ങി.
വിൽപത്രത്തിൽ ഇല്ലാത്ത നൊബേൽ
സാമ്പത്തികനൊബേൽ നൽകുന്നത് ആൽഫ്രഡ് നൊബേലിന്റെ വിൽപത്ര പ്രകാരമല്ല. സ്വീഡന്റെ സെൻട്രൽ ബാങ്കായ സ്വെറിജസ് റിക്സ്ബാങ്ക് 1968ൽ അവരുടെ 300–ാം വാർഷികവേളയിൽ ആൽഫ്രഡ് നൊബേലിന്റെ ഓർമയ്ക്കായാണ് സാമ്പത്തിക നൊബേൽ നൽകി തുടങ്ങിയത്. സമ്മാനത്തുക നൽകുന്നതും സ്വെറിജസ് റിക്സ്ബാങ്കാണ്.
1036 ജേതാക്കൾ
1901നും 2026നും ഇടയിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ ഉൾപ്പെടെ 639 തവണയായി 1036 പേർക്കാണ് നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്. ചില വ്യക്തികൾക്കും സംഘടനകൾക്കും ഒന്നിലധികം തവണ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇതുവരെ പുരസ്കാരം നേടിയത് 1000 വ്യക്തികളും 28 സംഘടനകളുമാണ്. ഇതിൽ 70 തവണയായി 69 വനിതകള് പുരസ്കാരം ലഭിച്ചിട്ടുണ്ട്. (മേരി ക്യൂറിക്ക് രണ്ട് തവണ ലഭിച്ചു.)
17-ാം വയസിൽ സമാധാനത്തിനുള്ള നൊബേൽ ലഭിച്ച മലാല യൂസഫ് സായിയാണ് പ്രായം കുറഞ്ഞ വ്യക്തി (2014). ലിത്തിയം–അയൺ ബാറ്ററിയുടെ കണ്ടുപിടിത്തത്തിലൂടെ 2019ൽ രസതന്ത്ര നൊബേൽ നേടിയ അമേരിക്കൻ ശാസ്ത്രഞ്ജൻ ജോൺ ബി ഗുഡ്ഇനഫാണ് ഏറ്റവും പ്രായം കൂടിയ ജേതാവ്. നൊബേൽ നേടുമ്പോൾ അദ്ദേഹത്തിന് 97 വയസായിരുന്നു.
നൊബേൽ ഇല്ലാത്ത വർഷങ്ങൾ
49 തവണ പുരസ്കാരങ്ങൾ നൽകാതിരുന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളാണ്. പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങൾ പുലർത്താൻ സാധിച്ചില്ല എന്ന കാരണത്താലും ചില വർഷങ്ങളിൽ പുരസ്കാരം നൽകിയിട്ടില്ല. സമാധാനത്തിനുള്ള നൊബേലാണ് ഏറ്റവും കൂടുതൽ തവണ നൽകാതിരുന്നത്.19 തവണ. ഇത്തവണത്തെ നൊബേൽ സമ്മാനജേതാക്കൾ ആരൊക്കെയണാണെന്ന് കൂട്ടുകാർ കണ്ടെത്തി പട്ടിക തയ്യാറാക്കണേ..









0 comments