Deshabhimani

print edition താഴ്‌ന്നുപറന്ന്‌ ചെറുവിമാനം: ആദ്യം ആശങ്ക, ഒടുവിൽ ആശ്വാസം

 flying aircraft.JPG
avatar
സ്വന്തം ലേഖകൻ

Published on Oct 22, 2026, 01:30 AM | 1 min read

വടകര: എയ്‌റോ ജിയോ ഫിസിക്കൽ സർവേയുടെ ഭാഗമായി ചെറുവിമാനം താഴ്ന്നുപറന്നത് ജനങ്ങളിൽ പരിഭ്രാന്തിപരത്തി. നിരവധി പേർ പൊലീസിലും മറ്റും അന്വേഷണവുമായി എത്തി. ധാതുനിക്ഷേപ സാധ്യത കണ്ടെത്താനുള്ള സർവേയുടെ ഭാഗമായാണ്‌ പറക്കലെന്ന്‌ അറിഞ്ഞതോടെയാണ്‌ ജനത്തിന്‌ ആശ്വാസമായത്‌.


ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ജിഎസ്‌ഐ രണ്ട്‌ ചെറുവിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിവിധ പ്രദേശങ്ങളിൽ സർവേക്കായി പറന്നത്. ഭൂനിരപ്പിൽനിന്ന് 80-–120 മീറ്റർവരെ മാത്രം ഉയർന്ന് മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ് വിമാനം പറന്നത്.

കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ, പനത്തടി, രാജപുരം, കുറ്റിക്കോൽ, ബെള്ളൂർ, ബദിയടുക്ക. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, ഇരിക്കൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ. കോഴിക്കോട് ജില്ലയിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, താമരശേരി. ദക്ഷിണ കന്നഡയിൽ മടിക്കേരി, കുടക്, പുത്തൂർ, മംഗളൂരു എന്നിവിടങ്ങളിലാണ് സർവേ നടക്കുന്നത്. തോറിയം, യുറേനിയം, മഗ്‌നീഷ്യം തുടങ്ങി വിവിധ ധാതുക്കളുടെ പര്യവേഷണത്തിന്‌ സാധ്യതയുള്ള മേഖലകൾ കണ്ടെത്തുകയാണ്‌ ലക്ഷ്യം.


വിമാനത്തിൽ ഘടിപ്പിച്ച റേഡിയോ സ്‌പെക്ട്രോ മെട്രിക് സെൻസറുകൾ ശേഖരിക്കുന്ന കാന്തിക, റേഡിയോ മെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ധാതുസാധ്യതയുള്ള മേഖലകൾ മാപ്പ് ചെയ്യും. തുടർന്ന് ഭൂതല പരിശോധനയും വിശദ പര്യവേഷണവും നടത്തും. ജിഎസ്‌ഐയുടെ കീഴിൽ ബംഗളൂരുവിലുള്ള റിമോട്ട് സെൻസിങ് ആൻഡ് ഏരിയൽ സർവേസ് വിഭാഗമാണ് സർവേക്ക്‌ നേതൃത്വം നൽകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home